മുറിപ്പെടുത്തുന്നവന്റെയും മുറിവുണക്കിയവന്‍
വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 23
എന്താണ് സംഭവിക്കാൻ പോകുന്നത്
എന്നു കണ്ടപ്പോൾ ,
യേശുവിനോടുകൂടെയുണ്ടായിരുന്നവർ,
“കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടട്ടെയോ ” എന്നു ചോദിച്ചു.
( ലൂക്കാ : 22 :49 )
പടയാളികൾക്ക് തന്നെ സ്വയം ഏല്‌പിച്ചു കൊടുത്ത യേശു….
അവനെ ബന്ധനസ്ഥനാക്കാൻ വന്നവരെ എതിർത്തു തോല്‌പിക്കാൻ ശ്രമിക്കുന്ന ശിഷ്യന്മാർ ….
“കർത്താവേ ഞങ്ങളും വാളെടുക്കട്ടെയോ ”
എന്നു ചോദിച്ചെങ്കിലും,
ഗുരുവിൻ്റെ മറുപടിക്ക് കാത്തുനിന്നില്ല.
മറുപടി അനുകൂലമാവില്ല എന്ന മുൻവിധിയുണ്ടായിരുന്നതുപോലെ….
യേശുവിൻ്റെ മറുപടിക്കു മുമ്പേ
ഒരു ശിഷ്യൻ പടയാളികളിലൊരുവൻ്റെ
ചെവി അറുത്തു മാറ്റി.
അവിടെയും ക്രിസ്തുവിൻ്റെ സങ്കടം വർണ്ണനാതീതമായിരുന്നു.
ഏഴ് എഴുപത് വട്ടം ക്ഷമിക്കണം,
വലത്തേ കരണത്തടിക്കുന്നവന് ഇടത്തേത് കുടി കാണിച്ചു കൊടുക്കണം,
എന്നൊക്കെ പഠിപ്പിച്ചും,
കൂടെ നടന്നമൂന്നു വർഷങ്ങളുടെ
ഇരവു പകലുകൾ താൻ പറഞ്ഞുകൊടുത്തതും ജീവിച്ചു കാണിച്ചതും ഒക്കെ പാഴായിപ്പോയി എന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന ക്രിസ്തുവിൻ്റെ സങ്കടം.
ചീട്ടുകൊട്ടാരം പണിയുന്നവൻ്റെ അവസാനത്തെ ചീട്ട് വയ്ക്കുന്നതിനു തൊട്ടുമുമ്പ്, മുഴുവൻ നിലം പതിക്കുന്നത് കണ്ടു നിൽക്കുന്നവൻ്റെ സങ്കടം….
അപരന് മനസ്സിലാകും വിധത്തിൽ സംസാരിച്ചിട്ടും പ്രവർത്തിച്ചിട്ടും അവൻ അത് മനസ്സിലാക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നില്ലെങ്കിൽ എല്ലാം പാഴായിപ്പോയി എന്നു മാനുഷികമായി പരിതപിക്കുകയേ നിവൃത്തിയുള്ളൂ .
എങ്കിലും… യേശു സംയമനം കൈവിടാതെ തികച്ചും ശാന്തനായി വാൾ അതിൻ്റെ ഉറയിലിടാൻ നിർദ്ദേശിച്ചിട്ട് ചെവിയറ്റു പോയവൻ്റെ ചെവി സുഖപ്പെടുത്തുന്നു.
താൻ പഠിപ്പിച്ചത് എന്താണോ അത് ജീവിച്ചു കാണിക്കുന്ന ക്രിസ്തു ….
നിൻ്റെ ജീവിതത്തിൽ നിന്നു പടിയിറങ്ങി പോയവർ നാളെ സ്നേഹിതാ എന്നു വിളിച്ച് നിന്നെ ഒറ്റികൊടുക്കാൻ വരുമ്പോഴും….,
നിന്നെ ദ്രോഹിക്കാൻ വരുന്നവന് ,
ദ്രോഹമേല്ക്കുമ്പോൾ ചേർത്തു നിർത്തി ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനും കഴിയുന്ന ക്രിസ്തു ഭാവം സ്വന്തമാക്കാൻ
വിശുദ്ധിയുടെ ഈ വീണ്ടെടുപ്പുകാലം നമുക്ക് പരിശ്രമിക്കാം.
~ Jincy santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.