ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2

ഈശോ തന്‍റെ തിരുഹൃദയ ഭക്തന്‍മാരോട് ചെയ്തിരിക്കുന്ന വാഗ്ദാനങ്ങള്‍

ദൈവപുത്രനായ മിശിഹാ മനുഷ്യാവതാരം ചെയ്തുവെന്നുള്ളത് സംശയം കൂടാതെ അംഗീകരിക്കേണ്ട ഒരു വിശ്വാസ രഹസ്യമാണ്. അത്ഭുതകരമായ അവിടുത്തെ ഈ പ്രവൃത്തിയാല്‍ ക്രിസ്തുവിന്‍റെ ദിവ്യഹൃദയം ദൈവ സ്വഭാവത്തോടു ഗാഢമായി ചേര്‍ന്നിരിക്കുന്നു. തന്നിമിത്തം ക്രിസ്തുവിന്‍റെ ഹൃദയം ദൈവിക ഹൃദയം തന്നെയാണ്. ക്രിഈശോമിശിഹാ തന്‍റെ തിരുഹൃദയ ഭക്തന്മാര്‍ക്ക് അനേക നന്മകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈശോയെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാദ്ധ്യമല്ല എന്ന്‍ വ്യക്തമായി പറഞ്ഞിരിക്കുന്നതു കൊണ്ടു അവിടുത്തെ അനുഗ്രഹങ്ങള്‍ നമുക്ക് അത്യന്തം ആവശ്യമാണ്‌. തിരുഹൃദയനാഥന്‍റെ അനുഗ്രഹങ്ങള്‍ കൂടാതെയുള്ള ക്രൈസ്തവജീവിതത്തെപ്പറ്റി നമുക്കു ചിന്തിക്കുകകൂടി സാദ്ധ്യമല്ല. ഈശോ അവിടുത്തെ വാത്സല്യപുത്രിയായ വിശുദ്ധ മര്‍ഗ്ഗരീത്താ മേരിക്കു പ്രത്യക്ഷപ്പെട്ട് നല്‍കിയ പന്ത്രണ്ട് വാഗ്ദാനങ്ങള്‍ ഗാഢമായ ചിന്തയ്ക്ക് വിധേയമാക്കുന്നത് വളരെ നല്ലതാണ്.

1. എന്‍റെ ദിവ്യഹൃദയ ഭക്തരുടെ ജീവിതാന്തസ്സിനു വേണ്ട എല്ലാ അനുഗ്രഹങ്ങളും ഞാന്‍ പ്രദാനം ചെയ്യും.

2. അവരുടെ കുടുംബങ്ങളില്‍ ഞാന്‍ സമാധാനം നല്‍കും.

3. അവരുടെ സങ്കടങ്ങളില്‍ ഞാന്‍ അവരെ ആശ്വസിപ്പിക്കും.

4. ജീവിതകാലത്തിലും പ്രത്യേകം അവരുടെ മരണ സമയത്തിലും ഞാന്‍ അവര്‍ക്കു ഉറപ്പുള്ള സങ്കേതമായിരിക്കും.

5. അവരുടെ എല്ലാ പ്രയത്നങ്ങളിലും ഞാന്‍ അനവധി ആശീര്‍വ്വാദങ്ങള്‍ നല്‍കും.

6. പാപികള്‍ എന്‍റെ ഹൃദയത്തില്‍ അനുഗ്രഹത്തിന്‍റെ വറ്റാത്ത ഉറവയും സമുദ്രവും കണ്ടെത്തും.

7. മന്ദതയുള്ള ആത്മാക്കള്‍ തീക്ഷ്ണതയുള്ളവരാകും.

8. തീക്ഷ്ണതയുള്ള ആത്മാക്കള്‍ അതിവേഗത്തില്‍ പരിപൂര്‍ണ്ണതയുടെ പദവിയില്‍ കയറും.

9. എന്‍റെ ദിവ്യഹൃദയസ്വരൂപം പരസ്യമായി പ്രതിഷ്ഠിച്ചു വണങ്ങുന്ന ഭവനങ്ങളില്‍ എന്‍റെ ആശീര്‍വ്വാദമുണ്ടാകും.

10. കഠിന പാപികളെ മനസ്സു തിരിക്കുന്നതിനുള്ള വരം വൈദികര്‍ക്ക് ഞാന്‍ നല്‍കും.

11. ഈ ഭക്തി പ്രചരിപ്പിക്കുന്നവരുടെ നാമം എന്‍റെ ഹൃദയത്തില്‍ ഞാന്‍ എഴുതും. അതില്‍നിന്നും അവരുടെ നാമം ഒരിക്കലും മായിക്കുയില്ല.

12. ഒമ്പതു ആദ്യവെള്ളിയാഴ്ച തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ക്ക് അവസാനം വരെയുള്ള നിലനില്‍പ്പിന്‍റെ വരം ഞാന്‍ നല്‍കും. എന്‍റെ അനുഗ്രഹം കൂടാതെയോ, കൂദാശകള്‍ സ്വീകരിക്കാതെയോ അവന്‍ മരിക്കുകയില്ല. അവരുടെ മരണത്തിന്‍റെ അവസാനത്തെ മണിക്കൂറില്‍ എന്‍റെ ദിവ്യഹൃദയം അവര്‍ക്കു നിശ്ചയമുള്ള സങ്കേതമാകുമെന്ന് എന്‍റെ സ്നേഹാധിക്യത്താല്‍ നിന്നോട് വാഗ്ദാനം ചെയ്യുന്നു.

ഈശോയുടെ ഈ അമൂല്യ വാഗ്ദാനങ്ങളെപ്പറ്റി ശ്രദ്ധാപൂര്‍വ്വം ധ്യാനിക്കുന്നവരുടെ ഹൃദയങ്ങളില്‍ സ്നേഹം കത്തിജ്ജ്വലിക്കാതിരിക്കുക അസാധ്യമാണ്. അതിനാല്‍ നമ്മുടെ സ്നേഹം മുഴുവനും ഇന്നുമുതല്‍ ഈശോയുടെ ദിവ്യഹൃദയത്തില്‍ നിക്ഷേപിക്കാം. അപ്പോള്‍ ഈശോയുടെ ഈ വാഗ്ദാനങ്ങളുടെ ഫലം നമുക്കു ലഭിക്കുമെന്നുള്ളതില്‍ സംശയമില്ല.

ജപം

ഏറ്റം സ്നേഹയോഗ്യനായ എന്‍റെ ഈശോയെ, ഇതാ ഞാന്‍ അങ്ങേപ്പക്കല്‍ ഓടി വരുന്നു. അങ്ങേ ദിവ്യസന്നിധിയില്‍ ഞാനിതാ സാഷ്ടാംഗം വണങ്ങുന്നു. അനുഗ്രഹമുള്ള എന്‍റെ ഈശോയെ! എന്‍റെ സംശയങ്ങളിലും ആത്മശരീര വ്യാധികളിലും ആശ്വാസവും സന്തോഷവും അങ്ങേ ദിവ്യഹൃദയത്തിലും വാഗ്ദാനങ്ങളിലും അന്വേഷിക്കാതെ സൃഷ്ടികളില്‍ തേടിപ്പോയി. ഓ! മാധുര്യം നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ! അങ്ങ് എന്‍റെ ഹൃദയത്തിന്‍റെ മൂഢത്വത്തെ നോക്കുമ്പോള്‍ എത്രമാത്രം വേദന അങ്ങേ ഹൃദയം അനുഭവിക്കുന്നു. ഓ! എന്‍റെ ഹൃദയമേ! കഠിനഹൃദയമേ! സൃഷ്ടികളില്‍ നിന്ന്‍ നിന്‍റെ താത്പര്യങ്ങളെ എല്ലാം നീക്കി നിന്‍റെ സ്രഷ്ടാവിന്‍റെ കൃപ നിറഞ്ഞ ഹൃദയത്തെ സ്നേഹിക്കുക. സകല നിക്ഷേപങ്ങളും അടങ്ങിയിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ! ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ആരാധിക്കുന്നു. ലോകത്തിലുള്ള സകല നന്മകളെക്കാളും സ്വര്‍ഗ്ഗത്തിലുള്ള സകല ഭാഗ്യങ്ങളെക്കാളും അങ്ങേ ദിവ്യഹൃദയത്തെ ഞാന്‍ ഏറ്റവും അധികമായി സ്നേഹിക്കുന്നു. കര്‍ത്താവേ! അങ്ങയുടെ വാഗ്ദാനങ്ങള്‍ക്കു എന്നെ യോഗ്യനാക്കണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

പാപികളുടെ നേരെ ഏറ്റം ദയയുള്ള ദിവ്യഹൃദയമേ, എന്‍റെ മേല്‍ ദയയായിരിക്കണമേ.

സല്‍ക്രിയ

ഈശോയുടെ ദിവ്യഹൃദയത്തെ സകല വസ്തുക്കളെക്കാള്‍ സ്നേഹിക്കുന്നുണ്ടെന്നു പ്രതിജ്ഞ ചെയ്യുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles