നഷ്ടപ്പെട്ടെന്ന് കരുതിയ മക്കളെ ദൈവം അത്ഭുതകരമായി തിരിച്ചു നല്‍കിയ കഥ
മാര്‍ട്ടിന്‍ വാള്‍. രണ്ടാം ലോക മഹായുദ്ധ കാലത്ത് അയാള്‍ തടവുകാരനായി സൈബീരിയയില്‍ ആയിരുന്നു. യുദ്ധം കഴിഞ്ഞു കുറെ നാള്‍ ചെന്നപ്പോള്‍ അയാള്‍ വിമോചിതനായി. പക്ഷെ അപ്പോഴേക്കും അയാള്‍ ക്ഷീണിച്ചു എല്ലും തോലുമായി കഴിഞ്ഞിരുന്നു. എങ്കിലും അയാള്‍ തന്റെ ജന്മ നാടായ ഉക്രെയിനിലേക്ക് വണ്ടി കയറി. തന്റെ പ്രിയ ഭാര്യയേയും മകനേയും കണ്ടെത്തുകയായിരുന്നു അയാളുടെ ലക്ഷ്യം.
അയാള്‍ അവിടെയെത്തി. പക്ഷെ അവരെ കണ്ടെത്താന്‍ അയാള്‍ക്ക് സാധിച്ചില്ല. റെഡ് ക്രോസ് നല്‍കിയ വിവരം അനുസരിച്ചു അവര്‍ മരിച്ചു പോയിരുന്നു. ഭാര്യയും മകനും മരിച്ചു പോയിയെന്ന് കേട്ടപ്പോള്‍ അയാള്‍ ആകെ തകര്‍ന്നു പോയിരുന്നു. നിരാശനായ അയാള്‍ ദൈവത്തെ തള്ളി പറഞ്ഞു. തന്റെ ഭാര്യയേയും മകനെയും രക്ഷിക്കാതിരുന്ന ദൈവത്തെ തനിക്കു ആവശ്യമില്ലെന്ന് അയാള്‍ തീരുമാനിച്ചു. പ്രാര്‍ത്ഥിക്കുന്ന ശീലം അയാള്‍ ഉപേക്ഷിച്ചു. അയാള്‍ക്കൊരു സഹകരണ സമൂഹത്തില്‍ ജോലി കിട്ടി. യാന്ത്രികമായി ജോലി ചെയ്തു അങ്ങനെ ജീവിക്കുമ്പോള്‍ അയാള്‍ തന്റെ പഴയ കൂട്ടുകാരി ആയിരുന്ന ഗ്രെറ്റൊയെ കണ്ടുമുട്ടി. ഒരേ ഗ്രാമത്തില്‍ നിന്നും വന്നവര്‍, പഠിച്ചത് ഒരേ ക്ലാസിലായിരുന്നു. അധികം താമസിയാതെ അവര്‍ വീണ്ടും വിവാഹിതരായി. അതോടെ ജീവിതം വീണ്ടും അര്‍ത്ഥമുള്ളതായി. പക്ഷെ ഒരു കുഞ്ഞിക്കാല് കാണാന്‍ സാധിക്കാത്തതില്‍ ദുഖിതയായിരുന്നു ഗ്രെറ്റോ. സൈബീരിയയിലെ തടവുകാലത്ത് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങള്‍ മൂലം വീണ്ടുമൊരു പിതാവാകാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു മാര്‍ട്ടിന്‍. അമ്മയാകാന്‍ സാധിച്ചില്ലെങ്കില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ അവള്‍ ആഗ്രഹിച്ചു. അവള്‍ അക്കാര്യം മാര്‍ട്ടിനോട് ആവശ്യപ്പെടു കയും ചെയ്തു. അപ്പോള്‍ അയാള്‍ പൊട്ടിത്തെറിച്ചു. എന്റെ കുഞ്ഞിനെ ദൈവം തട്ടിയെടുത്തില്ലേ? ഇനിയുമൊരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിനു എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം?”
പക്ഷെ അവള്‍ വിട്ടുകൊടുത്തില്ല അവള്‍ പിന്നെയും അനുനയപൂര്‍വ്വം ഇക്കാര്യം അയാളോട് സൂചിപ്പിച്ചു കൊണ്ടിരുന്നു. അപ്പോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.” ശരി, ഒരു കുട്ടിയെ ദത്തെടുക്കാം.” . അവള്‍ വേഗം അടുത്തുള്ള ഓര്‍ഫനേജിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ ഒരു പെണ്‍കുട്ടി അവളെ നോക്കി മന്ദഹസിച്ചു. അപ്പോള്‍ ഗ്രെറ്റോ അവളോട് ചോദിച്ചു” നിനക്ക് എന്റെ കൂടെ പോരാന്‍ ഇഷ്ടമാണോ?’ അപ്പോള്‍ ആ പെണ്‍കുട്ടി തലയാട്ടി കൊണ്ട് പറഞ്ഞു. ‘തീര്‍ച്ചയായും, പക്ഷെ ഞാന്‍ ഒറ്റയ്ക്ക് വരില്ല. എന്റെ സഹോദരനെയും കൊണ്ട് പോകണം.’ ഗ്രെറ്റോ പറഞ്ഞു; അത് പറ്റില്ല. നീ മാത്രം എന്റെ കൂടെ വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.” പെട്ടെന്ന് ആ കൊച്ചു ബാലിക പറഞ്ഞു.’ ഞങ്ങള്‍ക്ക് മമ്മി ഉണ്ടായിരുന്നു. മമ്മി പറഞ്ഞത് ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കണം എന്നാണ്. ദൈവം ഞങ്ങളെ നോക്കിക്കൊള്ളുമെന്നും മമ്മി പറഞ്ഞു.” അത് കേട്ട ഗ്രെറ്റൊയ്ക്ക് അവര്‍ രണ്ടു പേരെ കൂടി വീട്ടിലേക്കു കൊണ്ട് പോരണം എന്ന് തോന്നി. അവള്‍ മാര്‍ട്ടിന്റെ കാല് പിടിച്ചു. പക്ഷെ അയാള്‍ സമ്മതിച്ചില്ല. വേറെ ഏതെങ്കിലും കുട്ടിയെ കണ്ടെത്താന്‍ അയാള്‍ നിര്‍ദ്ദേശിച്ചു. എങ്കിലും ആ കുട്ടികളെ മറക്കാന്‍ ഗ്രെറ്റൊയ്ക്ക് കഴിഞ്ഞില്ല. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ഈ വിഷയം അവതരിപ്പിച്ചു. മാര്‍ട്ടിന്റെ മനസ് മാറ്റാന്‍ അവള്‍ കുറെ ശ്രമിച്ചു. ഗ്രെറ്റൊയുടെ സ്‌നേഹത്തി ന്റെ തീവ്രത കണ്ടപ്പോള്‍ ആ പെണ്‍കുട്ടിയെ ഒന്ന് കണ്ടു കളയാം എന്ന് അയാള്‍ തീരുമാനിച്ചു. ആ പെണ്‍കുട്ടിയെ മാത്രം ദത്തെടുത്തു കൊണ്ട് പോരാന്‍ സാധിക്കുമെന്നായിരുന്നു അപ്പോഴും അയാളുടെ പ്രതീക്ഷ. ഗ്രെറ്റൊയെ വീണ്ടും കണ്ടപ്പോള്‍ അവള്‍ ഓടി വന്നു.
അയാള്‍ ആ കുട്ടികളെ സൂക്ഷിച്ചു നോക്കി. അപ്പോള്‍ അയാള്‍ തന്റെ പുന്നാര മകനെ ഓര്‍ത്തു. അയാള്‍ പറഞ്ഞു. ‘നിങ്ങള്‍ രണ്ടു പേരെയും ഞങ്ങള്‍ കൊണ്ട് പൊയ്‌ക്കോളാം. ഗ്രെറ്റൊ അവരുടെ വസ്ത്രങ്ങള്‍ എല്ലാം എടുത്തു വയ്ക്കുന്നതിനിടയില്‍ മാര്‍ട്ടിന്‍ അവരുടെ ഔദ്യോഗിക രേഖകള്‍ പരിശോധിച്ചു. അയാളുടെ ശ്വാസം ഒരു നിമിഷം നിന്ന പോലെ. പിന്നെ പെട്ടെന്ന് ഹൃദയമിടിപ്പിന്റെ വേഗത വര്‍ധിച്ചു. അയാള്‍ പേരുകള്‍ ഇങ്ങനെ വായിച്ചു.’ ജേക്കബ് വാള്‍, സോണിയ വാള്‍. മാതാവ്: അന്ന ബാള്‍ട്ടന്‍ വാള്‍. പിതാവ്: മാര്‍ട്ടിന്‍ വാള്‍. ജേക്കബിന്റെ ജനനതീയതി തന്റെ മകന്റേത് തന്നെ. സോണിയ പിറന്നത് താന്‍ തടവിലാക്കപ്പെട്ടതിന് തൊട്ടു പിന്നാലെയും.
‘‘എന്ത് പറ്റി?” തന്റെ മക്കളുടെ പേരുകള്‍ കണ്ടു അന്തം വിട്ടിരുന്ന മാര്‍ട്ടിനെ കണ്ടപ്പോള്‍ ഗ്രെറ്റൊ ചോദിച്ചു. അയാള്‍ വിക്കി വിക്കി പറ ഞ്ഞു. ‘ഗ്രെറ്റൊ ഇവര്‍ രണ്ടുപേരും എന്റെ കുട്ടികളാണ്. തീര്‍ച്ചയായും ദൈവം ഉണ്ട്. അവിടന്നു നല്ലവനാണ്.”
എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്? സോണിയ ജനിച്ച വിവരം തടവിലാക്കപ്പെട്ടിരുന്നത് കൊണ്ട് അയാള്‍ അറിഞ്ഞിരു ന്നില്ല. യുദ്ധ കാലത്ത് അന്നയും മക്കളും കുറേക്കാലം ജര്‍മ്മനിയില്‍ സുരക്ഷിതരായിരുന്നു. എന്നാല്‍ യുദ്ധത്തില്‍ ജര്‍മ്മനി പരാജയപ്പെട്ടപ്പോള്‍ നിരവധി ആളുകള്‍ അറസ്റ്റു ചെയ്യ പ്പെട്ടു. അവര്‍ സൈബീരിയയിലേക്ക് അയക്കപ്പെട്ടു. അവരുടെ കൂടെ അന്നയും മക്കളും ഉണ്ടായിരുന്നു. അവിടെ വച്ച് അന്ന അസുഖം ബാധിച്ചു മരിച്ചു. കുട്ടികള്‍ ഓര്‍ഫനേജിലായി. അവരെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞു മാര്‍ട്ടിന്‍ ദത്തെടുക്കാന്‍ വന്നിരിക്കുന്നത്. എലിസബത്ത് എന്‍സ് എന്ന അമേരിക്കക്കാരി വിവരിക്കുന്ന ഈ സംഭവം വായിക്കുമ്പോള്‍ ദൈവം നല്ലവന്‍ തന്നെ എന്ന് നാമും പറഞ്ഞു പോകും. എത്ര അത്ഭുതകരമായ രീതിയിലാണ് മാര്‍ട്ടിന്‍ തന്റെ കുട്ടികളെ കണ്ടെത്തിയത്. ദൈവത്തിന്റെ പരിപാലന ഒന്ന് കൊണ്ട് മാത്രമാണ് ഈ അപൂര്‍വ്വ സംഗമം നടന്നത്.
നമ്മുടെ ജീവിതത്തില്‍ കയ്പ് രസം കൂടുമ്പോള്‍ നാമും അറിയാതെ ദൈവത്തെ തള്ളിപ്പറഞ്ഞിരിക്കും. ഒരു പക്ഷെ നമ്മുടെ ദുഃഖത്തിന്റെ തീവ്രത മൂലം എല്ലാ പ്രശ്‌നങ്ങള്‍ക്കും ദൈവത്തെ പഴി പറഞ്ഞിരിക്കും. അത് പോലെ പ്രാര്‍ഥന പോലും വേണ്ടെന്നു വച്ചിരിക്കാം. പക്ഷെ അപ്പോഴൊക്കെ നാം ഓര്‍ക്കേണ്ട ഒരു കാര്യം ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. രോഗവും കഷ്ടദിനങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ സാധാരണയായി ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിനു ക്ഷീണം സംഭവിക്കാം. എന്നാല്‍ അങ്ങനെയുള്ള അവസരങ്ങളില്‍ നമ്മുടെ വിശ്വാസം അരക്കെട്ടുറപ്പിക്കണം. എന്ത് സംഭവിച്ചാലും അതെല്ലാം ദൈവം അറിഞ്ഞുകൊണ്ടു തന്നെയാണെന്ന് വിശ്വസിക്കണം. അവിടത്തെ സ്‌നേഹിക്കുന്നവര്‍ക്ക് എല്ലാം നന്മയ്ക്കായി സംഭവിക്കുന്നുവെന്നും നാം ഉറച്ചു വിശ്വസിക്കണം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.