പരിശുദ്ധാരൂപിയുടെ വണക്കമാസം ഏഴാം തിയതി

”മംഗലവാർത്തയിൽ റൂഹാദ്ക്കുദശാ പരിശുദ്ധ കന്യകാ മറിയത്തിൽ ആവസിച്ചതിനെ കുറിച്ച് ധ്യാനിക്കുക”

പ്രായോഗിക ചിന്തകൾ

1. നിൻ്റെ മാതാവായ കന്യകാമറിയത്തെ വരപ്രസാദങ്ങളാൽ നിറച്ച പരിശുദ്ധാരൂപിക്കു പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുക.

2. ദൈവമാതാവായ കന്യകാമറിയത്തിനു സകല സൃഷ്ടികളുടേയും നാമത്തിൽ സ്വസ്തി ചൊല്ലുക.

3. നമ്മുടെ കർത്താവിൻ്റെ പീഡാനുഭവത്തിൻ്റെ യോഗ്യതകളിൽ പങ്കെടുക്കാൻ
നീ താല്പര്യപ്പെടുന്നുണ്ടോ?

പക്ഷപ്രകരണങ്ങൾ

വരപ്രസാദങ്ങളുടെ വറ്റാത്ത ഉറവയായ റൂഹാദ്ക്കുദശായെ, അങ്ങയുടെ ദിവ്യഭണ്ഡാരത്തെ തുറന്ന് അങ്ങയുടെ മണവാട്ടിയായ കന്യകാമറിയത്തെ ഉന്നതമായ വരപ്രസാദങ്ങളാൽ നിറച്ചതിനെക്കുറിച്ച് അങ്ങേക്ക്‌ ഞാൻ സ്തോത്രം ചെയ്യുന്നു.

ദൈവത്തിൻ്റെ മാതാവായി ഉയർത്തപ്പെട്ടവളേ, എൻ്റെയും അമ്മ അങ്ങ് ആയിരിക്കയാൽ ഞാൻ എത്രയും ആനന്ദിക്കുന്നു. സകല സൃഷ്ടികളോടും കൂടി അങ്ങയെ ഞാൻ സ്തുതിക്കയും, പരിശുദ്ധ ത്രിത്വത്തിൻ്റെ നാമത്തിൽ അങ്ങയെ ഞാൻ വാഴ്ത്തുകയും ചെയ്യുന്നു.

അനുഗ്രഹക്കാരനായ റൂഹായേ, മറിയത്തിൻ്റെ ഉദരത്തിൽ വസിച്ച ദൈവത്തെത്തന്നെ ഉൾക്കൊള്ളുവാൻ എനിക്കും അങ്ങ് ഭാഗ്യം നൽകിയല്ലോ. എന്നാൽ അവളെപ്പോലെ ശുദ്ധ ഹൃദയത്തോടെ അയാളെ ഉൾക്കൊള്ളുവാൻ എനിക്കു സാധിക്കാത്തതിനാൽ ഞാൻ ഖേദിക്കുന്നു. ഞാൻ പാപത്തിൽ ജനിച്ച്, പാപത്തിൽ വളർന്ന്, തിന്മയിൽ തഴങ്ങിയവനാകുന്നു.
എൻ്റെ ഹൃദയം എത്രയോ തണുത്തതും ലോകപക്ഷങ്ങൾ നിറഞ്ഞതുമാകുന്നു. ദിവ്യസ്നേഹാഗ്നിയായ അങ്ങ് എഴുന്നള്ളിവന്ന് എൻ്റെ ഹൃദയത്തെ ശുദ്ധമാക്കേണമേ. പാപമാലിന്യങ്ങളെല്ലാം അതിൽ നിന്നും നീക്കി ദൈവസ്നേഹതൈലത്താൽ അതിനെ നിറക്കേണമേ. പാപത്തിൻ്റെ വേരുകളെ ചുട്ടുനശിപ്പിച്ച് എളിമ. പരസ്നേഹം മുതലായ പുണ്യങ്ങളെ അതിൽ മുളപ്പിക്കേണമേ. ആത്മ കാര്യത്തിലുള്ള എൻ്റെ അലസത മാറ്റി അങ്ങയുടെ
ദിവ്യാഗ്നിയാൽ എന്നെ അങ്ങ് എരിയിക്കുക.എന്തുകൊണ്ടെന്നാൽ എൻ്റെ സഹകരണം കൂടാതെ എന്നെ അങ്ങ് രക്ഷിക്കയില്ലെന്ന ഞാനറിഞ്ഞിരിക്കുന്നു. ഓ, അനുഗ്രഹത്തിൻ്റെ ഉടയവനേ
നിൻ്റെ ദിവ്യദാനങ്ങളെ എന്തുമാത്രം ഞാൻ നിഷ്ഫലമാക്കി. എനിക്കു അങ്ങ് നല്കിയ അനുഗ്രഹങ്ങളെ മറ്റുള്ളവർക്കു കൊടുത്തിരുന്നെങ്കിൽ അവർ നന്ദിപൂർവ്വം കൈക്കൊണ്ട് ഫലപ്പെടുത്തിയേനെ. ഞാനോ എന്നാൽ നാനാവിഭവങ്ങൾ ഉണ്ടായിരുന്നിട്ടും വിശുക്കുന്നവനായും, നല്ല പാനീയങ്ങൾ സുലഭമായിരുന്നിട്ടും ദാഹിക്കുന്നവനുമായിരിക്കുന്നു. ഓ എൻ്റെ ശരണമായ റൂഹായേ, അങ്ങയുടെ സാദ്ധ്യവരങ്ങളിൽ ഒന്നിനെ എനിക്കു നല്കേണമെന്നു ഞാനപേക്ഷിക്കുന്നു. എൻ്റെ അപേക്ഷയെ അങ്ങ് നിരസിക്കല്ലേ. ഈ വരപ്രസാദത്തിൻ്റെ ശക്തിയാൽ ഞാൻ ഉണർച്ചയുള്ളവനായി മരണപര്യന്തം ജീവിച്ച്, രക്ഷാനാഥനായ ഈശോയുടെ പുണ്യഫലങ്ങൾ അനുഭവിപ്പാൻ യോഗ്യനായിത്തീരുന്നതിനു അങ്ങ് ഇടയാക്കേണമെന്ന് അനുഗ്രഹത്തിൻ്റെ നാഥാ, അങ്ങയുടെ മണവാട്ടിയായ പ. ക. മറിയം വഴിയായി അങ്ങയോടു ഞാൻ പ്രാർത്ഥിക്കുന്നു.
ആമ്മേൻ.

7 ത്രിത്വ

പ്രതിജ്ഞ

വരപ്രസാദം പ്രാപിക്കുന്നതിനുള്ള ഉത്തമമാർഗ്ഗമായ വി.കുബ്ബാന അടുക്കലടുക്കൽ കൈക്കൊള്ളുവാൻ ഞാൻ ശ്രമിക്കും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles