വെളിച്ചത്തിന്റെ ‘വെളിച്ചം’ കാണാന്‍ കഴിയുന്നുണ്ടോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലില്‍ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: വെളിച്ചത്തിന് എന്തൊരു വെളിച്ചം! സംസ്‌കാരത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നുകിട്ടിയപ്പോള്‍ ജീവിതത്തെ പുതുതായി കാണാന്‍ കഴിയുന്ന ഒരു പഴയ തലമുറക്കാരന്റേതാണ് ഈ വാക്കുകള്‍. അതു വരെ വെളിച്ചം അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ, അതിന്റെ ‘വെളിച്ചം’ കാണാന്‍ അതുവരെ കഴിഞ്ഞില്ല എന്നേയുള്ളൂ.

എന്നും കാണുന്നതു കൊണ്ട് പഴകി പോകുന്നുണ്ട്, പലതും. അല്ലെങ്കില്‍ എന്നും കാണുന്നതു കൊണ്ട് ‘കാണാതെ’ പോകുന്നതാണ് പലതും. ആപ്പിള്‍ വീഴുന്നത് പല തവണ കണ്ടിട്ടുണ്ടായിരിക്കണം, ഐസക്ക് ന്യൂട്ടന്‍. എന്നാല്‍ ഒരിക്കല്‍ അയാള്‍ ‘ആദ്യമായി’ കണ്ടു, ആപ്പിള്‍ താഴേക്കു വീഴുന്നത്. ഒരു പുതിയ കാഴ്ചയുടെ കണ്‍തുറക്കലാണത്. അസ്സീസ്സിയിലെ ഫ്രാന്‍സിസ് പല ഭിക്ഷക്കാരെയും കണ്ടിട്ടുണ്ട്, പലവട്ടം. എന്നാല്‍ ഒരിക്കല്‍ ഒരു ഭിക്ഷു മാത്രം അയാളുടെ കണ്ണുകളെ തുറക്കുന്നു. പിന്നെ ഉള്ളില്‍ കുറേയേറെ വാതിലുകള്‍ താനേ തുറയുന്നു…

ലിസ്യുവിലെ ഒരു കന്യാമഠത്തില്‍ ആരുമാകാതെ പോയൊരു കന്യാസ്ത്രീക്കുട്ടിയുണ്ടായിരുന്നു. ജീവിതം മുഴുവന്‍ മൗനം കൊണ്ട് പൂമാലകള്‍ തീര്‍ത്ത അവള്‍ കടന്നു പോയപ്പോള്‍ ഒരു വാഴ്ത്തു പാട്ട് ആരും പാടിയതുമില്ല. എന്നിട്ടും അവളുടെ മരണാനന്തരം പ്രകാശത്തിന്റെ സൂര്യോദയങ്ങള്‍ കണ്ട് ലോകം വിസ്മയിച്ചു. അവള്‍ തൊട്ട ജീവിതങ്ങള്‍ മുഴുവന്‍ പ്രകാശപൂരിതമായി. അവളുടെ ചെറുകുറിമാനങ്ങളുടെ നുറുങ്ങുവെട്ടം ജീവിതങ്ങള്‍ക്ക് ഉദയോത്സവങ്ങളായി…

മരണം തൊട്ടരികില്‍ പരുങ്ങി നിന്ന ദിനങ്ങളിലാണ് അയാള്‍ ജീവിതത്തിന്റെ നിഗൂഢഭംഗികള്‍ ആദ്യമായി അറിഞ്ഞത്. അതുവരെ അനാകര്‍ഷകങ്ങളായി തോന്നിയിരുന്നവയ്‌ക്കെല്ലാം എന്തു ചന്തം! അതുവരെ വിലകല്‍പ്പിക്കാതിരുന്നവയ്‌ക്കെല്ലാം എത്ര അമൂല്യത! ഈ വെളിച്ചവും വെള്ളവും സൂര്യനും താരങ്ങളും കിളികളും കാറ്റും എന്തിന്, ഈ വേദന പോലും എത്ര ഹൃദ്യം. വേദനിക്കാനാണെങ്കില്‍ പോലും ഇനിയും ബാക്കിയുണ്ടല്ലോ, ഒരു ജന്മം! അതു വരെ അനിഷ്ടങ്ങളായിരുന്ന ഭക്ഷ്യവിഭവങ്ങള്‍ക്കെല്ലാം എന്തു സ്വാദ്! ആ നിമിഷം വരെ അസൗകര്യങ്ങളായി തോന്നിയിരുന്നവയെല്ലാം വരദാനങ്ങളായി…

കണ്ണുകള്‍ക്കുള്ളിലേക്ക് സഞ്ചരിക്കുമ്പോള്‍ മാത്രമാണ് വെളിച്ചം വെളിച്ചമായി തിരിച്ചറിയപ്പെടുന്നത്്! മിഴികള്‍ക്കുള്ളിലേക്ക്, ഹൃദയത്തിലേക്ക്, ആത്മാവിലേക്ക്…

കര്‍ത്താവിന്റെ സ്‌നേഹം ഓരോ പ്രഭാതത്തിലും പുതിയതാണ്… വി. ഗ്രന്ഥത്തിലെ ജ്ഞാനിയുടെ വാക്കുകള്‍. ഓരോ പ്രഭാതത്തിലും സ്വയം നവീകരിക്കപ്പെടുന്ന മനസ്സിലാണ് ദിവ്യസ്‌നേഹത്തിന്റെ പുതുമ അനുഭവപ്പെടുന്നത്. ഓരോ പുലരിയിലും കണ്ണും ഉള്‍ക്കണ്ണും തുറക്കപ്പെടുന്നു. പുതുവര്‍ഷം എന്നത് മറ്റൊരു ദിവസം മാത്രമാണ്. മനസ്സിലാണ് പുതുവര്‍ഷം പിറക്കുന്നത്. മനസ്സ് എത്രമാത്രം നവീകരിക്കപ്പെട്ടിട്ടുണ്ട്്? എത്ര പുതുമയോടെ കാണാന്‍ കഴിയുന്നുണ്ട്, ഈ പ്രപഞ്ചത്തെ, മനുഷ്യരെ, ജീവിജാലങ്ങളെ?

ഇന്നലെ വരെ എനിക്കു രാവിലെ ചോറു പൊതിഞ്ഞു കെട്ടിത്തരുന്നവളെ ഞാനൊന്ന് നന്ദിയോടെ നോക്കിയിട്ടു പോലുമുണ്ടാവില്ല. എന്നാലിന്ന്, ഞാനോര്‍ക്കുന്നു, അവള്‍ ഉറക്കം മറന്ന് പുലര്‍ച്ചെയുണര്‍ന്നത്. സ്‌നേഹത്തോടെ അന്നം വച്ചതും പൊതിഞ്ഞതും. നന്ദിയോടെ, സ്‌നേഹത്തോടെ ഞാനവളുടെ മുഖത്തേക്കു നോക്കുന്നു…

രാത്രി വൈകിയെത്തുന്ന എന്നെയും കാത്തിരുന്ന് ഉറങ്ങിപ്പോയ കുഞ്ഞുങ്ങളുടെ വിഷാദം ഞാന്‍ ഒരിക്കലും ഓര്‍ത്തിട്ടു പോലുമുണ്ടാകില്ല. എന്നാല്‍, ഇന്ന് ഞാനോര്‍ക്കുന്നു. അവര്‍ക്കരികിലിരുന്ന്, കുരുന്നുനെറ്റിയില്‍ ഒരു മുത്തം കൊടുക്കുന്നു…

വെളിച്ചത്തിനെന്തു വെളിച്ചം!

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles