മാതാവ് തൊട്ടു. അച്ചന്റെ അടഞ്ഞു പോയ തൊണ്ട തുറന്നു!

2015 സെപ്റ്റംബര്‍ മാസം 6ാം തീയതി ഞായറാഴ്ച. പതിവുപോലെ വല്ലാര്‍പാടം ബസിലിക്കയില്‍ കുര്‍ബാനയ്‌ക്കെത്തിയവര്‍ നിരവധിയായിരുന്നു. സുവിശേഷവായന കഴിഞ്ഞ് വൈദികന്‍ പ്രസംഗിക്കാന്‍ തുടങ്ങി. വിശ്വാസികളില്‍ ചിലര്‍ പ്രസംഗം കേട്ട് കരയുന്നു. മറ്റുചിലര്‍ ആശ്ചര്യത്തോടെ അള്‍ത്താരയില്‍ നില്‍ക്കുന്ന വൈദികനെ നോക്കുന്നു. അള്‍ത്താരയില്‍ ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വ. നിശ്ബ്ദതയുടെ ലോകത്തുനിന്നും മാതാവ് തന്നെ കരകയറ്റിയതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. സ്വന്തം ജീവിതാനുഭവങ്ങളും മാതാവ് വഴിയായി ലഭിച്ച അനുഗ്രഹങ്ങളും പ്രഘോഷിക്കുമ്പോള്‍ മനസാക്ഷി മരവിക്കാത്തവരുടെ കണ്ണുകള്‍ ഈറനണിയാതിരിക്കില്ല എന്ന് ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വയ്ക്ക് ഉറപ്പുണ്ടായിരുന്നു.

എറണാകുളം ജില്ലയിലെ തേവരയിലായിരുന്നു മെര്‍ട്ടണച്ചന്റെ ജനനം. ഒരു വൈദികനാകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ചെറുപ്പം മുതല്‍ക്കെ അമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതില്‍ മിടുക്കനായിരുന്നു മെര്‍ട്ടണ്‍. തന്റെ ആഗ്രഹപ്രാകാരം വരാപ്പുഴ അതിരൂപതയുടെ കീഴില്‍ നിന്നും വൈദികപഠനം നടത്തി മെര്‍ട്ടണ്‍ എന്ന യുവാവ് ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വ എന്ന വൈദികനായി. നിറഞ്ഞ സന്തോഷത്തിന്റെയും ആത്മീയ അനുഭൂതിയുടെയും നാളുകള്‍… എന്നാല്‍ അല്‍പായുസു മാത്രമായിരുന്നു ആ സന്തോഷങ്ങള്‍ക്ക്. പുലര്‍കാലത്തുള്ള ജോഗിങ്ങിനിടെ ഒരു സ്ലാബിന്റെ ഇടയില്‍ ഫാദര്‍ മെര്‍ട്ടണ്‍ന്റെ കാലു കുടുങ്ങി. കാല്‍പത്തിയില്‍ ഗുരുതരമായ പരിക്ക്. ഒട്ടും നടക്കാനാവാത്ത അവസ്ഥ. കഠിനമായ വേദന. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശിച്ചത് അനേകകാലത്തെ നിര്‍ബന്ധിത. ദിവ്യബലിയര്‍പ്പണമോ സുവിശേഷ പ്രസംഗമോ ഒന്നും അദ്ദേഹത്തിനു സാദ്ധ്യമായിരുന്നില്ല. വൈദിക അധികാരികളുടെ നിര്‍ദ്ദേശപ്രകാരം ഫാദര്‍ മെല്‍ട്ടണ്‍ ആവിലാഭവനിലേക്ക് അയക്കപ്പെട്ടു. പ്രായമായ വൈദികരെ പാര്‍പ്പിക്കുന്ന വിശ്രമകേന്ദ്രമായിരുന്നു അത്. വല്ലാത്ത വിഷമം തോന്നി ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വയ്ക്ക്. പൗരോഹിത്യം സ്വീകരിച്ച് അധികം നാളുകള്‍ ആവുന്നതിനു മുമ്പു തന്നെ വിശ്രമജീവിതം, മാനസീകമായി തന്റെ വിധിയോട് പൊരുത്തപ്പെടാന്‍ മെര്‍ട്ടനച്ചന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. മാസങ്ങള്‍ കടന്നുപോയി….ജപമാലകള്‍ മാത്രമായിരുന്നു അദ്ദേഹത്തിനു അക്കാലങ്ങളിലുള്ള ഏക ആശ്രയവും ആത്മീയ സന്തോഷവും.

കാലിന്റെ വേദനയ്ക്ക് കാര്യമായ കുറവൊന്നുമില്ല. നന്നായി നടക്കാനും സാധിക്കുന്നില്ല. എങ്കിലും അദ്ദേഹത്തിനൊരു ആഗ്രഹം, വല്ലാര്‍പാടം ബസിലിക്കയില്‍ സേവനം ചെയ്യണം. അച്ചന്‍ തന്റെ ആഗ്രഹത്തെ അധികാരികളെ അറിയിച്ചു. അല്‍പം വൈമനസ്യത്തോടെയാണങ്കിലും അച്ചന്റെ ആഗ്രഹത്തിനു അധികാരികള്‍ എതിരു നിന്നില്ല. അങ്ങനെ ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വ വല്ലാര്‍പാടം ബസിലിക്കയിലെത്തി. അടിമ വയ്ക്കാന്‍ വരുന്നവരുടെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുക, കുമ്പസാരിപ്പിക്കുക എന്നീ ചെറിയ ഉത്തരവാദിത്വങ്ങളായിരുന്നു അദ്ദേഹത്തിനു വല്ലാര്‍പാടത്തുണ്ടായിരുന്നത്. തനിക്ക് നഷ്ടപ്പെട്ട ആത്മീയ സന്തോഷങ്ങള്‍ക്ക് മാതാവിന്റെ മണ്ണില്‍ വീണ്ടു മുളപൊട്ടുന്നതായി മെര്‍ട്ടണച്ചനു തോന്നി.

ആ സന്തോഷവും അധിക ദിവസം നീണ്ടു നിന്നില്ല. ഒരു സുപ്രഭാതത്തില്‍ അച്ചനു തൊണ്ടയ്ക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടു. ശബ്ദം അദ്ദേഹത്തിന്റെ തൊണ്ടയില്‍ നിന്നും പുറത്തേക്കു വരാന്‍ വല്ലാതെ ബുദ്ധിമുട്ടി. വൈദ്യശാസ്ത്രം അദ്ദേഹത്തിനു വോയ്‌സ് റെസ്റ്റ് കല്‍പിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അച്ചനു തന്റെ ശബ്ദം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ലൂര്‍ദ് ഹോസ്പിറ്റല്‍, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, അമൃത ഹോസ്പിറ്റല്‍… അങ്ങനെ അച്ചന്‍ കയറിയിറങ്ങാത്ത ആശുപത്രികളില്ല. ഹോമിയോയും ആയൂര്‍വേദവും പരീക്ഷിച്ചു. ഒന്നും ഫലം കണ്ടില്ല. ശബ്ദം നഷ്ടപ്പെട്ടതോടെ അദ്ദേഹത്തിനു കുമ്പസാരിപ്പിക്കാന്‍ സാധിക്കാതെ ആയി. ആകെ ചെയ്യുന്നത് അടിമ വയ്ക്കാനെത്തുന്നവരുടെ തലയില്‍ കൈകള്‍വച്ച് പ്രാര്‍ത്ഥിക്കുന്നു. ആ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ഓരോരുത്തരുടെ തലയില്‍ കൈവക്കെുമ്പോഴും അച്ചന്‍ ‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി’ എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു.

മാസങ്ങള്‍ കഴിഞ്ഞിട്ടും അച്ചനു ശബ്ദം തിരിച്ചുകിട്ടിയില്ല. ഒരു ദിവസം തൊണ്ടയില്‍ വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം ഡോക്ടറെ സമീപിച്ചു. തൊണ്ടയില്‍ ചെറിയ കുമിളകളുണ്ടെന്നും അത് കാന്‍സറാകാന്‍ സാധ്യതയുണ്ടെന്നും ഉടനടി ഓപ്പറേഷന്‍ ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഓപ്പറേഷനു തയ്യാറാകാതെ അച്ചന്‍ വല്ലാര്‍പാടത്തേക്കു തന്നെ മടങ്ങി. ഹൃദയം നുറുങ്ങുന്ന വേദനയിലും അദ്ദേഹം ജപമാല ചൊല്ലിക്കൊണ്ടിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം മെല്‍ട്ടണച്ചന്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് ഹാമില്‍ട്ടണ്‍ എന്ന ബ്രദറിനെ കണ്ടു. ബസിലിക്കയിലെ മരിയന്‍ ടവറില്‍ പോയി ‘എഫാത്ത’ (തുറക്കപ്പെടട്ടെ എന്നര്‍ത്ഥം) എന്നു പ്രാര്‍ത്ഥിക്കുവാന്‍ ഫാദര്‍ മെര്‍ട്ടണോട് നിര്‍ദ്ദേശിക്കുവാന്‍ മാതാവ് ബ്രദറിനു ദര്‍ശനം നല്‍കി. ബ്രദറിന്റെ നിര്‍ദ്ദേശപ്രകാരം മെര്‍ട്ടണച്ചന്‍ മരിയന്‍ ടവറില്‍ പോയി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വാക്കുകളൊന്നും പുറത്തേക്കു വരുന്നില്ല. ശബ്ദിക്കാന്‍ ശ്രമിക്കുമ്പോള്‍ ആകെ വായില്‍ നിന്നു വരുന്നത് കാറ്റ് മാത്രം. പ്രതീക്ഷ കൈവിടാതെ അച്ചന്‍ വീണ്ടും വീണ്ടും ആ വാക്കുച്ചരിച്ചു ‘എഫാത്ത….’പിറ്റേദിവസവും അദ്ദേഹം മരിയന്‍ ടവറില്‍ പോയി അന്നദ്ദേഹത്തിന് ‘എഫാത്ത’ എന്നും ‘ഹല്ലേലൂയ്യ’ എന്നും ഓരോ തവണ ഉച്ചരിക്കാന്‍ കഴിഞ്ഞു. അദ്ദേഹം വല്ലാര്‍പാടത്തമ്മയോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പതിനായിരക്കണക്കിന് ജപമാലകള്‍ ചൊല്ലി. ഒരു ദിവസം മരിയന്‍ ടവറില്‍വച്ച് ഭാഷാവരത്തില്‍ ഉറക്കെ സ്തുതിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. സ്തുതിപ്പിന്റെ സമയങ്ങളില്‍ മാത്രം അദ്ദേഹത്തിനു ശബ്ദം ലഭിച്ചു. മരിയന്‍ ടവറിലെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വയ്ക്ക് തന്റെ നഷ്ടപ്പെട്ട ശബ്ദം തിരിച്ചു കിട്ടി. കാലിനുണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളും പരിപൂര്‍ണ്ണമായും സൗഖ്യപ്പെട്ടു.

ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അര്‍പ്പിക്കുന്ന ദിവ്യ ബലിയായിരുന്നു 2015 സെപ്റ്റംബര്‍ 6 ന് വല്ലാര്‍പാടത്തുവച്ച് ഫാദര്‍ മെല്‍ര്‍ട്ടണ്‍ അര്‍പ്പിച്ചത്. അന്നത്തേ ദിവ്യബലിയില്‍ വായിച്ച സുവിശേഷം വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം 7ാം അധ്യായം 31 മുതലുള്ള തിരുവചനങ്ങളായിരുന്നു. ആ ബൈബിള്‍ ഭാഗത്ത് ബധിരനെ സുഖപ്പെടുത്താന്‍ യേശു പറഞ്ഞ വാക്ക് ‘എഫാത്ത’ എന്നതായിരുന്നു. ഒന്നാം വായന ഏശയ്യയുടെ പുസ്തകം 35 ാം അധ്യായം 4 മുതല്‍ 7 വരെയുള്ള വാക്യങ്ങള്‍. അതില്‍ ഇപ്രകാരം പറയുന്നു ‘മൂകന്റെ നാവ് സന്തോഷത്തിന്റെ ഗാനമുതിര്‍ക്കും’. ആ സന്തോഷത്തിന്റെ ഗാനമായിരുന്നു ഫാദര്‍ മെര്‍ട്ടണ്‍ ഡിസല്‍വ വല്ലാര്‍പാടം മാതാവിന്റെ മണ്ണില്‍ അന്നര്‍പ്പിച്ച ദിവ്യബലി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles