സ്വര്‍ണം നിറച്ച മത്തങ്ങ
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
ധാരാളിയായ ഒരു രാജാവ്. എല്ലാ ദിവസവും ദാനം കൊടുക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ പക്കല്‍ നിന്നു നിത്യവും ഒരേസമയത്തു ദാനം സ്വീകരിച്ചിരുന്ന രണ്ടു പേരുണ്ടായിരുന്നു. രാജാവിന്റെ കൈയില്‍നിന്നു ദാനം സ്വീകരിച്ചാലുടനെ ഒരാള്‍ രാജാവിനു നേരെ കൈകൂപ്പിക്കൊണ്ടു പറയും: ‘എല്ലാം രാജാവു തരുന്നു. രാജാവിനു നന്ദി.’ എന്നാല്‍ രണ്ടാമന്റെ പ്രതികരണം വേറെ ഒരു രീതിയിലായിരുന്നു. ദാനം സ്വീകരിച്ചാലുടനെ അയാള്‍ പറയും: ‘എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’
രണ്ടമന്റെ ഈ പ്രതികരണം രാജാവിന് അല്പം പോലും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരു ദിവസം രാജാവ് കൂടുതല്‍ പണം ദാനമായി രണ്ടാമനു നല്‍കി. അയാളുടെ പ്രതികരണത്തില്‍ വ്യത്യാസം വരുമോ എന്നറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അപ്പോഴഉം അയാള്‍ പറഞ്ഞു: ‘എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’
‘എല്ലാം ദൈവം തരുന്നു. ദൈവം തരുന്നു! ഇവനെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം!’ രാജാവു പിറുപിറുത്തു. പിറ്റേദിവസം അവര്‍ വന്നപ്പോള്‍ രാജാവു പറഞ്ഞു. ‘കൊട്ടാരത്തിനു പിന്നിലുള്ള ഇടവഴിയില്‍ നിങ്ങളിലൊരാള്‍ക്കുള്ള തുക ഞാന്‍ കരുതിവച്ചിട്ടുണ്ട്. മറ്റേയാള്‍ക്കുള്ള തുക ദൈവം കൊടുക്കും.’ ഇത്രയും പറഞ്ഞിട്ട് രാജാവ് ഒന്നാമനെ ഇടവഴിയിലൂടെ പറഞ്ഞുവിട്ടു. അയാള്‍ പോയി ഇടവഴിയില്‍ കിടക്കുന്ന പണസഞ്ചി എടുക്കുമെന്നായിരുന്നു രാജാവിന്റെ കണക്കുകൂട്ടല്‍.
എന്നാല്‍ അയാള്‍ നടന്നപ്പോള്‍ കൊട്ടാരവളപ്പിലെ കാഴ്ചകളില്‍ ശ്രദ്ധിച്ചതുകൊണ്ട് പണസഞ്ചി കണ്ടില്ല. പിന്നാലെ ചെന്ന രണ്ടാമനാകട്ടെ പണസഞ്ചി കാണുകയും അതെടുക്കുകയും ചെയ്തു. അയാള്‍ സ്വര്‍ഗത്തിലേക്കു കണ്ണുകളുയര്‍ത്തി പറഞ്ഞു: ‘എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’ പിറ്റേദിവസം അവര്‍ രണ്ടുപേരും വീണ്ടും രാജാവിന്റെ സന്നിധിയിലെത്തി. അപ്പോള്‍ രാജാവ് ചോദിച്ചു: ‘നിങ്ങള്‍ ഇടവഴിയില്‍ പണസഞ്ചി കണ്ടോ?’
കണ്ടില്ലെന്ന് ഒന്നാമന്‍ പറഞ്ഞു. രണ്ടാമനാകട്ടെ രാജാവിനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു: ‘പണസഞ്ചി ഞാന്‍ കണ്ടു. എല്ലാം ദൈവാനുഗ്രഹം. ദൈവത്തിനു നന്ദി.’ അന്നു രണ്ടുപേര്‍ക്കും രാജാവ് ഒരുപോലെ ദാനംനല്‍കി പറഞ്ഞയച്ചു. അപ്പോള്‍ ഒന്നാമന്‍ രാജാവിനെ സ്തുതിച്ചു. രണ്ടാമന്‍ ദൈവത്തെയും. അടുത്തദിവസം അവര്‍ ചെന്നപ്പോള്‍ രാജാവ് രണ്ടുപേര്‍ക്കും പണം നല്‍കി. എന്നാല്‍ ഒന്നാമന് ഒരു മത്തങ്ങകൂടി സമ്മാനിച്ചു. അപ്പോള്‍ അയാള്‍ രാജാവിനെ സ്തുതിച്ചു. തനിക്കു മത്തങ്ങ ലഭിക്കാതിരുന്നിട്ടും രണ്ടാമന്‍ പറഞ്ഞു: ‘എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’
മത്തങ്ങ തുരന്ന് അതിനുള്ളില്‍ കുറെ സ്വര്‍ണനാണയം രാജാവ് വച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ മത്തങ്ങ ലഭിച്ച ഒന്നാമന്‍ അതറിഞ്ഞില്ല. പോകുന്ന വഴിയില്‍ അയാള്‍ അത് ഒരു കച്ചവടക്കാരനു വിറ്റു. അതിന്റെ വിലയായി അയാള്‍ക്ക് ചില്ലറത്തുട്ടുകള്‍ മാത്രമേ ലഭിച്ചിുള്ളു.
കുറെകഴിഞ്ഞപ്പോള്‍ രണ്ടാമന്‍ പച്ചക്കറിക്കടയില്‍ ചെല്ലുമ്പോള്‍ രാജാവ് ഒന്നാമനു നല്‍കി മത്തങ്ങ അവിടെയിരിക്കുന്നതു കണ്ടു. അയാളതു നിസാരവിലയ്ക്കു വാങ്ങി. വീട്ടിലെത്തി അയാള്‍ മത്തങ്ങ മുറിച്ചു നോക്കിയപ്പോള്‍ അതില്‍ സ്വര്‍ണനാണയത്തുട്ടുകള്‍! അയാള്‍ സ്വര്‍ഗത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി പറഞ്ഞു: ‘എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’ പിറ്റേദിവസം ഇരുവരും രാജസന്നിധിയിലെത്തിയപ്പോള്‍ രാജാവു ചോദിച്ചു: ‘ഇന്നലെ നിങ്ങള്‍ പോയതിനുശേഷം എന്തെങ്കിലും അസാധാരണമായതു സംഭവിച്ചോ?’
മത്തങ്ങയുടെ ഉള്ളില്‍ സ്വര്‍ണനാണയം കണ്ടെത്തിയ കാര്യം ഒന്നാമന്‍ പറയുമെന്നായിരുന്നു രാജാവിന്റെ പ്രതീക്ഷ. എന്നാല്‍ അയാള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘രാജാവു തന്ന മത്തങ്ങ വിറ്റ് എനിക്കു കുറെ ചില്ലറ കിട്ടി. എല്ലാം രാജാവു തരുന്നു. രാജാവിനു നന്ദി.’ അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു: ‘ഞാന്‍ ഇന്നലെ പച്ചക്കറിക്കടയില്‍ നിന്ന് ഒരു മത്തങ്ങ വാങ്ങി. അതിനുള്ളില്‍ നിന്ന് കുറെ സ്വര്‍ണനാണയങ്ങള്‍ കിട്ടി. എല്ലാം ദൈവം തരുന്നു. ദൈവത്തിനു നന്ദി.’
ഒരു നാടോടിക്കഥയാണിത്. ഈ കഥയിലെ കാര്യം നമുക്കു പെട്ടെന്നു മനസിലാകേണ്ടതാണ്. എന്നാല്‍ ചിലര്‍ക്ക് അതു പെട്ടെന്നു മനസിലായെന്നു വരില്ല. കാരണം, അവര്‍ ഈ കഥയിലെ രാജാവിനെപ്പോലെയാണ്. അവരുടെ ധാരണ തങ്ങള്‍ തന്നെയാണു സ്വന്തം വിജയങ്ങളുടെ കാരണക്കാര്‍ എന്നാണ്. തീര്‍ച്ചയായും നമ്മുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കുള്ള ക്രഡിറ്റ് ഒരു പരിധിവരെ നമുക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ നമ്മുടെ നേട്ടങ്ങളുടെ പിന്നിലുള്ള പ്രധാന കാരണം ദൈവാനുഗ്രഹമാണെന്നതാണ് വാസ്തവം. നാം എത്രമാത്രം പരിശ്രമിച്ചാലും ദൈവാനുഗ്രഹമില്ലെങ്കില്‍ ഒന്നും നേടാന്‍ പോകുന്നില്ല. ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ലക്ഷ്യ സാധ്യത്തിനായി നമുക്കു പരിശ്രമിക്കുവാന്‍ സാധിക്കുന്നതു തന്നെ. ആരോഗ്യവും അനുകൂല സാഹചര്യങ്ങളുമില്ലെങ്കില്‍ നാം ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളില്‍ നമുക്കെങ്ങനെ വിജയം നേടാനാവും.?
നാം വലിയ മിടുക്കരാണെന്ന് കരുതുക. എന്നാല്‍ മിടുക്കു പ്രകടിപ്പിക്കുവാന്‍ നമുക്ക് അവസരം ലഭിക്കാതിരുന്നാലോ? അപ്പോള്‍ നമ്മുടെ മിടുക്കുകൊണ്ട് എന്തു ഫലം?
നമ്മുടെ കഴിവുകള്‍ വികസിപ്പിക്കുവാനും വിനിയോഗിക്കുവാനുമൊക്കെ അനുകൂല സാഹചര്യങ്ങള്‍ വേണം. ഈ അനുകൂല സാഹചര്യങ്ങള്‍ നമുക്കു ലഭിച്ചാല്‍ അതിന്റെ ക്രെഡിറ്റ് നമുക്ക് അവകാശപ്പെടാന്‍ സാധിക്കുമോ? ജീവിതവിജയത്തിന്റെ അടിസ്ഥാനം ദൈവാനുഗ്രഹമാണ്. നാം എത്ര വലിയ വിജയം കൈവരിച്ചാലും അപ്പോഴൊക്കെ പറയണം: ‘എല്ലാം ദൈവം തരുന്നു, ദൈവത്തിനു നന്ദി.’ നമ്മുടെ വിജയങ്ങളുടെ പിന്നിലുള്ള ദൈവാനുഗ്രഹത്തിന്റെ പങ്ക് എത്രമാത്രം നാം അംഗീകരിക്കുമോ അത്രമാത്രം ദൈവം നമ്മില്‍ സംപ്രീതനാകുമെന്നു തീര്‍ച്ച.