നാം സുവിശേഷത്തിൻറെ യഥാർത്ഥ സാക്ഷികളാണോ?
കർത്താവിൻറെ സ്വർഗ്ഗരോഹണത്തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച (29/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ പ്രാർത്ഥന നയിച്ചു. ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വയിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ ലൂക്കായുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായം, 46-53 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിൻറെ സ്വർഗ്ഗരോഹണ സംഭവം അവതരിപ്പിക്കുന്ന ഭാഗം ആയിരുന്നു പാപ്പായുടെ ത്രികാലപ്രാർത്ഥനാ വിചിന്തനത്തിന് അവലംബം. പാപ്പാ ഇപ്രകാരം പറഞ്ഞു:
ഉത്ഥിതൻ പിതാവിൻറെ പക്കലേക്ക്
പ്രിയ സഹോദരീ സഹോദരന്മാരേ ശുഭദിനം!
ഇന്ന് (29/05/22) ഇറ്റലിയിലും മറ്റനേകം രാജ്യങ്ങളിലും കർത്താവിൻറെ സ്വർഗ്ഗാരോഹണം, അതായത് പിതാവിൻറെ പക്കലേക്കുള്ള അവിടത്തെ തിരിച്ചുപോക്ക്, ആഘോഷിക്കുന്നു. ഉത്ഥിതൻ ശിഷ്യന്മാർക്ക് അവസാനമായി പ്രത്യക്ഷപ്പെടുന്ന സംഭവം ആരാധനക്രമത്തിൽ, ലൂക്കായുടെ, സുവിശേഷം വിവരിക്കുന്നു (ലൂക്കാ 24:46-53). യേശുവിൻറെ ഭൗമികജീവിതം അവസാനിക്കുന്നത് സ്വർഗ്ഗാരോഹണത്തോടെയാണ്. അത് നാം വിശ്വാസപ്രമാണത്തിലും ഏറ്റുപറയുന്നു: “അവൻ സ്വർഗ്ഗത്തിലേക്ക് കരേറി, പിതാവിൻറെ വലതുഭാഗത്ത് ഇരിക്കുന്നു”. ഈ സംഭവത്തിൻറെ വിവക്ഷ എന്താണ്? നമ്മൾ അത് എങ്ങനെ മനസ്സിലാക്കണം? ഈ ചോദ്യത്തിന് ഉത്തരം നൽകണമെങ്കിൽ, നമ്മൾ യേശു സ്വർഗ്ഗാരോഹണത്തിന് മുമ്പ് ചെയ്യുന്ന രണ്ട് പ്രവർത്തികളെക്കുറിച്ച് ചിന്തിക്കണം: അവിടന്ന് ആദ്യം പരിശുദ്ധാത്മദാനം പ്രഖ്യാപിക്കുന്നു, തുടർന്ന് ശിഷ്യന്മാരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ആത്മാവിനെ പ്രദാനം ചെയ്യുമെന്നു അവിടന്ന് അറിയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.
ആശ്വാസകനെ അയക്കുന്നു, യേശു സകലർക്കും സമീപസ്ഥനാകുന്നു
പ്രഥമതഃ യേശു അവിടത്തെ സ്നേഹിതരോട് പറയുന്നു: “ഇതാ എൻറെ പിതാവിൻറെ വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കുന്നു” (ലൂക്കാ 24,49). അവൻ പരിശുദ്ധാത്മാവിനെക്കുറിച്ച്, ആശ്വാസകനെക്കുറിച്ച്, അവർക്ക് തുണയായവനെക്കുറിച്ച്, അവരെ നയിക്കുന്നവനെക്കുറിച്ച്, അവരുടെ ദൗത്യത്തിൽ അവർക്ക് താങ്ങാകുന്നവനെക്കുറിച്ച്, ആത്മീയ പോരാട്ടങ്ങളിൽ അവരെ സംരക്ഷിക്കുന്നവനെക്കുറിച്ച് ആണ് സംസാരിക്കുന്നത്. അപ്പോൾ നമ്മൾ ഒരു പ്രധാന കാര്യം മനസ്സിലാക്കുന്നു: അതായത്, യേശു തൻറെ ശിഷ്യന്മാരെ ഉപേക്ഷിക്കുകയല്ല. അവിടന്ന് സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നു, എന്നാൽ നമ്മെ തനിച്ചാക്കുന്നില്ല. മറിച്ച്, പിതാവിൻറെ അടുത്തേക്ക് കയറുന്ന അവിടന്ന് പരിശുദ്ധാത്മാവിൻറെ, അവിടത്തെ അരൂപിയുടെ വർഷണം, ഉറപ്പു നല്കുന്നു എന്ന്. മറ്റൊരവസരത്തിൽ അവിടന്നു പറഞ്ഞു: “നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ് ഞാൻ പോകുന്നത്, കാരണം, ഞാൻ പോകുന്നില്ലെങ്കിൽ, സഹായകൻ, അതായത്, ആത്മാവ്, നിങ്ങളുടെ അടുക്കലേക്കു വരില്ല” (യോഹന്നാൻ 16:7). ഇതിലും, യേശുവിന് നമ്മോടുള്ള സ്നേഹം നാം കാണുന്നു: നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സാന്നിദ്ധ്യമാണ് അവൻറേത്. നേരെമറിച്ച്, അത് നമുക്ക് ഇടം നൽകുന്നു, കാരണം, യഥാർത്ഥ സ്നേഹം എല്ലായ്പ്പോഴും ഒരു സാമീപ്യം സൃഷ്ടിക്കുന്നു, ആ സാമീപ്യം ഞെരുക്കാത്തതും കൈവശപ്പെടുത്താൻ ആഗ്രഹിക്കാത്തതുമാണ്. അടുത്താണ്, എന്നാൽ, കൈവശപ്പെടുത്തുന്നില്ല; വാസ്തവത്തിൽ, യഥാർത്ഥ സ്നേഹം നമ്മെ നായകരാക്കുന്നു. അതിനാൽ ക്രിസ്തു ഉറപ്പുനൽകുന്നു: “ഞാൻ പിതാവിൻറെ പക്കലേക്കു പോകുകയും നിങ്ങൾ ഉന്നതത്തിൽ നിന്നുള്ള ശക്തി ധരിക്കുകയും ചെയ്യും: ഞാൻ നിങ്ങൾക്കായി എൻറെ സ്വന്തം ആത്മാവിനെ അയയ്ക്കും, ആ ആത്മാവിൻറെ ശക്തിയാൽ നിങ്ങൾ ലോകത്തിൽ എൻറെ ദൗത്യം തുടരും!” (cf ലൂക്കാ 24:49). ആകയാൽ, സ്വർഗ്ഗാരോഹണം വഴി യേശു, സ്വന്തം ശരീരത്താൽ കുറച്ചുപേർക്ക് സമീപസ്ഥനായിരിക്കുന്നതിനുപകരം, തൻറെ ആത്മാവിനാൽ എല്ലാവരുടെയും ചാരത്തായിരിക്കുന്നു. ലോകത്തിൽ അവിടത്തെ സാക്ഷികളാക്കി നമ്മെ മാറ്റുന്നതിന്, പരിശുദ്ധാത്മാവ്, സ്ഥലകാല പ്രതിബന്ധങ്ങൾക്കതീതമായി യേശുവിനെ നമ്മിൽ സന്നിഹിതനാക്കുന്നു.
അനുഗ്രഹം ചൊരിയുന്ന ഉത്ഥിതൻ
തൊട്ടുപിന്നാലെ രണ്ടാമത്തെ പ്രവർത്തനമാണ്. ക്രിസ്തു തൻറെ കൈകൾ ഉയർത്തി അപ്പൊസ്തോലന്മാരെ അനുഗ്രഹിക്കുന്നു (ലൂക്കാ 24,50). അതൊരു പൗരോഹിത്യ പ്രവർത്തിയാണ്. ജനങ്ങളെ അനുഗ്രഹിക്കാനുള്ള ചുമതല, അഹറോൻറെ കാലം മുതൽ, ദൈവം, പുരോഹിതന്മാരെ ഏൽപ്പിച്ചിരുന്നു (cf.സംഖ്യ 6:26). നമ്മുടെ ജീവിതത്തിലെ മഹാപുരോഹിതനാണ് യേശു എന്ന് നമ്മോട് പറയാൻ സുവിശേഷം ആഗ്രഹിക്കുന്നു. നമ്മുടെ മാനവികത പിതാവിനു സമർപ്പിക്കുന്നതിനായി നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കാനാണ് യേശു പിതാവിൻറെ പക്കലേക്ക് കയറുന്നത്. അങ്ങനെ, പിതാവിൻറെ കൺമുമ്പിൽ, യേശുവിൻറെ മാനവികതയോടുകൂടി, നമ്മുടെ ജീവിതങ്ങളും, നമ്മുടെ പ്രതീക്ഷകളും, നമ്മുടെ മുറിവുകളും ഉണ്ട്, എപ്പോഴും ഉണ്ടായിരിക്കും. അതിനാൽ, സ്വർഗ്ഗത്തിലേക്കുള്ള തൻറെ “പുറപ്പാട്” നടത്തുമ്പോൾത്തന്നെ, ക്രിസ്തു “നമുക്ക് വഴിയൊരുക്കുന്നു”, നമുക്കുവേണ്ടി ഒരു ഇടം ഒരുക്കാൻ അവിടന്ന് പോകുന്നു, നമ്മൾ എപ്പോഴും പിതാവിനാൽ തുണയ്ക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്നതിനുവേണ്ടി ഇപ്പോൾ മുതൽ, അവിടന്ന് നമുക്കുവേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നു.
ആത്മശോധന ഉത്തമം
സഹോദരീ സഹോദരന്മാരേ, സുവിശേഷത്തിൻറെ സാക്ഷികളായിരിക്കുന്നതിന് യേശുവിൽ നിന്ന് നാം സ്വീകരിച്ച ആത്മാവിൻറെ ദാനത്തെക്കുറിച്ച് നമുക്ക് ഇന്ന് ചിന്തിക്കാം. നമ്മൾ യഥാർത്ഥ സാക്ഷികൾ ആണോ എന്നും മറ്റുള്ളവരെ സ്വതന്ത്രരരായി വിടുകയും അവർക്ക് ഇടം നൽകുകയും ചെയ്തുകൊണ്ട് അവരെ സ്നേഹിക്കാൻ നമുക്ക് കഴിവുണ്ടോ എന്നും നമുക്ക് സ്വയം ചോദിക്കാം. പിന്നെ: മറ്റുള്ളവർക്ക് വേണ്ടി മദ്ധ്യസ്ഥരാകാൻ നമുക്കറിയാമോ, അതായത്, അവർക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതത്തെ അനുഗ്രഹിക്കാനും നമുക്കറിയാമോ? അതോ മറ്റുള്ളവരെ നമ്മുടെ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുകയാണോ? നമുക്ക് ഇത് പഠിക്കാം: മദ്ധ്യസ്ഥ പ്രാർത്ഥന, പ്രതീക്ഷകളിലും കഷ്ടപ്പാടുകളിലും ലോകത്തിനു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കാൻ, സമാധാനത്തിനായി പ്രാർത്ഥിക്കാൻ. നമ്മൾ ദിവസവും കണ്ടുമുട്ടുന്നവരെ നമ്മുടെ നോട്ടവും വാക്കുകളും കൊണ്ട് അനുഗ്രഹിക്കാം!
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.