വിശുദ്ധിയുടെ പടവുകളിലേക്ക് നടന്നു കയറുന്നവർ
വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർച്ചെല്ലോ സെമെറാറോയ്ക്ക് അനുവദിച്ച ഒരു കൂടിക്കാഴ്ചയോടനുബന്ധിച്ച്, വിശുദ്ധിയുടെ പടികളിൽ മുന്നോട്ട് പോകുന്ന ആളുകളുടെ പേരുകൾ അടങ്ങുന്ന പുതിയ ഡിക്രി പുറത്തിറക്കാൻ ഫ്രാൻസിസ് പാപ്പാ അനുമതി നൽകി. നാല് വാഴ്ത്തപ്പെട്ടവരെയും നാല് ധന്യരെയുമാണ് ഇതുവഴി സഭയ്ക്ക് ലഭിക്കുക.
അത്ഭുതങ്ങൾ
1912 ഒക്ടോബർ 17-ന് ഇറ്റലിയിലെ ഫോർണോ ദി കനാലെ (ഇന്നത്തെ കനാലെ ദഗോർദോ) എന്ന സ്ഥലത്ത് ജനിച്ച്, 1978 സെപ്റ്റംബർ 28-ന് വത്തിക്കാനിൽ അപ്പസ്തോലിക കൊട്ടാരത്തിൽവച്ച് മരണമടഞ്ഞ, ദൈവദാസനായ അൽബിനോ ലൂച്യാനി എന്ന ജോൺ പോൾ ഒന്നാമൻ പാപ്പാ,
1898 ഓഗസ്റ്റ് 14-ന് കൊളമ്പിയയിലെ സലമീന എന്ന സ്ഥലത്ത് ജനിച്ച്, 1993 ജൂലൈ 25-ന് കൊളമ്പിയയിൽ മരണമടഞ്ഞ സിസ്റ്റർ മരിയ ബെരെനീചെ ദുക്വെ ഹെങ്കർ എന്ന, ദൈവികദൂതിന്റെ കൊച്ചുസഹോദരിമാർ എന്ന സഭാസ്ഥാപക
എന്നിവരുടെ മധ്യസ്ഥത്താൽ നടന്ന അത്ഭുതങ്ങൾ ആണ് ആദ്യം അംഗീകരിക്കപ്പെട്ടത്.
രക്തസാക്ഷിത്വം
1983 ഒക്ടോബർ 27-ന് അർജന്റീനയിലെ വായ്യെ ദെൽ സ്സെന്തയിൽ വച്ച് വിശ്വാസത്തിനെതിരായ വിദ്വെഷം മൂലം കൊല്ലപ്പെട്ട പിയെത്രോ ഓർത്തിസ് ദെ സ്സാരത്തെ എന്ന രൂപതാവൈദികന്റെയും ജ്യോവാന്നി അന്തോണിയോ സൊളിനാസ് എന്ന ഈശോ സഭാ വൈദികന്റേയും മരണം വിശ്വാസത്തെപ്രതിയെന്ന് സ്ഥിരീകരിച്ച ഫ്രാന്‍സിസ് പാപ്പാ, ദൈവദാസരുടെ രക്തസാക്ഷിത്വം അംഗീകരിച്ചു.
ഇവർ നാലുപേരും താമസിയാതെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടും.
ധന്യർ
1915 ജനുവരി 3ന് സ്പെയിനിലെ ഹവലീ നുവെയ്വോ എന്ന സ്ഥലത്ത് ജനിച്ച്, 1976 ജനുവരി 26-ന് സ്പെയിനിലെ അലിക്കാന്തെ യിൽ മരണമടഞ്ഞ ദൈവദാസൻ ദിയേഗോ ഹെർണാണ്ടെസ് ഗൊൺസാലെസ് എന്ന രൂപതാവൈദികൻ,
1870 ഓഗസ്റ്റ് 16-ന് ഇറ്റലിയിലെ ചിവിത്തെല്ല (ഇന്ന് ബെല്ലെഗ്ര) എന്ന സ്ഥലത്ത് ജനിച്ച്, 1951 മാർച്ച് 25-ന് റോമിൽ മരണമടഞ്ഞ ഫ്രാൻസിസ്കൻ (OFM) വൈദികനും ദൈവദാസനുമായ ജ്യുസെപ്പെ സ്‌പൊളെത്തീനി (റോക്കോ ജ്യോക്കോന്തോ പാസ്‌ക്വാലെ),
1898 ഏപ്രിൽ 26-ന് ഫ്രാൻസിലെ പാരീസിൽ ജനിച്ച്, 1989 നവംബർ 6-ന് റോമിൽ നിര്യാതനായ ദൈവദാസിയും യേശുവിന്റെ കൊച്ചുസഹോദരിമാരുടെ കൂട്ടായ്മയുടെ സ്ഥാപകയുമായ സിസ്റ്റർ മദ്ദലേന ദി ജേസു (എലിസബെത്ത മരിയ മദ്ദലേന ഹുതീൻ),
1905 മാർച്ച് 25-ന് ഇറ്റലിയിലെ ഗലത്തീന എന്ന സ്ഥലത്ത് ജനിച്ച്, 1991 ഫെബ്രുവരി 8-ന് റോമിൽ നിര്യാതയായ ദൈവദാസിയും, ലെവ്ക്കായിലെ പരിശുദ്ധ മറിയത്തിന്റെ പുത്രിമാർ എന്ന സഭാസ്ഥാപകയുമായ സിസ്റ്റർ എലിസബെത്ത മർത്തീനെസ് എന്നീ നാലു ദൈവദാസരുടെ വീരോചിത പുണ്യങ്ങളും ഫ്രാൻസിസ് പാപ്പാ അംഗീകരിച്ചു.
ഈ നാലുപേരും ധന്യപദവിയിലേക്കാണ് ഉയർത്തപ്പെടുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.