ചെപ്പിലൊളിപ്പിച്ച തിരുവോസ്തി കൊണ്ട് ബലിയര്‍പ്പിച്ച രക്തസാക്ഷിവൈദികന്റെ കഥ

ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കാല്‍വരി കുരിശിലെ ഒരു പങ്ക് തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവച്ച്, വീരോചിതമായ സഹനങ്ങളിലൂടെ രക്തസാക്ഷിത്വ മകുടം ചൂടി, ക്രൈസ്തവ സഭയുടെ ചരിത്രതാളുകളില്‍ ഇടം നേടിയ കര്‍മ്മലീത്താ വൈദീകനാണ് ഫാ. ടൈറ്റസ് ബ്രാന്‍ഡ്‌സ്മാ. ഹോളണ്ടിലെ പ്രശാന്തമായ ഗ്രാമത്തില്‍ വിരിഞ്ഞ ഈ നറുമലര്‍ ജര്‍മനിയിലെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ ചവിട്ടിമെതിക്കപ്പെട്ടപ്പോള്‍ പ്രഘോഷിക്കപ്പെട്ടത് ദൈവവിശ്വാസമായിരുന്നു.

1881 ഫെബ്രുവരി 23ന് ഹോളണ്ടിലെ ഫ്രീസ്ലാന്‍ഡില്‍ കത്തോലിക്കാ ദമ്പതികളുടെ മകനായി ജനിച്ചു അന്നോ ജോര്‍ഡ് ബ്രാന്‍ഡ്‌സ്മാ. 1898 സെപ്തംബര്‍ 17ന് ബോക്‌സ്മീറിലെ കാര്‍മലൈറ്റ് സന്ന്യാസഭാംഗമായ അന്നോ പിതാവിനോടുള്ള ആദരസൂചകമായി പിതാവിന്റെ ടൈറ്റസ് എന്ന നാമം സ്വീകരിച്ചു. 1905ല്‍ വ്രതവാഗ്ദാനം നടത്തിയ ബ്രാന്‍ഡ്‌സ്മാ അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1940 മെയ് 10ന് നാസി ജര്‍മനി ഹോളണ്ട് പിടിച്ചടക്കിയെങ്കിലും കത്തോലിക്കാസഭ പരസ്യമായി നാസിപ്രത്യയശാസ്ത്രത്തെ എതിര്‍ത്തു. കത്തോലിക്കാവിദ്യാലയങ്ങളില്‍ നിന്നും ജൂതവിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്ന നാസി ഗവണ്‍മെന്റിന്റെ ആവശ്യം ഈ വൈദീകന്‍ നിരാകരിച്ചു. കൂടാതെ കത്തോലിക്കാപത്രമാധ്യമങ്ങളിലൂടെ നാസി പ്രത്യയശാസ്ത്ര പ്രചരണത്തെ എതിര്‍ത്തു. അക്കാരണത്താല്‍ 1942 ജനുവരിയില്‍ നാസി ഭരണകൂടം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. നാല് മാസത്തെ ജയിലിലെ പീഢനങ്ങള്‍ക്കുശേഷം ഏപ്രിലില്‍ അദ്ദേഹത്തെ കുപ്രസിദ്ധമായ ഡച്ച് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് മാറ്റി.

‘‘നിങ്ങള്‍ ക്രിസ്തുവിനുവേണ്ടി ലോകത്തെ ജയിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ലോകത്തോട് യുദ്ധം ചെയ്യാനുള്ള ധൈര്യം നിങ്ങളിലുണ്ടാകണം” എന്ന ബ്രാന്‍ഡ്‌സ്മാന്‍ന്റെ വാക്കുകള്‍ അന്വര്‍ത്ഥമാകുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ തുടര്‍ന്നുള്ള സംഭവങ്ങള്‍ അരങ്ങേറിയത്. സഹതടവുകാരില്‍ നിന്നും ബ്രാന്‍ഡ്‌സ്മായ്ക്ക്് വളരെയധികം നിന്ദകളും പീഢകളും നേരിടേണ്ടിവന്നു. ക്യാമ്പില്‍ ദിവ്യബലി അര്‍പ്പിക്കുവാനുളള അനുവാദം ജര്‍മ്മന്‍കാരായ വൈദീകര്‍ക്കു മാത്രമെ ലഭിച്ചിരുന്നുളളു.

ജര്‍മ്മന്‍ വൈദീകര്‍ ദിവ്യകാരുണ്യം ഒരു ചെറിയ കണ്ണാടി ചെപ്പില്‍ ഒളിപ്പിച്ച് ബ്രാന്‍ഡ്‌സ്മായ്ക്ക് നല്‍കിയിരുന്നു. നിര്‍ദ്ദയമായ പീഢനങ്ങള്‍ക്കിടയിലും സഹതടവുകാര്‍ക്ക് പ്രത്യാശ പകര്‍ന്നും, ദിവ്യകാരുണ്യം നല്‍കിയും, തന്നെ ദ്രോഹിക്കുന്നവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചും, തനിക്കു ലഭിക്കുന്ന തുച്ഛമായ ഭക്ഷണം മറ്റുള്ളവരുമായി പങ്കുവച്ചും ബ്രാന്‍ഡ്‌സ്മാ ദിനങ്ങള്‍ കഴിച്ചുകൂട്ടി. ആരോഗ്യം ക്ഷയിച്ച ബ്രാന്‍ഡ്‌സ്മായെ ക്യാമ്പിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്ഷണവസ്തുക്കളായി മാത്രം ക്യാമ്പിലെ തടവുകാരെ കണ്ടിരുന്ന ഭിഷ്വഗരന്‍മാര്‍ക്ക് ഈ വൈദീകന്‍ മറ്റൊരു പരീക്ഷണവസ്തുവായി. 1942 ജൂലൈ 26ന് ജെസ്റ്റാപൊ എന്ന നാസി ഉദ്യോഗസ്ഥന്റെ ഉത്തരവുപ്രകാരം മാരകമായ ഒരു വിഷം കുത്തിവച്ച് ബ്രാന്‍ഡ്‌സ്മായെ വധിച്ചു. അത്് നിര്‍വ്വഹിച്ചത് കത്തോലിക്കാവിശ്വാസം ഉപേക്ഷിച്ച ഒരു നേഴ്‌സ് ആയിരുന്നു. മരണത്തിന് തൊട്ടുമുന്‍മ്പ് വൈദീകന്‍ തന്റെ ജപമാല നേഴ്‌സിനു നല്‍കി. എന്നാല്‍ ജപമാലയെക്കുറിച്ച് അറിവില്ലാതിരുന്ന നേഴ്‌സ് എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ഞങ്ങള്‍ പാപികള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും പ്രാര്‍ത്ഥിക്കണമെന്ന വളരെ ചെറിയ പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ട് ഒരു ജപമണിയില്‍ നിന്നു അടുത്ത ജപമണിയിലേക്കു നീങ്ങുവാന്‍ ബ്രാന്‍ഡ്‌സ്മാ നിര്‍ദേശിച്ചു. വൈദീകന്റെ മരണശേഷം മാനസാന്തരപ്പെട്ട ആ നേഴ്‌സ് പിന്നീട് തന്റെ ജീവിതത്തില്‍ ക്രിസ്തുവിനെ സ്വീകരിക്കുകയുണ്ടായി. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിയായ ഈ വൈദീകനെ 1985 നവംബര്‍ 3ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ധന്യ പദവിയിലേക്ക് ഉയര്‍ത്തി.

2017 ഒക്ടോബറില്‍ തന്റെ പൗരോഹിത്യത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷ വേളയില്‍ ധന്യനായ ടൈറ്റസ് ബ്രാന്‍ഡ്‌സ്മായുടെ മാദ്ധ്യസ്ഥതയില്‍ ലഭിച്ച അത്ഭുതരോഗസൗഖ്യത്തെ അനുസ്മരിക്കുന്നു കര്‍മ്മലീത്താ സഭാംഗമായ ഫാ. മൈക്കിള്‍ ഡ്രിസ്‌കോള്‍. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫ്‌ളോറിഡയിലെ ബോകാ റേറ്റണിലെ പാസ്റ്ററായിരുന്ന ഫാ. ഡ്രിസ്‌കോള്‍ പതിവ് ചെക്കപ്പിന്റെ ഭാഗമായാണ് ഡോക്ടറെ കാണാനെത്തിയത്. മെലനോമാ എന്ന അര്‍ബുദ്ദത്തിന്റെ വേരുകള്‍ തന്റെ ശരീരത്തില്‍ ആഴ്ന്നിറങ്ങിയെന്ന് മനസ്സിലാക്കിയ വൈദീകന്‍ ധന്യനാക്കപ്പെട്ട ബ്രാന്‍ഡ്‌സ്മായു ടെ കറുത്ത സ്യൂട്ടിന്റെ ഒരു കഷ്ണം തലയില്‍വച്ചുകൊണ്ട് മാദ്ധ്യസ്ഥം യാചിച്ചു. രോഗം വളരെ മൂര്‍ഛിച്ചിരുന്നതിനാല്‍ ഒരടിയന്തര ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ 84 ലിംഫ് നോഡുകളും ഒരു ഉമിനീര്‍ഗ്രന്ഥിയും നീക്കം ചെയ്യ്തു. തുടര്‍ന്ന് 35ദിവസത്തെ റേഡിയേഷന്‍ ട്രീറ്റ്‌മെന്‍ന്റിന് വിധേയനായി. ശസ്ത്രക്രിയയ്ക്കു ശേഷവും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത 10% മാത്രമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ വൈദ്യശാസ്ത്രത്തെ വിസ്മയിപ്പിച്ചുകൊണ്ട് മെലനോമയുടെ അഞ്ചാംഘട്ടത്തില്‍നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നു 76കാരനായ ഈ വൈദീകന്‍. വിശുദ്ധിയിലേക്കുള്ള ബ്രാന്‍ഡ്‌സ്മായുടെ പ്രയാണത്തിന് തന്റെ അത്ഭുതരോഗസൗഖ്യം വഴിയൊരുക്കുമെന്ന വിശ്വാസത്തിലാണ് പാം ബീച്ച് ഡയോസീസില്‍ സേവനമനുഷ്ഠിക്കുന്ന ഈ റിട്ടയേര്‍ഡ് കര്‍മ്മലീത്താ വൈദീകന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles