അർത്ഥമറിഞ്ഞു ചൊല്ലിയാൽ
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
“സ്വർഗസ്ഥനായ പിതാവേ,” ഭക്തൻ ഭക്തിപൂർവം പ്രാർത്ഥന ആരംഭിച്ചു. ഉടൻ സ്വർഗത്തിൽനിന്ന് ഒരു സ്വരം: “എന്തോ?”
ഭക്തൻ അസഹ്യതയോടെ പറഞ്ഞു: “ഞാൻ പ്രാർത്ഥിക്കുകയാണ്. ഇടയ്ക്കു കയറി എന്റെ പ്രാർത്ഥന മുടക്കരുത്”.
അപ്പോൾ ദൈവം പറഞ്ഞു: “പക്ഷേ, നീ എന്നെ വിളിച്ചല്ലോ?”
ഞാൻ അങ്ങയെ വിളിച്ചെന്ന് ആരു പറഞ്ഞു? ഞാൻ അങ്ങയെ വിളിച്ചില്ല. ഞാൻ എന്റെ പ്രാർത്ഥനയ്ക്ക് വീഴ്ച വരുത്താതിരിക്കാൻ പരിശ്രമിക്കുകയായിരുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഭക്തൻ പ്രാർത്ഥന പുനരാരംഭിച്ചു: “സ്വർഗസ്ഥനായ പിതാവേ…
ദൈവം ഇടയ്ക്കു കയറിപ്പറഞ്ഞു: “നീ വീണ്ടും എന്നെ വിളിച്ചല്ലോ?” “ഞാൻ വിളിച്ചെന്നോ?” അയാൾ അത്ഭുതത്തോടെ മറുചോദ്യം ചോദിച്ചു.
ദൈവം പറഞ്ഞു: “ഉവ്വ്, നീ എന്നെ സ്വർഗസ്ഥനായ പിതാവേ എന്നു വിളിച്ചു. ഇതാ ഞാൻ. എന്താണ് നിനക്കു പറയാനുള്ളത്?”
“ഞാൻ ഒന്നും പറയാൻ ഉദ്ദേശിച്ചില്ലല്ലോ. ഞാൻ വെറുതെ പ്രാർത്ഥന ചൊല്ലുകയായിരുന്നു. കർതൃപാർത്ഥന ചൊല്ലിയാൽ ഒരു സുഖമുണ്ട്. ഞാൻ അതു മുടക്കാറില്ല. അതുകൊണ്ടു ചൊല്ലുകയായിരുന്നു.”
“അങ്ങനെയെങ്കിൽ പ്രാർത്ഥന തുടരൂ.”
“അങ്ങയുടെ നാമം പൂജിതമാകണമേ.”
“അവിടെ നിർത്തു. എന്താണ് ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം?
“എന്തിന്റെ “
“പൂജിതമാകണമേ എന്നതിന്റെ…”
“അതിന്റെ അർതം, ഓ എനിക്കറിയില്ല. ഇത് ഒരു പ്രാർത്ഥനയുടെ ഭാഗമല്ലേ
ദൈവത്തിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടാകുന്നില്ലെന്നു കണ്ടപ്പോൾ ഭക്തൻ സ്വരം താഴ്സത്തി ചോദിച്ചു: “എന്താണ് അതിന്റെ അർത്ഥം?”
“എല്ലാവരാലും ബഹുമാനിക്കപ്പെടുകയും മഹത്വപ്പെടുത്തപ്പെടുകയും ചെയ്യണം എന്നാണ് അതിന്റെ അർത്ഥം.”
ഭക്തൻ പ്രാർത്ഥനയുടെ ബാക്കി ചൊല്ലി: “അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമന സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.”
“ഇപ്പോൾ പറഞ്ഞതെല്ലാം ആത്മാർത്ഥമായി പറഞ്ഞതാണോ?”
“അതേയതേ.”
“എന്നാൽ, അതിനുവേണ്ടി എന്താണു നീ ചെയ്യുന്നത്?”
“ഓ, പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല. എന്നാൽ, അങ്ങു സ്വർഗത്തിലിരുന്ന് ഇവിടത്തെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചാൽ നന്നായിരുന്നു.”
“എനിക്കു നിന്റെമേൽ നിയന്ത്രണമുണ്ടോ?”
“ഉണ്ടല്ലോ. ഞാൻ ഞായറാഴ്ച പള്ളിയിൽ പോകുന്നതാണല്ലോ?” “പക്ഷേ, നിന്റെമേൽ എനിക്കു നിയന്ത്രണം ഉണ്ടോ? ഞാൻ പറയുന്നതൊക്കെ നീ ചെയ്യുന്നുണ്ടോ? നിന്റെ സഹോദരങ്ങളെ സ്നേഹിക്കണമെന്നു ഞാൻ പറഞ്ഞിട്ടു നീ പലരേയും വെറുക്കുകയല്ലേ ചെയ്യുന്നത്? നീ പാവങ്ങളെ സഹായിക്കാറുണ്ടോ?”
“എന്റെ മേൽ അങ്ങു കുറ്റം കാണുകയാണല്ലോ. പള്ളിയിൽ മറ്റാളുകളെപ്പോലെയെങ്കിലും ഞാനും നല്ലവനല്ലേ?”
“ഞാൻ വിചാരിച്ചു, നീ പ്രാർത്ഥിച്ചത് എന്റെ ആഗ്രഹംപോലെ സംഭവിക്കണമെങ്കിൽ, ആദ്യം അങ്ങനെ പ്രാർത്ഥിച്ചവരുടെ ജീവിതത്തിലല്ലെ നടക്കേണ്ടത്?”
“ഓ, അങ്ങു പറയുന്നതു ശരിയാണെന്നു സമ്മതിക്കുന്നു. എന്റെ ജീവിതത്തിൽ മാറ്റേണ്ടതു പലതുമുണ്ട്. ഞാൻ അതിനു ശ്രമിക്കാം.
“ഇപ്പോൾ നീ പറയുന്നതിൽ കഴമ്പുണ്ട്. നിന്നെ ഞാനും സഹായിക്കാം.
“കർത്താവേ, സമയം വളരെയായി. ഞാൻ ഈ പ്രാർത്ഥന ഒന്നു തീർത്തോട്ടെ.”
“ശരി പ്രാർത്ഥന തുടർന്നു കൊള്ളൂ.”
“അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ.”
“ഭക്ഷണം അല്പം കുറച്ചാലും തരക്കേടില്ല. ഉള്ളതിൽ കുറെ പാവങ്ങൾക്കുകൂടി കൊടുക്കണം.”
“എന്റെ പ്രാർത്ഥനയ്ക്കിടയിൽ അങ്ങ് എന്റെ കുറവുകളെല്ലാം ഓർമിപ്പിക്കയാണോ?”
“പ്രാർത്ഥനയ്ക്കു നല്ല ശക്തിയുണ്ടെന്ന് അറിയില്ലേ? നന്നായി
പ്രാർത്ഥിച്ചാൽ ആളിന്റെ സ്വഭാവം തന്നെ മാറിയെന്നിരിക്കും.”
ഭക്തനു മൗനം. അപ്പോൾ ദൈവം ചോദിച്ചു: “എന്താ, പ്രാർതന തുടരുന്നില്ലേ?”
“എനിക്കു പേടിയാകുന്നു.”
“ഞാൻ ഇനി പ്രാർത്ഥിക്കുമ്പോൾ അങ്ങു പറയാൻ പോകുന്ന കാര്യത്തെ.”
“എന്തായാലും പ്രാർത്ഥന തുടർന്ന് ചൊല്ലൂ.”
“ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ.”
“നിന്നെ ഉപദ്രവിച്ച നിന്റെ അയൽക്കാരനോടു നീ ക്ഷമിച്ചോ?”
“ഇല്ല. അയാളോടു പകരം വീട്ടിയിട്ടു ബാക്കി കാര്യം.”
“അപ്പോൾ നീ പ്രാർത്ഥിച്ചതോ?”
“ഞാൻ അത്രയും ഉദ്ദേശിച്ചിട്ടില്ല.”
“നീ സത്യം പറഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. എന്നാൽ, നീ നിന്റെ അയൽക്കാരനോടു ക്ഷമിക്കാതെ നിനക്കു മനഃസമാധാനം ഉണ്ടാകില്ല എന്നു നിനക്കറിയില്ലേ?”
“ഞാൻ അയാളോട് പകരം വീട്ടുമ്പോൾ എനിക്കു സമാധാനം കിട്ടും.”
“അതു വെറുതെ വിചാരിക്കുന്നതാണ്. നീ അയാളോടു ക്ഷമിച്ചാൽ നിനക്കു സമാധാനം കിട്ടും. ഞാനും നിന്നോടു ക്ഷമിക്കും. പിന്നെ, ക്ഷമിക്കുവാൻ നിനക്കു ബുദ്ധിമുട്ടുണ്ടെന്ന് അറിയാം. അതു കൊണ്ട്, ക്ഷമിക്കുവാൻ നിന്നെ ഞാൻ സഹായിക്കാം.”
“ഇപ്പോൾത്തന്നെ അങ്ങയുടെ ശക്തി എനിക്കു ലഭിച്ചതുപോലെ തോന്നുന്നു. ഞാൻ അയാളോടു ക്ഷമിക്കുന്നു. അങ്ങും അയാളോട് ക്ഷമിക്കണം…”
“ഇപ്പോൾ മനസിനു നല്ല ആശ്വാസം തോന്നുന്നില്ലേ? ഏതായാലും പ്രാർത്ഥന പൂർത്തിയാക്കു.”
“ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിന്മയിൽ നിന്നു ഞങ്ങളെ നീ രക്ഷിക്കണമേ.”
“ഞാൻ നിന്നെ സഹായിക്കാം. എന്നാൽ, പ്രലോഭനസാഹചര്യങ്ങളിൽനിന്നു നീ അകന്നുനിൽക്കണം.”
“അതിനാണു ബുദ്ധിമുട്ട്. എങ്കിലും ഞാൻ ശ്രമിക്കാം. പക്ഷേ, ഞാൻ പരാജയപ്പെട്ടാൽ….”
“നീ സംശയിക്കേണ്ട. ഞാൻ നിന്നോടുകൂടെയുണ്ട്. സഹായത്തിനായി നീ എന്നെ വിളിച്ചാൽ പ്രലോഭനത്തിൽ വീഴില്ല.”
“നന്ദി, കർത്താവേ, നന്ദി. ഞാൻ ബാക്കികൂടെ ചൊല്ലട്ടെ… എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.”
“എനിക്കു മഹത്വം നല്കുന്നത് എന്താണെന്ന് അറിയാമോ?”
“അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാൻ ജീവിച്ചാൽ അതായിരിക്കും അങ്ങേയ്ക്കു മഹത്വം നല്കുക.”
“നീ ശരിയായി ഉത്തരം പറഞ്ഞു. നിനക്കങ്ങനെ സാധിക്കട്ടെ.”
നാം പ്രാർത്ഥിക്കുമ്പോൾ ആ പ്രാർത്ഥനയുടെ അർത്ഥം നാം ശ്രദ്ധിക്കാറുണ്ടോ? നാം പ്രാർത്ഥന ചൊല്ലുന്നതു കടമയുടെ പേരിലാണെങ്കിൽ പ്രാർത്ഥനയുടെ അർത്ഥം ശ്രദ്ധിച്ചെന്നു വരില്ല.
എന്നാൽ, പ്രാർത്ഥന ദൈവവുമായുളള ഹൃദയസംഭാഷണമാണെന്ന് ഓർമിച്ച് അങ്ങനെ പ്രാർത്ഥിച്ചാൽ പ്രാർത്ഥനയുടെ അർത്ഥം നാം അറിയും. അതുവഴി പ്രാർത്ഥനയുടെ ശക്തിയും ഫലവും നമുക്ക് അനുഭവവേദ്യമാകും. മുകളിൽക്കൊടുത്തിരിക്കുന്കഥയുടെ കർത്താവ് ആരാണെന്നറിയില്ല. എന്നാൽ, ആ കഥ നല്കുന്ന സന്ദേശം ഏറെ വ്യക്തമാണല്ലോ. അർത്ഥം അറിഞ്ഞ് ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം. അപ്പോൾ ദൈവം നമ്മോടും സംസാരിക്കുന്നതായി നാമും കേൾക്കും.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.