നിലക്കടലയും ജോര്‍ജ് വാഷിംഗ്ടണ്‍ കാര്‍വറും

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

ജോര്‍ജ് വാഷിംഗ്ടണ്‍ കാര്‍വര്‍ (1864-1943). നിലക്കടലയ്ക്ക് മൂന്നുറിലേറെ ഉപയോഗങ്ങള്‍ കണ്ടുപിടിച്ച് അഗ്രിക്കള്‍ച്ചറല്‍ കെമിസ്റ്റായിയിരുന്നു അദ്ദേഹം, അമേരിക്കയിലെ മിസൂറി സംസ്ഥാനത്തെ ഡയമണ്‍ഡ് ഗ്രോവ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മില്‍ ആഭ്യന്തരയുദ്ധം നടക്കുന്ന കാലമായിരുന്നു അത്. ജോര്‍ജ് ജനിച്ച് അധികം താമസിയാതെ ആ കുഞ്ഞിനെയും അവന്റെ അമ്മയേയും അടിമത്ത വ്യവസ്ഥിതിയെ അനുകൂലിച്ചിരുന്ന ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. കറുത്ത വംശജരായിരുന്ന ജോര്‍ജിന്റെ അമ്മയും ജോര്‍ജും അക്കാലത്തു മോസസ് കാര്‍വര്‍ എന്ന കൃഷിക്കാരന്റെ അടിമകളായിരുന്നു.

യുദ്ധം കഴിഞ്ഞപ്പോള്‍ ജോര്‍ജിനെ കണ്ടുപിടിക്കുവാന്‍ മോസസിനു സാധിച്ചു. എന്നാല്‍ അപ്പോഴേക്കും ജോര്‍ജിന്റെ അമ്മ മൃതിയടഞ്ഞിരുന്നു. ജോര്‍ജിന്റെ പിതാവും നേരത്തെ മരിച്ചുപോയിരുന്നതുകൊണ്ട് മോസസ് ജോര്‍ജിന്റെ സംരക്ഷണം ഏറ്റെടുത്തു. ജോര്‍ജിന് ഒരു സഹോദരനുണ്ടായിരുന്നു. ആ സഹോദരന്റെയും സംരക്ഷണം മോസസ് തന്നെ ഏറ്റെടുത്തു. സ്വന്തം മക്കളെപ്പോലെയാണ് മോസസ് ജോര്‍ജിനെയും സഹോദരനെയും വളര്‍ത്തിയത്. അവരെ സ്‌കൂളിലയച്ചു പഠിപ്പിക്കാന്‍ മോസസിന് ഏറെ കഷ്ടപ്പെടേണ്ടി വന്നു. വെള്ളക്കാരുടെ സ്‌കൂളില്‍ കറുത്തവര്‍ക്ക് അന്നു പ്രവേശനമില്ലായിരുന്നു. കറുത്തവര്‍ക്കു പ്രവേശനമുണ്ടായിരുന്ന സ്‌കൂള്‍ അടുത്തെങ്ങും ഉണ്ടായിരുന്നില്ല. തന്മൂലം ഏറെ ബുദ്ധിമുട്ടിയാണ് ജോര്‍ജ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

പഠനത്തില്‍ മിടുക്കനായിരുന്നു ജോര്‍ജ്. പക്ഷേ കറുത്തവനായി ജനിച്ചതുകൊണ്ടു കോളജില്‍ അഡ്മിഷന് വളരെ കഷ്ടപ്പെട്ടു. അയോവയിലെ ഇന്‍ഡ്യനോളയിലുള്ള സിംസണ്‍ കോളജിലെ ആദ്യത്തെ കറുത്ത വിദ്യാര്‍ഥിയായിരുന്നു ജോര്‍ജ്. കാര്‍ഷിക ശാസ്ത്രം പഠിക്കുവാനുള്ള ആഗ്രഹം മൂലം 1891-ല്‍ ജോര്‍ജ് അയോവ അഗ്രിക്കള്‍ച്ചറല്‍ കോളജിലേക്കു മാറ്റം വാങ്ങി. അവിടെ നിന്ന് 1894 -ല്‍ ബിരുദവും 1897-ല്‍ ബിരുദാനന്തര ബിരുദവും സമ്പാദിച്ചു. അപ്പോഴേക്കും അഗ്രിക്കള്‍ച്ചറല്‍ സയന്‍സിലെ വലിയൊരു വിദഗ്ധനായി ജോര്‍ജ് മാറിയിരുന്നു. താന്‍ പഠിച്ച കോളജില്‍ത്തന്നെ അധ്യാപകനായി ജോര്‍ജ് നിയമിക്കപ്പെട്ടു. അവിടെ കറുത്ത വംശജനായ ആദ്യത്തെ അധ്യാപകനായിരുന്നു ജോര്‍ജ്. ജോര്‍ജിന്റെ മികവു കേട്ടറിഞ്ഞ ബുക്കര്‍ ടി.വാഷിംഗ്ടണ്‍ കറുത്തവംശജര്‍ക്കു വേണ്ടി നടത്തിയിരുന്ന തന്റെ ടസ്‌കീഗി നോര്‍മല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കു കാര്‍വറെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് അവിടെ അധ്യാപകനായ ജോര്‍ജ് 1943-ല്‍ അന്തരിക്കുന്നതുവരെ അവിടെ സേവനം ചെയ്തു.

മണ്ണിന്റെ ഗുണം സംരക്ഷിക്കുന്നതിന് വിവിധ കൃഷികള്‍ മാറി മാറി ചെയ്യണമെന്നു നിര്‍ദേശിച്ച ജോര്‍ജാണ് അമേരിക്കന്‍ കൃഷി രീതികളെ ആദ്യമായി ആധുനികവത്കരിച്ചത്. കൃഷി സംബന്ധമായി ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ അദ്ദേഹം നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെ ആദരിച്ച് 1939-ല്‍ അമേരിക്കന്‍ പ്രസിഡന്റ് അദ്ദേഹത്തിനു സ്വര്‍ണമെഡല്‍ സമ്മാനിക്കുകയും ചെയ്തു. കൃഷിസംബന്ധമായ തന്റെ കണ്ടുപിടിത്തങ്ങള്‍ ജോര്‍ജ് സൗജന്യമായിട്ടാണ് മറ്റുള്ളവരുമായി പങ്കുവച്ചിരുന്നത്. ഒരിക്കല്‍ ഒരു സുഹൃത്ത് അദ്ദേഹത്തോടു ചോദിച്ചു: ”സ്വന്തം കണ്ടുപിടിത്തങ്ങള്‍ വിറ്റു താങ്കള്‍ക്കു ധാരാളം പണമുണ്ടാക്കിക്കൂടേ?” അപ്പോള്‍ അദ്ദേഹം പറഞ്ഞു: ”ദൈവം അവ എനിക്കു വെറുതെ തന്നതാണ്. എനിക്കെങ്ങനെ അവ മറ്റുള്ളവര്‍ക്കു വില്‍ക്കാനാവും?”

ചെറിയ ശമ്പളം വാങ്ങിയാണ് ജോര്‍ജ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളെക്കുറിച്ച് അറിയാനിടയായ ഒരു കമ്പനി അദ്ദേഹത്തിന് അന്ന് ഒരു ലക്ഷം ഡോളര്‍ പ്രതിവര്‍ഷ ശമ്പളമായി വാഗ്ദാനം ചെയ്തു. അക്കാലത്തു വലിയൊരു തുകയായിരുന്നു അത്. എന്നാല്‍ ജോര്‍ജ് പണത്തിന്റെ പുറകേ പോയില്ല. തനിക്കു കിട്ടിയ ചെറിയ ശമ്പളം കൊണ്ട് അദ്ദേഹം തൃപ്തിയോടെ ജീവിച്ചു. തന്റെ അധ്വാനഫലം മാനവരാശിയുടെ മുഴുവന്‍ നന്മയ്ക്കു വേണ്ടി വിട്ടുകൊടുത്തു.

ജോര്‍ജ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ കൊത്തി വയ്ക്കപ്പെട്ട വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”പ്രസിദ്ധിയോടൊപ്പം ധനവും അദ്ദേഹത്തിനു സമ്പാദിക്കാമായിരുന്നു. അദ്ദേഹം രണ്ടിന്റെയും പുറകേ പോയില്ല. ലോകത്തിനു നന്മ ചെയ്ത് അദ്ദേഹം സന്തോഷവും മഹത്ത്വവും കണ്ടെത്തി, ‘ ജോര്‍ജ് വാഷിംഗ്ടണ്‍ കാര്‍വര്‍ ജനിച്ചതും വളര്‍ന്നതും കടുത്ത പ്രതികൂല സാഹചര്യങ്ങള്‍ളിലായിരുന്നു. പക്ഷേ, ആ പ്രതികൂല സാഹചര്യങ്ങളൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. എന്നുമാത്രമല്ല, അവയൊക്കെ അദ്ദേഹം വിജയപൂര്‍വം തരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം മനുഷ്യര്‍ക്ക് ഉപകാരപ്രദമായ ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടത്തി തന്റെ ജീവിതം ധന്യമാക്കുകയും ചെയ്തു. ജീവിതത്തില്‍ പണവും പ്രതാപവും ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്. ഒരുപക്ഷേ, നമ്മില്‍ ചിലരും അക്കൂട്ടത്തില്‍പെടുന്നവരായിരിക്കും. പക്ഷേ, പണവും പ്രതാപവും കൈവരിച്ചതുകൊണ്ട് നമ്മുടെ ജീവിതം സന്തോഷപൂര്‍ണമാകുമോ? സംശയമാണ്.

പണവും പ്രതാപവും ഉള്ളതുകൊണ്ട് നമ്മുടെ ജീവിതം സന്തോഷരഹിതമായിരിക്കുമെന്ന് ആരും പറയില്ല. എന്നാല്‍ പണത്തിനും പ്രതാപത്തിനുമായി പരക്കം പായുന്നവര്‍ ശരിയായ സന്തോഷവും ജീവിത സംതൃപ്തിയും കണ്ടെത്തുന്നത് അപൂര്‍വമാണെന്നതാണു വാസ്തവം. ജീവിതത്തില്‍ സുഖവും സന്തോഷവും കണ്ടെത്തുവാനുള്ള എളുപ്പവഴി ലോകത്തിന് നന്മ ചെയ്യുക എന്നുള്ളതാണ്.
മറ്റു മനുഷ്യരുടെ നന്മയ്ക്ക് ഉപകരിക്കുന്ന ഒരു കാര്യം നാം ചെയ്യുമ്പോള്‍ ആ നന്മയുടെ പ്രതിഫലനം നമ്മുടെ ജീവിതത്തിലുണ്ടാകും. ജോര്‍ജ് വാഷിംഗ്ടണ്‍ കാര്‍വറെപ്പോലെയുള്ളവരുടെ ജീവിതം അതാണു നമുക്കു കാണിച്ചുതരുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles