ഇന്നത്തെ നോമ്പുകാല ചിന്ത
23 മാര്‍ച്ച് 2020
ബൈബിള്‍ വായന
ഏശയ്യ 65: 17 -19
‘ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്മരിക്കുകയോ അവ മന സ്‌സില്‍ വരുകയോ ഇല്ല.18 ഞാന്‍ സൃഷ്ടിക്കുന്നവയില്‍ നിങ്ങള്‍ നിത്യം സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുവിന്‍. ജറുസലെമിനെ ഒരു ആനന്ദമായും അവളുടെ ജനത്തെ ആഹ്‌ളാദമായും ഞാന്‍ സൃഷ്ടിക്കുന്നു. ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്ദിക്കും: എന്റെ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ നിലവിളിയോ ഇനി അവിടെ കേള്‍ക്കുകയില്ല’
ധ്യാനിക്കുക
കഴിഞ്ഞ കാലം ഞാന്‍ ഓര്‍ക്കുകയില്ല. ദൈവം ഇങ്ങനെ പറയുന്നതിന്റെ കാരണമെന്ത്? ദൈവത്തിന്റെ സ്വഭാവത്തെ കുറിച്ച് ഇത് എന്താണ് വ്യക്തമാക്കുന്നത്?
ഞാന്‍ ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയാണ്. എന്റെ പഴയ പാപങ്ങള്‍ എന്ന നയിക്കാന്‍ വേണ്ടിയുള്ളതാണ്, നിര്‍വചിക്കാന്‍ വേണ്ടിയുള്ളതല്ല. ദൈവം എന്നെ എന്നേക്കും സ്‌നേഹിക്കുന്നു. ദൈവം എന്തെല്ലാം കാര്യങ്ങളാണ് എന്റെ ജീവിതത്തില്‍ പുനര്‍സൃഷ്ടിക്കണം എന്നും നവീകരിക്കണം എന്നും ഞാന്‍ ആഗ്രഹിക്കുന്നത്?
എന്റെ ഹൃദയത്തില്‍ സന്തോഷവും ആനന്ദവും കൊണ്ടുവരാന്‍ ദൈവം വരുന്നു. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ സന്തോഷവും ആനന്ദവും ഞാന്‍ അനുഭവിക്കുന്നുണ്ടോ?
പ്രാര്‍ത്ഥിക്കുക
സ്‌നേഹനിധിയായ ദൈവമേ, എന്റെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമേ, യേശുവിന്റെ സാദൃശ്യത്തില്‍ എന്നെ പുനര്‍സൃഷ്ടിച്ചതില്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവിടുത്തെ മഹത്വവും നന്മയും പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ പുതുമയില്‍ ജീവിക്കാനും ദൈവം എന്നെ എന്നേക്കുമായി തെരഞ്ഞെടുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന ആത്മവിശ്വാസത്തില്‍ ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. ആമ്മേന്‍.
“കൂടുതല്‍ ചിന്തിക്കുകയല്ല. കൂടുതല്‍ സ്‌നേഹിക്കുകയാണ് പ്രധാനം. സ്‌നേഹത്തെ ഉത്തേജിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുവിന്‍. സ്‌നേഹം വലിയൊരു ആനന്ദമല്ല, ദൈവത്തെ പ്രീതിപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണത്”
(ആവിലയിലെ വി. ത്രേസ്യ)