മനുഷ്യത്വം വിജയിക്കാന്‍
~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~
വിയറ്റ്‌നാംകാരനായ ഒരു ബുദ്ധസന്യാസിയാണ് തിച്ച്ഹാന്‍. അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തില്‍ അദ്ദേഹം ഒരിക്കല്‍ ഒരു സമാധാനധ്യാനം നടത്തി. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള മുന്‍ അമേരിക്കന്‍ പട്ടാളക്കാരായിരുന്നു ആ ധ്യാനത്തിലേക്കു ക്ഷണിക്കപ്പെട്ടിരുന്നത്.
കുറ്റബോധംമൂലം മനസ്സമാധാനം നഷടപ്പെട്ടവരായിരുന്നു അവരില്‍ ഏറിയപങ്കും. ധ്യാനത്തിനിടയില്‍ യുദ്ധകാല അനുഭവങ്ങള്‍ പരസ്പരം പങ്കുവയ്ക്കാനും ചര്‍ച്ചചെയ്യാനും അവര്‍ക്ക് അവസരം ലഭിക്കുകയുണ്ടായി. ഹൃദയംതുറന്നുള്ള അവരുടെ പങ്കുവയ്ക്കലിനിടയില്‍ അമേരിക്കന്‍ പടയാളികള്‍ വിയറ്റ്‌നാമില്‍ കാട്ടിക്കൂട്ടിയ കൊടുംക്രൂരതയുടെ ഒട്ടേറെ കഥകള്‍ പുറത്തുവരികയുണ്ടായി.
ആ കഥകളിലൊന്ന്, പണത്തിനുവേണ്ടി പടയാളികള്‍ പരസ്പരം മത്സരിച്ച് വിയറ്റ്‌നാംകാരെ വെടിവച്ചു കൊന്നിരുന്ന സംഭവപരമ്പരയായിരുന്നു. എല്ലാ ദിവസവും രാവിലെ കുറെ അമേരിക്കന്‍ പടയാളികള്‍ ഒരുമിച്ചുകൂടി ഓരോരുത്തരും കുറെ പണംവീതം ഒരു മിഠായിഭരണിയിലിടും. എന്നിട്ട് അന്നു വൈകുന്നേരം ആളുകളെ കൊന്ന കണക്കെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ കാലപുരിക്കയച്ച ആളിന് ആ പണം മുഴുവന്‍ ലഭിക്കുമായിരുന്നു. പൈശാചികമായ ഈ പ്രവൃത്തി അവര്‍ നിരവധി തവണ ചെയ്തതായി ധ്യാനത്തില്‍ പങ്കെടുത്ത ഒരാള്‍ കണ്ണീരോടുകൂടി ഏറ്റുപറയുകയുണ്ടായി.
ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന പടയാളികള്‍ വെറുതേ പണം സമ്പാദിക്കുന്നതിനുവേണ്ടിയായിരുന്നില്ല ഈ ഹീനകൃത്യം ചെയ്തിരുന്നത്. അവര്‍ക്കിതു വലിയ ഒരു തമാശയായിരുന്നു. കൊല്ലുന്ന കാര്യത്തില്‍പ്പോലും നീയോ ഞാനോ കേമന്‍ എന്നു തെളിയിക്കാന്‍ വേണ്ടിയുള്ള ഒരു ക്രൂരവിനോദം!
ഇക്കഥ കേള്‍ക്കുമ്പോള്‍ മനുഷ്യര്‍ മറ്റു മനുഷ്യരോട് ഇത്രമാത്രം ക്രൂരമായി പെരുമാറുമോ എന്നു നാം സംശയിച്ചേക്കാം. കാരണം, മനുഷ്യത്വമുള്ള മനുഷ്യനു മറ്റൊരു മനുഷ്യനെ ഇത്രമാത്രം ക്രൂരമായി ഉപദ്രവിക്കാന്‍ സാധിക്കുകയില്ലെന്നതാണു വസ്തുത. എന്നാല്‍ മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യര്‍ എല്ലാ ദേശങ്ങളിലുമുണ്ട് എന്നു സമ്മതിക്കാതിരിക്കാനാവില്ല. നമ്മുടെ നാട്ടില്‍പ്പോലും മനുഷ്യത്വമില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ എത്രയോ അധികമാണ്!
ഒരുപക്ഷേ, നമ്മില്‍ പലരും മറ്റു മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായ വ്യക്തികളായിരിക്കാം. അതുപോലെതന്നെ, നമ്മില്‍ ചിലരെങ്കിലും മറ്റുള്ളവരോടു കണ്ണില്‍ച്ചോരയില്ലാതെ പെരുമാറിയിട്ടുണ്ടാവാനാണ് സാധ്യത. വിയറ്റ്‌നാമിലെ സാധുമനുഷ്യരെ അമേരിക്കന്‍ പടയാളികള്‍ വെറുതെ വെടിവച്ചുകൊന്നതുപോലെയുള്ള ക്രൂരത മറ്റു മനുഷ്യരോടു നാം ഒരിക്കലും ചെയ്യുകയില്ലെന്നതു ശരിതന്നെ. എന്നിരുന്നാലും മനുഷ്യത്വമില്ലാത്ത പ്രവൃത്തികള്‍ ചെയ്യുന്നതില്‍ നമ്മില്‍ പലരും അത്രയേറെ പിന്നിലല്ലെന്നതാണു യാഥാര്‍ഥ്യം. നമ്മുടെ നാട്ടില്‍ നടക്കുന്ന അക്രമവും അനീതിയും കാണുമ്പോള്‍ നമ്മുടെയിടയിലും മനുഷ്യത്വം നഷ്ടപ്പെട്ടവര്‍ ഉണെ്ടന്നാണല്ലോ അതു വ്യക്തമാക്കുന്നത്.
ലോസ് ആഞ്ചലസിലെ സമാധാനധ്യാനത്തിനിടയില്‍ കൊടുംക്രൂരതയുടെ കഥ ഒരാള്‍ ഏറ്റുപറഞ്ഞപ്പോള്‍ മറ്റൊരാള്‍ക്കു പറയാനുണ്ടായിരുന്നത് ഒരു മാനസാന്തരത്തിന്റെ കഥയായിരുന്നു. അക്കഥപറഞ്ഞയാള്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ ചെറുപ്പക്കാരനായ ഒരു വിയറ്റ്‌നാം പടയാളിയെ തടവുകാരനായി പിടികൂടുകയുണ്ടായി.
താന്‍ പിടികൂടിയ വിയറ്റ്‌നാംകാരന്റെ നേരേ തോക്കിന്റെ കാഞ്ചിവലിക്കാന്‍ അയാള്‍ മുതിരുമ്പോള്‍ തടവുകാരന്‍ ഇരുകൈകളും തലയ്ക്കുമുകളില്‍വച്ച് മുട്ടിന്മേല്‍നിന്നുകൊണ്ട് തന്നോടു ദയ കാണിക്കണമേ എന്നു യാചിച്ചു. അപ്പോള്‍ ഒരു ദ്വിഭാഷിയുടെ സഹായത്തോടെ അമേരിക്കന്‍ പടയാളി ചോദിച്ചു: ”നിനക്ക് എത്ര വയസുണ്ട്?” തടവുകാരന്‍ പറഞ്ഞു: ”എനിക്ക് പത്തൊമ്പതു വയസായി.”
അപ്പോള്‍ അമേരിക്കന്‍ പടയാളി പറഞ്ഞു: ”എനിക്കും പത്തൊമ്പതു വയസുണ്ട്.” അതിനുശേഷം പടയാളി ചോദിച്ചു: ”നീ എന്തു ചെയ്യുന്നു?” ഉടനെ തടവുകാരന്‍ പറഞ്ഞു: ”ഞാനൊരു വിദ്യാര്‍ഥിയാണ്.” അപ്പോള്‍ പടയാളി പറഞ്ഞു: ”ഞാനും ഒരു വിദ്യാര്‍ഥിതന്നെ.”
അല്പനിമിഷത്തെ മൗനത്തിനുശേഷം പടയാളി ചോദിച്ചു: ”നിന്റെ മാതാപിതാക്കള്‍ എവിടെ?” തടവുകാരന്‍ പറഞ്ഞു: ”ഞാന്‍ മടങ്ങിച്ചെല്ലുന്നതുംനോക്കി അവര്‍ വീട്ടില്‍ കാത്തിരിക്കുന്നു.” അപ്പോള്‍ പടയാളി പറഞ്ഞു: ”എന്റെ മാതാപിതാക്കളും ഞാന്‍ മടങ്ങിച്ചെല്ലുന്നതും നോക്കി വീട്ടില്‍ കാത്തിരിക്കുന്നു.”
ഇത്രയും പറഞ്ഞതിനുശേഷം അയാള്‍ തന്റെ ബാഗില്‍നിന്ന് ഒരു ടിന്‍ ഭക്ഷണസാധനമെടുത്തു തടവുകാരനു കൊടുത്തുകൊണ്ട് അവനെ സ്വതന്ത്രനാക്കി. അപ്പോള്‍ ആ ചെറുപ്പക്കാരന്‍ തന്റെ ജീവനുംകൊണ്ട് ഓടിമറഞ്ഞു. അല്പസമയത്തിനുശേഷം ആ ചെറുപ്പക്കാരന്‍ തിരികെവന്ന് അമേരിക്കന്‍ പടയാളിയുടെ മുമ്പില്‍ തലകുനിച്ചു നന്ദി പറഞ്ഞിട്ടു വീണ്ടും കാട്ടിനുള്ളില്‍ അപ്രത്യക്ഷനായി.
ആ സംഭവത്തിനുശേഷം താന്‍ എന്നും തോക്കു താഴേക്കു തൂക്കിയിട്ടുകൊണ്ടാണ് വിയറ്റ്‌നാമിലൂടെ നടന്നിരുന്നത് എന്ന് ഈ കഥ പറഞ്ഞ അമേരിക്കന്‍ പട്ടാളക്കാരന്‍ ധ്യാനസമയത്തു സാക്ഷ്യപ്പെടുത്തുകയുണ്ടായി.
യുദ്ധമുന്നണിയില്‍വച്ചുപോലും മനുഷ്യത്വം നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കുവാന്‍ ഈ അമേരിക്കന്‍ പടയാളിക്കു കഴിഞ്ഞു. അതിന് അയാളെ സഹായിച്ചത് താന്‍ ശത്രുവെന്നു കരുതിയ വ്യക്തി തന്നെപ്പോലെയൊരു മനുഷ്യനാണെന്ന് അയാള്‍ക്കുണ്ടായ ബോധ്യമായിരുന്നു. തന്റെ മുമ്പില്‍നിന്നു ദയയ്ക്കായി യാചിച്ച വിയറ്റ്‌നാംകാരന്‍ തന്നെപ്പോലെ ചെറുപ്പമാണെന്നും സ്വപ്നങ്ങള്‍ ഉള്ളവനാണെന്നും അമേരിക്കന്‍ പടയാളിക്കു മനസിലായി. പെട്ടെന്ന് അയാളിലെ മനുഷ്യത്വം ഉണര്‍ന്നു. ശത്രുഗണത്തില്‍പ്പെട്ടയാളായിട്ടുപോലും ആ വിയറ്റ്‌നാംകാരനോടു കാരുണ്യപൂര്‍വം അയാള്‍ പെരുമാറി.
അയാളിലെ മനുഷ്യത്വത്തിന്റെ വിജയമായിരുന്നു അപ്പോളവിടെ സംഭവിച്ചത്. മറ്റുള്ളവരും നമ്മെപ്പോലെ മനുഷ്യരാണെന്നും ജീവിതത്തില്‍ നാം പ്രതീക്ഷിക്കുന്ന സ്‌നേഹവും കാരുണ്യവുമൊക്കെ മറ്റുള്ളവര്‍ നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നുണെ്ടന്നും ഓര്‍മിച്ചാല്‍ നാം ഒരിക്കലും ആരോടും ക്രൂരമായി പെരുമാറുകയില്ല.
പലപ്പോഴും മറ്റുള്ളവരെ മനസിലാക്കുന്നതില്‍ നാം പരാജയപ്പെടുന്നതുകൊണ്ടല്ലേ അവരോടു മനുഷ്യത്വപൂര്‍വം പെരുമാറാന്‍ നമുക്കു സാധിക്കാതെ പോകുന്നത്? നമുക്കു ചുറ്റുമുള്ള എല്ലാവരും നമ്മെപ്പോലെ മനുഷ്യര്‍ തന്നെ. അവരോട് എപ്പോഴും ഹൃദയമുള്ള മനുഷ്യരെപ്പോലെ മനുഷ്യത്വത്തോടെ നമുക്കു പെരുമാറാം. അപ്പോള്‍ ഒരിക്കലും നാം ആരോടും ക്രൂരമായി പെരുമാറാനിടവരില്ല.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.