ഇന്നത്തെ നോമ്പുകാല ചിന്ത
1 ഏപ്രില്‍ 2020
ബൈബിള്‍ വായന
യോഹന്നാന്‍ 8. 31 – 32, 34 – 36
‘തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍യഥാര്‍ഥത്തില്‍ എന്റെ ശിഷ്യരാണ്. നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും. യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവന്‍ പാപത്തിന്റെ അടിമയാണ്. അടിമ എക്കാലവും ഭവനത്തില്‍ വസിക്കുന്നില്ല. പുത്രനാകട്ടെ എക്കാലവും വസിക്കുന്നു. അതുകൊണ്ട് പുത്രന്‍ നിങ്ങളെ സ്വതന്ത്രരാക്കിയാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്വതന്ത്രരാകും.’
ധ്യാനിക്കുക
യേശുവിലുള്ള എന്റെ ശിഷ്യത്വം ഞാന്‍ നവീകരിക്കുന്ന സന്ദര്‍ഭമാണ് നോമ്പുകാലം. ഇന്നത്തെ യേശു വചനം അനുസരിച്ച് എനിക്ക് എങ്ങനെ നല്ല ഒരു ക്രിസ്തുശിഷ്യനാകാന്‍ സാധിക്കും?
യേശുവാണ് വഴിയും സത്യവും ജീവനും. ക്രിസ്തുവിന്റെ സത്യം ഞാന്‍ എവിടെ കണ്ടെത്തും? ഈ സത്യം എനിക്ക് പ്രധാനപ്പെട്ടതായിരിക്കുന്നത് എന്തു കൊണ്ട്?
പാപം നമ്മെ അടിമപ്പെടുത്തുന്നു. എന്നാല്‍ യേശു നമ്മെ സ്വതന്ത്രരാക്കുന്നു. എന്റെ ഏതെല്ലാം മേഖലകളിലാണ് യേശുവിന്റെ സ്വാതന്ത്ര്യം ആവശ്യമായിരിക്കുന്നത്?
പ്രാര്‍ത്ഥിക്കുക
കര്‍ത്താവായ യേശുവേ, ശരിയായ സ്വാതന്ത്ര്യം ഞാന്‍ അങ്ങിലാണ് കണ്ടെത്തുന്നത്. എന്റെ കഴിവിലോ ശക്തിയിലോ അല്ല അങ്ങയുടെ കൃപയിലും കരുണയിലും ആശ്രയിക്കാന്‍ എന്നെ സഹായിക്കണമേ. അങ്ങയുടെ സത്യത്താല്‍ ഞാന്‍ രൂപാന്തരപ്പെടാനും അങ്ങയുടെ വചനപ്രകാരം ജീവിക്കാനും എന്നെ നയിക്കുന്നതിനു വേണ്ടി അങ്ങുടെ പരിശുദ്ധാത്മാവിനെ നല്‍കണമേ. ആമ്മേന്‍.
‘വിശുദ്ധരാകാന്‍ ഭയപ്പെടേണ്ടതില്ല. സ്വാതന്ത്ര്യത്തിന്റെയും പ്രകാശത്തിന്റെയും ഉറവിടമായ യേശു ക്രിസ്തുവിനെ പിന്‍ചെല്ലുക. നിങ്ങളുടെ വഴികളെല്ലാം പ്രകാശമാനമാക്കുന്നതിനു വേണ്ടി ദൈവത്തോട് തുറവിയുള്ളവരായിരിക്കുക’ (ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ)