എപ്പിഫനി നാലാം ഞായര്‍ സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത്

കാനായില്‍ വച്ച് യേശു അത്ഭുതം പ്രവര്‍ത്തിച്ചത് മദ്യപാനം പ്രോത്സാഹിപ്പിക്കാനായിരുന്നില്ല, ദൈവമഹത്വം പ്രകടിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. മലിനമായ വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാനുള്ള ഒരുപാധിയായിരുന്നു അക്കാലത്ത് വീഞ്ഞ് ചേര്‍ത്ത വെള്ളം. വീഞ്ഞു തീര്‍ന്നു പോയതു വഴി ആ കുടംബത്തിന് വന്നു ഭവിക്കാവുന്ന ചീത്തപ്പേര് മറിയം മനസ്സിലാക്കി. സന്ദര്‍ഭം മനസിലാക്കി മറിയം അതില്‍ ഇടപെടുന്നു. യേശു തന്റെ അത്ഭുതപ്രവര്‍ത്തിയിലൂടെ ശിഷ്യന്മാരുടെ അഭിനന്ദനവും നേടുന്നു.

ബൈബിള്‍ വായന
യോഹന്നാന്‍ 2: 1 – 11

മൂന്നാം ദിവസം ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്ന് നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോട് പറഞ്ഞു; എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവിന്റെ അമ്മ പരിചാരകരോട് പറഞ്ഞു: അവന്‍ നിങ്ങളോട് പറയുന്നത് ചെയ്യുവിന്‍. യഹൂദരരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറ് കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവ് കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോട് കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്ന് കലവറക്കാരന്റെ അടത്തു ചെല്ലുവിന്‍ എന്ന് അവന്‍ കല്പിച്ചു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെ നിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍ വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു. എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു. അതിഥികള്‍ക്ക് ലഹരി പിടിച്ചു കഴിയുമ്പോള്‍ താഴ്ന്ന തരവും. എന്നാല്‍ നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചു വച്ചുവല്ലോ. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അത്ഭുതം. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.

വിവാഹവിരുന്ന്

ഇന്നത്തെ കാലത്തില്‍ നിന്ന് വ്യത്യസ്ഥമായി യഹൂദരുടെ വിവാഹവിരുന്ന് ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ഒരാഘോഷമായിരുന്നു. അതിഥികള്‍ക്ക് താമസവും ഭക്ഷണവും പാനീയവുമെല്ലാം വീട്ടുകാര്‍ ഒരുക്കിയിരുന്നു. യേശുവിന്റെയും മാതാവിന്റെ സാന്നിധ്യം യേശു എത്രമാത്രം വിവാഹത്തെയും കുടുംബജീവിതത്തെയും വിലമതിച്ചിരുന്നു എന്നതിന്റെ സൂചനയാണ്. കുടുംബത്തിലെ സ്‌നേഹവും ഐക്യവും പരിശുദ്ധ ത്രിത്വത്തെ പ്രതിനിധീകരിക്കുന്നു. ദൈവസ്‌നേഹം പങ്കുവയ്ക്കുകയും അനുഭവിക്കുകയും ചെയ്യുന്ന കുടുംബം ദൈവികമാണ്.

യേശുവിന്റെ അമ്മ

യോഹന്നാന്‍ മറിയത്തിന്റെ പേര് ഒരിക്കലും തന്റെ സുവിശേഷത്തില്‍ ഉപയോഗിക്കുന്നില്ല. ഒരു പക്ഷേ, ബഹുമാനം കൊണ്ടാവാം പേര് പറയാത്തത്. ഒരു പക്ഷേ ആ വീട്ടുകാരുമായി ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരുന്നതു കൊണ്ടാവാം മറിയം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. കാനായും നസ്രത്തും അടുത്തടുത്ത ഗ്രാമങ്ങളായിരുന്നു. ആളുകള്‍ക്ക് പരസ്പരം അറിയുകയും ചെയ്യാമായിരുന്നു. അതിനാല്‍ എല്ലാ ഗ്രാമക്കാരെയും വിവാഹത്തിന് ക്ഷണിക്കുക സ്വാഭാവികമായിരുന്നു. അതു പോലെ യേശുവും ശിഷ്യന്മാരും വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നു.

വീഞ്ഞു തീര്‍ന്നു പോയപ്പോള്‍ മറിയം വന്ന് യേശുവിനോട് പറഞ്ഞു: അവര്‍ക്ക് വീഞ്ഞില്ല. വീഞ്ഞ് യഹൂദരുടെ ഭക്ഷണത്തിലെ ഒരു അവിഭാജ്യഘടകം ആയിരുന്നു. യഹൂദരുടെ വിവാഹാഘോഷങ്ങള്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാകയാല്‍ വീഞ്ഞ് തീര്‍ന്നു പോയതില്‍ അത്ഭുതമില്ല. അത് വീട്ടുകാര്‍ക്ക് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. യേശു അ്ത്ഭുതം പ്രവര്‍ത്തിക്കും എന്ന് മറിയത്തിന് മാത്രമേ അറിയാമായിരുന്നുള്ളൂ. അതിനാലാണ് സഹായം തേടി അമ്മ യേശുവിനെ സമീപിക്കുന്നത്.

സ്ത്രീയേ എനിക്കും നിനക്കു എന്ത്? എന്നാണ് യേശു മറുപടി പറയുന്നത്. സ്ത്രീയേ എന്ന് വിളിക്കുന്നതിന് സാംസ്‌കാരികമായ വ്യത്യാസങ്ങളുണ്ട്. ഒരു ചടങ്ങില്‍ വച്ച് ആദരം സൂചിപ്പിക്കുന്ന തരത്തില്‍ സംബോധന ചെയ്യുന്നത് യഹൂദരുടെ ആചാരങ്ങളില്‍ സ്വാഭാവികമായിരുന്നു. മാത്രമല്ല, പഴയനിയമത്തിലെ ഉല്‍പത്തിയില്‍ ദൈവം സ്ത്രീയും സര്‍പ്പിവും തമ്മില്‍ ശത്രുത ഉളവാക്കുന്നിനെ കുറിച്ചു പറയുന്നുണ്ട്. അപ്പോസ്തലനായ യോഹന്നാന് മറിയത്തെ കുരിശിന്‍ ചുവട്ടില്‍ വച്ച് ഏല്‍പിച്ചു കൊടുക്കുമ്പോള്‍ സ്ത്രീയേ എന്നാണ് യേശു അഭിസംബോധന ചെയ്യുന്നത്. എനിക്കും നിനക്കും എന്ത് എന്ന യേശുവിന്റെ ചോദ്യം പരിഭാഷയില്‍ വന്നു കൂടിയ മാറ്റങ്ങളാണ്. ചിലര്‍ ഇതിനെ വ്യഖ്യാനിക്കുന്നത് വിഷമിക്കേണ്ട. ഇത് എനിക്ക് വി്ട്ടു തരിക എന്നാണ്.

എന്റെ സമയം ഇനിയും ആയിട്ടില്ല എന്നും യേശു പറയുന്നുണ്ട്. യേശുവിന്റെ അത്ഭുതങ്ങള്‍ തന്റെ കുടുംബത്തെയോ സ്‌നേഹിതരെയോ സഹായിക്കാന്‍ വേണ്ടി ആയിരുന്നില്ല. മറിച്ച് ദൈവപുത്രന്‍ എന്നുള്ള നിലയില്‍ യേശുവിന്റെ മഹത്വം പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയായിരുന്നു. യേശുവിന്റെ സമയം എന്നു പറയുന്നത് അവിടുത്തെ പീഡാനുഭവവും മരണവും ഉയിര്‍പ്പും സ്വര്‍ഗാരോഹണവും ആയിരുന്നു. ദൈവം നിശ്ചയിച്ച സമയത്തെ കുറിച്ചാണ് യേശു സംസാരിക്കുന്നത്. എന്റെ സമയം ഇപ്പോള്‍ വന്നില്ലയോ? എന്ന് ചില പരിഭാഷകളില്‍ കാണുന്നു.

അവന്‍ പറയുന്നതു പോലെ ചെയ്യുവിന്‍. മറിയത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നതില്‍ മറിയത്തിനും ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്. തന്റെ മകന്‍ തന്റെ ആഗ്രഹം നിരസിക്കുകയില്ല എന്ന് മറിയത്തിന് ഉറപ്പുണ്ടായിരുന്നു. മറിയത്തിന്റെ ആകുലത ആ വീട്ടുകാരുടെ അവസ്ഥയെ കുറിച്ചായിരുന്നു, കാരണം മറിയം ദാരിദ്ര്യത്തിന്റെ കയ്പ് അറിഞ്ഞവളാണല്ലോ.

ആറ് കല്‍ഭരണികള്‍ക്ക് ബിബ്ലിക്കലായ അര്‍ത്ഥമുണ്ട്. ആറ് അപൂര്‍ണതയെ സൂചിപ്പിക്കുന്നു. ഏഴാണ് പൂര്‍ണമാക്കുന്നത്. ഏഴാം ദിവസമാണ് സൃഷ്ടി പൂര്‍ത്തിയാകുന്നത്. ആറ് കല്‍ഭരണികളുടെ അപൂര്‍ണത യേശു തന്റെ അത്ഭുതം കൊണ്ട് പൂര്‍ണമാക്കുന്നു. ഓരോ കല്‍ഭരണിയിലും 120 മുതല്‍ 180 വരെ ഗ്യാലന്‍ വെള്ളം കൊള്ളുമായിരുന്നു. അതിനാല്‍ വളരെയധികം വീഞ്ഞുണ്ടായിരുന്നു എന്നാണ് സൂചന. അന്ത്യനാളുകളിലെ സമൃദ്ധിയെയാണ് ഈ വീഞ്ഞിന്റെ സമൃദ്ധി സൂചിപ്പിക്കുന്നത്.

സന്ദേശം

  1. ആ വിവാഹസന്ദര്‍ഭത്തില്‍ ആതിഥേയരെ സഹായിച്ചപ്പോള്‍ യേശു തന്റെ ശിഷ്യന്മാരുടെ വിശ്വാസം നേടിയെടുത്തു. ജനങ്ങള്‍ ദൈവത്തിന്റെ മഹത്വം അംഗീകരിക്കുകയും ചെയ്തു. നാം മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നമുക്ക് ദൈവത്തിന്റെയും ജനങ്ങളുടെയും അനുഗ്രഹം ലഭിക്കും.
  2. യേശു വിവാഹവിരുന്നിനെ മിശിഹായുടെ രാജ്യത്തോട് താരതമ്യം ചെയ്യുന്നുണ്ട് (മത്താ. 8: 1, 22:2) വീഞ്ഞ് ദൈവരാജ്യത്തിലെ ആനന്ദത്തിന്റെ പ്രതീകമാണ്. വിവാഹ വിരുന്നിലെ വീഞ്ഞ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ല, മറിച്ച് വിവാഹത്തിന്റെ പവിത്രതയും ആനന്ദവും സൂചിപ്പിക്കാന്‍ വേണ്ടിയാണ്.
  3. കാനായില്‍ ചെയ്തു പോലെ തന്റെ മക്കളായ നമ്മെ പരിപാലിക്കുകയും നമ്മുടെ ആവശ്യങ്ങള്‍ അറിഞ്ഞു സഹായിക്കുകയും ചെയ്യുന്നവളാണ് മറിയം. അമ്മ യാതൊരു അത്ഭുതവും ചെയ്യുന്നില്ല. എന്നാല്‍ നമ്മുടെ പ്രയാസങ്ങളില്‍ നമുക്കായി മാധ്യസ്ഥം വഹിക്കുന്നു. അവന്‍ പറയുന്നത് ചെയ്യുവിന്‍ എന്നാണ് മറിയത്തിന്റെ വാക്കുകള്‍. നമുക്ക് യേശുവിന്റെ വാക്കുകള്‍ അനുസരിക്കാം. ബാക്കി അവന്‍ ചെയ്തുകൊള്ളും.
  4. ആറ് കല്‍ഭരണികളും അവയിലെ വെള്ളവും പഴയ നിയമത്തിലെ അപൂര്‍ണമായ നിയമങ്ങളുടെ പ്രതീകമാണ്. അവ യേശുവിലുള്ള പുതിയ ഉടമ്പടിയാല്‍ പൂര്‍ണമാകുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles