ലൊറേറ്റോയിലെ മാതാവ്‌

തിരുക്കുടുംബത്തിനു ആശ്രയമരുളിയ മേല്‍ക്കൂരയ്ക്കു കീഴിലായിരിക്കുവാന്‍, ബാലനായ യേശു നോക്കിയ അതേ ചുവരുകളെ വീക്ഷിക്കുവാന്‍, കഠിനാധ്വാനിയായ ജോസഫ് എന്ന മരപ്പണിക്കാരന്‍ വിയര്‍പ്പൊഴുക്കിയ തറയിലൂടെ നടന്നുനീങ്ങുവാന്‍, പരിശുദ്ധ മറിയം പിഞ്ചുപൈതലിനെ കൈകളിലെടുത്തോമനിച്ച ആ ചെറിയ അറയിലേക്ക് കടന്നുചെല്ലാന്‍, ഉണ്ണിയേശുവിന്റെ കളികൊഞ്ചലുകളും, ചിരികളും മുഴങ്ങിയ ആ ഭിത്തിയിലൂടെ ഒന്ന് വിരലോടിക്കാന്‍ കൊതിക്കാത്ത ക്രൈസ്തവവിശ്വാസികള്‍ വിരളമായിരിക്കും.

പുണ്യഭൂമിയായ ഇറ്റലിയുടെ പ്രോവിന്‍സായ അങ്കോണയില്‍ നിന്നും മൈലുകള്‍ക്കപ്പുറത്തുള്ള അഡ്രിയാറ്റിക് കടല്‍തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഔര്‍ ലേഡി ഓഫ് ലൊറേ0േറ്റാ എന്ന ബസിലിക്ക ആതിഥ്യമരുളുന്നത് തിരുക്കുടുംബത്തിന്റെ ഈ ഭവനത്തിനാണ്. പരിശുദ്ധ കന്യകയുടെ ജന്മസ്ഥലം, ഗബ്രിയേല്‍ ദൂതനില്‍ നിന്നും മറിയം മംഗളവാര്‍ത്ത സ്വീകരിച്ച ഭവനം, വചനം മാംസം ധരിക്കുകയും, ബാലനായ യേശുവിന്റെ ശൈശവം തളിര്‍ക്കുകയും ചെയ്ത ആ പുണ്യഭവനം നൂറ്റാണ്ടുകളെ അതിജീവിച്ചുകൊണ്ട് അടിത്തറകൂടാതെ ലൊറേറ്റോയിലെ ബസിലിക്കയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരി. മറിയത്തിന്റെ ഭവനത്തിന്റെ അടിത്തറ ഇന്നും പലസ്തീനായിലെ നസ്രത്തില്‍ നിലകൊള്ളുന്നു. നസ്രത്തിലെ അടിത്തറയുടെ അളവുകളും, വ്യാപ്തിയും പരിശോധിച്ചപ്പോള്‍ ലോറേറ്റൊയിലെ ഈ ഭവനവുമായി അഭേദ്യമായ സാമ്യം കണ്ടെത്തി. ശാസ്ത്രം സഭയേയും, വിശ്വാസത്തേയും അംഗീകരിച്ച ചരിത്രനിമിഷമായിരുന്നു അത്.

അന്താരാഷ്ട്ര നിലവാരമുള്ള യൂറോപ്പിലെ ആദ്യത്തെ മരിയന്‍ ദേവാലയമാണ് ഔര്‍ ലേഡി ഓഫ് ലൊറേറ്റൊ. കുരിശുയുദ്ധത്തോളം പഴക്കമുണ്ട് ഇതിന്റെ ചരിത്രത്തിന്. ആദ്യകാലങ്ങളില്‍ ഈ ഭവനം ആരാധനാലയവും, തീര്‍ത്ഥാടനകേന്ദ്രവുമായിരുന്നു. 313-ാം ആണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ഒരു വലിയ ബസിലിക്ക നിര്‍മ്മിച്ച് ഈ ഭവനത്തെ ബസിലിക്കയുടെ ഭാഗമാക്കി. 1090കളില്‍ നടമാടിയ കുരിശുയുദ്ധത്തില്‍ ഹോളിലാന്റ് ആക്രമിക്കപ്പെട്ടു. ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. എങ്കിലും ഈ ഭവനം യാതൊരു കേടുപാടും കൂടാതെ നിലകൊണ്ടു. വി. ഫ്രാന്‍സിസ് സേവ്യര്‍, വി. ഇഗ്നേഷ്യസ് ലയോള തുടങ്ങിയ അനേകം വിശുദ്ധന്‍മാര്‍ മറിയത്തിന്റെ ഈ ഭവനം സന്ദര്‍ശിച്ചിട്ടുണ്ട്.

1291ല്‍ മാലാഖമാ രാല്‍ സംവഹിക്കപ്പെട്ട് മെഡിറ്റേറനിയന്‍ കടലിനു കുറുകെ ക്രോയേഷ്യയിലെ ചെറിയ പട്ടണമായ ടെര്‍സാറ്റൊയില്‍ ഈ ഭവനം സ്ഥാനമുറപ്പിച്ചു. ടെര്‍സാറ്റൊ ദേവാലയത്തിലെ പുരോഹിതനായിരുന്ന അലക്‌സാണ്ടര്‍ ജിയോഗിവിച്ച് ഈ ഭവനം കണ്ട് അത്ഭുതപ്പെട്ടു. സ്വപ്‌നത്തില്‍ പരി. മറിയം അദ്ദേഹത്തിനു പ്രത്യക്ഷപ്പെട്ട് ഇതിന്റെ ഉറവിടം വെളിപ്പെടുത്തി. അടയാളമായി പരി. മറിയം വൈദീകന്റെ വര്‍ഷങ്ങളോളം പഴക്കമുള്ള രോഗം സുഖപ്പെടുത്തി. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം തുര്‍ക്കികള്‍ അല്‍ബേനിയ ആക്രമിച്ചപ്പോള്‍ 1294ല്‍ ഭവനം വീണ്ടും അപ്രത്യക്ഷമായി. തുടര്‍ന്ന് ഡിസംബര്‍ പത്തിന് മാലാഖമാരാല്‍ സംവഹിക്കപ്പെട്ടുകൊണ്ട് അഡ്രിയാറ്റിക് കടലിനു കുറുകെ ഭവനം നീങ്ങിയതിന് ആട്ടിടയന്‍മാര്‍ സാക്ഷികളാണ്. ഇറ്റലിയിലെ റെകാന്റിയില്‍ നിന്നും നാല് മൈല്‍ അകലെയുള്ള വനപ്രദേശത്തേക്ക് എത്തപ്പെട്ട ഭവനം ചുരുങ്ങിയ നാളുകള്‍കൊണ്ട് ഒരു തീര്‍ത്ഥാടനകേന്ദ്രമായി പ്രശസ്തിയാര്‍ജിച്ചു. വീണ്ടും രണ്ടുതവണ കൂടി സ്ഥാനമാറ്റം സംഭവിച്ചതിനുശേഷം ലൊറേറ്റോയിലെ ഇപ്പോഴുള്ള സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു.

1920 മാര്‍ച്ച് 24ന് ബെനഡിക്റ്റ് അഞ്ചാമന്‍ മാര്‍പ്പാപ്പ ഔര്‍ ലേഡി ഓഫ് ലൊറേറ്റൊയെ വ്യോമസഞ്ചാരികളുടെ മദ്ധ്യസ്ഥയാക്കി. അടിത്തറയില്ലാത്ത ചുവരുകളും മേല്‍ക്കൂരയുമായി നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിട്ടും സുദൃഢമായി നിലകൊള്ളുന്ന ഈ ഭവനത്തെ ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങള്‍ ആദരവോടെയാണ് വീക്ഷിക്കുന്നത്. ഭവനത്തിന്റെ ചുവരുകള്‍ക്കു ചുറ്റും കൊത്തുപണികളോടുകൂടിയ മാര്‍ബിള്‍ഫലകങ്ങള്‍കൊണ്ട് ആവരണം നിര്‍മ്മിച്ചിരിക്കുന്നു. പരി. മറിയം ബാലനായ യേശുവിനെ കൈകളിലേന്തിനില്‍ക്കുന്ന പ്രതിമയുടെ ഒരു വശത്തായി അള്‍ത്താര സ്ഥിതി ചെയ്യുന്നു. ക്രൈസ്തവവിശ്വാസത്തിന്റെ ദിവ്യസ്മാരകമായി നിലകൊള്ളുന്ന ഈ ഭവനത്തിന് എടുത്തുപറയത്തക്ക ചില സവിശേ ഷതകള്‍ ഉണ്ട്.

1) നൂറ്റാണ്ടുകളായി അത്ഭുതരോഗസൗഖ്യങ്ങളുടെ വേദിയാണ് ലൊറേറ്റൊ.
2) ഭവനനിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന കല്ലുകളും മോര്‍ട്ടാറും ഇറ്റലിയിലൊ, പ്രാന്തപ്രദേശങ്ങളിലൊ ലഭ്യമല്ലാത്തതാണ്. രാസപരിശോധനയില്‍ നിര്‍മ്മാണവസ്തുക്കള്‍ക്ക് നസ്രത്തിലെ കല്ലുകളും, മോര്‍ട്ടാറുമായി സാമ്യം കണ്ടെത്തി.
3) ഈ ഭവനത്തിന്റെ ചുവരുകള്‍ യാതൊരു അടിത്തറയും കൂടാതെ നിലകൊള്ളുന്നു.
4) 1511 മുതല്‍ ഇന്നുവരെയുള്ള എല്ലാ മാര്‍പ്പാപ്പമാരുടെ ആവര്‍ത്തിച്ചുള്ള അംഗീകാരവും, സ്ഥിരീകരണവും പരി. മറിയത്തിന്റെ ഈ ഭവനത്തിന് ലഭിച്ചിട്ടുണ്ട്.

സഞ്ചാരികളും, ഭക്തരും ഒഴിഞ്ഞ് ബസിലിക്കയുടെ വാതിലുകള്‍ വീണ്ടും കൊട്ടിയടക്കപ്പെടുമ്പോള്‍ അനേകം ഹൃദയങ്ങളെ സ്പര്‍ശിച്ച അതേ നിശബ്ദത വീണ്ടും അരിച്ചിറങ്ങുകയായി, ആ നിശബ്ദതയെ ഖണ്ഡിച്ചുകൊണ്ട് മിന്നല്‍പിണരുപോലെ നിപതിച്ച സ്വര്‍ഗീയ സന്ദേശം നിസന്ദേഹപൂര്‍വ്വം ഏറ്റുവാങ്ങിയ പരി. മറിയത്തിന്റെ ചൈതന്യം പ്രാപിക്കുവാനായി നമുക്കും പ്രാര്‍ത്ഥിക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles