ഫലകത്തില്‍ കുറിച്ചുവച്ചത്

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

 

ചൈനയിലെ ഒരു ഗ്രാമം. അവിടെ വൃദ്ധരായ മൂന്നു സഹോദരങ്ങള്‍ ഒരുമിച്ചു താമസിച്ചിരുന്നു. പ്രായമേറെ ചെന്നതുകൊണ്ട് അവര്‍ക്കു മൂന്നുപേര്‍ക്കും കാഴ്ച കുറവായിരുന്നു. സഹോദരങ്ങളില്‍ ഏറ്റവും മൂത്തയാളായിരുന്നു കുടുംബത്തിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്.

ഒരു ദിവസം ഏറ്റവും ഇളയ സഹോദരന്‍ മറ്റു രണ്ടുപേരോടുമായി പറഞ്ഞ: ‘മൂത്ത ജ്യേഷ്ഠന്റെ കണ്ണിന്റെ കാഴ്ച വളരെ കുറഞ്ഞു. അതുകൊണ്ട് പണമിടപാടുകളില്‍ പലപ്പോഴും തെറ്റുവരാനിടയുണ്ട്. നിങ്ങള്‍ രണ്ടുപേര്‍ക്കു സമ്മതമാണെങ്കില്‍ പണം ഞാന്‍ കൈകാര്യം ചെയ്തുകൊള്ളാം.’

അപ്പോള്‍ രണ്ടാമത്തെ സഹോദരന്‍ പറഞ്ഞു: ‘നിന്റെ സംസാരം കേട്ടാല്‍ തോന്നും നിന്റെ കണ്ണനു നല്ല കാഴ്ചയുണ്ടെന്ന്. കണ്ണിന്റെ കാഴ്ചശക്തി നോക്കിയാണു പണം കൈകാര്യം ചെയ്യുന്ന ആളെ തീരുമാനിക്കുന്നതെങ്കില്‍ അതിനുള്ള അര്‍ഹത എനിക്കാണ്. നിങ്ങള്‍ രണ്ടുപേരേക്കാളും നന്നായി എനിക്കു കാണുവാന്‍ സാധഇക്കും.’

‘ഇക്കാര്യത്തില്‍ എനിക്കും സംശയമുണ്ട്,’ മൂത്ത സഹോദരന്‍ പറഞ്ഞു: ‘എനിക്കുള്ളിടത്തോളം കാഴ്ചശക്തി നിങ്ങള്‍ക്കുണ്ടെന്നു തോന്നുന്നില്ല.’

പക്ഷെ, മൂത്ത സഹോദരന്റെ ഈ അവകാശവാദം സമ്മതിച്ചുകൊടുക്കാന്‍ മറ്റു രണ്ടുപേര്‍ തയ്യാറായില്ല അപ്പോള്‍ മൂത്തയാള്‍ പറഞ്ഞു: ‘അങ്ങനെയെങ്കില്‍ നമ്മുടെ കാഴ്ചശക്തി നമുക്കൊന്നു പരീക്ഷിച്ചു കളയാം. നമ്മുടെ അടുത്തുള്ള ആശ്രമത്തിന്റെ പ്രധാന കവാടത്തിനു മുകളില്‍ ഇന്നു വൈകുന്നേരം ഒരു ഫലകം സ്ഥാപിക്കുന്നുണ്ട്. നാളെ നമുക്കാ അവിടെപ്പോയി ആ ഫലകം വായിക്കാന്‍ ശ്രമിക്കാം. ഫലകത്തില്‍ എഴുതിയിരിക്കുന്നത് ഏറ്റവും എളുപ്പത്തില്‍ വായിക്കുന്നയാള്‍ക്കു നമ്മുടെ പണമിടപാടു കൈകാര്യം ചെയ്യുന്ന ജോലി നല്‍കാം.’

ഈ നിര്‍ദ്ദേശം മറ്റു രണ്ടുപേര്‍ക്കും സ്വീകാര്യമായിരുന്നു. അപ്പോള്‍ മൂത്ത സഹോദരന്‍ പറഞ്ഞു: ‘നിങ്ങള്‍ വേഗം വയലില്‍പ്പോയി ജോലികള്‍ പൂര്‍ത്തിയാക്കുക.’ ഇളയ അനുജന്മാര്‍ വയലില്‍പ്പോയ അവസരം നോക്കി മൂത്ത സഹോദരന്‍ ആശ്രമത്തിലെത്തി അവിടുത്തെ ഒരു സന്യാസിയോടു ചോദിച്ചു: ‘പ്രധാന കവാടത്തില്‍ ഒരു ഫലകം സ്ഥാപിക്കുന്നു എന്നു കേട്ടല്ലോ. എന്താണ് അതില്‍ എഴുതിയിരിക്കുന്നതെന്നു പറയാമോ?’ സന്യാസി പറഞ്ഞു: ‘കണ്‍ഫ്യൂഷന്റെ ഒരു ആപ്തവാക്യമാണത്. അതിപ്രകാരമാണ്; എപ്പോഴും സത്യസന്ധത പാലിക്കുക.’

തന്റെ മിടുക്കിനെ സ്വയം അഭിനന്ദിച്ചുകൊണ്ട് മൂത്ത സഹോദരന്‍ മടങ്ങിപ്പോയി. അല്പസമയം കഴിഞ്ഞപ്പോള്‍ രണ്ടാമത്തെ സഹോദരന്‍ ഒളിഞ്ഞും പാത്തും ആശ്രമത്തിലെത്തി സന്യാസിയോടു ചോദിച്ചു: ‘പ്രധാന കവാടത്തിനു മുകളില്‍ സ്ഥാപിക്കുവാന്‍ പോകുന്ന ഫലകത്തില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് പറയാമോ?’ അപ്പോള്‍ സന്യാസി മൂത്ത സഹോദരനു നല്‍കിയ അതേ മറുപടി നല്‍കി.

രണ്ടാമത്തെ സഹോദരന്‍ ചോദിച്ചു: ‘ഫലകത്തിലെ വാചകത്തിനു ചുറ്റിലും എന്തെങ്കിലും അലങ്കാരപ്പണിയുണ്ടോ?’ ഫലകത്തിലെ വാചകത്തിനു ചുറ്റുമായി ചെറിയ പുഷ്പങ്ങളുടെ ചിത്രം വരച്ചു ചേര്‍ത്തിട്ടുണ്ട്. സന്യാസി മറുപടി പറഞ്ഞു. രണ്ടാമത്തെ സഹോദരനും സ്വയം അഭിനന്ദിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങി.

കുറെക്കഴിഞ്ഞപ്പോള്‍ മൂന്നാമത്തെ സഹോദരന്‍ ആശ്രമത്തിലെത്തി. അയാള്‍ കണ്ടതു മറ്റ് ഇരുവരും കണ്ട സന്യാസിയെത്തന്നെ. അവര്‍ ചോദിച്ച ചോദ്യമാണ് സന്യാസിയോട് അയാളും ചോദിച്ചത് മറ്റു രണ്ടുപേര്‍ക്കും നല്‍കിയ ഉത്തരം തന്നെ സന്യാസി അയാള്‍ക്കും നല്‍കി. അപ്പോള്‍ മൂന്നാമന്‍ സന്യാസിയോടു ചോദിച്ചു: ‘ഫലകത്തില്‍ ആപ്തവാക്യം കൂടാതെ മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടോ?’

‘ഉണ്ട്. ഫലകം ദാനം ചെയ്ത ആളായ വാംഗ്‌ലീയുടെ പേര് അടിയില്‍ ചേര്‍ത്തിട്ടുണ്ട്.’ സന്യാസി പറഞ്ഞു. മൂന്നാമനും സ്വയം അഭിനന്ദിച്ചുകൊണ്ടാണ് വീട്ടിലേക്കു മടങ്ങിയത്. പിറ്റെദിവസം മൂന്നുപേരും ആശ്രമത്തിലേക്കു പോയി.

പ്രധാന കവാടത്തിന് അടുത്തെത്തുന്നതിനു മുമ്പേ മൂത്ത സഹോദരന്‍ പറഞ്ഞു: ഫലകത്തിലെ വാചകം എനിക്കിവിടെനിന്നുതന്നെ കാണാം. എപ്പോഴും സത്യസന്ധത പാലിക്കുക എന്നതാണ് അതില്‍ എഴുതിയിരിക്കുന്നത്..’

ഉടനേ രണ്ടാമന്‍ പറഞ്ഞു: ‘ചേട്ടന്റെ കാഴ്ചശക്തി ഞാന്‍ പ്രതീക്ഷിച്ചതിലും മെച്ചമാണ്. എങ്കിലും ഫലകത്തിലെ വാചകത്തിനു ചുറ്റുമുള്ള ചിത്രപ്പണി ചേട്ടനു കണ്ടെത്താന്‍ സാധിക്കുന്നില്ലല്ലോ?’

‘എന്തു ചിത്രപ്പണി?’ മൂത്ത സഹോദരന്‍ ചോദിച്ചു.

രണ്ടാമന്‍ പറഞ്ഞു: ‘പൂക്കള്‍ കൊണ്ടുള്ള ചിത്രപ്പണി.’

‘നിങ്ങള്‍ രണ്ടുപേരുടെയും കാഴ്ച മെച്ചം തന്നെ, എന്നാല്‍ ഫലകത്തിനടിയില്‍ അതു ദാനം ചെയ്തയാളിന്റഎ പേരുണ്ട്. അതു നിങ്ങള്‍ കണ്ടില്ലല്ലോ. കഷ്ടം!’ മൂന്നാമന്‍ പറഞ്ഞു.

‘ആരുടെ പേരാണത്?’ മറ്റു രണ്ടു സഹോദരങ്ങള്‍ ഒരേസമയം ചോദിച്ചു. ‘ഫലകം ദാനം ചെയ്ത വാംഗ്‌ലീയുടെ പേരാണത്.’ മൂന്നാമന്‍ വലിയ ഗമയില്‍ പറഞ്ഞു. അപ്പോഴാണു സന്യാസി അവിടെക്കു കടന്നുവന്നത്. അദ്ദേഹം അവരോടു പറഞ്ഞു: ‘നിങ്ങള്‍ ഫലകം കാണാന്‍ വന്നതാണ്, അല്ലേ? ക്ഷമിക്കണം ഇന്നലെ അതു സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇന്നു വൈകുന്നേരമേ സ്ഥാപിക്കൂ.’

മൂന്നും പെരുങ്കള്ളന്മാര്‍. ചൈനയില്‍ നിന്നുള്ള ഈ നാടോടിക്കഥ കേള്‍ക്കുമ്പോള്‍ ഈ സഹോദരങ്ങളെക്കുറിച്ച് നമുക്കങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. സത്യസന്ധത പാലിക്കുന്ന കാര്യത്തില്‍ ആരും ആരുടെയും പിന്നിലാകാന്‍ പാടില്ലാത്തതാണ്. എന്നാല്‍ കള്ളത്തരം കാണിക്കുന്നതിലാണ് മിക്കവരും സ്വന്തം കഴിവ് പ്രകടിപ്പിക്കാന്‍ ഉത്സാഹിക്കുന്നത്. നമ്മുടെ സമൂഹജീവിതത്തിലെ പല പാളിച്ചകളുടെയും കാരണം നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലുമുള്ള സത്യസന്ധതയില്ലായ്മയാണ് എന്നതില്‍ സംശയം വേണ്ട.

‘നിങ്ങള്‍ നിങ്ങളെത്തന്നെ സത്യസന്ധനാക്കി മാറ്റു. അപ്പോള്‍ ലോകത്തില്‍ ഒരു നുണയന്റെ എണ്ണം കുറഞ്ഞിരിക്കും.’ എന്നു ബ്രിട്ടീഷ് ചിന്തകനായ തോമസ് കാര്‍ലൈല്‍ പറഞ്ഞിരിക്കുന്നതു നാം അനുസ്മരിക്കുന്നത് നല്ലതാണ്.

നമ്മുടെ സമൂഹത്തിലെ എല്ലാവരും സത്യസന്ധരായി മാറുന്നു എന്നു കരുതുക. അപ്പോള്‍ അതുവഴിയുണ്ടാകുന്ന നമ്മുടെ വളര്‍ച്ച എത്രയോ അദ്ഭുതാവഹമായിരിക്കും! സത്യത്തെ നമുക്കു മുറുകെപ്പിടിക്കാം. അതുവഴി നമുക്ക് എന്തെങ്കിലും നഷ്ടമുണ്ടോയാല്‍ത്തന്നെ അത് യഥാര്‍ത്ഥ നഷ്ടമാവില്ല.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles