നല്ല സമരിയാക്കാരനായ യേശുവിനെ പോലെയാകാന്‍ ആരോഗ്യപാലകരോട് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: ഊഷ്മളമായ മനുഷ്യത്വമുള്ള വ്യക്തിപരമായ ഓരോരുത്തരെയും സ്‌നേഹിക്കുകയും പാലിക്കുകയും ചെയ്യുന്ന നല്ല സമരിയാക്കാരനായ യേശുവിനെ പോലെ സേവനം ചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പാ ആരോഗ്യപരിപാല രംഗത്തുള്ളവരെ ആഹ്വാനം ചെയ്തു. ലോക രോഗീദിന സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം പറഞ്ഞത്.
ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11 നാണ് കത്തോലിക്കാ സഭ ലോക രോഗീദിനമായി ആചരിക്കുന്നത്. ‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുത്തേക്കു വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം’ (മത്തായി 11. 28) എന്ന സുവിശേഷ വചനമാണ് ഈ വര്‍ഷത്തെ രോഗീദിന സന്ദേശം.
യേശുവിന്റെ വാക്കുകള്‍ നമ്മെ ആശ്വസിപ്പിക്കുകയും പ്രത്യാശ കൊണ്ട് നിറയ്ക്കുകയും ചെയ്യുന്നു. പാപികള്‍ക്കും രോഗികള്‍ക്കും പാവങ്ങള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും ഭാരം താങ്ങുന്നവര്‍ക്കും അടിച്ചമര്‍ത്തുന്ന സമൂഹിക വ്യവസ്ഥിതിയില്‍ ഞെരുങ്ങുന്നവര്‍ക്കും വേണ്ടിയുള്ളതാണ് അവിടുത്തെ സമാശ്വാസ വാക്കുകള്‍, പാപ്പാ വിശദമാക്കി.
യേശുവിന്റെ കാരുണ്യവും സമാശ്വാസകരമായ സാന്നിധ്യവും എല്ലാവരെയും ആശ്വസിപ്പിക്കുന്നു. ഏതൊരു രോഗാവസ്ഥയിലും പരിപാലിക്കുന്നു, ആരെയും അവിടുന്ന് ഒഴിവാക്കുന്നില്ല. തന്റെ ജീവനില്‍ പങ്കുചേരുവാനും ആ ആര്‍ദ്രസ്‌നേഹം നുകരുവാനും അവിടുന്ന് എല്ലാവരെയും ക്ഷണിക്കുന്നു, പാപ്പാ പറഞ്ഞു.