കടലാഴങ്ങളിൽ നിന്നും…

പിക്‌നിക്കിന് പോയ കുട്ടികൾ
കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്രദ്ധിക്കണം, സൂക്ഷിക്കണം,
ഒത്തിരി ദൂരേയ്ക്ക് പോകരുത്
എന്നെല്ലാം അധ്യാപകർ വിലക്കിയതാണ്.
എന്നാൽ ഒരാൾ മാത്രം
താക്കീതുകളെ അവഗണിച്ച്
കടലാഴങ്ങളിലേയ്ക്ക് നീങ്ങി.
പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു;
ഒരു തിരയുടെ നീരാളിക്കൈകൾ
അവനെ ആഴങ്ങളിലേക്ക് കൊണ്ടുപോയി.
”രക്ഷിക്കണേ……..”
എന്നുള്ള നിലവിളികളുയർന്നു, ചുറ്റും.
ബീച്ചിൽ നടക്കാനിറങ്ങിയ ഒരു
മധ്യവയസ്കൻ കടലിലേയ്ക്ക് ചാടി.
ഏതാനും നിമിഷങ്ങൾക്കുള്ളിൽ
ആ കുട്ടിയുമായി അയാൾ തീരത്തെത്തി.
അബോധാവസ്ഥയിലായ കുട്ടിയ്ക്ക്
ചുറ്റും ആളുകൾ വട്ടം കൂടി.
കുട്ടിയെ രക്ഷിച്ച മധ്യവയസ്കനെ തള്ളിമാറ്റിക്കൊണ്ട് ഒരു യുവാവ്
മുന്നോട്ട് വന്നു.
അവൻ ആ കുട്ടിയുടെ
നെഞ്ചിൽ മൂന്നാലു തവണ അമർത്തി.
ക്രിത്രിമ ശ്വാസവും നൽകി.
അദ്ഭുതമെന്നു പറയട്ടെ
ആ ബാലൻ്റെ മിഴികൾ തുറന്നു.
ഇതിനിടയിൽ സംഭവിച്ചത്
മറ്റൊന്നാണ്; ആ കുട്ടിയ്ക്ക്
കൃത്രിമ ശ്വാസം നൽകിയ യുവാവ്
പെട്ടന്ന് ബോധരഹിതനായി.
നേരത്തെ കടലിൽ ഇറങ്ങിയ
മധ്യവയസ്കൻ അവനെ പരിചരിച്ചു:
”പേടിക്കാനില്ല… ബി.പി.കൂടിയതാണ്.
കുറച്ച് കഴിയുമ്പോൾ ശരിയാകും…”
അയാൾ പറഞ്ഞു.
ബോധം തെളിഞ്ഞ യുവാവ് കാണുന്നത്
തന്നെ ശുശ്രൂഷിക്കുന്ന
മധ്യവയസ്കനെയാണ്.
“പൾസും ബി.പി.യുമെല്ലാം
പരിശോധിക്കാൻ താങ്കളെങ്ങനെ പഠിച്ചു?”
അവൻ്റെ ചോദ്യത്തിന് ചെറുപുഞ്ചിരിയോടെയാണ്
അയാൾ മറുപടി നൽകിയത്:
“ഞാൻ ഒരു ഡോക്ടറാണ്.
അടുത്തുള്ള ആശുപത്രിയിൽ
ജോലി ചെയ്യുന്നു!”
അല്പം ജാള്യതയോടെ
യുവാവ് ചോദിച്ചു:
”സാർ,
കടലിൽ നിന്ന് രക്ഷിച്ച കുട്ടിയ്ക്ക്
കൃത്രിമ ശ്വാസം നൽകാൻ,
താങ്കളെ ഞാൻ തള്ളിമാറ്റിയപ്പോൾ എന്തുകൊണ്ട് നിങ്ങളൊരു
ഡോക്ടറാണെന്ന് പറഞ്ഞില്ല?”
“നിൻ്റെ ഉദ്ദേശവും ആ കുട്ടിയുടെ
ജീവൻ രക്ഷിക്കുക എന്നതായിരുന്നു.
ആ സദുദ്ദേശത്തെ ഞാൻ
ആദരിക്കുന്നു. ഞാൻ മാറിത്തന്നെന്നു കരുതി എനിക്കൊന്നും നഷ്ടപ്പെടാനില്ല.
അതിലൂടെ ഒരു യുവാവിൻ്റെ നന്മയെ എല്ലാവരും അഭിനന്ദിക്കാനിടയായി.”
എത്ര മഹത്തായ വാക്കുകൾ!
ജീവിതത്തിൽ വഴിമുടക്കുന്നവരും
വഴിമാറിക്കൊടുക്കുന്നവരുമുണ്ട്.
അപരൻ്റെ വളർച്ചയ്ക്കായ്
വഴിമാറുമ്പോൾ,
വഴിമാറിക്കൊടുക്കുന്നവനും വളരുന്നു
എന്ന സത്യം തിരിച്ചറിയേണ്ടതുണ്ട്.
ഇവിടെയാണ് സ്നാപക യോഹന്നാൻ്റെ
മഹത്വം തെളിയുന്നത്.
“എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തനാണ്, അവന്റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല…”
(മത്തായി 3 : 11) എന്നാണ് ക്രിസ്തുവിനെ നോക്കി അവൻ വിളിച്ചു പറഞ്ഞത്.
അതെ,
നമുക്കു ശേഷം വരുന്നവൻ
ശക്തനാണെന്ന് അംഗീകരിക്കുന്നിടത്തും
ഏറ്റുപറയുന്നിടത്തുമാണ്
നമ്മുടെ വളർച്ചയെന്ന് തിരിച്ചറിയാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles