എൻ്റെ നാവിനെ ഒന്ന് സ്പർശിച്ചുകൂടേ?
ഹൃദയമലിയിക്കുന്ന ഒരു വീഡീയോ കാണാനിടയായി.
ഒരു മകൻ്റെ അനുഭവം.
മറ്റുള്ളവരെപ്പോലെ സംസാരിക്കാൻ
അവന് കഴിയുമായിരുന്നില്ല.
വിക്കായിരുന്നു പ്രശ്നം.
സ്വന്തം കൂട്ടുകാരും വീട്ടുകാരും സ്ഫുടമായി സംസാരിച്ചുല്ലസിക്കുന്നതു കാണുമ്പോൾ അവൻ പലപ്പോഴും മാറി നിന്ന് കരഞ്ഞിട്ടുണ്ട്.
ക്ലാസിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാമെങ്കിലും സംസാരവൈകല്യം
കൊണ്ട് അവൻ ഉത്തരങ്ങൾ പറയാറില്ല. പ്രസംഗിക്കാനും പാടാനും ആഗ്രഹമുള്ള അവൻ പതിയെ നിശബ്ദതയുടെ
ലോകത്തേക്ക് ഉൾവലിഞ്ഞു.
ഒരു ധ്യാനത്തിൽ പങ്കെടുക്കുന്ന സമയത്ത് അവൻ ഈശോയോട് പറഞ്ഞു:
“എൻ്റെ ഈശോയെ, ഞാനിപ്പോൾ പത്താം ക്ലാസിലെത്തി. മറ്റു കുട്ടികളെപ്പോലെ
ഒന്നു മനസു തുറന്ന് സംസാരിക്കാൻ
എനിക്കും ആഗ്രഹമുണ്ട്. ഒരു വിക്കനായ എനിക്ക് എന്നാണ് അതിന് കഴിയുക?
പരിശുദ്ധാത്മാവിനെ അയച്ച്
എന്നെ സുഖപ്പെടുത്തിക്കൂടെ….?
എൻ്റെ നാവിലൊന്ന് സ്പർശിച്ചു കൂടേ….? എനിക്കും വേണം നിൻ്റെ അനുഗ്രഹം.”
അദ്ഭുതമെന്നു പറയട്ടെ
ആ മകൻ്റെ കണ്ണീരോടെയുള്ള
പ്രാർത്ഥനയ്ക്ക്
ദൈവം ഉത്തരം നൽകി.
അധികം വൈകാതെ അവൻ
തടസമില്ലാതെ സംസാരിക്കാനും പാടാനും തുടങ്ങി. അവനാണ് ഇപ്പോൾ ശാലോം ടി.വി.യിലെ ഗായകരിൽ ഒരാളായ
ജിനു തോമസ്!
ക്രിസ്തുവിൻ്റെ വാക്കുകൾ ശ്രദ്ധിക്കൂ:
“ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല….
എന്റെ നാമത്തില്‍ പിതാവ് അയയ്‌ക്കുന്ന സഹായകനായ പരിശുദ്‌ധാത്‌മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്‌മരിപ്പിക്കുകയുംചെയ്യും”
(യോഹ 14 : 18, 26).
ജീവിത പ്രതിസന്ധികളിൽ കണ്ണീരോടെയും
ഉറച്ച ബോധ്യത്തോടെയും പ്രാർത്ഥിക്കുമ്പോൾ സഹായകനായ പരിശുദ്ധാത്മാവ്
നമ്മുടെ ജീവിതങ്ങളെയും സ്പർശിക്കുമെന്ന് ഉറച്ചു വിശ്വസിക്കാൻ കഴിയട്ടെ.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.