പീലാത്തോസിന്റെ ഡയറി
പന്തിയോസ് പീലാത്തോസിന്റെ ജീവിതം ബൈബിളിലെ ഒരു പ്രഹേളികയാണ്. എവിടെ നിന്നു വന്നു, എവിടേക്കു പോയി. ഇതൊന്നും ആര്‍ക്കും വലിയ വ്യക്തതയില്ല. യേശുവിനെ മരണത്തിന് വിധിച്ചിട്ട് എനിക്കിതില്‍ പങ്കില്ല എന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയ ആ ചിത്രമാണ് നമ്മുടെ മനസ്സില്‍ ചെറുപ്രായം മുതല്‌ക്കേ പതിഞ്ഞിട്ടുള്ളത്. ദൈവപുത്രനെ രക്ഷിക്കാന്‍ കഴിയുമായിരുന്നിട്ടും നിരപരാധിയാണെന്നറിഞ്ഞിട്ടും ജനങ്ങളെ ഭയന്ന് വിധി പറയുന്ന ദുര്‍ബലനായ ന്യായാധിപനാണ് പീലാത്തോസ് ചരിത്രത്തില്‍.
പീലാത്തോസ് എവിടെ നിന്നു വന്നു എന്നറിയുന്നതിനേക്കാള്‍ യേശുവിനെ മരണത്തിനു വിധിച്ചതിനു ശേഷം അയാള്‍ക്കെന്തു സംഭവിച്ചു എന്നറിയാനാണ് ക്രിസ്ത്യാനികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും കൂടുതല്‍ താല്പര്യം. യൂദാസിന് എന്തു സംഭവിച്ചു എന്ന് അന്വേഷിക്കുന്ന അതേ കൗതുകവും ജിജ്ഞാസയും ഇക്കാര്യത്തിലുമുണ്ട്.
പീലാത്തോസിന്റെ ജനനസ്ഥലമോ ബാല്യകാല വിവരങ്ങളോ കൃത്യമായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരു പാരമ്പര്യം അനുസരിച്ച് അയാള്‍ ദക്ഷിണ ഇറ്റലിയില്‍ ജീവിച്ചിരുന്ന സാമ്‌നൈറ്റ് പ്രഭുകുടുംബത്തിലെ അംഗമാണ്. മറ്റൊരു പാരമ്പര്യം പറയുന്നത്, അയാള്‍ മയെന്‍സി രാജാവായിരുന്ന ടൈറസിന്റെ ജാരസന്തതിയാണെന്നാണ്. പരസ്പരം ചേരാത്ത വിവരങ്ങളാണ് ഇക്കാര്യത്തില്‍ പാരമ്പര്യങ്ങളില്‍ നിന്നു ലഭിക്കുന്നത്. റോമന്‍ ചക്രവര്‍ത്തിയായിരുന്ന ടൈബീരിയസിന്റെ കാലത്താണ് പീലാത്തോസ് യൂദയായിലെ ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. ഒരു കാര്യം വ്യക്തമാണ്. ചക്രവര്‍ത്തിയുടെ വിഗ്രഹങ്ങള്‍ ജറുസലേമിലെമ്പാടും സ്ഥാപിച്ച് അതിനെ നേര്‍ച്ചപ്പണം നേടുന്നതിനുള്ള ഉപാധിയായി മാറ്റിയ പീലാത്തോസിനെ ജനങ്ങള്‍ വെറുത്തിരുന്നു.
യേശുവും പീലാത്തോസും
ലൂക്കായുടെ സുവിശേഷം നല്‍കുന്ന വിവരമനുസരിച്ച് പീലാത്തോസ് മുമ്പ് തന്നെ യേശുവിനെ കുറിച്ച് കേട്ടിരുന്നു. ഒരു അത്ഭുത പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ആ വാര്‍ത്ത പീലാത്തോസിന്റെ കാതുകളില്‍ എത്തുന്നത്. യേശുവിനെ വധിക്കാന്‍ പീലാത്തോസിന് വ്യക്തിപരമായ കാരണമോ ശത്രുതയോ ഉണ്ടായിരുന്നില്ലെന്ന് ബൈബിളില്‍ നിന്നും വ്യക്തമാണ്. പക്ഷേ, നിലപാടുകളില്‍ ഉറച്ചു നില്‍ക്കാന്‍ നട്ടെല്ലില്ലാതിരുന്ന പീലാത്തോസിന് പക്ഷേ, യഹൂദപ്രമാണിമാരെ പിണക്കാന്‍ ഇഷ്ടമില്ലായിരുന്നു. അതു കൊണ്ട് അയാള്‍ യേശുവിനെ ഹെറോദേസിന്റെ പക്കലേക്കയച്ചത്.
പീലാത്തോസിന്റെ ഭാര്യ ക്ലോഡിയ പ്ലൊക്കുള പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. നിഷ്‌കളങ്കനായ യേശുവിനെ ദ്രോഹിക്കരുതെന്ന് ക്ലോഡിയ പീലാത്തോസിന് ഒരു സന്ദേശം കൊടുക്കുന്നതായി വി. മത്തായി തന്നെ സാക്ഷ്യപ്പെടുത്തുന്നു (മത്താ: 27: 19) എന്നതിനാല്‍ അതിന്റെ ആധികാരികതയ്ക്ക് തര്‍ക്കമില്ല. ക്ലോഡിയിയുടെ സ്വപ്നത്തെ പറ്റിയുള്ള വിശദവിവരങ്ങള്‍ ലഭിക്കുന്നത് നിക്കദേമൂസിന്റെ സുവിശേഷം എന്ന പുസ്തകത്തില്‍ നിന്നാണ്. ക്ലോഡിയ എന്ന പേര് മത്തായി പറയുന്നില്ലെങ്കിലും തിമോത്തിക്കെഴുതിയ രണ്ടാം ലേഖനത്തില്‍ പോള്‍ അത് പറയുന്നുണ്ട്. സഭാ പിതാവായ ഒരിജന്റെ കത്തുകളില്‍ പീലാത്തോസിന്റെ ഭാര്യ ക്ലോഡിയ ക്രിസ്തുമതം സ്വീകരിച്ച കാര്യം പറയുന്നുണ്ട്.
പീലാത്തോസിന്റെ ഡയറി
ഇത് വെറും ഡയറിയല്ല. റോമന്‍ ചക്രവര്‍ത്തിക്ക് യൂദയായിലെ അദ്ദേഹത്തിന്റെ പ്രധിനിധിയായിരുന്ന പീലാത്തോസ് അയച്ചു കൊടുത്ത റിപ്പോര്‍ട്ടാണ്. ദേശാധിപതികള്‍ തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ള പ്രദേശങ്ങളില്‍ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ രേഖപ്പെടുത്തി ചക്രവര്‍ത്തിക്ക് ഒരു റിപ്പോര്‍ട്ട് നല്‍കുന്ന സമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. അപ്പസ്‌തോലന്‍മാരുടെ നടപടി പോലെ പീലാത്തോസിന്റെ നടപടി (അരെേ ീള ജശഹമലേ) എന്നാണ് ഈ റിപ്പോര്‍ട്ട് അറിയപ്പെടുന്നത്. ഈ നടപടിക്കുറിപ്പുകളുടെ കള്ളപ്പതിപ്പ് നാലും അഞ്ചു നൂറ്റാണ്ടുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പക്ഷേ, ഇത് യഥാര്‍ത്ഥ പതിപ്പല്ല. ഒന്നാം നൂറ്റാണ്ടില്‍ വിരചിതമായ ശരിക്കുള്ള പീലാത്തോസ് ഡയറി രണ്ടാം നൂറ്റാണ്ടില്‍ റോമാ ഭരിച്ചിരുന്ന സീസര്‍ അന്റോണിയസ് പയസിന്റെയും സെനറ്റിന്റെയും കാലത്ത് ആര്‍ക്കൈവുകളില്‍ സൂക്ഷിച്ചിരുന്നു എന്ന് സമര്‍ത്ഥിക്കുന്ന തെളിവുകളുണ്ട്. എഡി 150 ല്‍ ജീവിച്ചിരുന്ന വി. ജസ്റ്റിന്‍ ഈ നടപടിപ്പുസ്തകത്തെ കുറിച്ച് പറയുന്നുണ്ട്.
യേശു പ്രവര്‍ത്തിച്ച അത്ഭുതങ്ങളെ കുറിച്ചും കുരിശില്‍ ആണികളാല്‍ തറയ്ക്കപ്പെട്ട് യേശു മരിച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്ന പീലാത്തോസിന്റെ ഡയറിയില്‍ യേശുവിന്റെ മരണവുമായി ബന്ധപ്പെട്ട പഴയ നിയമത്തിലെ പ്രവചനങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ജസ്റ്റിന് തന്റെ ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. യേശു കുരിശില്‍ മരിച്ചു എന്നതിന്റെ ഔദ്യോഗിക റെക്കോര്‍ഡ് കൂടിയാണ് പീലാത്തോസിന്റെ റിപ്പോര്‍ട്ട്.
അനന്തരം, അവസാനം
യേശു മരിച്ചതിനു ശേഷം പീലാത്തോസിന് എന്തു സംഭവിച്ചു? യഹൂദ ചരിത്രകാരനായ ഫല്‍വിയസ് ജോസഫൂസ് നല്‍കുന്ന വിവരണം അനുസരിച്ച് ആദ്യം കൊല്ലപ്പെട്ടത് ചക്രവര്‍ത്തിയുടെ മുമ്പില്‍ പീലാത്തോസിനെ പിന്തുണച്ചിരുന്ന സെയാനൂസാണ്. അയാള്‍ പോയതോടെ പീലാത്തോസിന്റെ ബലവും സ്വാധീനവും നഷ്ടമായി. സമരിയായിലെ ഒരു വലിയ ലഹള അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് അയാള്‍ക്ക് തന്നെ തിരിച്ചടിയായി. ലഹള അടിച്ചമര്‍ത്തുന്നതിനിടയില്‍ കൊല്ലപ്പെട്ടവരുടെയെല്ലാം മരണത്തിന് ഉത്തരവാദി പീലാത്തോസാണെന്നു കാണിച്ച് സമരിയന്‍ സെനറ്റ് സിറിയയിലെ പ്രസിഡന്റായിരുന്ന വിറ്റേലിയസിന് കത്തയച്ചു. വിറ്റേലിയസ് യൂദയായുടെ കാര്യങ്ങള്‍ തന്റെ സുഹൃത്തായി മാര്‍സെലസിനെ ഏല്‍പിച്ച ശേഷം പീലാത്തോസിനെ റോമിലേക്ക് മടക്കി അയച്ചു. പീലാത്തോസ് റോമിലെത്തും മുമ്പേ ചക്രവര്‍ത്തി ടൈബീരിയസ് മരിച്ചു കഴിഞ്ഞിരുന്നു.
റോമന്‍ ചരിത്രകാരനായ എവുസേബിയസ് നല്‍കുന്ന വിവരമനുസരിച്ച് കലിഗുളയുടെ ഭരണകാലത്ത് പീലാത്തോസ് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. എവുസേബിയസ് എഴുതുന്നു: ‘നമ്മുടെ രക്ഷകന്റെ കാലത്ത് യൂദയാ ഗവര്‍ണരായിരുന്ന പീലാത്തോസ് ഖയസ്സിന്റെ കീഴില്‍ വലിയ ദൗര്‍ഭാഗ്യങ്ങള്‍ക്കു വിധേനായി അവസാനം സ്വന്തം ജീവിതം സ്വയം ഒടുക്കി.’
ഒരു പാരമ്പര്യം അനുസരിച്ച് പീലാത്തോസിന്റെ മരണം നടക്കുന്നത് ആധുനിക ഫ്രാന്‍സിലെ വിയെന്നയിലോ സ്വിറ്റ്‌സര്‍ലണ്ടിലെ മൗണ്ട് പിലാറ്റസിലോ ആണ്. പീലാത്തോസ് മാനസാന്തപ്പെട്ടു എന്നു പറയുന്ന പൗരസ്ത്യ സഭയുടെ വാദമാണ് മറ്റൊന്ന്.
പീലാത്തോസ് യേശുവിനോട് പ്രിത്തോറിയത്തില്‍ വച്ചു ചോദിക്കുന്നതു പോലെ, ‘എന്താണ് സത്യം?’ എന്ന് ചോദിക്കാന്‍ മാത്രമേ കാലത്തിന്റെ ഇങ്ങേയറ്റത്തു നില്‍ക്കുന്ന നമുക്ക് സാധിക്കുകയുള്ളൂ! എന്നാല്‍ പീലാത്തോസിന്റെ ജീവിതം നല്‍കുന്ന ഒരു പാഠം എല്ലാക്കാലത്തും പ്രസക്തമാണ്. സത്യത്തെ മരണത്തിനു വിധിക്കാനാവില്ല. ആയിരം സൂര്യനേക്കാള്‍ ശോഭയോടെ അത് ഉയര്‍ത്തു വരും!
~ അഭിലാഷ് ഫ്രേസര്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.