വാർദ്ധക്യം: പ്രത്യാശയുടെ സന്തോഷ സാക്ഷ്യത്തിനുള്ള സവിശേഷ സമയം – ഫ്രാൻസീസ് പാപ്പാ

ഫ്രാൻസീസ് പാപ്പാ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനപരമ്പര

യോഹന്നാൻറെ സുവിശേഷത്തിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്ന, യേശു, തൻറെ ശിഷ്യരോട് വിടചൊല്ലുന്ന,  വികാരഭരിതമായ രംഗത്തിൻറെ ഉള്ളറയിലേക്ക്  നാം കടക്കുകയാണ്. വിടവാങ്ങൽ പ്രസംഗം ആരംഭിക്കുന്നത് സമാശ്വാസത്തിൻറെയും വാഗ്ദാനത്തിൻറെയും വാക്കുകളോടെയാണ്: “നിങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമാകരുത്” (യോഹന്നാൻ 14,1); “ഞാൻ പോയി നിങ്ങൾക്കായി ഒരു സ്ഥലം ഒരുക്കിക്കഴിയുമ്പോൾ, ഞാൻ ആയിരിക്കുന്നിടത്ത് നിങ്ങളും ആയിരിക്കേണ്ടതിന് ഞാൻ വീണ്ടും വന്ന് നിങ്ങളെയും എന്നോടൊപ്പം കൊണ്ടുപോകും” (യോഹന്നാൻ14: 3). കർത്താവിൻറെ മനോഹരമായ വാക്കുകൾ.

വിശ്വാസബലഹീനതയിലൂടെയുള്ള കടന്നു പോക്ക് 

ഇതു പറയുന്നതിന് അല്പം മുമ്പ്, യേശു പത്രോസിനോട്, വിശ്വാസത്തിൻറെ ദുർബ്ബലതയിലൂടെയുള്ള അവൻറെ കടന്നുപോകലിനെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് പറഞ്ഞു: “നീ പിന്നീട് എന്നെ അനുഗമിക്കും” (യോഹന്നാൻ 13:36),. ശിഷ്യന്മാർക്ക് അവശേഷിക്കുന്ന ജീവിതകാലം, അനിവാര്യമായും, സാക്ഷ്യത്തിൻറെ  ദുർബ്ബലതയിലൂടെയും സാഹോദര്യത്തിൻറെ വെല്ലുവിളികളിലൂടെയുമുള്ള കടന്നുപോകലായിരിക്കും. എന്നാൽ അത് വിശ്വാസത്തിൻറെ ആവേശകരമായ അനുഗ്രഹങ്ങളിലൂടെയുള്ള ഒരു കടന്നുപോകൽ കൂടിയായിരിക്കും: “എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികളും അവയെക്കാൾ വലിയ പ്രവൃത്തികളും ചെയ്യും” (യോഹന്നാൻ 14.12). ഇത് എന്തൊരു വാഗ്ദാനമാണെന്ന് ഒന്നു ചിന്തിച്ചു നോക്കൂ! നമ്മൾ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമോ, അഗാധവിശ്വാസം പുലർത്തുമോ  എന്ന് എനിക്കറിയില്ല!

ദൈവരാജ്യത്തിൽ ദൈവത്തിനരികെ

ഈ പ്രതീക്ഷയുടെ വികാരഭരിതവും സന്തോഷകരവുമായ സാക്ഷ്യത്തിനുള്ള സവിശേഷ സമയമാണ് വാർദ്ധക്യം. വൃദ്ധനും വൃദ്ധയും കാത്തിരിക്കുകയാണ്. കുടിക്കാഴ്ചയ്ക്കായുള്ള കാത്തിരിപ്പ്. നമ്മെയും മറ്റുള്ളവരെയും ദൈവരാജ്യത്തിലേക്ക് അടുപ്പിക്കുന്ന വിശ്വാസപ്രവൃത്തികൾ, വാർദ്ധക്യത്തിൽ,  ഊർജ്ജങ്ങളുടെയും വാക്കുകളുടെയും യുവത്വത്തിൻറെയും പക്വതയുടെയും ആവേശത്തിൻറെയും  ശക്തിക്ക് അതീതമാണ്. എന്നാൽ കൃത്യമായി ഈ രീതിയിൽ അവ ജീവിതത്തിൻറെ യഥാർത്ഥ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വാഗ്ദാനത്തെ കൂടുതൽ സുതാര്യമാക്കുന്നു. എന്താണ് ജീവിതത്തിൻറെ യഥാർത്ഥ ഭാഗധേയം? ദൈവത്തിൻറെ ലോകത്തിൽ ദൈവത്തോടൊപ്പം മേശയിൽ ഒരിടം. വയോധികനായ വ്യക്തിയുടെ വൈയക്തിക സിദ്ധികളെയും സാമൂഹിക ഗുണങ്ങളെയും പ്രോത്സാഹിപ്പിച്ചുകൊണ്ട്, കർത്താവിനായുള്ള കാത്തിരിപ്പിൻറെ സവിശേഷ ശുശ്രൂഷയ്ക്ക് നവജീവൻ പകരുകയെന്ന ദൗത്യമുള്ള  പ്രാദേശിക സഭകളിൽ എന്തെങ്കിലും പ്രത്യേക പരാമർശമുണ്ടോ എന്ന് നോക്കുന്നത് പ്രസക്തമായിരിക്കും.

നമ്മുടെ ലക്ഷ്യസ്ഥാനം കർത്താവിൻറെ വാസയിടം

നഷ്‌ടാവസരങ്ങളാലുള്ള ഖിന്നതയിൽ ചിലവഴിക്കപ്പെടുന്ന വാർദ്ധക്യം അവനവനും മറ്റെല്ലാവർക്കും എല്ലാവർക്കും വിഷാദമാണ് പകരുക. മറിച്ച്, യഥാർത്ഥ ജീവിതത്തോടുള്ള സൗമ്യതയോടും ആദരവോടും കൂടി ജീവിച്ച വാർദ്ധക്യം അതിനും അതിൻറെ വിജയത്തിനും പര്യാപ്തമായ ഒരു ശക്തിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ നിയതമായി ഇല്ലാതാക്കുന്നു. ലൗകികാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഒരു സഭയുടെ തെറ്റിദ്ധാരണ പോലും അത് ഇല്ലാതാക്കുന്നു, അതിൻറെ പൂർണ്ണതയും പൂർത്തീകരണവും നിയതമായി കൈകാര്യം ചെയ്യുന്നതിന് ഈ രീതിയിൽ ചിന്തിക്കുന്നു. വാർദ്ധക്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ നിന്ന് നാം സ്വയം മോചിതരാകുമ്പോൾ, ദൈവദത്തമായ വാർദ്ധക്യകാലം ഇതിനകം തന്നെ യേശു പറയുന്ന “മഹത്തായ” പ്രവൃത്തികളിൽ ഒന്നായി ഭവിക്കുന്നു. വാസ്തവത്തിൽ, പൂർത്തിയാക്കാൻ യേശുവിന് നൽകപ്പെടാത്ത ഒരു പ്രവൃത്തിയാണ് ഇത്: അവിടത്തെ മരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നിവ നമുക്ക് അത് സാദ്ധ്യമാക്കി! “സമയം സ്ഥലത്തേക്കാൾ മഹത്തരം” എന്നത് നമുക്ക് ഓർക്കാം. അത് പ്രാരംഭകത്വത്തിൻറെ നിയമമാണ്. നമ്മുടെ ജീവിതം ഒരു സാങ്കൽപ്പിക ഭൗമിക പൂർണ്ണതയിൽ സ്വയം അടച്ചുപൂട്ടപ്പെടുന്നതിനുള്ളതല്ല: അത് മരണത്തിലൂടെ അപ്പുറം കടക്കണമെന്നതാണ് വിധികല്പിതം. കാരണം മരണം ഒരു കടന്നുപോക്കാണ്. വാസ്തവത്തിൽ, നമ്മുടെ സ്ഥായിയായ സ്ഥലം, നമ്മുടെ ലക്ഷ്യസ്ഥാനം ഇവിടെയല്ല, അത് കർത്താവിൻറെ ചാരെയാണ്, അവിടന്ന് നിത്യം വസിക്കുന്നിടത്താണ്.

ഭൂമി: നമ്മുടെ പരിശീലന കളരി

ഇവിടെ, ഭൂമിയിൽ, നമ്മുടെ പരിശീലനകാലം, അഥവാ, “നോവിഷ്യേറ്റ്” ആരംഭിക്കുന്നു: നമ്മൾ ജീവിതത്തിൽ പരിശീലനം നേടുന്നവരാണ്, നിരവധിയായ ബുദ്ധിമുട്ടുകൾക്കിടയിലും, ദൈവിക ദാനത്തെ വിലമതിക്കാൻ പഠിക്കുന്നു, അത് പങ്കുവയ്ക്കുക എന്ന കടമയെ മാനിക്കുകയും എല്ലാവർക്കും വേണ്ടി ഫലദായകമാക്കിത്തീർക്കുകയും  ചെയ്തുകൊണ്ടാണ് ഈ അഭ്യസനം. ഭൂമിയിലെ ജീവിതകാലം ഈ കടന്നുപോകലിൻറെ കൃപയാണ്. സമയത്തെ തടഞ്ഞുനിർത്തുക, അതായത്, ശാശ്വതമായ യൗവ്വനം, പരിധിയില്ലാത്ത ക്ഷേമം, പരമ ശക്തി എന്നിവ ആഗ്രഹിക്കുക, എന്നത് അസാധ്യം മാത്രമല്ല, വ്യാമോഹവുമാണ്.

ഭൂമി: ജീവിതാരംഭ വേദി

ഭൂമിയിലെ നമ്മുടെ അസ്തിത്വം ജീവിതാരംഭ സമയമാണ്:  അത് ജീവിതമാണ്, എന്നാൽ അത് നിങ്ങളെ ഒരു സമ്പൂർണ്ണ ജീവിതത്തിലേക്ക് നയിക്കുന്നു; ദൈവത്തിൽ മാത്രം പൂർത്തീകരണം കണ്ടെത്തുന്ന ജീവിതത്തിലേക്ക്. നാം തുടക്കം മുതൽ അപൂർണ്ണരാണ്, അവസാനം വരെ നാം അപൂർണ്ണരായിരിക്കും. ദൈവത്തിൻറെ വാഗ്ദാനത്തിൻറെ നിറവേറലിൽ, ബന്ധം നേരെ മറിയുന്നു: യേശു നമുക്കുവേണ്ടി എല്ലാ കരുതലോടെയും ഒരുക്കുന്ന ദൈവത്തിൻറെ ഇടം, നമ്മുടെ മർത്യജീവിത സമയത്തേക്കാൾ മഹത്തരമാകുന്നു. ഇതാ: വാർദ്ധക്യം ഈ പൂർത്തീകരണത്തിൻറെ പ്രതീക്ഷയിലേക്ക് അടുക്കുന്നു. വാർദ്ധക്യം തീർച്ചയായും സമയത്തിൻറെ പൊരുളും നമ്മുടെ പ്രാരംഭകാലം നാം ജീവിക്കുന്ന നമ്മുടെ വാസസ്ഥാനത്തിൻറെ പരിമിതികളും നിയതമായി അറിയുന്നു. അതുകൊണ്ടുതന്നെ വർദ്ധക്യം ജ്ഞാനമുള്ളതാണ്, വൃദ്ധർ ജ്ഞാനികളാണ്. അതുകൊണ്ടാണ് സമയം കടന്നുപോകുന്നതിൽ സന്തോഷിക്കാൻ അത് നമ്മെ ക്ഷണിക്കുമ്പോൾ അത് വിശ്വസനീയമായത്: ഇത് ഒരു ഭീഷണിയല്ല, ഒരു വാഗ്ദാനമാണ്. വാർദ്ധക്യം ശ്രേഷ്ടമാണ്, അതിൻറെ കുലീനത പ്രകടിപ്പിക്കാൻ ചമഞ്ഞ് ഒരുങ്ങേണ്ട ആവശ്യമില്ല. ഒരു പക്ഷേ കുലീനതയുടെ അഭാവത്തിൽ ചായം തേച്ചു മിനുങ്ങേണ്ടി വരുന്നു. കാലം കടന്നുപോകുന്നതിൽ സന്തോഷിക്കാൻ നമ്മെ ക്ഷണിക്കുമ്പോൾ വാർദ്ധക്യം വിശ്വസനീയമാണ്: പക്ഷേ സമയം കടന്നുപോകുന്നു … അതെ, പക്ഷേ ഇത് ഒരു ഭീഷണിയല്ല, ഇത് ഒരു വാഗ്ദാനമാണ്.

വിശ്വാസദർശനത്തിൻറെ ആഴം കണ്ടെത്തുന്ന വാർദ്ധക്യം 

വിശ്വാസവീക്ഷണത്തിൻറെ ആഴം വീണ്ടും കണ്ടെത്തുന്ന വാർദ്ധക്യം, പറയപ്പെടുന്നതു പോലെ, പ്രകൃത്യാ യാഥാസ്ഥിതികമല്ല!. ദൈവത്തിൻറെ ലോകം അനന്തമായ ഇടമാണ്, ഇനി അതിൽ കാലഗതി ഭാരരഹിതമാണ്. കൃത്യമായി, അവസാനത്തെ അത്താഴ വേളയിൽ, യേശു ഈ ലക്ഷ്യോന്മുഖമായി ശിഷ്യന്മാരോട് പറഞ്ഞു: ” എൻറെ പിതാവിൻറെ രാജ്യത്തിൽ നിങ്ങളോടൊത്തു നവമായി ഇത് പാനം ചെയ്യുന്ന ദിവസം വരെ മുന്തിരിയുടെ ഈ ഫലത്തിൽ നിന്നു ഞാൻ വീണ്ടും കുടിക്കുകയില്ല” (മത്തായി 26.29). അവിടന്ന് അപ്പുറം കടക്കുന്നു. നമ്മുടെ പ്രസംഗത്തിൽ,  പലപ്പോഴും, പറുദീസ സൗഭാഗ്യങ്ങളും വെളിച്ചവും സ്നേഹവും നിറഞ്ഞതാണ്. ഒരുപക്ഷേ ജീവിത്തിൻറെ ഒരു ചെറിയ കുറവുണ്ട്. എന്നാൽ, യേശു, ജീവിതസ്പർശിയായ ഉപമകളിലൂടെ ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചു. നമുക്ക് ഇനി ഇതിന് കഴിവില്ല, അല്ലേ?  ജീവിതം മുന്നോട്ട് പോകുന്നു…

വയോധികർ ഒരു വാഗ്ദാനം

പ്രിയ സഹോദരീസഹോദരന്മാരേ, കർത്താവിനായുള്ള പ്രതീക്ഷയിൽ ജീവിച്ച  വാർദ്ധക്യത്തിന്, വിശ്വാസത്തിൻറെ  പൂർത്തികൃത “ക്ഷമായാചന” ആയിത്തീരാൻ കഴിയും, അത് എല്ലാവർക്കും നമ്മുടെ പ്രത്യാശയുടെ ഒരു കാരണം നൽകുന്നു (cf. 1 പത്രോസ് 3:15). എന്തെന്നാൽ, വെളിപാടിൻറ പുസ്തകം (അദ്ധ്യായങ്ങൾ 21-22) അവതരിപ്പിക്കുന്ന വശുദ്ധ നഗരം ലക്ഷ്യം വച്ചുകൊണ്ട് വാർദ്ധക്യം യേശുവിൻറെ വാഗ്ദാനത്തെ സുതാര്യമാക്കുന്നു. ജീവിതം നിർണ്ണായകമായ പൂർത്തീകരണത്തിനുള്ള ഒരു തുടക്കമാണെന്ന സുവാർത്ത പ്രചരിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ജീവിതഘട്ടമാണ് വാർദ്ധക്യം. വൃദ്ധർ ഒരു വാഗ്ദാനമാണ്, വാഗ്ദാനത്തിൻറെ ഒരു സാക്ഷ്യമാണ്. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ: പ്രായംചെന്നയാളുടെയും വൃദ്ധരായ വിശ്വാസികളുടെയും സന്ദേശം പോലെ, മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ദൈവം നമുക്കെല്ലാവർക്കും ഇതിന് കഴിവുള്ള ഒരു വാർദ്ധക്യം നൽകട്ടെ! നന്ദി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles