ഭൂമിയിലേക്കിറങ്ങിയ പറുദീസയുടെ കാവല്‍ക്കാരന്‍
അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു.
അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്‌മാവില്‍നിന്നാണ്.
(മത്തായി 1 : 19,20)
ഒരു സ്വപ്നത്തിൻ്റെ പേരിൽ ജീവിതം ദൈവത്തിനു വിട്ടു കൊടുക്കാൻ തയ്യാറായ ഒരു മനുഷ്യൻ.
മറിയത്തിൽ ഉരുവായ രക്ഷകൻ്റെ ഉത്ഭവത്തിൻ്റെ മർമ്മം വിശ്വസിച്ച്,
അവളെ ലോകത്തിൻ്റെ വിചാരണക്ക് ഏല്പിച്ചു കൊടുക്കാതെ,
ഗർഭധാരണം മൂലം അവൾക്ക് ഏൽക്കേണ്ടി വരുന്ന വലിയ അപമാനത്തേയും അന്ത്യത്തേയും മുന്നിൽ കണ്ട് ,
മറിയത്തെ അവൻ തൻ്റെ ചങ്കോട് ചേർത്ത് നിർത്തി.
ഈജിപ്തിൽ ഇസ്രായേൽ ജനത നശിച്ചുപോകാതിരിക്കാൻ പൂർവ്വപിതാവ് ജോസഫ് ദൈവിക പദ്ധതി പ്രകാരം സംരക്ഷകനായതുപോലെ….,
ദൈവപുത്രനെയും പരിശുദ്ധ മറിയത്തെയും സംരക്ഷിക്കാൻ ദൈവം നീതിമാനായ മറ്റൊരു ജോസഫിനെ തിരഞ്ഞെടുത്തു നിയോഗിച്ചു.
വ്യഭിചാരിണി എന്ന് മുദ്രയടിച്ചും കൊണ്ട് തൻ്റെ മുമ്പിൽ വിധികൽപിക്കുവാനായി നിർത്തപ്പെട്ട മഗ്ദലേന മറിയത്തെ താൻ കൂടി കൈവിട്ടാൽ അവൾക്കുണ്ടാകാവുന്ന അപകടത്തെ മുന്നിൽ കണ്ട ക്രിസ്തു അവളെ രക്ഷിച്ച് തൻ്റെ സ്നേഹത്തിൽ നിലനിർത്തിയത് ജോസഫ് എന്ന നീതിമാനായ അപ്പൻ്റെ ജീവിതശൈലിയുടെ സ്വാധീനമാണ്.
തൻ്റെ ചൂടും ചൂരും അധ്വാനവും സ്വപ്നങ്ങളും എല്ലാം മകനു വേണ്ടി ബലിയാക്കിയ ഈ അപ്പനെക്കുറിച്ച് ബൈബിൾ ഒറ്റവാക്കിൽ സാക്ഷ്യപ്പെടുത്തുന്നു..
“ജോസഫ് നീതിമാനായിരുന്നു ”
‘നീതിമാൻ’ എന്ന ചെറിയ ഒരു വാക്കിൽ
ഒരു പാട് സുകൃതങ്ങൾ സ്വർഗ്ഗം ഒളിപ്പിച്ചു വെച്ചിരുന്നു.
‘നീതിമാൻ’ അവൻ കയ്യിൽ ഒരു ഉണക്ക കമ്പ് പിടിച്ചാൽ പോലും അത് പുഷ്പിക്കുന്ന ത്ര
സുകൃത സമ്പന്നത.
ചോദ്യം ചെയ്യാതെ വിശദീകരണം ചോദിക്കാതെ ദൈവം പറഞ്ഞതൊക്കെയും കണ്ണും പൂട്ടി വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്ത വ്യക്തി യാണ് ജോസഫ്.
യേശുവിൻ്റെ വളർത്തു പിതാവായി സ്വർഗ്ഗം ഈ മനുഷ്യനെതിരഞ്ഞെടുത്തതും ഇക്കാരണത്താലാവാം.
മരത്തിന്മേൽ തച്ചൻ്റെ ഉളിയും, അളവുകോലും എന്ന പോലെ ,
പരസ്യ ജീവിതകാലത്ത് യേശുവിൻ്റെ വചനങ്ങളെല്ലാം മനുഷ്യൻ്റെ അന്തരാത്മാവിലേക്ക് തുളച്ചുകയറുന്നവയും
മനുഷ്യ ജീവിതത്തിൻ്റെ അളവുകോലുമായിരുന്നു അന്നും ഇന്നും ഇനി വരും കാലവും.
യേശുവിൻ്റെ വ്യക്തിത്വത്തിൻ്റെ നിഴലായി ജോസഫ് നിന്നു.
ക്രിസ്തീയ കുടുംബങ്ങളുടെ പാലകനായി, പിതൃത്വങ്ങളുടെ പിതാവും മാതൃകയും ആയി,
വേർപെടാൻ വെമ്പൽ കൊള്ളുന്ന ദാമ്പത്യ ബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയായി, നീതിമാനായ ജോസഫ് ഇന്നും വിശുദ്ധ വിശുദ്ധ വീഥികളിൽ വഴിവിളക്കായി നിലകൊള്ളുന്നു.
~ Jincy Santhosh ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.