ആണിപ്പഴുതുള്ള കരങ്ങള്‍ നീട്ടി യേശു നിന്നെ വിളിക്കുന്നു

ഒരു നോമ്പ് കാലം കൂടി കടന്നു പോയി. ഈ 50 ദിവസങ്ങളിൽ ഈശോയുടെ പീഡാനുഭവങ്ങളെപറ്റി ധ്യാനിച്ചപ്പോൾ നിനക്ക് വേണ്ടി ദാഹിക്കുന്ന, നിന്റെ ഹൃദയം ഈശോയുടെ സ്നേഹം തിരിച്ചറിയുന്ന ആ നിമിഷത്തിനായി ദാഹിക്കുന്ന ഈശോയെ കണ്ടുവോ?
നമ്മെ ഓരോരുത്തരെയും തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി സ്നേഹചുംബനങ്ങൾ നല്കാൻ കൊതിക്കുന്ന ഈശോയെ, മക്കളെ വാരിപ്പുണരാൻ കൊതിക്കുന്ന അപ്പനെ ഹൃദയകണ്ണുകൾ കൊണ്ട് കാണാൻ കഴിഞ്ഞോ?
നാം ബലഹീനരായിരിക്കേ, നിര്ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്ക്കു വേണ്ടി മരിച്ചു.
(റോമാ 5 : 6)
“എന്നാല്, നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. (റോമാ 5 : 8).
മോശ തന്നോട് ചോദിച്ചു നിയമങ്ങളും ഉപനിയമങ്ങളും പാലിച്ച് തന്റെ അടുത്തേയ്ക്ക് കടന്നു വരാനായി തന്റെ മക്കൾ ശ്രമിച്ചിട്ടും അവർക്ക് സാധിക്കാതെ വിഷമിക്കുന്നതും, വീണ്ടും പാപത്തിന്റെ അടിമത്വത്തിലേയ്ക് കടന്നു പോകുന്നതും കണ്ട ദൈവപിതാവ് ആ മക്കളെ എങ്ങനെയും തന്നോട് ചേർത്ത് നിർത്തി ആശ്ലേഷിക്കാനായി തന്റെ പുത്രനെ ബലിയായി നല്കി.
തങ്ങളുടെ കൂടെ നടന്ന് പരിപാലിക്കുന്ന നല്ല അപ്പനെ അവരുടെ അകകണ്ണുകൾ കൊണ്ട് കാണാനോ മനസ്സിലാക്കാനോ അവർക്ക് സാധിച്ചില്ല. അവരുടെ മനസ്സിൽ ദൈവം ശിക്ഷിക്കുന്ന ദൈവമായിരുന്നു, അത്കൊണ്ട് തന്നെ തങ്ങൾക്ക് ശിക്ഷ ലഭിക്കുമെന്നും ശിക്ഷ ശരീരത്തിൽ ഏറ്റെടുത്തതിന് ശേഷം മാത്രമേ ദൈവത്തെ ദർശിക്കാൻ സാധിക്കൂ എന്നും അവർ കരുതി. അത്കൊണ്ട് ദൈവപിതാവ് തന്റെ പുത്രനെ ഈ ഭൂമിയിലേയ്ക്ക് അയച്ചുകൊണ്ട് നമ്മൾ ഓരോരുത്തരുടെയും പാപങ്ങൾക്ക് നമ്മുക്ക് ലഭിക്കേണ്ട ശിക്ഷ മുഴുവൻ ആ ശരീരത്തിൽ ഏല്പിച്ചു.
“ശരീരത്താല് ബലഹീനമാക്കപ്പെട്ട നിയമത്തിന്‌ അസാധ്യമായത്‌ ദൈവം ചെയ്‌തു. അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനുവേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില് അയച്ചുകൊണ്ട്‌ പാപത്തിനു ശരീരത്തില് ശിക്‌ഷ വിധിച്ചു.” (റോമാ 8 : 3).
“ഉഴവുകാര് എന്റെ മുതുകില് ഉഴുതു;അവര് നീളത്തില് ഉഴവുചാലു കീറി. (സങ്കീര്ത്തനങ്ങള് 129 : 3)
അതിദാരുണമായ പീഡകൾ ഏറ്റെടുത്ത് ദൈവം നിശ്ചയിച്ച സമയത്തുതന്നെ തീർത്തും പാപികളായ നമ്മുടെ പാപങ്ങൾ “ഞാനാണ് ചെയ്തത്” എന്ന് പറഞ്ഞ് നമ്മുക്ക് ലഭിക്കേണ്ട ശിക്ഷ ഏറ്റെടുത്ത് അവിടുന്ന് മരിച്ചു.
അവിടുത്തെ തിരുരക്തത്താലെ കഴുകി നമ്മെ വിശുദധീകരിച്ച് അവന്റെ നീതിമാനാക്കി ഉയർത്തി.
മൂന്നാം നാൾ മഹത്വത്തോടെ ഉയർത്ത ക്രിസ്തുവിനോട് ഒപ്പം ഈശോയിൽ പുതിയ സൃഷ്ടിയായ നമ്മൾ ഓരോരുത്തരേയും സ്വർഗ്ഗത്തിൽ അവിടുത്തോടൊപ്പം ഇരുത്തി.
ഇന്ന് നമ്മുക്ക് ദൈവപിതാവിനെ സ്വന്തം അപ്പായെ എന്ന പോലെ സമീപിക്കാൻ നമ്മെ യോഗ്യരാക്കിയത് നമ്മുടെ ഒരു പ്രവർത്തികളും അല്ല, ദൈവപിതാവിന് നമ്മോടുള്ള സ്നേഹവും കരുണയും കാൽവരി കുരിശിൽ തിരുച്ചോരയായി ഒഴുകിയതിനാലാണ്.
“എന്റെ സഹോദരരേ, യേശുവിന്റെ രക്‌തംമൂലം വിശുദ്‌ധസ്‌ഥലത്തേക്കു പ്രവേശിക്കാന് നമുക്കു മനോധൈര്യമുണ്ട്‌. എന്തെന്നാല്, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന് നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. (ഹെബ്രായര് 10 : 19-20)
ഇനിയും സ്വന്തം പ്രവർത്തിയിൽ ആശ്രയിക്കാതെ ഈശോയിലേക്ക്, ആ സ്നേഹത്തിലേക്ക് ഒന്ന് നോക്കാമോ. നിയമത്തിൽ ആശ്രയിക്കാതെ ശിക്ഷ യുടെ നിയമം നമുക്കായി പൂർത്തീകരിച്ച് നമ്മെ സ്നേഹത്തിന്റെ നിയമത്തിലേയക് കൊണ്ട് വന്ന ഈശോയിൽ ആശ്രയിക്കാമോ.
“ഈശോ കാൽവരി കുരിശിൽ എല്ലാം പൂർത്തിയാക്കി, എന്നെ രക്ഷിച്ചു” എന്ന് വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടും എന്ന് വചനം പറയുന്നു.
“നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന് മായിച്ചുകളയുകയും അവയെ കുരിശില് തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു.” കൊളോസോസ്‌ 2 : 14)
“വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന്‌ ക്രിസ്‌തു നിയമത്തെ പൂര്ത്തീകരിച്ചിരിക്കുന്നു.” (റോമാ 10 : 4)
നമ്മുടെ ജീവിതത്തിലെ അവസാന നിമിഷം എങ്കിലും “എൻ്റെ ഈശോ കാൽവരി കുരിശിലൂടെ എന്നെ രക്ഷിച്ചു, എന്റെ പാപങ്ങൾ അവിടുന്ന് ഏറ്റെടുത്തു എന്ന്” തിരിച്ചറിഞ്ഞാൽ നമ്മൾ അവിടുത്തോടൊപ്പം പറുദീസായിൽ ആയിരിക്കും എന്ന് നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്ത് കൊണ്ട് അവിടുന്ന് കാണിച്ചു തന്നു. ആ കള്ളൻ കുപ്രസിദ്ധനായ കുറ്റവാളി ആയിരുന്നു, എന്നാൽ ദൈവപുത്രനായ ഈശോ ഏറ്റെടുത്ത ശിക്ഷ ലോകത്തിന് മുഴുവൻ വേണ്ടിയാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം അതുവരെ ആ മനുഷ്യൻ ആരായിരുന്നു, എന്ത് പ്രവർത്തികൾ ആ കള്ളനിൽ നിന്ന് വന്നു എന്ന് കർത്താവ് നോക്കുന്നില്ല.
” യേശു അവനോട്‌ അരുളിച്ചെയ്‌തു: സത്യമായി ഞാന് നിന്നോടു പറയുന്നു, നീ ഇന്ന്‌ എന്നോടുകൂടെ പറുദീസായില് ആയിരിക്കും.”(ലൂക്കാ 23 : 43).
നമ്മൾ ഓരോരുത്തരോടും അവിടുന്ന് പറയുന്നു.”നിന്റെ ബലഹീനതകൾ , നിന്റെ വീഴ്ചകൾ,കുറവുകൾ എല്ലാം എനിക്ക് അറിയാം,നീ നിന്നിൽ തന്നെ ആശ്രയിക്കാതേ എന്നിലേയ്ക്ക് കടന്നു വരൂ, എന്റെ സ്നേഹത്തിലേക്ക് കടന്നു വരൂ, ബലഹീനതകളിൽ വീണ് പോകാതെ കുരിശിൽ നിന്നും ഒഴുകുന്ന എന്റെ കൃപ നിന്നെ പൊതിയും.”
കുരിശിൽ അവസാനനിമിഷം അവിടുന്ന് ദാഹിച്ചത് അവിടുത്തെ സ്നേഹം തിരിച്ചറിയുന്ന നമ്മുടെ ഹൃദയത്തിന് വേണ്ടിയാണ്.
ഇപ്പോഴും ആണി പഴുതുളള കരങ്ങൾ നീട്ടി അവിടുന്ന് നമ്മെ വിളിക്കുന്നു.

ഈശോയുടെ സ്നേഹത്തിലേക്ക് കടന്നു വരാം. ഈശോയെ പങ്ക് വയ്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles