യേശുവിന്റെ പാർശ്വം പിളർന്ന പടയാളിയുടെ പേരിലുള്ള ചാപ്പലിനെ കുറിച്ച് അറിയാൻ ആഗ്രഹമില്ലേ?
ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.
തിരുക്കല്ലറയുടെ ദേവാലയം – 3/3
യോഹ: 19/2324: പടയാളികള്‍ യേശുവിന്റെ ക്രൂശിച്ചതിനു ശേഷം അവന്റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു. ഓരോ പടയാളികള്‍ക്കും ഓരോ ഭാഗം. അവന്റെ അങ്കിയും അവര്‍ എടുത്തു. അതാകട്ടെ തുന്നലില്ലാതെ മുകള്‍ മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു. ആകയാല്‍ അവര്‍ പരസ്പരം പറഞ്ഞു. നമുക്ക് അത് കീറേണ്ട. പകരം അത് ആരുടെയായിരിക്കണമെന്ന് കുറിയിട്ടു തീരുമാനിക്കാം. എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു. എന്റെ അങ്കിക്കു വേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് പടയാളികള്‍ ഇപ്രകാരം ചെയ്തത്.
യേശുവിന്റെ പാര്‍ശ്വം കുന്തത്താല്‍ പിളര്‍ന്ന പടയാളിയായ ലോംഗിനൂസിന്റെ പേരില്‍ സമര്‍പ്പിച്ചിരിക്കുന്ന ചാപ്പലും
യോഹ:19/34: എന്നാല്‍ പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തി. ഉടനെ അതില്‍ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു.
ഇതില്‍ ലോംഗിനൂസിന്റെ ചാപ്പലിന്റെ ഇടതുവശത്തായി പുനരുദ്ധരിക്കപ്പെട്ട ഒരു കപ്പേളയുണ്ട്. യേശുവിന്റെ തടവറ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിനും ഫ്രാന്‍സിസ്കന്‍ സങ്കീര്ത്തിക്കും ഇടയിലുള്ള ഭാഗത്താണ് കന്യകയുടെ കമാനങ്ങള്‍ (Arches of the Virgin) എന്നറിയപ്പെടുന്ന സ്ഥലം. പരി. അമ്മ തന്റെ തിരുക്കുമാരന്റെ കല്ലറ സന്ദര്‍ശിക്കാന്‍ വന്നതിന്റെ അനുസ്മരണ ഉണര്ത്തുന്നവയാണിത്. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഭാഗികമായി ഇവിടെ കാണാം.
ഫ്രാന്‍സിസ്കന്‍ സങ്കീര്ത്തിയോട് ചേര്‍ന്നുള്ള വാതില്‍ പരി. അമ്മയ്ക്കു ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ട സ്ഥലത്തെ കപ്പേളയിലേക്കുള്ളതാണ്. ഇവിടെ വി. കുര്‍ബാന സ്ഥാപിച്ചു വച്ചിട്ടുള്ളതിനാല്‍ വി. കുര്‍ബ്ബാനയുടെ കപ്പേള എന്നും അറിയപ്പെടുന്നു. അള്‍ത്താരയുടെ വലതുഭാഗത്തുള്ള ഭിത്തിയില്‍ ഒരു കല്‍തൂണിന്റെ ഭാഗം സംരക്ഷിച്ചു വച്ചിരിക്കുന്നു. പുരാതനമായ പാരമ്പര്യമനുസരിച്ച് ഇത് പീലാത്തോസിന്റെ ഭവനത്തില്‍ ചമ്മട്ടി കൊണ്ടടിക്കാന്‍ യേശുവിനെ കെട്ടിയിട്ട കല്‍തൂണിന്റെ ഭാഗമാണ്.
യേശുവിന്റെ തിരുക്കല്ലറയുടെ വലതുഭാഗത്ത് കത്തോലിക്കര്‍ക്കായുള്ള കുമ്പസാര വേദികള്‍ സജ്ജീകരിച്ചിരിക്കുന്നു. നേരെ എതിര്‍വശത്ത് ഉത്ഥിതന്‍ മഗ്ദലിനാ മറിയത്തിനു പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിക്കുന്ന അള്‍ത്താരയാണ്.
യോഹ: 20/1418 : 18: മഗ്ദലേന മറിയം ചെന്ന് ഞാന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന് ഇക്കാര്യങ്ങള്‍ തന്നോടു പറഞ്ഞുവെന്നും ശിഷ്യന്മാരെ അറിയിച്ചു.
തിരുക്കല്ലറയുടെ പിന്നില്‍ യാക്കോബായ സുറിയാനി സഭയുടെ അവകാശത്തിലുള്ള ഒരു കപ്പേളയുണ്ട്. അതിന്റെ വലതു ഭാഗത്താണ് അരിമത്തിയക്കാരന്‍ യൗസേപ്പിന്റെ കല്ലറ. തിരുക്കല്ലറയുടെ ദേവാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് യേശുവിന്റെ തിരുക്കല്ലറ ഉള്‍ക്കൊള്ളുന്ന എടിക്കുള (Aedicule). മനോഹരമായ മാര്‍ബിള്‍ ഫലകങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഇത് യേശുവിന്റെ തിരുക്കല്ലറയെ ആവരണം ചെയ്ത് സംരക്ഷിക്കുന്നു. എടിക്കുള്ളില് ചെറിയ രണ്ട് മുറികളാണുള്ളത്. അതില്‍ ആദ്യത്തേത് മാലാഖമാരുടെ ചാപ്പലാണ്. യേശു ഉത്ഥാനം ചെയ്ത വിവരം സ്ത്രീകളെ അറിയിച്ച മാലാഖമാര്‍ നിന്ന സ്ഥലമാണിത്.
മര്‍ക്കോ: 16/5: അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്ത്രം ധരിച്ച ഒരു യാവാവ് വലതുഭാഗത്ത് ഇരിക്കുന്നത് കണ്ടു.
യോഹ: 20/13: വെള്ള വസ്ത്രം ധരിച്ച രണ്ട് ദൂതന്മാര് യേശുവിന്റെ ശരീരം വച്ചിരുന്നിടത്ത് ഒരുവന് തലയ്ക്കലും ഇതരന് കാല്ക്കലുമായി ഇരിക്കുന്നത് അവള് കണ്ടു.
ഈ ചാപ്പലിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ബിളില്‍ തീര്‍ത്ത ചതുരപ്പെട്ടിയില്‍ തിരുക്കല്ലറ അടക്കാനുപയോഗിച്ച ഉരുട്ടിമാറ്റാവുന്ന കല്ലിന്റെ ഒരു ഭാഗം സ്ഥാപിച്ചിരിക്കുന്നു. മാലാഖമാരുടെ ചാപ്പലില്‍ നിന്നുള്ള ചെറിയ വാതായനത്തിലൂടെ തിരുക്കല്ലറയിലേക്ക് പ്രവേശിക്കാം. യേശുവിന്റെ ശരീരം കിടത്തിയ പാറ മാര്‍ബിള്‍ ഫലകങ്ങള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു. കല്ലറയുടെ ഇടതുഭാഗത്തുള്ള ഇപ്പോഴും അവശേഷിക്കുന്ന രണ്ടര മീറ്ററോളം ഉയരത്തിലുള്ള പാറയുടെ ഒരു ഭാഗം കാണാവുന്ന രീതിയില്‍ അവിടുത്തെ മാര്‍ബിള്‍ ആവരണം മാറ്റി പകരം സ്ഫടികം സ്ഥാപിച്ചിരിക്കുന്നു.
1808 ലെ തീപിടുത്തവും 1927ലെ ഭൂമി കുലുക്കവും ദുര്ബലമാക്കിയതിനാലും പിന്നീട് പതിറ്റാണ്ടുകള്‍ക്ക് ശേഷം എടിക്കുള നിലംപതിക്കും എന്ന അവസ്ഥ വന്നതിനാലാണ് 2016 ജൂലൈ മുതല്‍ അതിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തിരുക്കല്ലറയുടെ ദേവാലയത്തിന്റെ മുഖ്യ അവകാശികളായ ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കര്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് എന്നീ സഭകളാണ് ഇതിന് നേതൃത്വം കൊടുത്തത്.
എടിക്കുളയുടെ അടുത്തു നിന്നു മുകളിലേക്ക് നോക്കിയാല്‍ തിരുക്കല്ലറയുടെ ദേവാലയത്തിന്റെ വലിയ ഡോം (Rorunda) കാണാം. അതിന്റെ ഉള്ളില്‍ മൂന്നു നിലകളിലായി ഗ്രീക്ക് ഓര്‍ത്തഡോക്സ്, റോമന്‍ കത്തോലിക്കര്‍, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ് എന്നീ സഭകള്‍ക്ക് ആശ്രമങ്ങള്‍ ഉണ്ട്.
എടുക്കുളയുടെ പിറകില്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭക്കാര്‍ക്ക് ഒരു കുഞ്ഞു കപ്പേളയുണ്ട്. എടിക്കുളയുടെ മുന്നില്‍ കാണുന്ന വലിയ ചാപ്പല്‍ കത്തോലിക്കോണ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ അവകാശത്തിലുള്ള ഈ ചാപ്പലിന്റെ മധ്യത്തില്‍ ഭൂമിയുടെ പൊക്കിള്‍കൊടി എന്നറിയപ്പെടുന്ന ഒരു സ്മാരകം ഉണ്ട്. മനുഷ്യരെ തേടിവന്ന യേശുവിന്റെ പെസഹാരഹസ്യങ്ങള്‍ ജറുസലേമില്‍ വച്ചാണ് നിറവേറിയെന്നതിനാല് അവിടെയാണ് ഭൂമിയുടെ കേന്ദ്രം എന്ന ദൈവശാസ്ത്ര ചിന്തയാണ് ഇതിനു പിന്നിലുള്ളത്.
പ്രാര്‍ത്ഥന:
ഞങ്ങള്‍ക്ക് വേണ്ടി പീഢകള്‍ സഹിച്ച് കുരിശില്‍ മരിച്ച് സംസ്കരിക്കപ്പെട്ട് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ഈശോയെ ഈ രക്ഷാകര സത്യങ്ങള്‍ക്ക് ബാക്കിയായ പരിശുദ്ധ സ്ഥലത്ത് നില്ക്കുമ്പോള്, അവയെകുറിച്ചു ധ്യാനിക്കുമ്പോള്‍ ഞങ്ങളെ അങ്ങിലേക്ക് രൂപാന്തരപ്പെടുത്തണമേ.
അവര്‍ എല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി പിതാവെ അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവനും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ: 7/21) എന്നു പറഞ്ഞ് പ്രാര്‍ത്ഥിച്ച യേശുവേ, വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന എല്ലാ ക്രൈസ്തവരും വന്നു പ്രാര്‍ത്ഥിക്കുന്ന ഈ ദേവാലയത്തെ ക്രൈസ്തവ ഐക്യത്തിന്റെ വേദിയും അടയാളവുമാക്കണമെ. സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉപകരണമാക്കി എന്നെയും എല്ലാ ക്രൈസ്തവരെയും മാറ്റേണമേ. ആമേന്‍.
(തുടരും)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.