സ്വയം പരിത്യജിക്കുക

നാം നോയിമ്പുകാലം മുഴുവൻ ഈശോയെക്കുറിച്ചും ഈശോയുടെ രക്ഷകര രഹസ്യങ്ങളെക്കുറിച്ചുമാണ് ധ്യാനിക്കുന്നത്. അതിനെല്ലാം പ്രചോദനം നൽകുമാറ് ഈശോയുടെ പീഡാനുഭവവും മരണ ഉത്ഥാനത്തിനു ശേഷം പന്തക്കുസ്ഥ വരെയുള്ള കാലഘട്ടത്തെയാണ് നമ്മൾ ഈ ധ്യാനത്തിലൂടെ അനുഭവം ആക്കുവാൻ പോകുന്നത്.

നമ്മുടെ വിശ്വാസം നിരന്തരം വളർന്നുകൊണ്ടു ഇരിക്കേണ്ട ഒന്നാണ് . വിശ്വാസം “ഓരോ ദിവസവും ” വളരണം. അങ്ങനയുള്ള ഒരാശയമാണ് ഈശോ തന്നെ പറയുന്നത്. “ഓരോ ദിവസവും “(Daily) വളരുക. ഈശോ ഈ വാക്ക് എന്തു കാര്യത്തിലാണ് പറഞ്ഞത് ? ഈശോ പറഞ്ഞു : അവന്‍ എല്ലാവരോടുമായി പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌്‌ അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ”. (ലൂക്കാ 9 : 23 ).

ഈ ആശയങ്ങൾ, ഈ ആശയങ്ങളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്നതിന്റെ വ്യാപ്തി മനസിലാക്കണം . സന്തോഷത്തോടെ കുരിശെടുക്കണം.ഇവിടെ, നല്ല ഇടയന്റെ ചിത്രം പരിശോദിക്കുക. ആ ഇടയൻ ഒരു ആടിനെ കൈയ്യിലെടുത്തിരിക്കുന്നു. കാരണം, അതിന് നടക്കുവാൻ പറ്റുന്നില്ല. അത് ബലഹീനയായിരിക്കുന്നു; രോഗിയായിരിക്കുന്നു. ചിലപ്പോൾ നമ്മൾ ആയിരിക്കും ആ ആട്ടിൻകുട്ടി. അങ്ങനെ രോഗികളായിരിക്കുന്ന ബലഹീനരായിരിക്കുന്നവരെ ബുദ്ധിമുട്ടുള്ളവരെ നല്ല ഇടയൻ എന്തു ചെയ്യും? അതിനെ തന്റെ കൈയ്യിലെടുത്തു കൊണ്ടുവരും. ഈശോ പറഞ്ഞു: ഞാൻ നല്ല ഇടയനാണ് ഞാൻ എന്റെ ആടുകളുടെ മുൻപേ നടക്കും. എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കും. എന്റെ സ്വരം ശ്രവിച്ച് അവർ എന്റെ പിന്നാലെ വരുന്നു.

ഇതെല്ലാം നമ്മുടെ ജീവിതത്തിലെ വലിയ രണ്ടു മാർഗ്ഗരേഖകളാണ്. ഒന്ന്, സ്വയം പരിത്യജിക്കുക. ഈ നോയമ്പുകാലം മുഴുവനും നാം ചിന്തിക്കുന്ന വലിയ ഒരു കാര്യമാണ് സ്വയം പരിത്യജിക്കുക എന്നത് . കേൾക്കുമ്പോൾ ഒരു വലിയ സന്തോഷം തോന്നാത്തത് ആണ് പരിത്യജിക്കുക എന്ന വാക്കു തന്നെ. എന്നാൽ അതിന്റെ അന്തരാർത്ഥം ഇതാണ്. ഞാൻ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നതിനേക്കാൾ ഉന്നതമായ കാര്യങ്ങൾ ദൈവം എനിക്കു വേണ്ടി ഒരുക്കിവച്ചിരിക്കുന്നു. ഏതു വേണം? ദൈവം എനിക്കു വേണ്ടി ഒരിക്കി വച്ചിരിക്കുന്നതു വേണമോ അതോ ഒരു സൃഷ്ടിയായ ഞാൻ എന്റെ മാനുഷീക ബുദ്ധിയിൽ രൂപപ്പെടുത്തിയിരിക്കുന്നതു വേണമോ? ഏതായിരിക്കും നല്ലത്? തീർച്ചയായും ദൈവം എനിക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നത്.ദൈവംനമുക്കുവേണ്ടി ഒരുക്കി വച്ചിരിക്കുന്നതു നമ്മൾ സ്വീകരിക്കണമെങ്കിൽ, നമ്മുടെ കൈയ്യിലുള്ളത് വിട്ടു കളയണം. നമ്മുടെ മനസിലുള്ളത് വിട്ടു കളയണം. ഇതെല്ലാം നാം പ്രാർത്ഥിക്കുന്നതാണ് “നിങ്ങളുടെ വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയരട്ടെ ” എന്നു പറഞ്ഞാൽ നമ്മുടെ വിചാരങ്ങൾ നമ്മുടെ തന്നെ ആശയത്തിൽ പിടിച്ചു നിൽക്കാതെ നമ്മുടെ തന്നെ ഹിതത്തിൽ തൂങ്ങി കിടക്കാതെ നമ്മുടെ ഹൃദയത്തിൽ കുടുങ്ങി കിടക്കുന്ന സ്വാർത്ഥതകളെ എല്ലാം വിട്ട് ദൈവത്തിലേക്ക് ഉയരുക. എങ്കിൽ മാത്രമേ നമ്മുടെ ജീവിതം നല്ല ഇടയനെ പോലെയാവുകയുള്ളൂ.

ദൈവീകമായ ചിന്ത നമ്മിലേക്കു വരണമെങ്കിൽ, നമ്മുടെ ഹൃദയം ദൈവത്തിലേക്ക് ഉയരണം. നമ്മുടെ ചിന്ത ദൈവത്തിലേക്ക് ഉയരണമെങ്കിൽ, നമ്മുടെ ലൗകീകമായ , മാനുഷീകമായ ചിന്തകൾ വിടണം. ആ അർത്ഥത്തിലാണ് ഈശോ പറയുന്നത് എന്നെ അനുഗമിക്കുക ഞാൻ നിങ്ങളുടെ നല്ല ഇടയനാണ്. എന്നെ അനുഗമിക്കുക എന്നു പറഞ്ഞാൽ നിങ്ങൾ എന്റെ പിന്നാലെ വരുക. എന്നു പറഞ്ഞാൽ ഞാൻ നിങ്ങളുടെ മുന്നാലെ പോകുന്നു. എന്നെ അനുഗമിക്കുക . അതായത്, നമ്മുക്കു മുൻപേ ഒരാളു പോകുന്നു ആ വ്യക്തിയുടെ പുറകേ പോയാൽ മതി. അങ്ങനെ നമ്മൾ നമ്മെ വഴി കാണിക്കുകയും നമ്മുക്ക് എല്ലാം കരുതിവച്ചിരിക്കുകയും ചെയ്യുന്ന വ്യക്തി നമ്മുടെ മുൻപേ പോകുന്നു , ആ ആളാണ് നല്ല ഇടയൻ.

നമ്മുക്ക് പ്രശ്നങ്ങളും ദുരിതങ്ങളും ഉണ്ടാകുന്നതിന്റെ ഒരു കാരണം ആ നല്ല ഇടയന്റെ പിന്നാലെ നാം പോകാത്തതു കൊണ്ടാണ്. നമ്മുക്ക് തോന്നുകയാണ് ഈ ഇടയൻ ശരിയല്ല നമ്മുക്ക് വേറെ വഴിക്കു പോകാം എന്നു പറഞ്ഞ് ഇടയൻ പറയുന്ന വഴി വിട്ട് പരക്കം പാഞ്ഞ് പോകുകയാണ്. ഈശോ പറയുകയാണ് ധൃതി പിടിക്കണ്ട എന്റെ മുൻപേ പോകണ്ട എന്റെ പുറകേ വരിക. ഞാൻ ആയിരിക്കിന്നിടത്ത്, നീയും ആയിരിക്കുവാൻ വേണ്ടി ഞാൻ നിനക്കു വേണ്ടി എല്ലാം ചെയ്തു തരാം. അങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഒരു എളുപ്പ മാർഗ്ഗമാണ് വാസ്തവത്തിൽ ഇത്.

കുരിശ് എന്നു പറയുമ്പോൾ നമ്മുക്ക് അല്പം വേദന തോന്നും. പക്ഷെ, ഈ നോയിമ്പു കാലം മുഴുവൻ, കുരിശും, പീഢാനുഭവവും കുരിശിന്റെ വഴിയേയും പറ്റി ചിന്തിക്കുമ്പോൾ അത് ചെന്ന് അവസാനിക്കുന്നത് ഉത്ഥാനത്തിലാണ്. മാർപാപ്പ എപ്പോഴും പറയുന്ന ഒരു കാര്യമാണ് ഉത്ഥാനത്തെക്കുറിച്ചു ചിന്തിച്ചു വേണം നോയിയു കാല പ്രാർത്ഥനകൾ എല്ലാം. ദുഃഖവെള്ളി ഇല്ലാതെ ഉയർപ്പു ഞായർ ഇല്ല .നമ്മുടെ ജീവിതത്തിലെ അനുദിന കുരിശുകളെ സന്തോഷത്തോടെ എടുത്താൽ മാത്രമേ ഈ ഉത്ഥാനത്തിന്റെ അനുഭവം ഉണ്ടാവുകയുള്ളൂ.

~ ബ്രദര്‍ തോമസ് പോള്‍ ~

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles