വളരട്ടെ, നമ്മെക്കാള്‍ മുകളിലേക്ക്

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതന്റെ പുത്രിയായിട്ടാണ് റൂത്ത് ജനിച്ചത്. അമേരിക്കയിലെ അയോവയിലുള്ള ഫോണ്ട ആയിരുന്നു ജന്മസ്ഥലം. പഠിക്കുന്നതില്‍ സമര്‍ഥയായിരുന്നു റൂത്ത്. അതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടും അവള്‍ ബിരുദപഠനത്തിന് ഇറങ്ങിത്തിരിച്ചു. സീറക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ റൂത്ത് കണക്കുപഠിപ്പിക്കുന്ന അധ്യാപികയായി. അതിനിടയിലാണു ചെറുപ്പക്കാരനും പ്രൊട്ടസ്റ്റന്റ് പുരോഹിതനുമായിരുന്ന നോര്‍മന്‍ വിന്‍സെന്റ് പീലിനെ പരിചയപ്പെടുന്നത്.

വിവാഹിതരായ പ്രൊട്ടസ്റ്റന്റ് പുരോഹിതരുടെ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാമായിരുന്ന റൂത്ത് ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതനുമായി ജീവിതം പങ്കുവയ്ക്കുന്നതിനു താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ പീലിനെ പരിചയപ്പെട്ടതോടെ അവളുടെ മനോഭാവത്തിനു മാറ്റംവന്നു. അങ്ങനെയാണ് 1930-ല്‍ പീലുമായി റൂത്തിന്റെ വിവാഹം നടന്നത്.

സാമ്പത്തിക ക്ലേശങ്ങളുടെ കാലമായിരുന്നു അവരുടെ ആദ്യവര്‍ഷങ്ങള്‍. എന്നാല്‍, പ്രസംഗകനെന്ന നിലയില്‍ പീല്‍ വന്‍വിജയമായിരുന്നു. അതിനു പുറമെ അദ്ദേഹം ഗ്രന്ഥരചനയും അരംഭിച്ചു. 1952ല്‍ പീല്‍ പ്രസിദ്ധീകരിച്ച ‘ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിംഗ്’ തുടക്കത്തിലെ വലിയൊരു ബെസ്റ്റ് സെല്ലറായി. ഇപ്പോഴും നന്നായി വിറ്റഴിയുന്ന ആ പുസ്തകം നാല്പത്തിരണ്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിന്റെ രണ്ടുകോടിയിലേറെ കോപ്പികളാണ് ഇതിനകം വിറ്റിരിക്കുന്നത്.

പ്രചോദനാത്മക സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പീല്‍ ‘ഗൈഡ് പോസ്റ്റ്‌സ്’ എന്ന മാസികയുടെ സ്ഥാപകനുമാണ്. 1984-ല്‍ അമേരിക്കന്‍ പ്രസിഡന്റ് റോണാള്‍ഡ് റെയ്ഗനില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ഏറ്റുവാങ്ങിയ പീല്‍ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്ഭരായ പ്രസംഗകരിലൊരാളായി കരുതപ്പെടുന്നു.

പീല്‍ പ്രഗല്ഭനും പ്രസിദ്ധനുമായിത്തീര്‍ന്നെങ്കില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ പിന്നിലെ പ്രധാനശക്തി ഭാര്യ റൂത്തായിരുന്നു. നല്ല സംഘാടനാപാടവവും പ്രവര്‍ത്തനശേഷിയുമുള്ള റൂത്ത് പീലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും ശക്തമായ പിന്തുണ നല്കി.

പീലിനെ എല്ലാ പ്രവര്‍ത്തനമേഖലകളിലും സഹായിച്ചിരുന്ന റൂത്ത് സ്വന്തം നിലയില്‍ത്തന്നെ അംഗീകാരം അര്‍ഹിക്കുന്ന വ്യക്തിയാണ്. ‘ഗൈഡ് പോസ്റ്റ്‌സ്’ മാസികയുടെ സഹസ്ഥാപകയായിരുന്ന അവര്‍ പ്രസംഗക എന്ന നിലയിലും എഴുത്തുകാരി എന്ന നിലയിലുമൊക്കെ ഏറെ പ്രശോഭിച്ചിട്ടുണ്ട്.

റൂത്ത് ചെറുപ്പമായിരുന്നപ്പോള്‍ സ്വന്തം സഹോദരരനായ വില്യമിനുവേണ്ടി വലിയൊരു ത്യാഗം ചെയ്ത കഥ അടുത്തകാലത്തു വായിക്കാനിടയായി. റൂത്ത് കോളേജില്‍ പഠനം തുടങ്ങന്നതിനു മുമ്പ് വില്യം കോളേജ് പഠനം ആരംഭിച്ചുകഴിഞ്ഞിരുന്നു. എ്ന്നാല്‍, സാമ്പത്തിക പ്രശ്‌നം മൂലം വില്യമിന്റെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യമായി. ഈ സമയത്തു വില്യമിനെ സഹായിക്കാന്‍ ബന്ധുക്കള്‍ക്കോ സുഹൃത്തക്കള്‍ക്കോ പണമില്ലായിരുന്നു.

അപ്പോഴാണ് വില്യമിനെ സഹായിക്കുവാന്‍ റൂത്ത് വലിയൊരു ത്യാഗം ചെയ്തത്. തന്റെ കോളേജ് പഠനം ആദ്യവര്‍ഷം പിന്നിട്ടപ്പോള്‍ പഠനം തത്കാലം നിര്‍ത്തിവച്ചിട്ട് മിഷിഗണിലെ ഡിട്രോയിറ്റില്‍ റൂത്ത് ഒരു ജോലി സമ്പാദിച്ചു. ടെലിഫോണ്‍ കമ്പനിയിലെ ആ ജോലിയില്‍ നിന്നും ലഭിച്ച വരുമാനംകൊണ്ട് വില്യമിന്റെ കോളേജ് പഠനം പൂര്‍ത്തിയാക്കുവാന്‍ അവള്‍ സാഹായിച്ചു. വില്യം പഠനം പൂര്‍ത്തിയാക്കിയതിനുശേഷം റൂത്ത് കോളേജിലേക്കു മടങ്ങി തന്റെ പഠനം തുടരുകയും ഡിഗ്രി സമ്പാദിക്കുകയുമാണ് ചെയ്തത്.

സ്വന്തം വളര്‍ച്ചയെയും ഭാവിയെയുംകാള്‍ സഹോദരന്റെ വളര്‍ച്ചയും ഭാവിയും ഉറപ്പുവരുത്തുക – അതായിരുന്നു റൂത്തിന്റെ അപ്പോഴത്തെ ചിന്ത. അത്രമാത്രം സ്‌നേഹമാണു റൂത്തിന് ആങ്ങളയോടുണ്ടായിരുന്നത്. മറ്റൊരു സഹോദരനായ ചക്കിനോടും അവര്‍ക്ക് ഇതുപോലെ സ്‌നേഹമായിരുന്നു.

നാമെല്ലാവരുംതന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതു നമ്മുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും മറ്റു കുടുംബാംഗങ്ങളെയുമൊക്കെയായിരിക്കും. എ്ന്നാല്‍ നമ്മിലെത്രപേര്‍ സ്വന്തം ഭാവി വിസ്മരിച്ചുകൊണ്ട് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സ്‌നേഹിതരുടെയുമൊക്കെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കും?

അവര്‍ നമ്മെക്കാള്‍ വളരട്ടെ എന്ന് എത്രപേര്‍ ആഗ്രഹിക്കും? അങ്ങനെയുള്ളവര്‍ ചുരുക്കമായെങ്കിലും ഉണ്ട്. അങ്ങനെയുള്ളവരുടെ ഹൃദയത്തിലെ നന്മ ഏറെ വലുതാണ് എന്നു സമ്മതിച്ചേ തീരു.

സാധാരണ ജീവിതം നയിക്കുന്നവര്‍ സ്വയം മറന്നു സ്വന്തക്കാര്‍ക്കുവേണ്ടി മാത്രം ജീവിക്കണമെന്ന് ആരും പറയില്ല. എന്നാല്‍, മറ്റുള്ളവരെ സഹായിക്കുവാന്‍ സാധിച്ചില്ലെങ്കില്‍പ്പോലും അവരുടെ വളര്‍ച്ചയ്ക്കും നന്മയ്ക്കും തടസംനില്ക്കാതിരിക്കാനാവില്ലേ?

പല കുടുംബങ്ങളിലും സഹോദരങ്ങള്‍ തമ്മിലും മറ്റു കുടുംബാംഗങ്ങള്‍ തമ്മിലുമൊക്കെ നിലനില്‍ക്കുന്ന അകല്‍ച്ചയും നീരസവുമൊക്കെ കാണുമ്പോള്‍ നാമിനിയും എത്രമാത്രം വളരാനുണ്ട് എന്നു തോന്നിപ്പോകുന്നു.

റൂത്ത് സ്വയം മറന്നു സഹോദരനെ സഹായിച്ചതുകൊണ്ടു റൂത്തിന് കാര്യമായൊരു കോട്ടവുമുണ്ടായില്ല. എന്നു മാത്രമല്ല, അവരുടെ ജീവിതത്തിന് അതുമൂലം വലിയ നേട്ടമുണ്ടാവുകയും ചെയ്തു.

സഹോദരങ്ങളും കുടുംബാംഗങ്ങളുമൊക്കെ വളരേണ്ടത് ഒരുമിച്ചാണ്. ആരും മറ്റൊരാളുടെ ചെലവില്‍ വളരാന്‍ ശ്രമിക്കേണ്ട. പരസ്പരം സഹായിച്ചും പ്രോത്സാഹിപ്പിച്ചുമൊക്കെ ഓരോരുത്തരും വളരാന്‍ ശ്രമിച്ചാല്‍ അതുവഴി എല്ലാവരുടെയും വളര്‍ച്ച ഉറപ്പാണ്. അങ്ങെ എല്ലാവരും വളരുമ്പോഴാണു കുടുംബങ്ങളിലും സമൂഹത്തിലും യഥാര്‍ത്ഥ സന്തോഷവും സമാധാനവും ഉണ്ടാവുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles