സ്വര്‍ഗാരോഹണം ചെയ്തപ്പോള്‍ യേശു ചവിട്ടി നിന്ന പാറയുടെ ഭാഗം ഇവിടെ കാണാം!

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

സ്വര്‍ഗ്ഗാരോഹണ ദേവാലയം, ഒലിവുമല- 2/2

ജറുസലേം ദേവാലയത്തിന്റെ കിഴക്ക് വശത്തുള്ള മലയാണ് ഒലിവുമല. വിശുദ്ധ മത്തായിയുടെ കാഴ്ചപ്പാടനുസരിച്ച് ഈശോ ജെറുസലേം ദേവാലയം ഉപേക്ഷിച്ച് ഒലിവുമലയുടെ മുകളിലേക്ക് വരുമ്പോള്‍ എസ്തിയേലിന്റെ പ്രവചനം അതിന്റെ പൂര്‍ണ്ണതയില്‍ നിറവേറുന്നു. അതേ  ഒലിവുമലയില്‍ വച്ചാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നത്.

സഖറിയ: 14/15: ഇന്ന് കര്‍ത്താവിന്റെ ദിനം. നിന്നില്‍ നിന്ന് എടുത്ത  മുതല്‍ നിന്റെ മുന്‍പില്‍ വച്ചുതന്നെ പങ്കുവയ്ക്കുന്ന ദിനം വരുന്നു. ഞാന്‍ സകല ജനതകളെയും ഒരുമിച്ചു കൂട്ടി ജറുസലേമിനെതിരെ യുദ്ധം ചെയ്യാന്‍ വരുത്തും. അവര്‍ പട്ടണം പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടികളെയും സ്ത്രീകളെ അപമാനിക്കുകയും ചെയ്യും. നഗരത്തിന്റെ പകുതി പ്രവാസത്തിലേക്ക് പോകും. എന്നാല്‍ ശേഷിക്കുന്ന ജനത്തെ നഗരത്തില്‍ നിന്ന് വിച്ഛേദിക്കുകയില്ല. കര്‍ത്താവ് പുറപ്പെട്ട് യുദ്ധദിനത്തിലെയെന്നപോലെ ആ ജനതകളോടു പൊരുതും. ജറുസലേമിനു കിഴക്കുള്ള ഒലിവുമലയില്‍ അന്ന് അവിടുന്ന് നിലയുറപ്പിക്കും. ഒലിവുമല കിഴക്കു  പടിഞ്ഞാറായി നടുവേ പിളര്‍ന്ന്, നടുക്ക് വലിയ ഒരു താഴ്‌വരയുണ്ടാകും. മലയുടെ ഒരു പകുതി വടക്കോട്ടും മറ്റേ പകുതി തെക്കോട്ടും നീങ്ങും.  എന്നാല്‍ ഈ താഴ്‌വര ആബാല്‍ വരെ എത്തുന്നതുകൊണ്ട് നിങ്ങള്‍  എന്റെ പര്‍വതത്തിന്റെ താഴ്‌വരയിലൂടെ ഓടിപ്പോകും യൂദാ രാജാവായ  ഉസിയായുടെ കാലത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ നിങ്ങള്‍ ഓടിയതു പോലെ ഇപ്പോള്‍ ഓടും. നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്റെ എല്ലാ പരിശുദ്ധന്മാരോടും കൂടെ വരും.

യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലത്ത് നാലാം നൂറ്റാണ്ടില്‍ ഒരു ദൈവാലയം നിര്‍മ്മിക്കപ്പെട്ടു. അഷ്ടഭുജങ്ങളുള്ള ഒരു ദേവാലയമായിരുന്നത്. അതിനുള്ളില്‍ തന്നെ മേല്‍ക്കൂരയോടു കൂടിയ ഒരു നിര്‍മ്മിതിയുണ്ടായിരുന്നു.
യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ ചവിട്ടി നിന്ന പാറയുടെ മുകളിലായിരുന്നു അത് സ്ഥാപിക്കപ്പെട്ടത്. യേശു ആകാശത്തിലേക്ക് പോകുന്നത് ശിഷ്യന്മാര്‍ നോക്കി നിന്നത് സൂചിപ്പിക്കാനാണ് മേല്‍കൂരയില്‍ തുറവി അവശേഷിപ്പിച്ചത്. ഏഴാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ട ഈ ദേവാലയം പുനര്‍നിര്‍മ്മിക്കപ്പെട്ടെങ്കിലും പത്താം നൂറ്റാണ്ടിലെ അറബ് ആക്രമണത്തെ അതിജീവിക്കാന്‍ അതിന് ആയില്ല. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുരിശുയുദ്ധക്കാര്‍ നിര്‍മ്മിച്ച ദേവാലയത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ളത്.

നാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ദേവാലയത്തിന്റെ മാതൃകയിലാണ് അവര്‍ ഈ ദേവാലയം നിര്‍മ്മിച്ചത്. 12 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു നിര്‍മ്മിതിയായിരുന്നു അത്. ആദ്യ ദേവാലയം പോലെ അതിനും മേല്‍ക്കൂരയില്‍ ഉയര്‍ന്ന ഭാഗത്ത് ഉള്ള ഒരു തുറവി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സലാഹസ്സിന് രാജാവ് പിടിച്ചെടുത്തപ്പോള്‍ (1187) ഇതോടെ മുസ്ലീം പള്ളി ആക്കി മാറ്റുകയും മേല്‍ക്കൂര അടയുകയും  ചെയ്തു. പിന്നീട് കപ്പേളയോട് ചേര്‍ന്ന് ഒരു മുസ്ലീം പള്ളി നിര്‍മ്മിക്കപ്പെടുകയും കപ്പേള ക്രൈസ്തവരുടെ തീര്‍ത്ഥാടനത്തിനായി വിട്ട്‌കൊടുക്കുകയും ചെയ്തു.

സ്വര്‍ഗ്ഗാരോഹണ ദേവാലയത്തിനുള്ളില്‍ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ ചവിട്ടി നിന്ന പാറയുടെ ഭാഗം കാണാവുന്ന രീതിയില്‍ സംസ്‌കരിച്ചു വച്ചിട്ടുണ്ട്. ഇപ്പോള്‍ മുസ്ലീങ്ങളുടെ നിയന്ത്രണത്തിലുള്ള ഈ കപ്പേളയില്‍ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിനം ക്രൈസ്തവര്‍ക്ക്  വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കാന്‍ അവകാശമുണ്ട്.

സ്വര്‍ഗ്ഗാരോഹണത്തിനു സാക്ഷികളായ ശിഷ്യന്മാരോട് ദൂതന്‍ ചോദിക്കുന്നു: ‘ അല്ലയോ ഗലീലിയരേ നിങ്ങള്‍ ആകാശത്തിലേക്ക് നോക്കി നില്‍ക്കുന്നത് എന്ത്? നിങ്ങളില്‍ നിന്നു സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ട യേശു സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നതായി നിങ്ങള്‍ കണ്ടതുപോലെ തന്നെ തിരിച്ചു വരും.’ (അപ്പ: 1/11)

ക്രൈസ്തവ ജീവിതം ക്രിസ്തുവിന്റെ രണ്ടാം വരവിനായുള്ള കാത്തിരിപ്പും ഒരുക്കവുമാണ്. യേശുവിനെപ്പോലെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുവാന്‍ ഉള്ളവരാണ് നാമെന്ന ബോധ്യം വിശുദ്ധ ജീവിതം നയിക്കാന്‍  നമ്മെ സഹായിക്കും.

പ്രാര്‍ത്ഥന:
ദൈവത്തില്‍ നിന്ന് ദാനമായി ലഭിച്ച ഞങ്ങളുടെ ജീവിതം ദൈവത്തില്‍ എത്തിച്ചേരാനുള്ളതാണെന്ന ബോധ്യത്തോടെ ജീവിക്കാനുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കേണമേ. സ്വര്‍ഗ്ഗോന്മുഖരാക്കി ഞങ്ങളെ മാറ്റണമെ. അനശ്വരതയെ സ്‌നേഹിക്കുവാനും, അനുഗമിക്കുവാനും ഞങ്ങള്‍ക്ക് ശക്തി നല്‍കേണമെ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles