മനുഷ്യാ നീ മണ്ണാകുന്നു… മണ്ണിലേക്കു മടങ്ങും നീയും…

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 1

മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നീയും…

വിശുദ്ധിയിൽ വളരാനുള്ള രാജ വീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്.
നിന്നിലെ അശുദ്ധിയെ ഉപേക്ഷിക്കാനുള്ള ഉള്ളിൽ തട്ടിയുള്ള തീരുമാനം നിന്നെ അനുതാപത്തിലേക്ക് നയിക്കും.
അപ്പോൾ നിൻ്റെ മിഴികൾ സജലങ്ങളാകും.

ബാഹ്യമായ അനുതാപ കണ്ണീർ എപ്പോഴും
ലഭിക്കണമെന്നില്ല,
എന്നാൽ നിൻ്റെ ആത്മാവിൽ അശ്രുകണങ്ങൾ വീഴുമെന്നുള്ളത് ഉറപ്പാണ്.
അതുകൊണ്ടാണ് സഭാപിതാവായ വിശുദ്ധ അംബ്രോസ് കുമ്പസാരത്തെ കണ്ണുനീരിൻ്റ മാമ്മോദീസ എന്നു വിശേഷിപ്പിച്ചത്.

അശുദ്ധിയുടെ ആഴം എത്രയധികം ആയാലും ദൈവസന്നിധിയിൽ അനുതപിക്കുന്നവന് ശുദ്ധതയുടെ തീരത്തണയാൻ സ്വർഗം കരം പിടിക്കും.
അശുദ്ധിയെ ഉപേക്ഷിക്കുവാനും നിൻ്റെ ദൈവത്തെ സ്വന്തമാക്കാനും ഉള്ള ആഗ്രഹം നിൻ്റെ ഹൃദയത്തിൽ തുടിക്കണം.

“ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷണതയോടെ തിരിച്ചു വന്ന് അവിടുത്തെ തേടുവിൻ “
( ബാറുക്ക് 4 : 28 )

പന്നിക്കുഴിയിൽ നിരാശനായി മുഖം അമർത്തി കിടന്നാൽ ദൈവത്തിനു നിന്നെ മാറോട് ചേർക്കാൻ കഴിയില്ല.
ആഗ്രഹത്തോടെ മുഖമൊന്നുയർത്തിയാൽ ….
അനുതാപത്തോടെ ഒരു തിരിഞ്ഞുനോട്ടം നിൻ്റെ ദൈവത്തിലേക്ക് നോക്കിയാൽ…
അതു മതി ,
അവിടുന്ന് നിന്നെ കരം പിടിച്ചുയർത്തും…
തൻ്റെ മാറോടു ചേർത്ത് നിൻ്റെ നെറ്റിത്തടത്തിൽ സ്നേഹചുംബനമേകും.

” അവിടുന്ന് അവനെ വാരിപ്പുണർന്നു .
തൻ്റെ കണ്ണിലുണ്ണിയായി സൂക്ഷിച്ചു. “
( നിയമാവർത്തനം 32 :10 )

ശിക്ഷിക്കപ്പെടുവാൻ തക്കവിധം
എന്ത് അപരാധമാണ്
എന്നിൽ കുടികൊള്ളുന്നത് എന്ന് ചോദിക്കരുത്.
ഞാൻ ഇവയെല്ലാം ചെയ്തിട്ടും എനിക്ക് എന്ത് സംഭവിച്ചു എന്നും ചിന്തിക്കരുത്.

ഒരു പക്ഷെ …….
കായേൻ്റെ മേൽ ദൈവം സ്ഥാപിച്ച
അടയാളം പോലെ
നീ തെറ്റുകൾ തിരിച്ചറിഞ്ഞ് അനുതപിക്കുവോളം കർത്താവ്
നിൻ്റെ നെറ്റിയിൽ സ്ഥാപിച്ച കുരിശടയാളം
ആയിരിക്കാം ഈ കാലഘട്ടങ്ങളിൽ നിന്നെ
സംരക്ഷിച്ചത്.

ഒന്നും പാഴായി പോയിട്ടില്ല.
ഉത്ഥിതൻ ഇപ്പോഴും നിൻ്റെ ഉയിർപ്പിനു വേണ്ടി പ്രാതലൊരുക്കി കാത്തിരിക്കുന്നുണ്ട്.
നിൻ്റെ തിരിച്ചുവരവിൻ്റെയും പ്രത്യാശയുടെയും പുതുമത്സ്യവുമായി ….

നിൻ്റെ ഹൃദയം അവനു വേണ്ടി ആഗ്രഹിക്കട്ടെ.
ഈ നോമ്പുകാലമെങ്കിലും പാഴാക്കാതെ തിരികെ വരുക.
ഉത്ഥിതൻ നിനക്കായ് കാത്തിരിക്കുന്നു
എന്ന തിരിച്ചറിവോടെ……

“എങ്കിലും നിനക്കെതിരെ എനിക്കൊന്നു പറയാനുണ്ട്.
നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം നീ കൈവെടിഞ്ഞു.
അതിനാൽ..,
നീ ഏതവസ്ഥയിൽ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക.
അനുതപിച്ച് ആദ്യത്തെ പ്രവത്തികൾ ചെയ്യുക.”
( വെളിപാട് 2 :4,5)

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles