ഒരു കല്യാണവും ഒരു ചാക്ക് അരിയുടെ തുകയും

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

ഒറ്റ നോട്ടത്തില്‍ നല്ല ചേര്‍ച്ചയുള്ള പെണ്ണും ചെറുക്കനും. മനോഹരമായി അലംകൃതമായ കല്യാണമണ്ഡപം. രൂചിയേറിയ സദ്യ. നൂറുകണക്കിനു വിരുന്നുകാര്‍. അവരുടെയെല്ലാവരുടെയും മുഖവും മനസ്സും നിറയെ ആഹ്ലാദം. അന്നാട്ടിലെ വലിയൊരു ഭൂവുടമയായ ഭൂപേന്ദ്രപ്രസാദിന് മകന്റെ കല്യാണം കഴിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു.

കുറെ ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ മരുമകളോട് ചോദിച്ചു: ‘മോളെ, നിങ്ങളുടെ കല്യാണത്തിനു ഞാന്‍ എന്തുമാത്രം പണം ചെലവഴിച്ചുവെന്ന് നിനക്കു പറയാമോ?’

മരുമകളുടെ ബുദ്ധിശക്തി പരിശോധിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ചോദ്യം കേട്ടപ്പോള്‍ മരുമകള്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു: ‘ഒരു ചാക്ക് അരിയുടെ തുക.’

മറുപടി കേട്ടപ്പോള്‍ ഭൂപേന്ദ്രപ്രസാദിനൊരു ഞെട്ടല്‍. ‘ഒരു ചാക്ക് അരിയുടെ തുകയോ?’ അയാള്‍ വിക്കിവിക്കി പറഞ്ഞു. ‘വിഡ്ഢിപ്പെണ്ണേ, നിങ്ങളുടെ കല്യാണത്തിനുവേണ്ടി ലക്ഷങ്ങളാണു ഞാന്‍ മുടക്കിയത്!’

മരുമകള്‍ അപ്പോള്‍ ഒന്നും പറഞ്ഞില്ല. അവള്‍ തന്റെ ജോലി തുടര്‍ന്നു. തന്റെ മകനു ലഭിച്ച ഭാര്യ ഒരു പൊട്ടിപ്പെണ്ണാണല്ലോ എന്നോര്‍ത്ത് അയാള്‍ വിലപിച്ചു.

കുറെദിവസം കഴിഞ്ഞപ്പോള്‍ ഭൂപേന്ദ്രപ്രസാദും മകനും മരുമകളുംകൂടി ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. അവരുടെ യാത്രയ്ക്കിടെ ഒരു ശവമഞ്ചവുമായി കുറെപ്പേര്‍ എതിരേ വരുന്നുണ്ടായിരുന്നു. ‘ആരാണ് മരിച്ചത്?’ ശവമഞ്ചത്തിന്റെ പിന്നാലെ നടന്നിരുന്ന ഒരാളോട് അയാള്‍ ചോദിച്ചു.

അപ്പോള്‍ ഭൂപേന്ദ്രയുടെ മരുമകള്‍ ആ ആളിനോടുതന്നെ ചോദിച്ചു : ‘ഒരാളാണോ മരിച്ചത്, അതോ അമ്പതുപേരാണോ മരിച്ചത്!’ മരുമകളുടെ ചോദ്യം കേട്ട് ഭൂപേന്ദ്ര ഞെട്ടി. മറുപടിക്കായി കാത്തുനില്‍ക്കാതെ അയാള്‍ വേഗം മുന്നോട്ടു നടന്നു.

കുറെ കഴിഞ്ഞപ്പോള്‍ അവര്‍ വയലിനരികിലൂടെ നടക്കാന്‍ തുടങ്ങി. അവിടെ കൊയ്തുകൊണ്ടിരുന്നവരോട് ഭൂപേന്ദ്ര ചോദിച്ചു: ‘നിങ്ങള്‍ക്കു നല്ല വിളവുണ്ടെന്നു തോന്നുന്നല്ലോ?’ പ്രതികരിക്കാന്‍ അവസരം നല്‍കാതെ മരുമകള്‍ അവരോടു ചോദിച്ചു: ‘നിങ്ങള്‍ ഇക്കൊല്ലത്തെ വിളവാണോ അതോ കഴിഞ്ഞകൊല്ലത്തെ വിളവാണോ എടുക്കുന്നത്?’

അവരുടെ മറുപടി കേള്‍ക്കുന്നതിനു മുമ്പ് ഭൂപേന്ദ്ര മകനോടു പറഞ്ഞു: ‘നിന്റെ ഭാര്യയ്ക്കു ഭ്രാന്താണ്! അവളുടെ വിഡ്ഢിച്ചോദ്യം കേട്ടില്ലേ?’

‘വിഡ്ഢിച്ചോദ്യങ്ങളോ?’ മകന്‍ അദ്ഭുതം പ്രകടിപ്പിച്ച് പറഞ്ഞു. ‘അവള്‍ പറയുന്നതു വിഡ്ഢിത്തമാണെന്നു തോന്നാം എന്നാല്‍, അവള്‍ പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് ഒന്നു ചോദിച്ചു നോക്കൂ.’

ഭൂപേന്ദ്ര അപ്പോള്‍ മരുമകളോട് ഒന്നും ചോദിച്ചില്ല. പിന്നീട് അവളെ തനിയെ കണ്ടപ്പോള്‍ ചോദിച്ചു: ‘മോളെ, ഒരാളാണോ അമ്പതുപേരാണോ മരിച്ചതെന്ന് നീ അവരോട് ചോദിച്ചതിന്റെ അര്‍ത്ഥമെന്തായിരുന്നു?’

‘ചില ആളുകള്‍ മരിക്കുമ്പോള്‍ അവരുടെ സ്വന്തക്കാര്‍ അനാഥരാകുന്നു.’ മരുമകള്‍ പറഞ്ഞു. ‘അതായത്, അവര്‍ മരിച്ചവരെപ്പോലെയാകുന്നു. പിന്നെ അവര്‍ക്കു സഹായമായി ആരുമുണ്ടാവില്ല. അതുകൊണ്ടാണ് ഞാന്‍ അവരോട് അങ്ങനെ ചോദിച്ചത്.’

‘കൊയ്ത്തുകാരോട് ചോദിച്ചതിന്റെ അര്‍ത്ഥമോ?’ ഭൂപേന്ദ്ര ചോദിച്ചു. ‘കര്‍ഷകര്‍ എന്നും കടക്കെണിയില്‍ വീര്‍പ്പുമുട്ടുന്നവരാണ്.’ മരുമകള്‍ വിശദീകരിച്ചു. ‘ അവര്‍ കഴിഞ്ഞ വര്‍ഷത്തെ കടം വീട്ടിക്കഴിഞ്ഞോ അതോ ഇപ്പോഴും കടക്കെണിയില്‍ത്തന്നെയാണോ എന്നായിരുന്നു ഞാന്‍ ചോദിച്ചതിന്റെ അര്‍ത്ഥം.

മരുമകളുടെ വിശദീകരണത്തില്‍ കാര്യമുണ്ടെന്നു ഭൂപേന്ദ്രപ്രസാദിനു തോന്നു. അയാള്‍ വീണ്ടും മരുമകളോടു ചോദിച്ചു: ‘ഒരു ചോദ്യംകൂടി. കല്യാണത്തിനു ഞാന്‍ ഒരു ചാക്ക് അരിയുടെ തുകയേ ചെലവഴിച്ചുള്ളു എന്നു പറഞ്ഞതിന്റെ അര്‍ത്ഥമെന്തായിരുന്നു?’

ഉടനെ മരുമകള്‍ പറഞ്ഞു: ‘കല്യാണത്തിന് ആവശ്യമായിരുന്ന കാര്യങ്ങള്‍ക്കുവേണ്ടി അങ്ങ് ചെലവഴിച്ച തുക ഒരു ചാക്ക് അരിയുടെ തുകയോളമെ വരൂ. ബാക്കി തുകയെല്ലാം അങ്ങ് ചെലവഴിച്ചത് അങ്ങയുടെ പ്രതാപം മറ്റുള്ളവരെ ബോധ്യപ്പെടുത്താനാണ്. അതായത്, അങ്ങ് പണം ചെലവഴിച്ചത് അങ്ങേയ്ക്കുവേണ്ടിയായിരുന്നു.’

നേപ്പാളില്‍ നിന്നുള്ള ഈ നാടോടിക്കഥ കേള്‍ക്കുമ്പോള്‍ ഭൂപേന്ദ്രയുടെ മരുമകളുടെ ചിന്താരീതിയെക്കുറിച്ചു നമുക്ക് വിസ്മയം തോന്നാം. കാരണം, അത്രമാത്രം ആഴത്തിലേക്കിറങ്ങി ചിന്തിക്കുന്ന ഒരു ശൈലിയാണ് ആ യുവതിയുടേത്.

ജീവിതത്തെക്കുറിച്ചു വളരെ ഉപരിപ്ലവമായ രീതിയില്‍ മാത്രമേ നാം സാധാരണയായി ചിന്തിക്കാറുള്ളു. അതുകൊണ്ടുതന്നെ ജീവിതത്തിലെ കാതലായ കാര്യങ്ങളെക്കാളുപരി പൊങ്ങച്ചത്തിനും ആര്‍ഭാടത്തിനുമൊക്കെ നാം സ്ഥാനം കൊടുക്കുന്നു.

ഭൂപേന്ദ്ര അയാളുടെ മകന്റെ കല്യാണം ആര്‍ഭാടപൂര്‍ണമാക്കിയത് അയാളുടെ പ്രൗഢി തെളിയിക്കാനായിരുന്നു. അല്ലാതെ മകനോടുള്ള സ്‌നേഹം കൊണ്ടുമാത്രമായിരുന്നില്ല. ഭൂപേന്ദ്രയുടെ നടപടി അതായിരിക്കുന്ന രീതിയില്‍ കാണാനും വിലയിരുത്താനും സാധിച്ചു എന്നതായിരുന്നു അയാളുടെ മരുമകളുടെ മിടുക്ക്.

നാം ജീവിതത്തില്‍ ചെയ്തുകൂട്ടുന്ന ഓരോരോ കാര്യങ്ങളുടെയും ആന്തരാര്‍ത്ഥം നമുക്ക് കാണാനാവണം. അങ്ങനെ കാണാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതശൈലിയില്‍ മാറ്റംവരുമെന്നതില്‍ സംശയംവേണ്ട.

നമ്മുടെ ജീവിതത്തിലെ കാതലായ കാര്യങ്ങളായ സ്‌നേഹവും സാഹോദര്യവും ദയയും ക്ഷമാശീലവുമൊക്കെ നമ്മുടെ കണ്‍മുന്നില്‍ എപ്പോഴുമുണ്ടെങ്കില്‍ നാം വെറുതെ നമ്മുടെ ആയുസ്സും സമ്പത്തുമൊക്കെ ഉപരിപ്ലവമായ കാര്യങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കില്ല.

നമ്മുടെ ജീവിത്തിലുണ്ടാകുന്ന പല സംഘര്‍ഷങ്ങളുടെയും തകര്‍ച്ചകളുടെയും കാരണം നാം ഉപരിപ്ലവമായ കാര്യങ്ങളുടെ പിന്നാലെ പോകുന്നുവെന്നതാണ്. ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ നമുക്കു കാണാന്‍ ശ്രമിക്കാം. അപ്പോള്‍, തരംതാണ കാര്യങ്ങള്‍ക്കുവേണ്ടി വിലയേറിയ ജീവിതം നാം മാറ്റിവയ്ക്കില്ല. എന്നു മാത്രമല്ല, ജീവിതത്തെക്കുറിച്ചു ശരിയായ ഉള്‍ക്കാഴ്ച നമുക്കു ലഭിക്കുകയും ചെയ്യും.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles