നല്ല കള്ളന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അള്‍ത്താരയെ കുറിച്ചറിയാമോ?

ബ്രദര്‍ ഡൊമിനിക് പി.ഡി.
ചീഫ് എഡിറ്റര്‍,
ഫിലാഡല്‍ഫിയ, യു.എസ്.എ.

തിരുക്കല്ലറയുടെ ദേവാലയം – 2/3

തിരുക്കല്ലറയുടെ ദേവാലയത്തിലേക്ക് വലിയ രണ്ടു വാതായനങ്ങളാണ് ഉണ്ടായിരുന്നത്. ആ ഇരട്ട കവാടങ്ങളിലാണ് പിന്നീട് തുര്‍ക്കികള്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ അടച്ചു കളഞ്ഞു. ഇപ്പോഴുള്ള വാതായനത്തിന്റെ താക്കോല്‍ തുര്‍ക്കി സുല്‍ത്താന്‍ ഒരു മുസ്ലീം കുടുംബത്തിന്റെ അവകാശമായി നല്‍കി. ആ കുടുംബത്തിലെ അംഗങ്ങളാണ് ഇന്നും തിരുക്കല്ലറയുടെ ദേവാലയം അടക്കുകയും തുറക്കുകയും ചെയ്യുന്നത്.

കാല്‍വരി മലയിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കാനായി നിര്‍മ്മിച്ച പടികളും തുര്‍ക്കികള്‍ അടച്ചുകളഞ്ഞു. ദേവാലയത്തിന്റെ വെളിയില്‍ പ്രവേശന കവാടത്തോട് ചേര്‍ന്ന് വലതു വശത്തായി ഇന്നും ഈ പടികള്‍ കാണാനാകും. ആ പടികള്‍ അവസാനിക്കുന്നത് ഫ്രാങ്കികളുടെ കപ്പേള (Chapel of the Franks) എന്നറിയപ്പെടുന്ന മനോഹരമായ ഒരു ചാപ്പലിലാണ്. പടികളുടെ സമീപം വലതു ഭാഗത്തുള്ള ചെറിയ വാതില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് കപ്പേളകളിലേക്കുള്ളതാണ്.
തിരുക്കല്ലറയുടെ ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം കാണുക വലിയൊരു മാര്‍ബിള്‍ സ്ലാബാണ്. സംസ്‌കരിക്കുന്നതിനു മുന്‍പ് യേശുവിന്റെ ശരീരത്തില്‍ തൈലം പൂശിയതിനെ അനുസ്മരിച്ച് സ്ഥാപിച്ചിട്ടുള്ളതാണ്.

യോഹ: 19/40:  അവര്‍ യേശുവിന്റെ ശരീരമെടുത്ത് യഹൂദരുടെ  ശവസംസ്‌കാര രീതിയനുസരിച്ച് സുഗന്ധദ്രവ്യങ്ങളുടെ  കൂടെ കച്ചയില്‍ പൊതിഞ്ഞു.

തീര്‍ത്ഥാടകര്‍ അതില്‍ സുഗന്ധദ്രവ്യങ്ങള്‍ പുരട്ടി തൂവാലകൊണ്ട്  തുടച്ചെടുക്കുന്നതിനാല്‍ അവിടെ എപ്പോഴും ഹൃദ്യമായ പരിമളം നിറഞ്ഞ് നില്‍ക്കുന്നു. ദേവാലയത്തിന്റെ ഉള്ളില്‍ പ്രവേകന കവാടത്തോട് ചേര്‍ന്ന് വലതുവശത്തുള്ള പടികള്‍ കയറിയാല്‍ യേശുവിന്റെ കുരിശു നാട്ടിയ കാല്‍വരിയിലെ പാറക്കെട്ടിനു മുകളിലെ മനോഹരമായ ചാപ്പലിലെത്തും. ആ പാറയും അതില്‍ യേശുവിന്റെ മരണസമയത്ത് ഉണ്ടായ ഭൂമികുലുക്കം സൃഷ്ടിച്ച പാറയുടെ പിളര്‍പ്പും വ്യക്തമായി കാണാവുന്ന രീതിയില്‍ കുരിശു നാട്ടപ്പെട്ട സ്ഥലത്തെ അള്‍ത്താരക്ക് ഇരുവശവും ഗ്ലാസ്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മത്താ: 27/51: അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല  മുകള്‍ മുതല്‍ താഴെ വരെ രണ്ടായി കീറി. ഭൂമി കുലുങ്ങി,  പാറകള്‍ പിളര്‍ന്നു. ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.

വലതു വശത്തെ രണ്ട് അള്‍ത്താരകള്‍ യഥാക്രമം യേശുവിനെ കുരിശില്‍ തറച്ചതിന്റെയും അവിടുത്തെ ശരീരം മാതാവിന്റെ മടിയില്‍ കിടത്തിയതിന്റെയും സ്മരണകളാണ്. കാല്‍വരി മലയുടെ കീഴിലുള്ള കപ്പേള ആദാമിന്റെ പേരിലാണ് അറിയപ്പെടുന്നത്. യേശുവിന്റെ കുരിശു നാട്ടപ്പെട്ടത് ആദാമിന്റെ കല്ലറയ്ക്ക് മുകളിലാണ് എന്നുള്ള യഹൂദ ക്രൈസ്തവ പാരമ്പര്യമാണ് ഇതിനടിസ്ഥാനം. അവിടുത്തെ അള്‍ത്താര അപ്പവും വീഞ്ഞും ബലിവസ്തുക്കളാക്കിയ മെല്‍ക്കിസെദേക്കിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

ഉല്‍പ്പത്തി 14/18: സാലെം രാജാവായ മെല്‍ക്കിസെദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതമായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍.

സംസ്‌കരിക്കുന്നതിന് മുമ്പ് യേശുവിന്റെ ശരീരത്തില്‍ തൈലം പൂശിയതിനെ അനുസ്മരിക്കുന്ന മാര്‍ബിള്‍ സ്ലാബിന്റെയും യേശുവിന്റെ കല്ലറയുള്‍ക്കൊള്ളുന്ന എടിക്കളുടെയും ഇടയില്‍ കല്‍തൂണുകളില്‍ സ്ഥാപിച്ചിരിക്കുന്ന, എപ്പോഴും തിരികള്‍ തെളിച്ചു വച്ചിരിക്കുന്ന ചെറിയ ഒരു കപ്പേളയുണ്ട്. ക്രൂശിതനായ യേശുവിനെ നോക്കി അല്പം ദൂരെയായി സ്ത്രീകള്‍ നിന്ന സ്ഥലമാണത്.

മത്താ: 27/5556: ഗലീലിയില്‍ നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്തിരുന്നവരുമായ അനേകം സ്ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ട് നിന്നിരുന്നു. അക്കൂട്ടത്തില്‍ മഗ്ദലീന മറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.

ആദാമിന്റെ കപ്പേളയ്ക്കും, വി. ഹെലേനയുടെ കപ്പേളയ്ക്കുമിടയില്‍ യേശു പടയാളികളാല്‍ പരിഹസിക്കപ്പെട്ടത് അനുസ്മരിക്കുന്ന ഒരു കപ്പേളയുമുണ്ട്.

മത്താ: 27/2731: അനന്തരം ദേശാധിപതിയുടെ പടയാളികള്‍ യേശുവിനെ പ്രത്തോറിയത്തിലേക്കും കൊണ്ടുപോയി സൈന്യ വിഭാഗത്തെ മുഴുവന്‍ അവനെതിരെ അണിനിരത്തി. അവര്‍ അവന്റെ വസ്ത്രം ഉരിഞ്ഞുമാറ്റി ഒരു ചെമന്ന പുറങ്കുപ്പായം അണിയിച്ചു. ഒരു മുള്‍ക്കിരീടം മെടഞ്ഞ് അവന്റെ ശിരസ്സില്‍ വച്ചു. വലത്തുകയ്യില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടു കുത്തിക്കൊണ്ട് യഹൂദരുടെ രാജാവെ സ്വസ്തി എന്നു പറഞ്ഞ് അവര്‍ അവനെ പരിഹസിച്ചു. അവര്‍ അവന്റെ മേല്‍ തുപ്പുകയും ഞാങ്ങണ എടുത്ത് അവന്റെ ശിരസ്സില്‍ അടിക്കുകയും ചെയ്തു. അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം അഴിച്ചുമാറ്റി അവന്റെ വസ്ത്രം വീണ്ടും ധരിപ്പിച്ച് കുരിശില്‍ തറയ്ക്കാന്‍ കൊണ്ടുപോയി.

(Chapel of the Mocking) ഇവിടുത്തെ അള്‍ത്താരയുടെ കീഴില്‍ ചില്ലു കൂട്ടില്‍ കാണുന്നത് മുള്‍മുടി ധരിപ്പിക്കപ്പെട്ടപ്പോള്‍ യേശു ഇരുന്നതായി പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന കല്‍ത്തൂണിന്റെ ഭാഗമാണ്. ഈ കപ്പേളയുടെ വലതു വശത്തുള്ള പടികളിറങ്ങിയാല്‍ വി. ഹെലേനയുടെ കപ്പേളയായി. അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അവകാശത്തിലുള്ള ഈ ചാപ്പലില്‍ അവരുടെ സഭാചരിത്രത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ മനോഹരമായി ചിത്രീകരിച്ചു വെച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന അള്‍ത്താര വി. ഹെലേനയുടെ പേരിലും ഇടതുവശത്തെ അള്‍ത്താര നല്ല കള്ളനായ ദിസ്മാസിന്റെ(Dismas) പേരിലും സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു.

വലതുവശത്തുള്ള പടികള്‍ ഇറങ്ങിയാല്‍ വി. കുരിശു കണ്ടെത്തപ്പെട്ട സ്ഥലത്തെ കപ്പേളയിലെത്തും. വി. കുരിശിന്റെ കപ്പേള എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ കപ്പേളയുടെ വലതു വശത്തെ ഭിത്തിയില്‍ കല്ലു മുറിച്ചെടുത്ത പാടുകള്‍ കാണാം. കാല്‍വരി വലയുടെ പാറയുടെ ഭാഗം  തന്നെയാണ് ഇവിടവും. യേശുവിന് മുന്‍പ് ഇവിടം പട്ടണമതില്‍ നിര്‍മ്മിക്കാന്‍ പാറ മുറിച്ചെടുത്തിരുന്ന സ്ഥലമായിരുന്നു. എന്നാല്‍ കല്ലിന് ആവശ്യമായ ഗുണമില്ലാത്തതിനാല്‍ ഇവിടം പിന്നീട് ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ രൂപപ്പെട്ട വലിയ പാറക്കുഴി മാലിന്യ നിക്ഷേപത്തിന് ഉപയോഗിക്കപ്പെട്ടു. അങ്ങനെയാണ് യേശുവിനെ തറച്ച കുരിശും ഇവിടെ ഉപേക്ഷിക്കപ്പെടുന്നതും പിന്നീട് അത് വി. ഹെലേന രാജ്ഞി കണ്ടെത്തുന്നതും. ഹെലേന രാജ്ഞി കുരിശു പിടിച്ചു കൊണ്ട് നില്‍ക്കുന്ന മനോഹരമായ ഒരു രൂപവും ഈ കപ്പേളയില്‍ സ്ഥാപിച്ചിട്ടുണ്ട്.

വി. ഹെലേനയുടെ കപ്പേളയിലേക്കുള്ള പടികളുടെ ഇടതുഭാഗത്തായി രണ്ട് ചെറിയ ചാപ്പലുകള്‍ കൂടിയുണ്ട്. യേശുവിന്റെ വസ്ത്രങ്ങള്‍ പടയാളികള്‍ പങ്കിട്ടെടുത്തതിന്റെ സ്മരണയിലുള്ള ചാപ്പലും.

പ്രാര്‍ത്ഥന:
ഞങ്ങള്‍ക്ക് വേണ്ടി പീഢകള്‍ സഹിച്ച് കുരിശില്‍ മരിച്ച് സംസ്‌കരിക്കപ്പെട്ട് മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ഈശോയെ ഈ രക്ഷാകര സത്യങ്ങള്‍ക്ക് ബാക്കിയായ പരിശുദ്ധ സ്ഥലത്ത് നില്‍ക്കുമ്പോള്‍, അവയെകുറിച്ചു ധ്യാനിക്കുമ്പോള്‍ ഞങ്ങളെ അങ്ങിലേക്ക് രൂപാന്തരപ്പെടുത്തണമേ.

അവര്‍ എല്ലാവരും ഒന്നായിരിക്കുവാന്‍ വേണ്ടി പിതാവെ അങ്ങ്  എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവനും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നും ലോകം അറിയുന്നതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. (യോഹ: 7/21) എന്നു പറഞ്ഞ് പ്രാര്‍ത്ഥിച്ച യേശുവേ, വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്ന എല്ലാ ക്രൈസ്തവരും വന്നു പ്രാര്‍ത്ഥിക്കുന്ന ഈ ദേവാലയത്തെ ക്രൈസ്തവ ഐക്യത്തിന്റെ വേദിയും അടയാളവുമാക്കണമെ. സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഉപകരണമാക്കി എന്നെയും എല്ലാ ക്രൈസ്തവരെയും മാറ്റേണമേ. ആമേന്‍.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles