പെന്തക്കുസ്താ സംഭവിച്ച സെഹിയോന്‍ മാളികയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

പെന്തക്കൂസ്തയും സെഹിയോന്‍ മാളികയും – 1/2

സിയോന്‍ മലയിലെ സെഹിയോന്‍ മാളിക ഈശോ വി. കുര്‍ബാന സ്ഥാപിച്ചതിനെയും, ശിഷ്യന്മാര്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചതിനെയും അനുസ്മരിക്കുന്ന സ്ഥലമാണ്. ഈശോ വി. കുര്‍ബാന സ്ഥാപിച്ചത് സജ്ജീകൃതമായ ഒരു വലിയ മാളികമുറിയിലാണ്.

ലൂക്കാ: 22/12: സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവന്‍  നിങ്ങള്‍ക്ക് കാണിച്ചു തരും (7-13) അവിടെ ഒരുക്കുക. അവള്‍ പോയി അവന്‍ പറഞ്ഞതുപോലെ കണ്ടു. പെസഹാ ഒരുക്കുകയും ചെയ്തു.

ഈ മുറിക്ക് ഗ്രീക്കില്‍ ‘അനാഗയ്യോണ്‍’ എന്നാണ് പറയുന്നത്. ഇതിന്റെ അര്‍ത്ഥം ‘മുകള്‍ നിലയിലെ മുറി’ എന്നാണ്. ഇതിനെ ലത്തീനിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘ചെന്നാക്കുളം’ (Cenaculam) എന്നാണ്. ഈ ലത്തീന്‍ ഭാഷയില്‍ നിന്നാണ്  സെനക്കിള്‍ (സെഹിയോന്‍ മാളിക) എന്ന പദം വന്നിരിക്കുന്നത്.

ഇതേ സെഹിയോന്‍ മാളികയിലാണ് യേശുവിന്റെ മരണശേഷം ശിഷ്യന്മാര്‍ ഭയപ്പെട്ട് ഒളിച്ചിരുന്നത്. ഇവിടെയാണ് ഉത്ഥിതനായ യേശു ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത്.  സെനക്കിളില്‍ പരിശുദ്ധ കന്യകാമറിയത്തോടൊത്ത് പ്രാര്‍ത്ഥിച്ചിരിക്കുമ്പോഴാണ് പരിശുദ്ധാത്മാവ് തീനാളങ്ങളുടെ രൂപത്തില്‍ ശിഷ്യന്മാരിലേക്ക് ഇറങ്ങി വന്നതും അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കുന്നതും.
അപ്പ: 2/14: ആഴ്ചയുടെ ആദ്യ ദിവസമായ അന്നു വൈകിട്ട് ശിഷ്യന്മാര്‍ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ യേശു വന്ന് അവരുടെ മധ്യേ  നിന്ന് അവരോടും പറഞ്ഞു. നിങ്ങള്‍ക്ക് സമാധാനം. ഇപ്രകാരം പറഞ്ഞ്‌കൊണ്ട് അവന്‍ തന്റെ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു.

കര്‍ത്താവിനെ കണ്ട് ശിഷ്യന്മാര്‍ സന്തോഷിച്ചു. യേശു വീണ്ടും അവരോടു  പറഞ്ഞു. നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. ദൈവം കളിമണ്ണില്‍ മനുഷ്യനെ കടഞ്ഞെടുത്ത ശേഷം നാസാരന്ധ്രങ്ങളില്‍ ഊതിയാണ് ജീവന്‍ നല്‍കുന്നത്. യേശു ശിഷ്യന്മാരുടെ മേല്‍  നിശ്വസിക്കുമ്പോള്‍ അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു. അങ്ങനെ ഇവിടെ നവസൃഷ്ടി സംഭവിക്കുന്നു.

സെനക്കിളില്‍ വച്ചാണ് പരിശുദ്ധാത്മാവിനെ സ്വീകരിച്ച പത്രോസ് ശ്ലീഹാ തന്റെ ആദ്യത്തെ പ്രസംഗം നടത്തുന്നതും 3000ത്തോളം ആളുകള്‍ മാമ്മോദീസ സ്വീകരിച്ച് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്ന്  വരുന്നതും.

അപ്പ: 2/14: അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആ ദിവസം തന്നെ 3000ത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.

സെനക്കിളില്‍ നിന്നാണ് ശിഷ്യന്മാര്‍ സുവിശേഷം പ്രസംഗിക്കാന്‍ വേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പോയത്. ജറുസലേമിലെ ക്രൈസ്തവ പാരമ്പര്യമനുസരിച്ച് സെനക്കിളില്‍ വച്ചു തന്നെയാണ് പരി. കന്യകാമറിയം നിത്യഉറക്കത്തിലേക്ക് പ്രവേശിക്കുന്നത്. അങ്ങനെ ക്രൈസ്തവ സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സെനക്കിള്‍. ലോകത്തിലെ മറ്റെല്ലാ ദേവാലയങ്ങളുടെയും മാതൃ ദേവാലയമാണിത്.

സെനക്കിള്‍ ഉള്ള സിയോന്‍ മല ഇന്ന് ജറുസലേമിന്റെ ഓള്‍ഡ് സിറ്റിയുടെ വെളിയിലാണെങ്കിലും ഈശോയുടെ സമയത്ത് ജറുസലേം പട്ടണത്തിന്റെ ഭാഗമായിരുന്നു. അന്നത്തെ ജറുസലേം പട്ടണം സിയോന്‍ മലയുടെ കിഴക്കന്‍ ചെരുവില്‍ ശീലോഹകുളം വരെ വ്യാപിച്ച് കിടന്നിരുന്നു. സെനക്കിളില്‍ നിന്ന് ശിലോഹകുളം വരെയുള്ള സ്ഥലത്തേക്ക് വന്നിറങ്ങാന്‍ വേണ്ടിയുള്ള പടവുകളും ഉണ്ടായിരുന്നു. ഈശോയുടെ കാലത്ത് ഉണ്ടായിരുന്ന ആ പടവുകളുടെ അവശിഷ്ടം ഇന്നും കാണാന്‍ സാധിക്കും. ഈശോ വി. കുര്‍ബാന സ്ഥാപനത്തിനു ശേഷം ആ പടവുകളിലൂടെ ഇറങ്ങിയാണ് കെദ്രോണ്‍ താഴ്‌വരയിലൂടെ നടന്ന് കെദ്രോണ്‍ അരുവി കടന്നാണ് ഗദ്‌സമേനില്‍ പോയി പ്രാര്‍ത്ഥിക്കുന്നത്.

സെനക്കിള്‍ സ്ഥിതി ചെയ്യുന്ന മല സിയോന്‍ മല എന്നറിയപ്പെടുന്നത് നാലാം നൂറ്റാണ്ട് മുതലാണ്. സെനക്കിളിലെ ‘സിയോന്‍’ ജറുസലേം പട്ടണത്തിന്റെ പ്രതീകാത്മകമായ പേരാണ്. അത് യഹോവയുടെ പട്ടണമാണ്. സിയോന്‍ എന്ന പേര് ബൈബിളില്‍ ആദ്യം വരുന്നത്.

2 സാമു 5/7: ദാവീദ് സിയോന്‍ കോട്ട പിടിച്ചടക്കുക തന്നെ ചെയ്തു. ദാവീദിന്റെ നഗരം എന്ന് അത് അറിയപ്പെടുന്നു.

സങ്കീ: 76/2: അവിടുത്തെ നിവാസം സാലെമിലും വാസസ്ഥലം  സീയോനിലും സ്ഥാപിച്ചിരിക്കുന്നു. യഹോവയുടെ വാസസ്ഥലം എന്നാണ് വിളിക്കുന്നത്.

സങ്കീ: 132/13: എന്തെന്നാല്‍ കര്‍ത്താവ് സീയോനെ തിരഞ്ഞെടുത്തു. അതിനെ തന്റെ വാസസ്ഥലമാക്കാന്‍ അവിടുന്ന് ആഗ്രഹിച്ചു.

പ്രാര്‍ത്ഥന:
പെന്തകുസ്ത ദിനത്തില്‍ അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ശിഷ്യന്മാര്‍ക്ക് നല്‍കിയ കര്‍ത്താവേ, അങ്ങയുടെ പരിശുദ്ധാത്മാവിനെ ഞങ്ങളിലേക്കും വര്‍ഷിക്കേണമേ. അങ്ങനെ ഞങ്ങള്‍ നവസൃഷ്ടികളായി മാറട്ടെ. അങ്ങേ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി ഞങ്ങള്‍ രൂപാന്തരപ്പെടട്ടെ. ആമേന്‍

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles