കൊടുത്താലും കിട്ടാത്തത്

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~

കോടീശ്വരനായതുകൊണ്ടുമാത്രം ഒരാൾ സന്തോഷവാനായി തീരുമോ? ഇല്ല, ഒരിക്കലുമില്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ പരമാബദ്ധം. ആരാണെന്നോ ഇപ്രകാരം പറയുന്നത്? ചാൾസ് മൈക്കിൾ സ്ക്വാബ് എന്ന അമേരിക്കൻ കോടീശ്വരൻ. വെർജീനിയയിലെ വില്യംസബർഗിലായിരുന്നു സ്ക്വാബ് (1862-1939) ജനിച്ചത്. പല ജോലികൾ ചെയ്ത് പടിപടിയായി വളർന്ന് യുഎസ് സ്റ്റീൽ കോർപ്പറേഷന്റെ ആദ്യ പ്രസിഡന്റായി തീർന്നു അദ്ദേഹം. പിന്നീട് ബത്ലഹേം സ്റ്റീൽ കോർപ്പറേഷൻ എന്ന ഭീമൻ കമ്പനി സ്ഥാപിച്ച് തന്റെ ആദ്യത്തെ കമ്പനിയുമായി മത്സരിച്ച് സ്റ്റീൽ ഉത്പാദനത്തിൽ മുന്നിലെത്തി. ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയ്ക്ക് വേണ്ടി യുദ്ധക്കപ്പലുകൾ നിർമിക്കുന്നതിന് നേതൃത്വം നൽകി. ഇക്കാലംകൊണ്ട് അദ്ദേഹം കണക്കറ്റ സ്വത്താണ് സമ്പാദിച്ചത്.

സ്വത്ത് സമ്പാദിക്കുന്നതിൽ അതിസമർഥനായിരുന്നു സ്ക്വാബ്. എന്നാൽ, താൻ സമ്പാദിച്ച സ്വത്ത് മുഴുവനും അദ്ദേഹം തനിക്കായി മാത്രം മാറ്റിവച്ചില്ല. അദ്ദേഹം വാരിക്കോരിക്കൊടുത്തു. അനാഥമന്ദിരങ്ങൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും പള്ളികൾക്കുമെല്ലാം ഉദാരമായി സംഭാവന ചെയ്തു. പാവങ്ങളെ സഹായിക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായിരുന്നു.

ഉദാരമായി കൊടുക്കുന്നതുവഴിയുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് ആരോ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “കൊടുക്കുന്നതു വഴിയുണ്ടാകുന്ന സന്തോഷമോ? ഒരാൾക്ക് അമിതമായ സ്വത്തുണ്ടെങ്കിൽ അയാൾ എത്രമാത്രം കൊടുത്താലും എന്തെങ്കിലും കൊടുത്തതായി തോന്നുമോ? തനിക്ക് ആവശ്യമില്ലാത്ത പണമല്ലേ അയാൾ കൊടുക്കുന്നത്. അങ്ങനെ കൊടുക്കുന്നതുവഴി അയാൾക്ക് എന്തെങ്കിലും ത്യാഗം സഹിക്കേണ്ടിവരുന്നുണ്ടോ? ത്യാഗം സഹിച്ചുകൊടുത്താലല്ലേ കൊടുക്കുന്നതുവഴി സന്തോഷം തോന്നു.”

താൻ പറഞ്ഞതു വിശദീകരിക്കാൻവേണ്ടി അദ്ദേഹം തുടർന്നു:

“നമുക്കു വലിയ സമ്പത്തുണ്ടെങ്കിൽ അതുവഴി വലിയ സന്തോഷം ഉണ്ടാകുമെന്നു കരുതേണ്ട. ലോകത്തിൽ ലഭ്യമായതെന്തും വില കൊടുത്തു വാങ്ങാനുള്ള കഴിവ് നമുക്കുണ്ട് എന്നു കരുതുക. പക്ഷേ, അതുവഴി എങ്ങനെ നമുക്ക് സന്തോഷമുണ്ടാകാനാണ്? എല്ലാം നമ്മുടെ കൈപ്പിടിയിൽ ഒതുക്കിയാൽ ജീവിതത്തിൽ പിന്നെ എന്തു ത്രില്ലാണുള്ളത്. ഒന്നും പ്രതീക്ഷിക്കാനും ആഗ്രഹിക്കാനുമില്ലെങ്കിൽ ജീവിതത്തിൽ നമുക്കെങ്ങനെ സന്തോഷമുണ്ടാകും?”

“ഒരുപക്ഷേ ചെറുപ്പക്കാർ അത് വിശ്വസിക്കുകയില്ലായിരിക്കും.

കോടീശ്വരനാകാൻ സാധിച്ചാൽ പിന്നെ വേറൊന്നും നേടാനില്ലെന്നായിരിക്കും അവരുടെ ചിന്ത. ശുദ്ധ അസംബന്ധം എന്നല്ലാതെ എന്താണ് ഇതിനെക്കുറിച്ച് പറയുക? ജീവിതത്തിൽ അർഥമുള്ള കാര്യങ്ങൾ പലതും പണംകൊണ്ടു വാങ്ങാൻ സാധിക്കുന്നവയല്ലായെന്ന് അവർ എന്നാണ് പഠിക്കുക?” പണമല്ല ജീവിതത്തിൽ സന്തോഷത്തിന്റെ നിദാനം എന്നു കോടീശ്വരനായ സ്ക്വാബ് മനസിലാക്കി. അതുകൊണ്ടാണ് താൻ സമ്പാദിച്ച പണം മുഴുവനും തനിക്കുവേണ്ടി മാത്രമായി അദ്ദേഹം മാറ്റിവയ്ക്കാതിരുന്നത്.

തന്റെ പണംകൊണ്ട് മറ്റുള്ളവർക്ക് നന്മ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അങ്ങനെയാണ് അദ്ദേഹം വാരിക്കോരി കൊടുക്കാൻ തീരുമാനിച്ചത്. പക്ഷേ, അങ്ങനെ കൊടുത്തപ്പോഴും അദ്ദേഹത്തിനു വലിയ സന്തോഷം തോന്നിയില്ല. കാരണം, തനിക്കാവശ്യമില്ലാതിരുന്ന അമിതസമ്പത്തായിരുന്നു കൊടുത്തുകൊണ്ടിരുന്നത്. കൊടുക്കുമ്പോൾ യഥാർഥ സന്തോഷം ഉണ്ടാകണമെങ്കിൽ നമ്മൾ ത്യാഗം സഹിച്ചുതന്നെ കൊടുക്കണമെന്നു സ്ക്വാബ് പറയുന്നു.

നമുക്ക് ധാരാളം പണമുണ്ടാകുമ്പോൾ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കാം എന്നായിരിക്കാം പലപ്പോഴും നാം കരുതുന്നത്. എന്നാൽ, സ്വപ്നം കാണുന്നതുപോലെ, അത്രയേറെ പണം നാം സമ്പാദിക്കാൻ പോകുന്നില്ല. ഇനി, ആരെങ്കിലും അങ്ങനെ പണമുണ്ടാക്കിയാൽത്തന്നെ ആ പണത്തിന്റെ എത്രഭാഗം മറ്റുള്ളവരുമായി പങ്കുവയ്ക്കും എന്നു കണ്ടറിയണം. നമ്മുടെ സമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് വലിയ പണക്കാരായി തീരുന്നതുവരെ കാത്തിരുന്നിട്ടു കാര്യമില്ല. നമുക്ക് ഉള്ളതിന്റെ ഒരു പങ്ക് അല്പം ത്യാഗം സഹിച്ചുകൊണ്ടുതന്നെ കൊടുക്കാം. അപ്പോൾ കൊടുക്കുന്നതിൽ അടങ്ങിയിരിക്കുന്ന അവാച്യമായ സന്തോഷത്തിന്റെ മാധുര്യം നമുക്കു മനസിലാകും.

നമുക്കുള്ളതിന്റെ ഒരു ഭാഗം മറ്റുള്ളവരുമായി പങ്കുവച്ചാൽ നമുക്ക് വലിയ നഷ്ടം സംഭവിക്കുമെന്നായിരിക്കും നാം കരുതുന്നത്. എന്നാൽ, നഷ്ടം വരുത്തേണ്ട എന്നുകരുതി നമ്മുടെ പണം മുഴുവനും സൂക്ഷിച്ചുവച്ചാൽ അതുവഴിയായി നമുക്ക് സന്തോഷം ഉണ്ടാകുമോ? ഒരിക്കലുമില്ല. കാരണം, സ്ക്വാബ് അനുസ്മരിപ്പിച്ചതുപോലെ ജീവിതത്തിൽ നമുക്കു സന്തോഷം പകരുന്ന പല കാര്യങ്ങളും പണം കൊടുക്കുന്നതുകൊണ്ടു മാത്രം വാങ്ങാൻ സാധികുന്നവയല്ല.

നമ്മുടെ ജീവിതത്തെ അനുദിനം ധന്യമാക്കുന്ന യഥാർഥ സ്നേഹവും സാഹോദര്യവും പരസ്പരഅംഗീകാരവുമൊക്കെ പണം ഉള്ളതുകൊണ്ടുമാത്രം നേടിയെടുക്കാവുന്നതല്ല എന്നതാണ് വസ്തുത. എന്നാൽ പണത്തിന്റെ ശെരിയായ വിനിയോഗത്തിലൂടെയും അതിന്റെ പങ്കുവയ്ക്കലിലൂടെയും ജീവിതത്തിൽ സന്തോഷം പകരുന്ന എല്ലാക്കാങ്ങളും നമുക്ക് നേടിയെടക്കാനാവും. അനുദിന ആവശ്യങ്ങൾക്ക് പണമില്ലാതെ വരുമ്പോൾ ഒരു കോടീശ്വരനാകാൻ സാധിച്ചിരുന്നെങ്കിൽ എന്നു ചിലരെങ്കിലും ആശിച്ചേക്കാം.

അങ്ങനെ ആശിക്കുന്ന അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം നമ്മുടെ അനുദിന ആവശ്യങ്ങൾ സാധിക്കണമെങ്കിൽ പണമില്ലാതെ പറ്റില്ലല്ലോ. എന്നാൽ, വലിയ പണക്കാരനായതുകൊണ്ടു മാത്രം ജീവിതം സന്തോഷപ്രദമാകും എന്ന് തെറ്റായ ധാരണ നാം വച്ചുപുലർത്തേണ്ട. കാരണം, സ്ക്വാബ് പറഞ്ഞതുപോലെ ജീവിതത്തിൽ വിലപിടിച്ച പല കാര്യങ്ങളും പണംകൊടുത്താൽ കിട്ടാത്തവയാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles