യേശു ജനിച്ചത് ഡിസംബര്‍ 25ന് തന്നെയോ?
ലോകമെമ്പാടുമുള്ള ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്നത് ഡിസംബര്‍ 25 ാം തീയതിയാണ്. ഡിസംബര്‍ 25 ക്രിസ്തുമസ് ദിനം ആയി അംഗീകരിക്കപ്പെട്ടത് എങ്ങനെയാണ് എന്നതിനെപ്പറ്റി പല വാദഗതികളും നിലവിലുണ്ട്. ഊസ്‌നര്‍ (Usener) എന്ന ചരിത്രകാരന്റ അഭിപ്രായം ഇതാണ് . ആരംഭത്തില്‍ ക്രിസ്തുമസ് ജനുവരി ആറിനാണ് ആഘോഷിച്ചിരുന്നത്. റോമില്‍ ലിബേരിയുസ് മാര്‍പ്പാപ്പ എ . ഡി . 353/4 ല്‍ ക്രിസ്മസ് ദിനം ഡിസംബര്‍ 25 ലേക്കു മാറ്റി. ജനുവരി 6 വെളിപാടുതിരുനാള്‍ ( Epiphany ദെനഹാ), അതായത് യേശുവിന്റെ മാമ്മോദീസാത്തിരുനാള്‍ ആയി നിശ്ചയിക്കുകയും ചെയ്തു.
റോമില്‍ നിന്നും ക്രമേണ് ഈ രീതി പൗരസ്ത്യദേശങ്ങളിലേക്കും വ്യാപിച്ചു. ഡ്യൂഷന്‍ (Duchesne) എന്ന ചരിത്രകാരന്‍ അഭിപ്രായം മറ്റൊന്നാണ് . തുടക്കം മുതല്‍ തന്നെ പാശ്ചാത്യ സഭയില്‍ ക്രിസ്തുമസ് തീയതി ഡിസംബര്‍ 25 ആയിരുന്നു. എന്നാല്‍ പൗരസ്ത്യസഭയില്‍ ഇത് ജനുവരി 6 ആയിരുന്നു. കാലക്രമേണ പൗരസ്ത്യസഭയും പാശ്ചാത്യസഭയുടെ തീയതി പിറവിത്തിരുനാളിനു സ്വീകരിക്കുകയായിരുന്നു.
രണ്ടു വാദഗതികളും നമുക്കു പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും തള്ളിക്കളയാനും വയ്യ. എന്തായാലും ക്രിസ്തുവിന്റെ ജനനത്തീയതിയെക്കുറിച്ച് നിയതമായ ഒരു ധാരണ ആദിമസഭയില്‍ ഉണ്ടായിരുന്നില്ല എന്നതു വ്യക്തമാണ്.
യേശുവിന്റെ ജനനത്തിയതി ഡിസംബര്‍ 25 ആയി ആദ്യം ഉറപ്പിച്ചത് ഹിപ്പോസിറ്റസ് എന്ന സഭാപിതാവണ്. മാതാവിന്റെ ഗര്‍ഭധാരണയും യേശുവിന്റെ മരണത്തെയും അടിസ്ഥാനമാക്കിയുള്ള ചില ഊഹാപോഹങ്ങളുടെയും കണക്കു കൂട്ടലുകളുടെയും ഫലമായാണ് അദ്ദേഹം ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. അത് ഇപ്രകാരമായിരുന്നു. യേശുവിന്റെ ഈ ഭൂമിയിലെ ജീവിതകാലം അതായത്, മറിയം യേശുവിനെ ഗര്‍ഭം ധരിച്ചതു മുതല്‍ യേശുവിന്റെ കുരിശുമരണംവരെ, കൃത്യം 33 വര്‍ഷങ്ങളായിരുന്നു.
മറിയം യേശുവിനെ ഗര്‍ഭം ധരിച്ചതും (മംഗലവാര്‍ത്താ ദിനം) അവിടുത്തെ കുരിശുമരണം നടന്നതും ഒരേ തിയതിയില്‍ തന്നെയായിരുന്നു. അത് മാര്‍ച്ച് 25 ാം തീയതിയായിരുന്നു. ഗര്‍ഭധാരണദിനമായ മാര്‍ച്ച് 25 മുതല്‍ കൃത്യം ഒന്‍പതു മാസങ്ങള്‍ക്കു ശേഷമാണ് , അതായത് ഡിസംബര്‍ 25 നാണ്, യേശുക്രിസ്തു ജനിച്ചത്. അപ്പോള്‍ ക്രിസ്തുവിന്റെ ജനനത്തീയതി, ക്രിസ്തുമസ് , ഡിസംബര്‍ 25 നാണ് .
~ ജോസഫ് എഴുമായില്‍ ~