ദൈവാന്വേഷിയായ അമ്മ

~ ഫാ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ~

 

മനുഷ്യജീവിതം അര്‍ത്ഥം കണ്ടെത്തുന്നത് ദൈവത്തെ കണ്ടെത്തുമ്പോഴാണ്. ദൈവാന്വേഷണ വ്യഗ്രത മനുഷ്യാസ്ഥിത്വത്തിന്റെ അന്തര്‍ദാഹമാണ്. അതിനാല്‍ സകല മനുഷ്യരും ദൈവത്തെ തിരയുന്നവരാണ്; ദൈവത്തെ നിഷേധിക്കുന്നവരും. സെന്റ് അഗസ്റ്റിന്റെ കാഴ്ചപ്പാട് ഇതാണ്: ‘പാപിയും ദൈവത്തെയാണ് അന്വേഷിക്കുന്നത്, എന്നാലവന്‍ തെറ്റായ സ്ഥലത്ത് അവിടുത്തെ തിരയുന്നു എന്നുമാത്രം.’ ദൈവാന്വേഷണം മതാത്മകജീവിതത്തിന്റെ മുഖ്യധാരയാണ്. സമര്‍പ്പിതരും അല്ലാത്തവരും ദൈവത്തെ അന്വേഷിക്കണം, കണ്ടെത്തണം.

ഈശോയെ അന്വേഷിച്ചിറങ്ങുന്ന അമ്മ
ഈശോയെ അന്വേഷിച്ചു യാത്ര ചെയ്ത വ്യക്തിയാണ് പരിശുദ്ധ മറിയം. മറിയത്തെപ്പോലെ ദൈവാന്വേഷകരാണ് സഭാംഗങ്ങള്‍ ഏവരും. ഈശോയെ കാണുവാനും അവിടുത്തോടു സംസാരിക്കുവാനും കൂട്ടിക്കൊണ്ടുപോകുവാനും ആഗ്രഹിച്ചുനടന്ന വ്യക്തിയാണ് മറിയം. ബാലനായ ഈശോയെ തേടി മറിയം മൂന്നുദിവസം സഞ്ചരിച്ചു. ഈശോയ്ക്കു വേണ്ടിയുള്ള ആ അമ്മയുടെ അന്വേഷണത്തിന്റെ മൂന്നു നാളുകളില്‍ അമ്മ അനുഭവിച്ച വ്യഥ എത്ര വലുതായിരിക്കും? തീവ്രമായ ആഗ്രഹവും, ദു:ഖവും ഉത്കണ്ഠയും നിറഞ്ഞ മൂന്നു നാളുകളിലെ അന്വേഷണം അവസാനിക്കുന്നത് ജറുസലേം ദേവാലയത്തിലാണ്. ഈ അന്വേഷണവും കണ്ടെത്തലും മറിയത്തിന്റെ ജീവിതത്തില്‍ ഉടനീളം തുടരുകയാണ്. പരസ്യജീവിതത്തിനിടയില്‍ ഈശോയെ കാണാന്‍ അമ്മ എത്തുന്നു. ആത്മീയജീവിതം നയിക്കുന്ന വ്യക്തി മറിയത്തെപ്പോലെ തീവ്രദാഹത്തോടെ ഈശോയെ തിരയുന്ന വ്യക്തിയാണ്. ആദ്യശിഷ്യന്മാരോട് ഈശോ ചോദിച്ചു: ‘നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു’ (യോഹ. 1:38). പുനരുത്ഥാനദിവസം പുലരിയില്‍ ഈശോയെ അന്വേഷിച്ചിറങ്ങിയ മറിയത്തോട് തോട്ടത്തില്‍വച്ച് നാഥന്‍ ചോദിക്കുന്നു: ‘സ്ത്രീയേ നീ ആരെ അന്വേഷിക്കുന്നു’ (യോഹ.20.15). നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആകമാനം വിലയിരുത്തുമ്പോള്‍ നാം ആരെ അന്വേഷിക്കുന്നു എന്നു കണ്ടെത്താനാവും. ഒരു വിദ്യാര്‍ത്ഥി ഒരു വര്‍ഷം മുഴുവന്‍ നടത്തുന്ന യാത്രകളുടെയും പഠനത്തിന്റെയും പരീക്ഷകളുടെയും ലക്ഷ്യം വിജയമാണ്. നമ്മുടെ വായന, പഠനം, യാത്ര, പ്രാര്‍ത്ഥന, സന്ദര്‍ശനങ്ങള്‍, ജോലികള്‍ ഇവയിലൂടെ ആരെയാണ് നാം അന്വേഷിച്ചതെന്നു പരിശോധിക്കുക. യേശുവിനെ നാം എത്ര കണ്ടെത്തിയോ അത്രയും മൂല്യമുണ്ട് നമ്മുടെ ജീവിതത്തിന്. ജീവിതം യേശുവിനോടൊത്തുള്ള യാത്രയാവട്ടെ.

യേശുവിനെ അന്വേഷിക്കുന്നതില്‍ നമുക്കുള്ള മുഖ്യതടസ്സങ്ങളില്‍ ഒന്ന് നമ്മുടെ ആന്തരിക നിര്‍ബന്ധങ്ങളാണ്. വിശുദ്ധരും നാമും തമ്മിലുള്ള വ്യത്യാസം അവരുടെ മനസ് ആന്തരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും സ്വതന്ത്രമാണെന്നതത്രേ. അനേകം ആന്തരിക നിര്‍ബന്ധങ്ങള്‍ നമ്മെ ഭരിക്കുന്നുണ്ട്. വിമര്‍ശിക്കാതിരിക്കുവാന്‍ നിവൃത്തികേടുള്ള വ്യക്തി, വിമര്‍ശനം എന്ന ആന്തരിക സമ്മര്‍ദ്ദത്തിന് അടിമയാണ്. കോപം, ആര്‍ത്തി ഭയം, തഴക്കദോഷങ്ങള്‍ ഇങ്ങനെ എത്രയെത്ര ആന്തരിക സമ്മര്‍ദ്ദങ്ങളുടെ പിടിയിലാണു നാം. മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനും കീഴ്‌പ്പെടുത്തുന്നതിനും നാം ഉപയോഗിക്കുന്ന മുഖ്യ ആയുധങ്ങളില്‍ ഒന്ന് കോപമാണ്. കോപത്തില്‍ വലിയ വൈരുധ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. കോപം എന്നത് നമുക്ക് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയാണ്. കടിഞ്ഞാണ്‍ കൈവിടലാണ്. സ്വയം നിയന്ത്രണം സാധിക്കാതെ മറ്റുള്ളവരെ നിയന്ത്രിക്കുവാന്‍ നാം ശ്രമിക്കുന്നു എന്ന വിരോധാഭാസം, കോപത്തോടെ ഉപദേശിക്കുന്നിടത്തുണ്ട്. ദൈവത്തില്‍ നിന്നും അകലെയാണ് ആ വ്യക്തി എന്നതിന് തെളിവാണത്. ദൈവത്തോട് അടുത്തു ചെല്ലുന്നവന്‍ ശാന്തശീലനും ആത്മസംയമനം പാലിക്കുന്നവനുമായിരിക്കും. കോപം അഹങ്കാരത്തിന്റെ ബാഹ്യരൂപമാണ്. അതുപോലെ കോപം മനസില്‍ കെട്ടിക്കിടക്കുന്ന ദുഷിപ്പിന്റെയും വിഷാംശത്തിന്റെയും ചീറ്റലാണ്. ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും കടിഞ്ഞാണ്‍ നമ്മിലായിരിക്കണം. നാം അവയുടെ നിയന്ത്രണത്തിലാവാന്‍ പാടില്ല. ആന്തരിക സമ്മര്‍ദ്ദങ്ങളുടെ നെരിപ്പോടില്‍ വെന്തുരുകുന്നവര്‍ സദാ അസ്വസ്ഥരായിരിക്കും. അവര്‍ക്കു ദൈവാന്വേഷണം അസാദ്ധ്യമാണ്. പരിശുദ്ധ അമ്മയുടെ മനസ് ആന്തരിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും സദാ വിമുക്തമായിരുന്നു.

നമ്മുടെ അനുദിന പ്രാര്‍ത്ഥനകളിലൂടെയും വ്രതബദ്ധ ജീവിതത്തിലൂടെയും നാം ദൈവത്തെ തിരയുകയാണ്. ആത്മീയാനുഷ്ഠാനങ്ങള്‍ ദൈവാന്വേഷണത്തിന്റെ പടികളാക്കാത്തവര്‍, ആത്മീയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുതന്നെ സഹോദരങ്ങളെ നശിപ്പിക്കും. സുകൃത സമ്പന്നമായ ജീവിത്തതിന്റെ പിന്‍ബലത്തിലേ ദൈവാന്വേഷണം സഫലമാകൂ. അര്‍ദ്ധമനസ്സോടെയോ അല്പമനസ്സോടെയോ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്ക് അവിടുത്തെ കണ്ടെത്താനാവില്ല.

ദൈവത്തിന്റെ ഔദാര്യം
മനുഷ്യന്റെ ദൈവാന്വേഷണം ബൈബിളിലെ പ്രധാന പ്രമേയമാണ്. ‘ദഹനബലിയല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം’ (ഹോസി.6:6). ‘നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ അന്വേഷിച്ചാല്‍ നിങ്ങള്‍ അവിടുത്തെ കണ്ടെത്തും’ (നിയമാ. 4:29). അദമ്യമായ ദാഹത്തോടെ മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നു. ‘നീര്‍ച്ചാല്‍ തേടുന്ന മാന്‍പേടയെപ്പോല്‍, ദൈവമേ എന്റെ ഹൃദയം അങ്ങയെത്തേടുന്നു. എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു, ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ’ (സങ്കീ. 42:12). മോശയുടെ വാക്കുകള്‍ മനുഷ്യാത്മാവിന്റെ അന്തര്‍ദാഹമാണ് പ്രകടിപ്പിക്കുന്നത്. മോശ പറഞ്ഞു: ‘അങ്ങയുടെ മഹത്വം എനിക്കു കാണിച്ചുതരണമെന്നു ഞാന്‍ അപേക്ഷിക്കുന്നു’ (പുറ.33.18). ദൈവാന്വേഷണത്തിന്റെ മൂന്നു വഴികളെപ്പറ്റി ‘മനുഷ്യനെ തിരയുന്ന ദൈവം’ എന്ന ഗ്രന്ഥത്തില്‍ റബ്ബി എബ്രാഹാം ജോഷ്വാഹസ്‌ക്കല്‍ പ്രതിപാദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മുഖ്യദര്‍ശനം മനുഷ്യന്‍ ദൈവത്തെ തേടുന്നതിലും അധികമായി, ദൈവം മനുഷ്യനെ തേടുന്നു എന്നതാണ്. മനുഷ്യനെ സ്‌നേഹിക്കുകയും അവന്റെ ക്ഷേമം ആഗ്രഹിക്കുകയും അവനെ അന്വേഷിച്ചു പുറകേ വരികയും ചെയ്യുന്ന ദൈവത്തെയാണ് ബൈബിളില്‍ കാണിച്ചുതരുന്നത്. ഇത്രയും മനുഷ്യസ്‌നേഹിയായ ദൈവത്തെ തേടുക മനുഷ്യന്റെ മുഖ്യധര്‍മ്മമാണ്. ദൈവത്തിലേക്ക് മനുഷ്യനെ എത്തിക്കുന്ന മൂന്ന് പടികള്‍ 1) ദൈവസാന്നിധ്യം പ്രപഞ്ചത്തിലും വസ്തുക്കളിലും കാണുക എന്നതാണ്. ആകാശം ദൈവമഹത്വത്തെ പ്രകീര്‍ത്തിക്കുന്നു. സൃഷ്ടവസ്തുക്കളിലെല്ലാം ദൈവമഹത്വം ദൃശ്യമാണെന്ന് സങ്കീര്‍ത്തകന്‍ പാടുന്നു. 2) ബൈബിളില്‍ ദൈവസാന്നിധ്യം ദര്‍ശിക്കുകയാണ്. 3) സല്‍ക്കര്‍മ്മങ്ങളില്‍ ദൈവസാന്നിധ്യം കാണുക. ഈ മൂന്നു കാര്യങ്ങളും യഹൂദപാരമ്പര്യത്തിലെ മൂന്നു തലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു: ആരാധന, പഠനം, പ്രവര്‍ത്തനം. ഈ മൂന്നു തലങ്ങളും ഐക്യപ്പെട്ടിരിക്കുന്നു. കാരണം പ്രകൃതിയിലൂടെ വെളിപ്പെടുത്തുന്ന ദൈവമാണ് ചരിത്രത്തിലെ ദൈവം. അവിടുത്തെ അറിയാനുള്ള വഴി അവിടുത്തെ ഇഷ്ടം നിറവേറ്റുകയാണ്.
മനുഷ്യനെ അന്വേഷിച്ചിറങ്ങുന്ന ദൈവം പുലര്‍ത്തുന്ന മനോഹരമായ മനോഭാവം ഔദാര്യത്തിന്റേതാണ്. ദൈവാന്വേഷണത്തില്‍ മനുഷ്യന്‍ പുലര്‍ത്തേണ്ട മനോഭാവവും ഔദാര്യത്തിന്റേതാണ്. ദൈവത്തിന്റെ ഔദാര്യം നോക്കുക: ആറ് കല്‍ഭരണി നിറയെ വീഞ്ഞ്, വല നിറയെ മത്സ്യം, പന്ത്രണ്ട് കുട്ട നിറയെ അപ്പം, വിരുന്നുശാലയില്‍ ധാരാളം ഇരിപ്പിടങ്ങള്‍, കൊഴുത്ത കാളക്കുട്ടി, സമൃദ്ധമായ ജീവന്‍ ഇവയെല്ലാം സൂചിപ്പിക്കുന്നത് മനുഷ്യന്‍ ആഗ്രഹിക്കുന്നതിലും അര്‍ഹിക്കുന്നതിലും അധികം നല്‍കുന്ന ദൈവത്തിന്റെ ഔദാര്യമാണ്.

നാഥനായ ക്രിസ്തുവിനെ നിര്‍മ്മലഹൃദയത്തോടും പരിശുദ്ധിയുള്ള ശരീരത്തോടുംകൂടെ നാം അന്വേഷിക്കണം. നിര്‍മ്മലശരീരം എന്നതിനര്‍ത്ഥം ബോധപൂര്‍വ്വകമായ ശ്രദ്ധയോടെ ജീവിതത്തെ ക്രിസ്തുവിനായി സൂക്ഷിക്കുക എന്നതാണ്. ദൈവത്തോടു വ്യക്തിപരമായി ചേര്‍ന്നുനില്‍ക്കുന്നതില്‍ നാം നടത്തുന്ന എല്ലാ ശ്രമങ്ങളും നമ്മെ നിര്‍മ്മലരാക്കുകയാണ്. പ്രാര്‍ത്ഥന, ദാനധര്‍മ്മം, ഉപവാസം, ജ്ഞാനവായന, കൂദാശാസ്വീകരണം, വചനധ്യാനം, സേവനം ഇവയെല്ലാം ഒരേ സമയം നമ്മെ ശുദ്ധീകരിക്കുകയും ദൈവമുഖം തേടുന്നതിന് പ്രേരിപ്പിക്കുകയും ചെയ്യും. ആത്മീയസംഗതികളിലുള്ള ആഭിമുഖ്യം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ദൈവാന്വേഷണദാഹവും വര്‍ദ്ധിക്കും, അതിന് ആനുപാതികമായി ജീവിതവിശുദ്ധിയും ഉണ്ടാകും. ആത്മീയകാര്യങ്ങളോട് വിപ്രതിപത്തിയുണ്ടാക്കുന്ന എല്ലാ സംഗതികളില്‍നിന്നും വിവേകപൂര്‍വം മാറിനില്‍ക്കണം. വിമര്‍ശനം, അലസത, അശുദ്ധഭാഷണം ഇവയൊക്കെ ആത്മീയദാഹം നശിപ്പിക്കുന്നവയാണ്, ആത്മീയ അഗ്നി കെടുത്തുന്നതാണ്.

ദൈവാന്വേഷണം വലിയ സുകൃതമാണ്. സുകൃതപാലനം ഒരു വ്യക്തിയില്‍ ഗുണപരമായ വ്യതിയാനങ്ങള്‍ ഉളവാക്കും. സുകൃതങ്ങള്‍ പാലിക്കുന്ന വ്യക്തിയില്‍ സല്‍ഫലങ്ങള്‍ കാണുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സുകൃതപാലനം ഉപരിപ്ലവമായിരിക്കുന്നു എന്നാണ്. ഹൃദയത്തില്‍ നിരന്തരം ദൈവത്തെ തേടിക്കൊണ്ടിരിക്കുന്നവര്‍ സ്വര്‍ഗീയ അനുഭവങ്ങളോട് സദാ ‘അതെ’ എന്ന് ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്ന സരളഹൃദയരാണ്. അതേ നാഥാ, അതേ ദൈവമേ, അതേ സഹോദരങ്ങളേ എന്ന് അവര്‍ നിരന്തരം ദൈവസന്നിധിയില്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു. വി.ജര്‍ത്രൂദ് പറയുന്നു: ‘ഞാന്‍ അവനെ സ്‌നേഹിക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലയാകുന്നു’
.
ദൈവത്തെ അന്വേഷിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് സഹോദരങ്ങളുടെ കുറവുകള്‍ അന്വേഷിക്കാന്‍ എവിടെ സമയം? വിമര്‍ശനങ്ങള്‍ കേട്ട് ആസ്വദിക്കാന്‍ എവിടെ താത്പര്യം. വ്യര്‍ത്ഥ യാത്രകള്‍ നടത്തുവാന്‍ എവിടെ സമയം? ഒരു ഭവനത്തില്‍ എല്ലാവരും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഴമായ ഐക്യം ആ ഭവനത്തിലുണ്ടാകും. ദൈവത്തെ അല്ലാതെ മറ്റ് സംഗതികള്‍ മുഖ്യ അന്വേഷണവിഷയമാകുമ്പോള്‍ ഭിന്നതകള്‍ ഉണ്ടാവാതെ തരമില്ല. കാരണം താത്പര്യങ്ങള്‍ ഭിന്നങ്ങളാണ് അവിടെ. പരിശുദ്ധ മറിയത്തെ പോലെ സദാ ദൈവാന്വേഷണതത്പരരായിരിക്കാം നമുക്ക്. ഒരു കാര്യമാണ് ഏറ്റവും പ്രധാനം- നമ്മില്‍ നിന്നും എടുക്കപ്പെടുകയില്ലത്ത ആ നല്ല കാര്യം (ലൂക്കാ 10:41) നമുക്കു തിരഞ്ഞെടുക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles