വി. പത്രോസിനെ പോലെ യേശുവിനെ പ്രഘോഷിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ? (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

(പള്ളിക്കൂദാശ ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം)

യേശു തന്റെ ശിഷ്യന്മാരെ കേസറിയാ ഫിലിപ്പിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. തന്നെ കുറിച്ച് ജനങ്ങള്‍ എന്താണ് പറയുന്നത് എന്ന് ശിഷ്യന്മാരോട് തിരക്കി. തന്നെ കുറിച്ച് ആരും ശരിയായ മനസ്സിലാക്കിയിട്ടില്ല എന്നറിഞ്ഞ യേശു തന്നെ കുറിച്ച് ശിഷ്യന്മാര്‍ എന്താണ് മനസ്സിലാക്കിയത് എന്നു ചോദിച്ചു. പിതാവിനാല്‍ വെളിപാട് ലഭിച്ച പത്രോസ് യേശുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നു. പത്രോസില്‍ യേശു തന്റെ സഭയുടെ അടിസ്ഥാനമിടുന്നു. സ്വര്‍ഗത്തിന്റെ താക്കോല്‍ പത്രോസിന്റെ കൈകളില്‍ യേശു നല്‍കുന്നു.

ബൈബിള്‍ വായന
മത്തായി 16. 13 – 19

“യേശു കേസറിയാ ഫിലിപ്പിപ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്‍മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്‍മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.20 അനന്തരം അവന്‍ , താന്‍ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു ശിഷ്യന്‍മാരോടു കല്‍പിച്ചു.”

 

സുവിശേഷ വിചിന്തനം

ഹെര്‍മോന്‍ മലയുടെ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന പുരാതന പട്ടണമാണ് കേസറിയ ഫിലിപ്പി. പ്രസംഗിക്കുന്നതിനു വേണ്ടിയല്ല, തന്നെ കൊല്ലാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ശത്രുക്കളില്‍ നിന്ന് അകലെയായിരിക്കുന്നതിന് വേണ്ടിയാണ് യേശു ശിഷ്യരെയും കൂട്ടി കേസറിയ ഫിലിപ്പിയില്‍ എത്തിയത്. അവിടെ വച്ച് താന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത് എന്ന് യേശു ശിഷ്യന്മാരോട് ചോദിക്കുന്നു. മനുഷ്യപുത്രന്‍ എന്ന വാക്കാണ് സ്വയം വിശേഷിപ്പിക്കാന്‍ യേശു ഉപയോഗിക്കുന്നത്. ഹെബ്രായ ഭാഷയില്‍ മനുഷ്യപുത്രന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മനുഷ്യന്‍ എന്നാണ്. (എസെക്കിയേല്‍ 2.1). എന്നാല്‍ അതേ വാക്ക് തന്നെ ദാനിയേല്‍ പ്രവാചകന്‍ ഉപയോഗിച്ചപ്പോള്‍ ആ ആ വാക്കിന് ദൈവികമായ അര്‍ത്ഥം കൈവരുന്നു. മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ നിന്നാണ് വരുന്നത്.

ചില ആളുകള്‍ യേശുവിനെ സ്‌നാപക യോഹന്നാനായി കണ്ടപ്പോള്‍ മറ്റു ചിലര്‍ ഏലിയാ ആയും ജെറെമിയാ ആയും കണക്കാക്കി. ആത്മാക്കളുടെ കൂടുവിട്ടു കൂടുമാറ്റത്തില്‍ ഫരിസേയര്‍ വിശ്വസിച്ചിരുന്നു. ഇസ്രായേലില്‍ വലിയൊരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ പുരാതനനായ ഒരു മനുഷ്യന്റെ ആത്മാവ് പുനര്‍ ആവിര്‍ഭവിക്കും എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. അപ്രകാരം ആദമിന്റെയും, അബ്രഹാമിന്റെയും മറ്റ് വിശുദ്ധ ്‌വ്യക്തികളുടെയും ആത്മാക്കള്‍ മഹാന്മാരുടെ മേല്‍ ആവസിച്ച് അവരെ ശക്തിപ്പെടുത്തി എന്ന് യഹൂദ പണ്ഡിതര്‍ വിശ്വസിച്ചു. അതിനാല്‍, ഇസ്രായേലിലെ വിശുദ്ധ്ര്‍ ഭൂമിയിലേക്ക് വന്ന് യേശുവിന്റെ ശരീരത്തില്‍ കുടി കൊണ്ടിരിക്കുന്നു എന്ന് അവര്‍ കരുതി. അതിനാലാണ് യേശുവിന് ഇത്ര ശക്തിയോടെ വലിയ അത്ഭുതങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതെന്ന് അവര്‍ വിശ്വസിച്ചു.

എന്നാല്‍ ജനങ്ങളുടെ തെറ്റായ ധാരണ യേശുവിനെ നിരാശനാക്കുന്നില്ല. തന്റെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ തന്നെ കുറിച്ച് എന്താണ് ധരിച്ചരിക്കുന്നതെന്ന് യേശു അവരോട് ചോദിക്കുകയാണ്. മൂന്നു വര്‍ഷം തന്റെ കൂടെ നടന്ന് തന്റെ പ്രഭാഷണങ്ങള്‍ കേട്ട്, തന്റെ അത്ഭുതപ്രവര്‍ത്തികള്‍ നേരില്‍ കണ്ടവരാണ് അവര്‍. തന്റെ പ്രേഷിത ദൗത്യം മുന്നോട്ട് കൊണ്ടു പോകേണ്ടതും അവരാണ്.

പത്രോസില്‍ സ്വാഭാവികമായ നേതൃത്വഗുണങ്ങള്‍ ഉണ്ടായിരുന്നു. തെറ്റോ ശരിയോ എന്ന് നോക്കാതെ ധീരതയോടെ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണ് അദ്ദേഹം. യേശുവിലുള്ള തന്റെ വിശ്വാസം നേരത്തെ തന്നെ പത്രോസ് ഏറ്റു പറഞ്ഞിട്ടുണ്ട്. യേശു മിശിയാ ആണെന്ന് പത്രോസ് ഇവിടെ ഏറ്റു പറയുകയാണ്. മിശിഹാ എന്ന ഹീബ്രൂ പദത്തിന്റെ അര്‍ത്ഥം അഭിഷേകം ചെയ്യപ്പെട്ടവന്‍ എന്നാണ്. മിശിഹായുടെ ഗ്രീക്ക് രൂപമാണ് ക്രിസ്തു. പാപത്തില്‍ നിന്നും സാത്താനില്‍ നിന്നും രക്ഷിക്കാന്‍ വരും എന്ന് വാഗ്ദാനം ചെയ്യപ്പെട്ടവനാണ് മിശിഹാ അഥവാ ക്രിസ്തു.

ജീവിക്കുന്ന ദൈവത്തിന്റെ പുത്രന്‍ എന്നാണ് പ്‌ത്രോസ് യേശുവിനെ കുറിച്ച് പ്രഖ്യാപിക്കുന്നത്. ഇതിന് രണ്ട് അര്‍ത്ഥങ്ങളുണ്ട്. ജീവനുള്ള ദൈവത്തിന്റെ പുത്രനും ആത്മീയജീവനുള്ള എല്ലാ മനുഷ്യരുടെയും നാഥനുമാണ് ക്രിസ്തു. കേസറിയാ ഫിലിപ്പി ജീവനില്ലാത്ത വിഗ്രഹങ്ങളുടെ നാടാണ്. കളിമണ്ണില്‍ തീര്‍ത്ത അവരെ പോലെയല്ല, യഥാര്‍ത്ഥ ജീവനുള്ളവനാണ് യേശു എന്നാണ് പത്രോസിന്റെ പ്രഖ്യാപനം.

ആ പ്രഖ്യാനം കേട്ട് സംതൃപ്തനായ യേശു പത്രോസിനെ വാഴ്ത്തുകയാണ്. മാംസ രക്തങ്ങളല്ല, അഥവാ ഈ ശരീരമോ അതിന്റെ ബുദ്ധിയോ അല്ല, സ്വര്‍ഗസ്ഥനായ ദൈവം നല്‍കിയ സ്വകാര്യ വെളിപാടാണ് അങ്ങനെ ഒരു ഉത്തരം നല്‍കാന്‍ പത്രോസിനെ ശക്തനാക്കിയത് എന്ന് യേശു വ്യക്തമാക്കുകയാണ്.

അവിടെ വച്ച് യേശു പത്രോസിന് കേപ്പാ, പാറ എന്ന് പുനര്‍നാമകരണം ചെയ്യുന്നു. ഏശയ്യ 51. 1-2 ല്‍ വിശ്വാസികളുടെ പിതാവായ അബ്രഹാമിനെ പാറ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. പുതിയ നിയമത്തില്‍ വിശ്വാസം അധിഷ്ഠിതമാകാന്‍ പോകുന്നത് യേശുവിലുള്ള വിശ്വാസം പ്രഖ്യാപിച്ച പത്രോസിലാണ്. നിര്‍മാണ തൊഴിലാളിയായ ജോസഫിന്റെ വളര്‍ത്തുപുത്രനായ യേശു തന്റെ ദേവാലയം സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന ശിലയായി പത്രോസിനെ അവതരിപ്പിക്കുകയാണ് ഇവിടെ. പത്രോസിനെ പാറ എന്ന് വിശേഷിക്കുമ്പോള്‍ അവര്‍ നിന്നിരുന്നത് ഹെര്‍മോന്‍ മലയുടെ താഴ്വരയിലാണ് എന്നത് ശ്രദ്ദേയമാണ്.

ഭൂമിയില്‍ പാപം ക്ഷമിക്കാനും അത് പിടിച്ചു വയ്ക്കാനുമുള്ള പ്രത്യേക അധികാരം യേശു പ്‌ത്രോസിന് നല്‍കുന്നു. പിന്നീട് മറ്റു ശിഷ്യന്മാര്‍ക്കും ഈ അധികാരം നല്‍കുന്നുണ്ടെങ്കിലും പത്രോസിന് അത് വളരെ സവിശേഷമായ വിധത്തിലാണ് യേശു നല്‍കുന്നത്. താക്കോല്‍ അധികാരത്തിന്റെ അടയാളമാണ്. ഒരു നഗരത്തിന്റെ താക്കോല്‍ നല്‍കുക എന്നാല്‍ ആ നഗരത്തിന്റെ മേല്‍ അധികാരം നല്‍കുക എന്നാണര്‍ത്ഥം.

സന്ദേശം

ലോകത്തില്‍ ഏറ്റവും ജനപ്രീതിയുള്ള ചരിത്രപുരുഷനാണ് യേശു ക്രിസ്തു. എന്നാല്‍ യേശു ക്രിസ്തുവിനെ അറിയുന്നവരെല്ലാവരും അവിടുത്തെ ദൈവപുത്രനായി അംഗീകരിക്കണമെന്നില്ല. യേശുവിനെ കുറിച്ചുള്ള യഥാര്‍ത്ഥ അറിവ് ലോകത്തിന് പകര്‍ന്നു കൊടുക്കുക എന്നതാണ് ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ കര്‍ത്തവ്യം.

എല്ലാ ക്രിസ്ത്യാനികളും യേശുവിനെ അനുഗമിക്കുന്നു എന്നതു കൊണ്ട് അവരെല്ലാവരും വി. പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പാപ്പയെ അംഗീകരിക്കുന്നു എന്നര്‍ത്ഥമില്ല. വി. പ്‌ത്രോസിന്റെ കൈകളിലാണ് പാപങ്ങള്‍ പൊറുക്കാനുള്ള അധികാരവും ദൈവരാജ്യത്തിന്റെ താക്കോലും യേശു നല്‍കിയത്. നമുക്ക് കത്തോലിക്കാ സഭയോട് വിശ്വസ്തതയോടെ ചേര്‍ന്നു നില്‍ക്കാം.

കേസറിയാ ഫിലിപ്പിയില്‍ വച്ചാണ് മറ്റെല്ലാ വിജാതീയ ദേവന്മാരുടെ മേല്‍ തനിക്കുള്ള അധികാരം യേശു പ്രഖ്യാപിച്ചത്. നമുക്ക് ഏതെങ്കിലും വിധത്തില്‍ വിജാതീയ ദേവന്മാരോട് വിശ്വാസമുണ്ടെങ്കില്‍ അതെല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കാം.

ദൈവത്തിലും യേശുവിലും വിശ്വാസം ഉണ്ടായതു കൊണ്ടു മാത്രമായില്ല. പത്രോസാകുന്ന പാറമേല്‍ അവിടുന്ന് പണിതുയര്‍ത്തിയ കത്തോലിക്കാ സഭയില്‍ നാം വിശ്വാസമുള്ളവരായിരിക്കണം. കത്തോലിക്കാ സഭയിലൂടെയാണ് കര്‍ത്താവ് തന്റെ രക്ഷാകര ദൗത്യം തുടരുന്നത്.

നരകവാതിലുകള്‍ സഭയ്‌ക്കെതിരെ പ്രബലപ്പെടുകയില്ല (മത്തായി 16. 18) എന്ന് യേശു ഉറപ്പു പറയുന്നുണ്ട്. എന്തെല്ലാം മതപീഡനങ്ങളും വിമര്‍ശനങ്ങളും ആക്രമണങ്ങളും അപവാദങ്ങളും ഉണ്ടായാലും കത്തോലിക്കാ സഭയ്ക്ക് ഹാനി സംഭവിക്കാന്‍ യേശു അനുവദിക്കുകയില്ല എന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം.

പ്രാര്‍ത്ഥന

കര്‍ത്താവായ യേശുനാഥാ,

വി. പത്രോസിനെ പോലെ അങ്ങയുടെ നാമം ധീരമായി പ്രഘോഷിക്കുവാനുള്ള ധൈര്യവും പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങളും ഞങ്ങള്‍ക്കു തന്നരുളണമേ. അങ്ങയെ തള്ളിപ്പറയുന്നവരുടെ ലോകത്തില്‍ അവിടുത്തെ തിരുനാമം ഞങ്ങള്‍ പ്രഘോഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യട്ടെ. അവിടുത്തെ സ്വന്തമായ കത്തോലിക്കാ തിരുസഭയെ അങ്ങ് സകലവിധ തിന്മകളില്‍ നിന്നും കാത്തു പരിപാലിക്കണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles