മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി

ബിജ്‌നോര്‍: സഭാമേലധ്യക്ഷന്മാരും വൈദികരും സന്യസ്തഗണങ്ങളും വിശ്വാസിസമൂഹവും പ്രാര്‍ഥനയുടെ ഐക്യത്തില്‍ ഒന്നുചേര്‍ന്ന ശുശ്രൂഷയില്‍ ബിജ്‌നോര്‍ രൂപതയുടെ മെത്രാനായി മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പില്‍ അഭിഷിക്തനായി. ക്വാട്ട്ദ്വാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ നടന്ന അഭിഷേകച്ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നവഇടയന് അധികാരത്തിന്റെയും ശുശ്രൂഷയുടെയും അടയാളമായ അംശവടിയും മുടിയും നല്‍കി. ബിജ്‌നോര്‍ രൂപത മെത്രാന്‍ മാര്‍ ജോണ്‍ വടക്കേല്‍ സി.എം.ഐ., ബിഷപ്പ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സി.എം.ഐ. ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് മെത്രാന്മാരും വൈദികരും പരമ്പരാഗത ഗര്‍വാലി നൃത്തത്തിന്റെ അകമ്പടിയോടെ പ്രദക്ഷിണമായി നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. സങ്കീര്‍ത്തന വായനകളും കാനോനകളും ആലാപനങ്ങളും സ്തുതിപ്പുകളും കൊണ്ടു ഭക്തിമുഖരിതമായിരുന്ന ചടങ്ങില്‍ ആഗ്ര ആര്‍ച്ചുബിഷപ്പ് ഡോ. ആര്‍ബര്‍ട്ട് ഡിസൂസ തിരുവചനസന്ദേശം പങ്കുവച്ചു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബിജ്നോർ രൂപതയുടെ വളർച്ചയുടെ പാതയിൽ മുൻ അദ്ധ്യക്ഷന്മാർ ചെയ്ത ത്യാ​ഗപൂർണമായ ശുശ്രൂഷകളെ അനുസ്മരിച്ചുകൊണ്ട് നവാഭിഷിക്തന് ആശംസകൾ നേർന്നു.

റവ. ഫാ. ജെയിംസ് തെക്കേക്കര ആര്‍ച്ചുഡീക്കനായ ചടങ്ങില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാന്‍സലര്‍ റവ. ഡോ. ഫിലിപ്പ് കരിക്കുന്നേല്‍ വായിക്കുകയും സഹകാർമ്മികരായ ബിഷപ്പ് ജോണ്‍ വടക്കേലും, ബിഷപ്പ് എമരിറ്റസ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടനും നവാഭിഷിക്തനും ഒപ്പുവയ്ക്കുകയും ചെയ്തതോടെ അഭിഷേക ചടങ്ങ് പൂര്‍ത്തിയായി. തുടർന്ന് മാര്‍ വിന്‍സെന്റ് നെല്ലായിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ ഭാരതത്തിലെ വിവിധ രൂപതകളിൽനിന്നുള്ള പ‍തിനഞ്ചോളം മെത്രാന്മാരും മുന്നോറോളം വൈദികരും സഹകാര്‍മ്മികരായിരുന്നു. രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നും പ്രാതിനിധ്യ സ്വഭാവത്തോടെ ആയിരകണക്കിനു വിശ്വാസികളും മോൺ. വിന്‍സെന്റ് നെല്ലായിപ്പറമ്പില്ലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ മിഷൻ സ്റ്റേഷനുകളിൽ നിന്നുള്ള കാറ്റക്യൂമെൻസും പ്രത്യേകിച്ച് ഹിമാലയൻ മലനിരകളിൽ നിന്നുള്ള വിശ്വാസികളും മൂന്നര മണിക്കൂറോളം നീണ്ടുനിന്ന തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.

തിരുക്കർമ്മങ്ങൾക്കു ശേഷം നടന്ന അനുമോദനസമ്മേളനത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ക്യാബിനറ്റ് മന്ത്രി ഹരക് സിംഗ് റാവത്ത്, ആര്‍ച്ചുബിഷപ്പ് ഡോ. ആര്‍ബര്‍ട്ട് ഡിസൂസ, മീററ്റ് രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് കാലിസ്റ്റ്, ബിഷപ്പ് ​ഗ്രേഷ്യൻ മുണ്ടാടൻ സി.എം.ഐ., ഫാ. വർ​ഗീസ് വിതയത്തിൽ സി.എം.ഐ.. സി. ഡോ. റൂബി തെരേസ് സി.എച്ച്.എഫ്. ശ്രീ. രാജ്ഭൂഷൺ, ഫാ. ബാബു വർ​ഗീസ് എന്നിവർ പ്രസം​ഗിച്ചു. ബിജ്നോർ രൂപതയുടെ ഉത്ഭവവും വളർച്ചയും ആധാരമാക്കി ക്വാട്ട്ദ്വാര്‍ സെന്റ് ജോസഫ്‌സ് കോണ്‍വന്റ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ നാടകവും മറ്റ് കലാപരിപാടികളും നടന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles