യേശുവിന്റെ ദൈവത്വം ഫ്രാന്‍സിസ് പാപ്പാ നിഷേധിച്ചു എന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ ഡോ. യൂജിനോ സ്‌കള്‍ഫാരി റിപ്പോര്‍ട്ടു ചെയ്തതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. യേശുവിന്റെ ദൈവത്വം ഫ്രാന്‍സിസ് പാപ്പാ നിഷേധിച്ചു എന്നായിരുന്ന സ്‌കള്‍ഫാരി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
‘മുന്‍പും പല സന്ദര്‍ഭത്തിലും തിരുത്തിയിരുന്നതു പോലെ യേശുവിന്റെ ദൈവത്വത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതായി ഡോ. യൂജിനോ സ്‌കള്‍ഫാരി നല്‍കിയ ഉദ്ധരണി അദ്ദേഹം സ്വന്തം വാക്കുകളും വ്യാഖ്യാനങ്ങളും പാപ്പായുടെ വാക്കുകളോട് ചേര്‍ത്തു വച്ചതാണ്. അത് വാസ്തവമല്ല’ വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടര്‍ മത്തേയോ ബ്രൂണി വ്യക്തമാക്കി.
സ്‌കള്‍ഫാരി സ്ഥാപിച്ച ലാ റിപ്പബ്ലിക്ക എന്ന പത്രത്തില്‍ വന്ന ഒരു പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മത്തേയോ. ‘ഫ്രാന്‍സിസ് പാപ്പാ നസ്രായനായ യേശുവിനെ അവതരിച്ച ദൈവമായല്ല ഒരു മനുഷ്യനായാണ് കാണുന്നത്’ എന്നായിരുന്നു 95 കാരനും നിരീശ്വരവാദിയുമായ സ്‌കള്‍ഫാരി എഴുതിയത്.
ഇത് പാപ്പയെ അഭിമുഖം നടത്തിയതിന്റെ വെളിച്ചത്തില്‍ എഴുതിയതല്ല, മറിച്ച് മുന്‍പാരിക്കല്‍ പാപ്പായുമായി സംസാരിച്ചതിന്റെ പശ്ചത്തലത്തില്‍ എഴുതി ഉണ്ടാക്കയതാണ്. ദൈവമല്ലെന്ന തന്റെ വാദം സാധൂരിക്കാന്‍ സ്‌കള്‍ഫാരി തന്നെ യേശു ഗത്സമെനിയില്‍ പ്രാര്‍ത്ഥിച്ച കാര്യം എടുത്തു പറയുന്നുണ്ട്. പാപ്പാ യേശുവിനെ ദൈവമായി കാണുന്നില്ല എന്നായിരുന്ന സ്‌കള്‍ഫാരി എഴുതിരുന്നത്.
എന്നാല്‍ ഫ്രാന്‍സിസ് പാപ്പാ പലപ്പോഴും യേശുവിന്റെ ദൈവത്വത്തെ കുറിച്ച് വ്യക്തമായി സംസാരിച്ചിരുന്നു എന്നതാണ് സത്യം. ഇവാഞ്ചലി ഗൗദിയും എന്ന ലേഖനത്തില്‍ യേശുവിന്റെ ദൈവിക ജീവനെ കുറിച്ച് പാപ്പാ വ്യക്തമായി പറയുന്നുണ്ട്.
2013 ഡിസംബറില്‍ അദ്ദേഹം നല്‍കിയ പ്രഭാഷണത്തില്‍ യേശുവിനെ സത്യദൈവവും സത്യമനുഷ്യനും എന്നാണ് വിശേഷിപ്പിക്കുന്നത്.