ഹഗിയ സോഫിയ മുസ്ലീം ദേവാലയമാകുന്ന ജൂലൈ 24 ന് അമേരിക്കയില്‍ വിലാപദിനം
വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ ബസിലിക്കയായിരുന്ന ഹഗിയ സോഫിയ മുസ്ലീം ദേവാലയമായി മാറ്റിയതില്‍ പ്രതിഷേധിച്ച് അവിടെ ബാങ്കു വിളി മുഴങ്ങുന്ന ജൂലൈ 24 ാം തീയതി വിലാപദിനമായ ആചരിക്കാന്‍ അമേരിക്കയിലെ കത്തോലിക്കാ സമൂഹം തീരുമാനിച്ചു. തുര്‍ക്കി ഭരണകൂടത്തിന്റെ കിരാത നടപടിയില്‍ ജൂലൈ 24നു വിലാപ ദിനമായി ആചരിക്കുവാന്‍ അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് അതിരൂപത ആഹ്വാനം നല്‍കിയിരിന്നു. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അമേരിക്കയിലെ കത്തോലിക്ക മെത്രാന്‍ സമിതിയും രംഗത്തെത്തിയിരിക്കുന്നത്. വിശ്വാസികളോട് ഈ ദിവസം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.
ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റുന്ന ദിവസം സാംസ്കാരികവും, ആത്മീയവുമായ ദുരുപയോഗവും, പരസ്പര ബഹുമാനത്തിന്റേയും, മതസൗഹാര്‍ദ്ദത്തിന്റേയും എല്ലാ മാനദണ്ഡങ്ങളുടേയും ലംഘനമാണെന്നും അതിനാല്‍ ജൂലൈ 24 ദുഃഖദിനമായി ആചരിക്കണമെന്നും അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് എപ്പാര്‍ക്കിയല്‍ സിനഡ് ജൂലൈ 19നു പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കിയിരിന്നു. ദുഃഖദിനാചരണത്തില്‍ പങ്കുചേരുവാന്‍ ഇതരസഭാവിശ്വാസികളെ മെത്രാന്‍മാര്‍ കത്തിലൂടെ ക്ഷണിച്ചിരിന്നു. അന്നേ ദിവസം എല്ലാ ദേവാലയങ്ങളിലേയും പള്ളിമണികള്‍ മുഴക്കണമെന്നും സഭാ സ്ഥാപനങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന പതാകകള്‍ പകുതി താഴ്ത്തി കെട്ടണമെന്നും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ സിനഡിന്റെ ആഹ്വാനത്തില്‍ പറയുന്നു.
അതേസമയം കടുത്ത ഇസ്ലാമികവാദിയായ തുര്‍ക്കി പ്രസിഡന്റ് എര്‍ദോര്‍ഗന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഭരണകൂടം ഹാഗിയ സോഫിയ മുസ്ലീം പള്ളിയാക്കിയ നടപടിക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാണ്. ഈജിപ്ഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി അടക്കമുള്ള ഇസ്ലാമിക പണ്ഡിതന്‍മാര്‍ വരെ ഈ നടപടിയെ അപലപിച്ചിട്ടുണ്ട്. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത ജോസ് ഗോമസ്, യു.എസ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് ബിഷപ്പ് ജോസ് ബാംബറ എന്നിവര്‍ തുര്‍ക്കിയുടെ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് ജൂലൈ 14ന് പ്രത്യേക പ്രസ്താവന പുറത്തിറക്കിയിരിന്നു.