എന്താണ് സുവിശേഷത്തിന്‍റെ ആനന്ദം?

1. പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ വാര്‍ഷിക പൊതുസമ്മേളനം

നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ സ്വർഗാരോഹണ ദിനത്തിൽ, 2020 മെയ് മാസം 21–Ɔο തിയതി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ വാർഷിക പൊതുസമ്മേളനം കൊറോണാ മഹാമാരിയുടെ വ്യാപനംമൂലം നടത്തുവാൻ സാധിച്ചില്ല. ആ ദിനത്തിൽ പങ്കുവെയ്ക്കാനുദ്ദേശിച്ചിരുന്ന കാര്യങ്ങളാണ് പരിശുദ്ധപിതാവ് പിന്നീട് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയ്ക്കും ലോകം മുഴുവനുവേണ്ടിയും നൽകിയത്. സ്വർഗാരോഹണ തിരുനാൾ സംഭവം നമ്മെ ഓരോരുത്തരെയും ഓർമ്മിപ്പിക്കുന്നത് ‘സഭയുടെ തീർത്ഥാടനയാത്രയിൽ ക്രിസ്‌തുനൽകിയ പ്രേഷിത ദൗത്യം ഏറ്റെടുക്കുവാൻ നമുക്ക് ഓരോരുത്തർക്കും, സഭയ്ക്ക് മുഴുവനായും ഉത്തരവാദിത്വം ഉണ്ട്’ എന്നുള്ളതാണെന്ന് പാപ്പാ വ്യക്തമാക്കുന്നു. സഭയുടെ തീർത്ഥാടനത്തിൽ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വത്തെക്കുറിച്ച് പറയുമ്പോഴും, ആത്മീയ പിതാക്കന്മാരായ വൈദീകരുടെ പ്രേഷിത പ്രവർത്തന മേഖലയിലേയ്ക്ക് വെളിച്ചം വീശുന്നതാണ് ഈ സന്ദേശത്തിന്‍റെ പ്രധാന പ്രമേയം. ‘സഭയുടെ തീർത്ഥാടനത്തിൽ വൈദീകരുടെ പങ്ക്’ എന്ന് വേണമെങ്കിൽ നമുക്കതിന് തലക്കെട്ട് നൽകാം.

2. ധൈര്യവും സ്ഥൈര്യവുമുള്ള ക്രിസ്തുശിഷ്യര്‍
ക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിൽ സാക്ഷ്യം വഹിച്ച ശിഷ്യഗണത്തിന്, എന്താണ് സംഭവിക്കുന്നതെന്ന് പൂർണ്ണമായും മനസിലായില്ലെങ്കിലും, ക്രിസ്തു തന്‍റെ രാജ്യം പുനഃസ്ഥാപിക്കുമെന്ന് അവരുടേതായ ആശയതലങ്ങളിൽ ബോധ്യമുള്ളവരായി. അങ്ങനെ, ദുഃഖിതരായല്ല മറിച്ച് അഗാധമായ സന്തോഷത്തോടെ ശിഷ്യന്മാർ ജറുസലേമിലേയ്ക്ക് മടങ്ങി എന്നാണ് വിശുദ്ധ ലൂക്കാ സുവിശേഷകൻ വിവരിക്കുന്നത്. ക്രിസ്തുവാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്‍റെ ആഗമനം എല്ലാം നവീകരിച്ചു. അവർ ക്രിസ്തുവിൽ എല്ലാം സമർപ്പിച്ചപ്പോൾ കൂടുതൽ ധൈര്യവും സ്ഥൈര്യവും ഉള്ളവരായി രൂപാന്തരപ്പെട്ടു. ക്രിസ്തുവിന്‍റെ ആനന്ദം അവരിൽ നിറഞ്ഞു. അങ്ങനെ, സ്വർഗാരോഹണ മഹോത്സവത്തിന്‍റെ ഉണർവിൽ ഓരോ ക്രിസ്തുശിഷ്യനും ഉണ്ടാകുന്ന അഗാധമായ സന്തോഷ അനുഭവം, ക്രിസ്‌തു നൽകിയ പ്രേഷിത പ്രവർത്തനത്തിൽ നമ്മെ ഓരോരുത്തരെയും പങ്കാളികളാക്കുന്നുവെന്ന് പാപ്പാ വിവരിക്കുകയാണ്.

തുടർന്ന് പാപ്പാ വ്യക്തമാക്കുന്നു; സഭയുടെ പ്രേഷിതപ്രവർത്തനത്തിന്‍റെ മുഖമുദ്ര പരിശുദ്ധാത്മാവിന്‍റെ ആഗമനമാണ്, സഭയുടെ പ്രേഷിതപ്രവർത്തനത്തിന്‍റെ നിയന്താവ് പരിശുദ്ധാത്മാവാണ്, അല്ലാതെ മനുഷ്യരായ നമ്മുടെ പ്ലാനുകളുടെയും പദ്ധതികളുടെയും പരിണിതഫലങ്ങളല്ല സഭയുടെ പ്രേഷിതപ്രവർത്തനത്തിൽ പൂർത്തീകരിക്കപ്പെടുക. ഈ സവിശേഷത തന്നെയാണ് പ്രേഷിത പ്രവർത്തനത്തെ ഫലപ്രദവും സ്വയംപര്യാപ്തവുമാക്കുന്നതും, പ്ലാനുകളും പദ്ധതികളും രൂപീകരിക്കാനുള്ള പൗരോഹിത്യ പ്രലോഭനത്തിന് അയവ് വരുത്തുന്നതും. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തെ വേണ്ട വിധത്തിൽ വിലമതിക്കാതിരുന്നാൽ, വിലയേറിയതെന്ന് കരുതി നടത്തപ്പെടുന്ന പ്രേഷിതപ്രവർത്തനങ്ങളൊക്കെയും വെറും “മനുഷ്യ ജ്ഞാനത്തിൽനിന്ന് ഉത്ഭവിക്കുന്ന” ഉറവയറ്റ പ്രവർത്തനങ്ങളായി വിലയിരുത്തപ്പെടുമെന്ന് പാപ്പാ പറയുന്നു.

3. എന്താണ് രക്ഷ?
ആമുഖമായി പാപ്പാ പറയുന്നു: രക്ഷ എന്നാൽ, നമ്മെ സമാശ്വസിപ്പിക്കുകയും നമുക്കായി പ്രതിരോധം തീർക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് നമ്മെ സ്നേഹിക്കുകയും നമ്മോട് ക്ഷമിക്കുകയും ചെയ്യുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്. പ്രേഷിതപ്രവർത്തനങ്ങളുടെ ഭാഗമായി നാം ഏറ്റെടുക്കുന്ന ഉദ്യമങ്ങളുടെയോ, അവതരിച്ച വചനത്തെപ്പറ്റിയുള്ള നമ്മുടെ പ്രഘോഷങ്ങളുടെയോ പരിണിതഫലമായി ലഭ്യമാകുന്ന ഒന്നല്ല രക്ഷ. ചുരുക്കത്തിൽ, സുവിശേഷത്തിന്‍റെ ആനന്ദം എന്നാൽ, ഈസ്റ്റർ ദിനത്തിൽ അതിരാവിലെ ക്രിസ്തുവിന്‍റെ ഒഴിഞ്ഞ കല്ലറയിൽ ഉയിർത്തെഴുനേറ്റ ക്രിസ്തുവിനെ കണ്ടുമുട്ടുകയും മറ്റുള്ളവരിലേക്ക് ആ വാർത്ത പകരുവാനായി ഓടിയ സ്ത്രീയുടെ ആഴമായ ആനന്ദമാണ്. നാം തിരഞ്ഞെടുക്കപ്പെടുകയും, മാറ്റിവെയ്ക്കപ്പെടുകയും ചെയ്യപ്പെട്ടതുകൊണ്ട് മാത്രമേ ലോകമെങ്ങും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ മഹത്വത്തിന് സാക്ഷ്യം വഹിക്കാൻ കഴിയുകയുള്ളൂ എന്ന് സാരം.

4. എന്താണ് വിശ്വാസവും പ്രാർത്ഥനയും?
വിശ്വാസത്തെയും പ്രാർത്ഥനയെയും കുറിച്ച് പറയുമ്പോൾ പാപ്പാ വിശുദ്ധ അഗസ്തീനോസിന്‍റെ വാക്കുകൾ ഉദ്ധരിക്കുകയാണ്. വിശുദ്ധ അഗസ്റ്റിൻ പറയുന്നതിങ്ങനെയാണ്: ദൈവം തന്നെയാണ് നമ്മുടെ മനസിനെ നയിക്കുകയും, തന്നിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് എന്ന് സഭ വിശ്വസിക്കുന്നില്ല എങ്കിൽ, ക്രിസ്തുവിനെ അറിയാത്തവർക്ക് വിശ്വാസം നൽകണമെന്ന് സഭ കർത്താവിനോട് പ്രാർത്ഥിക്കുകയില്ല. നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്‍റേതാണെന്ന് സഭ വിശ്വസിച്ചില്ലെങ്കിൽ, ക്രിസ്തുവിലുള്ള വിശ്വാസം സംരക്ഷിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് സഭ അവളുടെ മക്കളോട് ആവശ്യപ്പെടുകയില്ല. വാസ്തവത്തിൽ, സഭ കർത്താവിനോട് ഈ കാര്യങ്ങൾ ചോദിക്കുന്നുവെങ്കിലും, അവയൊക്കെയെയും തനിക്കുതന്നെ നൽകാമെന്ന് സഭ വിചാരിക്കുന്നുവെങ്കിൽ, അതിനർത്ഥം അവളുടെ പ്രാർത്ഥനകളെല്ലാം ശൂന്യമായ വാക്കുകളും, വെറും വാചകക്കസർത്തും, അതും അല്ലെങ്കിൽ സഭാ സമ്പ്രദായത്താൽ അടിച്ചേൽപ്പിക്കപ്പെട്ട അധരവ്യായാമങ്ങളും മാത്രമായിരിക്കും, ഒരിക്കലും ആത്മാർത്ഥമായ പ്രാർത്ഥന ആയിരിക്കുകയില്ല.

അതേസമയം, പരിശുദ്ധാത്മാവാണ് നമ്മുടെ ഹൃദയങ്ങളിലെ വിശ്വാസം ജ്വലിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതെന്ന് നാം മനസ്സിലാക്കുമ്പോൾ എല്ലാം നവീകരിക്കപ്പെടുന്നു – സഭയുടെ ദൗത്യത്തെ ശക്തിപ്പെടുത്തുകയും ജീവസുറ്റതാക്കുകയും ചെയ്യുന്നു, സുവിശേഷപ്രഘോഷണവും ക്രിസ്തീയ വിശ്വാസത്തിന്‍റെ ഏറ്റുപറച്ചിലും രാഷ്ട്രീയ, സാംസ്കാരിക, മതപരിവർത്തന രൂപങ്ങളിൽ നിന്നും വ്യത്യസ്തമായ തലത്തിലേയ്ക്ക് വളരുന്നു.

5. എന്താണ് സുവിശേഷത്തിന്‍റെ ആനന്ദം?
പ്രേഷിതദൗത്യത്തിൽ ഉളവാകുന്ന സുവിശേഷത്തിന്‍റെ ആനന്ദത്തിലെ വിവിധ സവിശേഷതകൾ വിവരിക്കുന്നതിന് പരിശുദ്ധ പിതാവ്, തന്‍റെ തന്നെ അപ്പോസ്തോലിക പ്രബോധനമായ ‘ഇവാഞ്ചലിയീ ഗൗദിയൂമി’നെയാണ് (Evangelii Gaudium) അടിസ്ഥാനമാക്കുന്നത്. പ്രധാനമായും ‘ആകർഷകത്വം, സ്വമേധയാലുള്ള കൃതജ്ഞത പ്രകാശനം, വിനയം, സങ്കീർണ്ണതയില്ലാതാക്കി സുഗമമാക്കൽ, ജീവിത സാമീപ്യത്തിലൂടെ പുരോഗതിയിലേക്ക്, ദൈവജനത്തിന്റെ ആധികാരികത, കുഞ്ഞുങ്ങൾക്കും ദരിദ്രർക്കുമായുള്ള പ്രത്യേക പരിചരണം’ തുടങ്ങിയവയെയാണ് “സുവിശേഷത്തിന്‍റെ ആനന്ദം” (EG) എന്ന പ്രബോധനത്തിന്‍റെ സവിശേഷതകളായി പാപ്പാ നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

6. ആകർഷകത്വം:
ആകർഷകത്വം കൊണ്ട് പാപ്പാ അർത്ഥമാക്കുന്നത് യോഹന്നാന്‍റെ സുവിശേഷത്തിലെ യേശുവിന്‍റെ വാക്കുകളാണ്: “എന്നെ അയച്ച പിതാവ് ആകർഷിച്ചാലല്ലാതെ ആർക്കും എന്‍റെ അടുക്കലേക്ക് വരുവാൻ സാധിക്കുകയില്ല”. വീണ്ടെടുപ്പിന്‍റെ രഹസ്യം ലോകത്തിലേക്ക് കടന്നുവരികയും, മനുഷ്യഹൃദയങ്ങളെ പ്രത്യേക ആകർഷകത്വത്താൽ വീണ്ടെടുപ്പിലേയ്ക്ക് ആനയിച്ചുകൊണ്ട് പ്രവർത്തന നിരതമായിരിക്കുകയും ചെയ്യുന്നു, കാരണം ഈ ആകർഷകത്വം പാപത്തിന്‍റെ ഫലമായ സ്വാർത്ഥത നൽകുന്ന ആകർഷണത്തെക്കാൾ ശക്തമാണ്. ബെനഡിക്റ്റ് 16-Ɔമൻ പാപ്പാ പറഞ്ഞതുപോലെ, ‘സഭ ലോകത്ത് വളരുന്നത് ആകർഷണത്തിലൂടെയാണ്, മതപരിവർത്തനത്തിലൂടെയല്ല’. വിശുദ്ധ അഗസ്റ്റിന്‍റെ വാക്കുകളിൽ ‘ക്രിസ്തു നമ്മെ ആകർഷിക്കുന്നതിലൂടെ സ്വയം വെളിപ്പെടുത്തുന്നു’. ഒരാൾ യേശുവിനെ അനുഗമിക്കുമ്പോൾ, യേശുവിനാൽ ആകർഷിക്കപ്പെടുന്നതിൽ സന്തോഷിക്കുമ്പോൾ, മറ്റുള്ളവരിൽ അത് ആശ്ചര്യമുളവാക്കും. അങ്ങനെ ക്രിസ്തുവിനാലും അവിടുത്തെ ആത്മാവിനാലും ആകർഷിക്കപ്പെടുന്നവരിൽനിന്ന് ഉത്ഭവിക്കുന്ന സന്തോഷമാണ് ഏതൊരു മിഷനറി സംരംഭത്തെയും ഫലപ്രദമാക്കുന്നത്, പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നു.

7. സ്വമേധയാലുള്ള കൃതജ്ഞത പ്രകാശനം:
ഇതുകൊണ്ട് പാപ്പാ അർത്ഥമാക്കുന്നത്, യേശു അപ്പസ്തോലന്മാരുടെ ഹൃദയത്തെ സ്പർശിച്ച നിമിഷം അവർ ഒരിക്കലും മറന്നിരുന്നില്ല, “അപ്പോൾ വൈകുന്നേരം നാലു മണിയായിരുന്നു”. വി.യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വചനം വ്യക്തമാക്കുന്നത് അപ്പൊസ്തലന്മാരുടെ കൃതജ്ഞതാ സ്മരണയെതന്നെയാണ്. അതുകൊണ്ട് തന്നെ പാപ്പാ പറയുന്നു; സുവിശേഷം പ്രഘോഷിക്കുന്നതിലെ ആനന്ദം എപ്പോഴും കൃതജ്ഞതാ സ്മരണയുടെ പശ്ചാത്തലത്തിൽ പ്രശോഭിക്കുന്നു. “പ്രേഷിത ദൗത്യാവസ്ഥയിൽ” ആയിരിക്കുക എന്നതുതന്നെയും നന്ദിയുടെ പ്രതിഫലനമാണ്. അതായത്, കൃതജ്ഞതാ സ്മരണയാൽ ആത്മാവിന് വഴങ്ങുകയും അതിലൂടെ സ്വതന്ത്രനാകുകയും ചെയ്യുന്ന ഒരാളുടെ പ്രതികരണമാണിത്. സ്വമേധയാലുള്ള കൃതജ്ഞതാ സ്മരണയാൽ മാത്രമേ ഒരാൾക്ക് ക്രിസ്തുവിനെ യഥാർഥത്തിൽ അറിയാൻ കഴിയൂ. അതേസമയം, പ്രേഷിത പ്രവർത്തനങ്ങളും സുവിശേഷപ്രഘോഷണവും നടത്തുവാൻ, ജ്ഞാനസ്നാനം സ്വീകരിച്ചു എന്നതിനാൽ നിർബന്ധിക്കുന്നത് ഉപയോഗസൂന്യവും, അനുചിതവുമാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

8. സങ്കീർണ്ണതയില്ലാതാക്കി സുഗമമാക്കൽ:
പാപ്പാ പറയുന്നു; പ്രേഷിത പ്രവർത്തനത്തിലെ മറ്റൊരു പ്രധാന സവിശേഷത, യേശുവിന്‍റെ ക്ഷമയെ അനുകരിക്കുക എന്നതാണ്. വലിയ പ്രതിസന്ധികളില്ലാത്ത ജീവിതത്തിലൂടെ കടന്നുപോകുന്നവർ കൈവരിച്ച വലിയ മുന്നേറ്റത്തേക്കാൾ, വലിയ പരിമിതികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ കൈവരിക്കുന്ന ഒരു ചെറിയ ചുവട് മുന്നേറ്റം തന്നെയും ദൈവമുമ്പാകെ പ്രസാദകരമാണ്. ഒരു പ്രേഷിത ഹൃദയത്തിനുടമ “ദുർബലരുടെ ഇടയിൽ ദുർബലനായി”മാറിക്കൊണ്ട്, തന്‍റെ പ്രവർത്തന മേഖലയിലെ ആളുകളുടെ യഥാർത്ഥ അവസ്ഥകളെയും, പരിമിതികളെയും, ബലഹീനതകളെയും തിരിച്ചറിയുന്നു. പ്രേഷിത ദൗത്യത്തിൽ “മുന്നോട്ട് പോകുക” എന്നാൽ യാതൊരു ദിശയും അർത്ഥവുമില്ലാതെ, ആളുകൾക്ക് തങ്ങളുടെ കച്ചവടസാധനങ്ങളിൽ താൽപ്പര്യമില്ലാ എന്ന് പരാതിപ്പെടുന്ന നിരാശരായ കച്ചവടക്കാരെപ്പോലെ അലഞ്ഞുതിരിയുക എന്നല്ല. സഭ ഒരു കസ്റ്റംസ് ഓഫീസല്ലെന്നും, സഭയുടെ ദൗത്യത്തിൽ പങ്കെടുക്കുന്ന ഒരാളും അനാവശ്യമായ ഭാരം ജനങ്ങളിൽ ചുമത്തരുതെന്നും, യേശു നൽകുന്ന സന്തോഷം എളുപ്പത്തിൽ ആസ്വാദിക്കാൻ അനാവശ്യ രൂപീകരണ പരിപാടികൾ ആവശ്യപ്പെടരുതെന്നും, നമുക്ക് ഓരോരുത്തർക്കും വേണ്ടി പ്രാർത്ഥിക്കുകയും എല്ലാവരെയും സുഖപ്പെടുത്താനും രക്ഷിക്കാനും ആഗ്രഹിക്കുന്ന യേശുവിന്‍റെ ഹിതത്തിന് തടസ്സങ്ങൾ സൃഷ്ടിച്ച് പ്രേഷിത പ്രവർത്തനത്തെ സങ്കീർണ്ണതയുള്ളതാക്കരുതെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

9. ജീവിത സാമീപ്യത്തിലൂടെ പുരോഗതിയിലേക്ക്:
പാപ്പാ ഇതിലൂടെ വ്യക്തമാക്കുന്നത്, പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ ജനങ്ങൾ ജീവിക്കുന്ന ഇടങ്ങളിലേക്ക് കടന്നുചെന്ന്, അവരുടെ ജീവിത സാഹചര്യങ്ങളിൽ ക്രിസ്തുവിനെ പ്രഘോഷിക്കണമെന്നാണ്. യേശു തന്‍റെ ആദ്യ ശിഷ്യന്മാരെ കണ്ടുമുട്ടിയത് ഗലീലി കടൽത്തീരത്ത് വച്ചായിരുന്നു. അല്ലാതെ, കൺവെൻഷൻ ഗ്രൗണ്ടിലോ, പരിശീലന ക്ളാസുകളിലോ, ശിൽപശാലയിലോ, സിനഗോഗിലോ വച്ചല്ല. യേശുവിന്‍റെ രക്ഷയുടെ പ്രഖ്യാപനം ജനങ്ങൾ ആയിരുന്ന ഇടങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട്, അവർ എപ്രകാരമാണ്-എങ്ങനെയാണ് അനുദിന ജീവിതത്തിൽ പുരോഗമിക്കുന്നതെന്ന് മനസിലാക്കികൊണ്ടായിരുന്നു. അതുകൊണ്ട് പാപ്പാ പറയുകയാണ്; പ്രത്യേകിച്ചും നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ, “പ്രത്യേക” പരിശീലന പരിപാടികൾ രൂപകൽപ്പന ചെയ്യുന്നതിലോ, സമാന്തര ലോകങ്ങൾ സൃഷ്ടിക്കുന്നതിലോ, നമ്മുടെ ചിന്തകളെയും ആശങ്കകളെയും പ്രതിധ്വനിക്കുന്ന “മുദ്രാവാക്യങ്ങൾ” മുഴക്കുന്നതുമായോ പ്രേഷിത പ്രവർത്തനത്തിന് ഒരു ബന്ധവുമില്ല. “ഇത് അൽമായരുടെ മണിക്കൂറാണ്” എന്ന് മുൻപൊരിക്കൽ താൻ പറഞ്ഞിരുന്നുവെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

10. ദൈവജനത്തിന്‍റെ ആധികാരികത:
പോപ്പ് പറയുന്നു; പരിശുദ്ധാത്മാവിനോടും അവിടുത്തെ പ്രവർത്തനങ്ങളോടുമുള്ള ഒരു പ്രത്യേക “അനുഭവ”ത്തിന്‍റെ യാഥാർത്ഥ്യം ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ട്. ആ അനുഭവം ജീവിക്കുന്നവരാണ് ദൈവജനം, ക്രിസ്തുവിനാൽ വിളിക്കപ്പെട്ട, സ്നേഹിക്കപ്പെട്ട, പ്രയാസങ്ങൾ നിറഞ്ഞ തങ്ങളുടെ അനുദിന ജീവിതത്തിലും ക്രിസ്തുവിനെ നിരന്തരം തിരയുന്ന ജനം. പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനം ‘വിശ്വാസത്തിന്‍റെ സഹജാവബോധം’ കൊണ്ട് വിശ്വാസികളെ സജ്ജമാക്കുന്നു, അതാണ് ദൈവജനത്തിന്‍റെ ആധികാരികത. ദൈവശാസ്ത്രപരമായ തത്വങ്ങളും സൂത്രവാക്യങ്ങളും അവർക്കറിയില്ലെങ്കിലും, വിശ്വാസസംബന്ധമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാൻ ‘വിശ്വാസത്തിന്‍റെ സഹജാവബോധം’ അവരെ സഹായിക്കുന്നു. അതേസമയം, അജപാലന ശുശ്രൂഷയുടെ ഭാഗമായി സഭാതനയരുടെ അജപാലന പദ്ധതികൾക്ക് ഉപരിയായി, സഭാ തീർത്ഥാടകരായ വിശ്വാസികൾ തങ്ങളെ തന്നെ പരിശുദ്ധ കന്യകാമാതാവിനും, ഔസേപ്പിതാവിനും, വിശുദ്ധർക്കും ഭരമേൽപ്പിക്കുന്നുവെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

11. കുഞ്ഞുങ്ങൾക്കും ദരിദ്രർക്കുമായുള്ള പ്രത്യേക പരിചരണം:
പാപ്പാ പറയുന്നു; ഏതൊരു പ്രേഷിതപ്രവർത്തനവും പരിശുദ്ധാത്മാവിന്‍റെ പ്രേരണയിൽനിന്ന് ഉരുവായതാണെങ്കിൽ, ക്രിസ്തു ദരിദ്രർക്കും ദുർബലർക്കും നൽകിയിരുന്ന മുൻഗണന നമ്മുടെ മിഷൻ പ്രവർത്തനത്തിലും പ്രകടമാകും. അതുകൊണ്ടുതന്നെ സഭയുടെ പ്രേഷിത സംരംഭങ്ങളുമായും സംഘടനകളുമായും നേരിട്ട് ഇടപെടുന്നവർ ഒരിക്കലും കുഞ്ഞുങ്ങളോടും, ദരിദ്രരോടുമുള്ള താൽപ്പര്യക്കുറവിനെ ന്യായീകരിക്കരുതെന്നും, സഭയെ സംബന്ധിച്ചിടത്തോളം ദരിദ്രർക്കുള്ള മുൻഗണന ഓപ്ഷണലല്ലെന്നും പാപ്പാ ഉറപ്പിച്ച് പറയുന്നു.

12. ഉപസംഹാരം
ഈ പറഞ്ഞ ‘പ്രേഷിതദൗത്യത്തിൽ ഉളവാകുന്ന സുവിശേഷത്തിന്‍റെ ആനന്ദത്തിലെ വിവിധ സവിശേഷതകളും സമീപനങ്ങളും’ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭയുടെ ദൗത്യത്തിന്‍റെ ഭാഗമാണ്. പരിശുദ്ധാത്മാവുതന്നെയാണ് സഭയുടെ എല്ലാവിധ പ്രേഷിത പ്രവർത്തനങ്ങളുടെയും ഉറവിടം. പല സന്ദർഭങ്ങളിലും ചില സഭാസ്ഥാപനങ്ങൾ, തങ്ങളേയും സ്വന്തം സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പ്രേഷിത ദൗത്യത്തിന്റെ ലക്ഷ്യവും, ഉറവിടമായ പരിശുദ്ധാത്മാവിനെയും മറന്നുപോകുന്നത് ശ്ലാഖനീയമല്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles