കര്‍ത്താവിന്റെ ആത്മാവ് വസിക്കുന്ന അഭിഷിക്തന്‍ (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

എപ്പിഫനി ഒന്നാം ഞായര്‍ സുവിശേഷ സന്ദേശം

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തില്‍ (61. 1-2) ല്‍ പ്രവചിച്ചിരുന്ന യേശുവിന്റെ ദൗത്യത്തെ കുറിച്ചാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം ധ്യാനിക്കുന്നത്. തന്റെ സ്വന്തം പട്ടണമായ കഫര്‍ണാമിലെ സിനഗോഗില്‍ പ്രവാചക വചനങ്ങള്‍ വായിച്ചു കൊണ്ട് തന്റെ ദൗത്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. തങ്ങള്‍ കേട്ടു കൊണ്ടിരിക്കെ തന്നെ പ്രവാചക വചനങ്ങള്‍ നിറവേറിയതു കണ്ട് ജനങ്ങള്‍ അത്ഭുതപ്പെടുന്നു.

ഇന്നത്തെ സുവിശേഷ വായന

(ലൂക്ക 4: 16 – 22)

“യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു: കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും. കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.”

വചന വിചിന്തനം

ഗലീലിക്കടലിന്റെ തെക്കുപടിഞ്ഞാറ് 12 മൈല്‍ മാറി സ്ഥിതി ചെയ്തിരുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു നസ്രത്ത്. ഗലീലിയിലെമ്പാടും ഗ്രീക്ക് സംസ്‌കാരം പടര്‍ന്നു പന്തലിച്ചിരുന്നെങ്കിലും നസ്രത്തിലുള്ളവര്‍ പരമ്പരാഗത മൂല്യങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്നവരായിരുന്നു. ജനങ്ങള്‍ പൊതുവെ അരമായ ഭാഷയാണ് സംസാരിച്ചിരുന്നത്. യേശു അരമായ ഭാഷയിലാണ് സംസാരിച്ചിരുന്നത്.

27 വര്‍ഷത്തോളം യേശു നസ്രത്തില്‍ തന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചു. താരതമ്യേന അജ്ഞാതമായ നസ്രത്ത് തെരഞ്ഞെടുത്തത് യേശുവിന്റെ എളിമയാണ് കാണിക്കുന്നത്. നസ്രത്തില്‍ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്ന ചോദ്യം ഓര്‍മിക്കുക.

തന്റെ സ്വന്തം പട്ടണമായ നസ്രത്തില്‍ പ്രസംഗിക്കാന്‍ വരുന്നതിന് മുമ്പ് യേശു ഒരു വര്‍ഷത്തോളം ഗലീലിയിലെ മറ്റു പ്രദേശങ്ങളില്‍ പ്രസംഗിച്ചു. കാരണം, സ്വന്തക്കാര്‍ തന്നെ തള്ളിക്കളയും എന്ന് അവിടുന്ന് അറിഞ്ഞിരുന്നു.

സിനഗോഗിലെ അനുഷ്ഠാനങ്ങളോട് എതിര്‍പ്പുണ്ടായിരുന്നപ്പോള്‍ പോലും യേശു മുടങ്ങാതെ സിനഗോഗില്‍ പോയിരുന്നു. യഹൂദാചാരങ്ങളെല്ലാം യേശു പാലിക്കണം എന്ന് അവന്റെ മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നു.

മിശിഹായെ കുറിച്ചുള്ള പ്രവചനങ്ങളുടെ സമൃദ്ധി കൊണ്ട് സുപ്രസിദ്ധമാണ് ഏശയ്യാ പ്രവാചകന്റെ പുസ്തകം. മിശിഹായുടെ വരവും (40. 3-5), കന്യാജനനവും (7.14), സുവിശേഷ പ്രഘോഷണവും (61. 1-3) മരണവും (52. 13, 53. 13) രണ്ടാം വരവും (60. 2-3) എല്ലാം ഏശയ്യാ പ്രവചിച്ചിരുന്നു. അതിനാലാണ് യേശു ഏശയ്യായുടെ പുസ്തകത്തില്‍ തന്നെ കുറിച്ച് എഴുതപ്പെട്ട ഭാഗം വായിച്ചത്. നസ്രത്തില്‍ വച്ച് ഈ വചന ഭാഗം വായിക്കുന്നതിന് മുമ്പു തന്നെ യേശു കഫര്‍ണാമില്‍ മിശിഹാ എന്ന് അറിയപ്പെട്ടിരുന്നു.

യേശുവിന്റെ കാലത്ത് ചുരുളുകളുടെ രൂപത്തിലാണ് പുസ്തകങ്ങള്‍ സൂക്ഷിക്കപ്പെട്ടിരുന്നത്. അതിനാല്‍ ചുരുള്‍ നിവര്‍ത്തിയ ശേഷമാണ് യേശു ദൈവവചനം വായിക്കുന്നത്.

ദൈവത്തിന്റെ ആത്മാവ് തന്നിലുണ്ട് എന്ന യേശു പറയുന്നത് എത്രയോ അര്‍ത്ഥവത്താണ്. ജ്ഞാനസ്‌നാന സമയത്ത് പ്രാവിന്റെ രൂപത്തില്‍ ആത്മാവ് എഴുന്നള്ളി വന്ന് യേശുവിന്റെ മേല്‍ ആവസിച്ചു. (ലൂക്ക 3.22). പിന്നീട് അതേ ആത്മാവ് പെന്തക്കുസ്താ ദിനത്തില്‍ ശിഷ്യന്മാരുടെ മേല്‍ ആവസിച്ചു (അപ്പ 2. 1-4).

പ്രവാചകര്‍ ദൈവത്തിന്റെ അഭിഷിക്തരായി കണക്കാക്കപ്പെട്ടിരുന്നു. യേശുവിനെ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് ഏലിയായെയും ഏലീഷായെയും പോലെ ഒരു പ്രവാചകനായിട്ടാണ്. മിശിഹാ എന്ന വാക്കിന്റെ അര്‍ത്ഥം അഭിഷിക്തന്‍ എന്നാണ്. ജ്ഞാനസ്‌നാനവും സ്ഥൈര്യലേപനവും വഴി ക്രിസ്ത്യാനികളായ നാം യേശുവിന്റെ പ്രവാചകത്വ്ത്തില്‍ പങ്കുകാരാകുന്നുണ്ട്.

ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും… ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന് യേശു പറയുന്നുണ്ട്. പാവങ്ങള്‍ യേശുവിന്റെ സന്ദേശം സ്വീകരിക്കുകയും അതിനാല്‍ ധന്യരാകുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ടവരില്‍ യഹൂദര്‍ മാത്രമല്ല, വിജാതീയരും ഉള്‍പ്പെടുന്നു.

പാപം മൂലം ഹൃദയം തകര്‍ന്നവര്‍ക്കും പാപമോചനം വഴിയുള്ള ആശ്വാസവും അന്ധര്‍ക്ക് കാഴ്ചയും സുവിശേഷദീപവും നല്‍കപ്പെടുകയാണ്. ശാരീരികമായി അന്ധരായവര്‍ക്കു മാത്രമല്ല, ആത്മീയാന്ധത ബാധിച്ചവര്‍ക്കും യേശു കാഴ്ച നല്‍കുന്നു. പാപത്തിന്റെ തടവറയില്‍ കഴിയുന്നവര്‍ക്ക് ആത്മീയമായ സ്വാതന്ത്ര്യവും യേശു നല്‍കുന്നു.

എല്ലാ നഷ്ടങ്ങളും നികത്തുന്ന ദൈവത്തിന് സ്വീകാര്യമായ ജൂബിലി വര്‍ഷം പ്രഖ്യാപിച്ചു കൊണ്ടാണ് യേശു വരുന്നത്. ജൂബിലി വര്‍ഷത്തില്‍ ഇസ്രായേല്‍ക്കാര്‍ തങ്ങളുടെ അടിമകളെ സ്വതന്ത്രരാക്കുമായിരുന്നു. വിറ്റ ഭൂമി അതിന്റെ ഉടമയുടെ പക്കല്‍ വന്നു ചേരുമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പും സമൃദ്ധിയും സന്തോഷവുമായിരുന്നു ജൂബിലി വര്‍ഷത്തിന്റെ ഫലങ്ങള്‍. യേശുവിന്റെ വരവോടെ ജൂബിലി വര്‍ഷം ആരംഭിക്കുകയാണ്.

താന്‍ വായിച്ച വചനത്തിന്റെ ചുരുള്‍ വീണ്ടു ചുരുട്ടി വച്ച ശേഷം യേശു ഉപവിഷ്ടനായി. എല്ലാ കണ്ണുകളും യേശുവിന്റെ മേല്‍ പതിച്ചു. അവര്‍ ആകാംക്ഷയോടെ കാതോര്‍ത്തു നിന്നു. അപ്പോള്‍ യേശു പറഞ്ഞു, നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.

ഞാന്‍ മിശിഹാ ആണെന്ന് നേരിട്ട് പറയാതെ പറയുകയാണ് യേശു. യേശുവിന്റെ ശുശ്രൂഷയിലൂടെ ഇസ്രായേല്‍ കാലങ്ങളായി കാത്തു കാത്തിരുന്ന പ്രവചനം നിറവേറുകയായിരുന്നു.

സന്ദേശം

ജോസഫും മറിയവും യേശുവിനെ പതിവായി സിനഗോഗില്‍ കൊണ്ടു പോയിരുന്നു. മുതിര്‍ന്നപ്പോഴും യേശു സിനഗോഗില്‍ പോകുന്ന പതിവ് മുടക്കിയില്ല. യഹൂദരുടെ ദുരാചാരങ്ങളോട് യേശുവിന് എതിര്‍പുണ്ടായിരുന്നെങ്കിലും അവിടുന്ന് നല്ല ആചാരങ്ങള്‍ പാലിച്ചിരുന്നു. മതപരമായ കാര്യങ്ങളില്‍ നമ്മുടെ കുട്ടികളെ നാം താല്പര്യമുള്ളവരായി വളര്‍ത്തണം. അവരെ പതിവായി പള്ളികളില്‍ കൊണ്ടു പോകകയും തിരുക്കര്‍മങ്ങള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറാന്‍ ആകുന്നതെല്ലാം ചെയ്യുകയും വേണം.

യേശു പ്രഘോഷിച്ചിരുന്നതെല്ലാം അവിടുന്ന് പ്രാവര്‍ത്തികമാക്കിയിരുന്നു. അവിടുത്തെ വാക്കും പ്രവര്‍ത്തിയും ഒന്നായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവിനെ അനുകരിച്ച് നമ്മള്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താം.

അടിച്ചമര്‍ത്തപ്പെട്ടവരെടെയും പീഢകള്‍ അനുഭവിക്കുന്നവരുടെയും വിമോചകനായാണ് യേശു വന്നത്. യേശുവിനെ പിന്‍ചെല്ലുന്ന ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമ്മുടെ ജീവിതത്തിലും നാം സമൂഹത്തിലെ പാവങ്ങളോടും പീഢിതരോടും പ്രത്യേക കരുണയും സഹാനുഭൂതിയും കാണിക്കണം. അന്ത്യവിധി നാം എത്ര മാത്രം കാരുണ്യം കാണിച്ചു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നോര്‍ക്കുക.

ഏതെങ്കിലും തരത്തില്‍ ക്ലേശങ്ങളും സഹനങ്ങളും നിന്ദനങ്ങളും അനുഭവിക്കുന്നവരാണോ നിങ്ങള്‍? നമുക്ക് പ്രത്യാശയായി, സൗഖ്യമായി, വിമോചനമായി യേശു ക്രിസ്തു ഉണ്ട്. അവിടുന്നാണ് നമ്മുടെ വൈദ്യനും രക്ഷകനും. യേശു നല്‍കുന്ന വലിയ സ്വാതന്ത്ര്യവും സൗഖ്യവും സന്തോഷവും നമുക്ക് സ്വന്തമാക്കാം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles