യേശുവിന്റെ യഥാര്‍ത്ഥ കുരിശിന് എന്തു സംഭവിച്ചു?
![](https://www.mariantimesworld.org/wp-content/uploads/2020/06/relics-in-notre-dame.jpg)
പാരമ്പര്യം അനുസരിച്ച് യേശുവിന്റെ മരണത്തിന് ശേഷം ക്രിസ്തുമതം വ്യാപിക്കുന്നത് തടയാന്‍ ആഗ്രഹിച്ചിരുന്ന ക്രിസ്തുമതത്തിന്റെ ശത്രുക്കള്‍ ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
ഒരു പാരമ്പര്യം പറയുന്നത് യേശുവിനൊപ്പം കൊല്ലപ്പെട്ട രണ്ടു കള്ളന്മാരുടെ മൃതദേഹങ്ങളോടൊപ്പം ഗോല്‍ഗോഥായിലുള്ള ഒരു കുഴിയിലേക്ക് യേശുവിന്റെ കുരിശ് വലിച്ചെറിയപ്പെട്ടു എന്നാണ്. ഈ സംഭവം നടന്ന ശേഷം 300 കൊല്ലം കഴിഞ്ഞ് റോമിലെ ഹെലേന രാജ്ഞിയുടെ പരിശ്രമത്തില്‍ കൂരിശു കണ്ടെടുത്തു. എന്നാല്‍ അന്ന് കണ്ടെടുത്ത മൂന്നു കുരിശുകളില്‍ ഏതായിരുന്നു യേശുവിന്റെ കുരിശ്?
ആ ചോദ്യത്തിന്റെ ഉത്തരം കണ്ടുപിടിക്കാന്‍ ജറുസലേം മെത്രാന്‍ ഒരു ഉപായം കണ്ടെത്തി. മാറാരോഗിയായ ഒരു സ്ത്രീയോട് ആ മൂന്നു കുരിശുകളും സ്പര്‍ശിക്കാന്‍ മെത്രാന്‍ ആവശ്യപ്പെട്ടു. മൂന്ന് കുരിശുകളില്‍ ഒന്നില്‍ തൊട്ടപ്പോള്‍ സ്ത്രീ സുഖം പ്രാപിച്ചു. അങ്ങനെ അതാണ് യേശുവിന്റെ യഥാര്‍ത്ഥ കുരിശെന്ന് മെത്രാനും രാജ്ഞിയും ഉറപ്പിച്ചു.
ആ സംഭവം നടന്ന സ്ഥലത്ത് ഒരു ദേവാലയം പണികഴിക്കാന്‍ രാജഞി ഉത്തരവിട്ടു. ആ ദേവാലയത്തെ രാജ്ഞി ഉയിര്‍ത്തെഴുന്നേല്‍പിന്റെ പള്ളി എന്നു വിളിച്ചു.
എഡി 614 വരെ കുരിശിന്റെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിരുന്നു എന്നും അനേകായിരം ക്രൈസ്തവ ഭക്തര്‍ കുരിശിനെ സന്ദര്‍ശിച്ചു എന്നും പാരമ്പര്യം പറയുന്നു.
കുരിശ് വീണ്ടും കാണാതാകുന്നു
എന്നാല്‍ പിന്നീട് കുരിശ് പേര്‍ഷ്യക്കാര്‍ മോഷ്ടിച്ചു കൊണ്ടു പോകുകയാണ് ഉണ്ടായത്. എഡി 630 ല്‍ പേര്‍ഷ്യാക്കാരുടെ മേല്‍ വിജയം നേടിയ കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ ഹെരാക്ലിയസ് കുരിശിന്റെ ഭാഗങ്ങള്‍ പേര്‍ഷ്യാക്കാരില്‍ നിന്ന് വീണ്ടെടുത്ത് ജറുസലേമിലേക്ക് കൊണ്ടു വന്നു. ഇതിന്റെ സ്മരണയ്ക്കായാണ് സെപ്തംബര്‍ 14 ന് നാം കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ആഘോഷിക്കുന്നത്.
മൂന്നാം തിരോധാനം
ഏതാനും വര്‍ശങ്ങള്‍ കഴിഞ്ഞപ്പോള്‍ അറബികള്‍ ജറുസേലമിന്റെ ഭരണം കൈയേറി. എങ്കിലും 10 ാം നൂറ്റാണ്ടു വരെയുള്ള കാലത്ത് കുരിശിനെ ആരാധിക്കാന്‍ എത്തുന്നവരെ തടഞ്ഞിരുന്നില്ല. എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളുമായുള്ള ബന്ധം വഷളായ ശേഷം അറബികള്‍ കുരിശ് എടുത്ത് ഒളിപ്പിച്ചു വച്ചു. 90 വര്‍ഷങ്ങള്‍ക്കു ശേഷം കുരിശ് വീണ്ടും പ്രത്യക്ഷമായി. ഹോളി സെപ്പള്‍ക്കര്‍ ബസിലിക്കയില്‍ കുരിശ് പുനര്‍സ്ഥാപിച്ചു.
നാലാം പ്രാവശ്യവും കാണാതാകുന്നു
1187 ഏഡിയില്‍ കുരിശ് നാലാമതും കാണാതെ പോയി. ഹാറ്റിന്‍ യുദ്ധത്തില്‍ സുല്‍ത്താന്‍ സലാവുദീനോട് ക്രിസ്ത്യാനികളുടെ കുരിശു യ്ുദ്ധ സേന പരാജയപ്പെടുകയും ക്രിസ്തുവിന്റെ കുരിശ് വീണ്ടും നഷ്ടമാകുകയും ചെയ്തു.
1203 ഏഡിയില്‍ നാലാമത്തെ കുരിശുദ്ധത്തിന്റെ ഫലമായി കോണ്‍സ്റ്റാന്റിനോപ്പിളില്‍ സൂക്ഷിച്ചിരുന്ന കുരിശിന്റെ ശകലങ്ങള്‍ പാലാറ്റിന്‍ ചാപ്പലും വെനീഷ്യന്‍കാരും തമ്മില്‍ പങ്കുവച്ചു. വെനീഷ്യന്‍കാര്‍ പാപ്പരായപ്പോള്‍ അവര്‍ തിരുശേഷിപ്പ് വില്‍ക്കുകയും വി. ലൂയീസ് 1238 ല്‍ കുരിശിന്റെ രണ്ട് കഷണങ്ങള്‍ പണം കൊടുത്ത് സ്വന്തമാക്കുകയും ചെയ്തു. അദ്ദേഹം അത് പാരീസിലെ ചാപ്പലില്‍ സൂക്ഷിച്ചു. എന്നാല്‍ ഫ്രഞ്ചു വിപ്ലവകാലത്ത് അതും കാണാതായി.
ഇന്ന് കുരിശിന്റെ ഏതാനും ചെറിയ കഷണങ്ങളും യേശുവിനെ തറച്ച ഒരു ആണിയും മാത്രമാണ് ബാക്കിയുള്ളത്. അത് നോത്ര്ദാം കത്തീഡ്രലില്‍ സൂക്ഷിച്ചിരിക്കുന്നു.