അത്ഭുതം കണ്ട് കത്തോലിക്കാവിശ്വാസം സ്വീകരിച്ച പ്രൊട്ടസ്റ്റന്റുകാരുടെ കഥ

ഒരിക്കല്‍ പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ പെട്ട ഒരു കുട്ടി തന്റെ കൂട്ടുക്കാരന്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ശ്രദ്ധിച്ചു. ടക്വെല്‍ എന്നായിരുന്നു അവന്റെ പേര്. അവന് ആ പ്രാര്‍ത്ഥന ഒരുപാട് ഇഷ്ടപ്പെടുകയും എല്ലാ ദിവസവും അത് ആവര്‍ത്തിക്കാന്‍ അവന്‍ ആഗ്രഹിക്കുകയും ചെയ്തു. അവനിക്കാര്യം തന്റെ അമ്മയോട് പറഞ്ഞു, ‘നോക്കൂ, എത്ര മനോഹരമായ പ്രാര്‍ത്ഥനയാണിത് അമ്മേ..’ എന്നാല്‍ പ്രൊട്ടസ്റ്റന്റുകാരിയായ അമ്മ മകനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. കത്തോലിക്കരുടെ ദേവതയാണ് മറിയമെന്നും അവര്‍ അന്ധമായി അതിനെ ആരാധിക്കുന്നുവെന്നും ആ അമ്മ പറഞ്ഞുകൊടുത്തു. കൂടാതെ ബൈബിള്‍ അധിഷ്ഠിതമായി ജീവിക്കാന്‍ അവനെ അവര്‍ പ്രേരിപ്പിച്ചു. അതിനു ശേഷം അവന്‍ നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ചൊല്ലുന്നത് ഉപേക്ഷിച്ചു.

അമ്മ പറഞ്ഞതുപോലെ പിന്നീടവന്‍ ബൈബിള്‍ വായിക്കാന്‍ ആരംഭിച്ചു. ഒരിക്കല്‍ സുവിശേഷഭാഗത്ത് അവനിപ്രകാരം എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചു, ‘നന്മ നിറഞ്ഞവളെ സ്വസ്തി. കര്‍ത്താവ് നിന്നോട് കൂടെ. സ്ത്രീകളില്‍ നീ ഭാഗ്യവതി’ ആ വാക്കുകളുടെ മാധുര്യം അവന്‍ ആസ്വദിച്ചു. ബൈബിള്‍ തന്നെ മറിയത്തെക്കുറിച്ച് പറയുന്നതിനാല്‍ അമ്മ തന്നെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതാണെന്നു അവന്‍ മനസ്സിലാക്കി. ശേഷം മുന്‍പ് ഉണ്ടായിരുന്നതിലും ഊര്‍ജ്ജസ്വലതയോടെ അവന്‍ നന്മ നിറഞ്ഞ മറിയമേ ചൊല്ലുവാന്‍ തുടങ്ങി. ആ വാക്കുകള്‍ ആവര്‍ത്തിക്കുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തി.

അവന്‍ വളര്‍ന്നു വന്നു. ഒരു ദിവസം തന്റെ ബന്ധുക്കള്‍ മറിയത്തെ വികലമായി പരാമര്ശിക്കുന്നത് കേള്‍ക്കാന്‍ ഇടവന്നു. അവന്‍ അവരുടെ ഇടയിലേയ്ക്ക് ചെന്ന്, മറിയത്തിന്റെ മഹത്വത്തെക്കുറിച്ചു അവര്‍ക്ക് പറഞ്ഞുകൊടുത്തു. ‘ക്രിസ്തുവിന്റെ അമ്മയാണ് മറിയം, ദൈവത്തിന്റെ അമ്മ. സകല കൃപകളും അനുഗ്രഹവും അമ്മയില്‍ നിറഞ്ഞിരിക്കുന്നു. അതിനാല്‍ മറിയം ആദാമിന്റ്റെ ബാക്കിയുള്ള മക്കളെപ്പോലെ പാപിയല്ല, കറതീര്‍ന്നവളാണ്.പരിശുദ്ധയാണ്’ ഇത്‌കേട്ടയുടന്‍ അവന്റെ അമ്മ അവനെ ശകാരിക്കുകയും തന്റെ മകന്‍ കത്തോലിക്കാനായി തീരുമെന്നോര്‍ത്ത് അവര്‍ അത്യധികം വ്യാകുലപ്പെടുകയും ചെയ്തു.

അമ്മയുടെ പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിന്റെ തീവ്രത കിട്ടിയത് അവരുടെ മകള്‍ക്കായിരുന്നു. സ്വന്തം ആങ്ങള കത്തോലിക്കനായി എന്നതറിഞ്ഞ ശേഷം അവള്‍ വളരെ നിഷ്ടൂരമായി അവനോട് പെരുമാറി തുടങ്ങി. ‘എന്റെ മക്കളെയാരെങ്കിലും കത്തോലിക്ക വിശ്വാസം പഠിപ്പിക്കാന്‍ വന്നാല്‍ അവന്റെ ഹൃദയം ഞാന്‍ തുരന്നെടുക്കും’ എന്നവള്‍ പറഞ്ഞുനടന്നു. അവളുടെ കോപവും അഗ്‌നിയും പൗലോസ് ആയി മാറിയ സാവൂളിനോട് സാദ്യശ്യവുമായിരുന്നു. അത്രയ്ക്കും ശക്തിയായി അവള്‍ കത്തോലിക്കാ വിശ്വാസത്തെ എതിര്‍ത്തുകൊണ്ടിരുന്നു. ഒരു നാള്‍ ആ സ്ത്രീയുടെ മക്കളില്‍ ഒരാള്‍ക്ക് കടുത്ത രോഗം പിടിപെട്ട്, അത്യാസന്നനിലയില്‍ ആയി. ഡോക്ടര്‍മാര്‍ ഓരോരുത്തരായി കൈയൊഴിഞ്ഞു. നിരാശയിലും കടുത്ത മനോവിഷമത്തിലുമായ തന്റെ പെങ്ങളുടെ അടുത്തേയ്ക്ക് ആ ചെറുപ്പക്കാരന്‍ വന്നെത്തി. അവന്‍ പുഞ്ചിരിച്ചുകൊണ്ട് അവളോട് സംസാരിച്ചു,
‘ഞാന്‍ പറയുന്നത് നീ അനുസരിക്കുമോ? നിന്റെ മകള്‍ സുഖപ്പെടും.’
അവള്‍ അവനെ ഗൗനിച്ചത് പോലുമില്ല. അവന്‍ തുടര്‍ന്നു,
‘നന്മ നിറഞ്ഞ മറിയമേ നീ വിശ്വാസത്തോടെ ചൊല്ലുക. ദൈവം നിന്റെ മകളെ സുഖപ്പെടുത്തും. അവള്‍ സുഖപ്പെട്ടാല്‍ നീ കത്തോലിക്കാ മതം പഠിക്കുമെന്നും വിശ്വാസിയാകുമെന്നും നീ എനിക്ക് വാക്കും തരണം’

അവള്‍ എല്ലാം കേട്ടു. എല്ലാവരും തന്റെ മകളെ കയ്യൊഴിഞ്ഞിരിക്കുന്നു. ആര്‍ക്കുമവളെ രക്ഷിക്കാനാവില്ല എന്നവള്‍ വിചാരിച്ചിരുന്നു. അതുകൊണ്ട് തന്റെ ആങ്ങളയുടെ നിര്‍ദേശത്തെ അവസാനശ്രമമെന്ന നിലയില്‍ പരീക്ഷിച്ചുകളയാം എന്നവള്‍ തീരുമാനമെടുത്തു. നന്മ നിറഞ്ഞ മറിയമേ അവള്‍ അവനോടൊപ്പം വിശ്വാസത്തോടെ ആവര്‍ത്തിച്ചു. തൊട്ടടുത്ത ദിവസം തന്നെ അത്ഭുതകരമായി മകള്‍ സുഖപ്പെട്ടിരിക്കുന്നതായുള്ള വിവരം ഡോക്ടര്‍മാര്‍ വന്നുപറഞ്ഞു. അവള്‍ ആശ്ച്ചര്യപെട്ടു. ഇതെങ്ങനെ സംഭവിച്ചു? ആരാണ് എന്റെ മകളെ സുഖപ്പെടുത്തിയത്?
എല്ലാം കണ്ടുകൊണ്ട് പുഞ്ചിരിച്ചു നില്‍ക്കുന്നുണ്ടായിരുന്നു ആ ചെറുപ്പക്കാരന്‍. അവന്‍ ദൈവത്തിന്റെ ശക്തിയും മേരിയെ സ്‌നേഹത്തെയും കുറിച്ച് ഒരിക്കല്‍ കൂടി അവളെ പറഞ്ഞു ബോധ്യപ്പെടുത്തി. തുടര്‍ന്ന് ആ സ്ത്രീ കത്തോലിക്കാ മതം സ്വീകരിക്കുകയും മരിയഭക്ത ആയി തീരുകയും ചെയ്തു.

പില്‍കാലത്ത്, ആ ചെറുപ്പക്കാരന്‍ ഒരു കത്തോലിക്കാ വൈദികനായി തീര്‍ന്നു. പ്രൊട്ടസ്റ്റന്റ് സഭയില്‍ നിന്ന് കാത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നുവന്നവരില്‍ മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഫാ. ടക്വെലിന്റെ അനുഭവം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles