യുവജനങ്ങള്‍ ദൈവത്തിന്റെ വിലാസമായി മാറണം

ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച

ദൈവത്തെക്കുറിച്ചുള്ള നമ്മുടെയൊക്കെ സങ്കൽപ്പം എന്തൊക്കെയാണെന്ന് ചിന്തിച്ചാൽ നമുക്ക് നമ്മോടൊപ്പം സഞ്ചരിക്കുന്ന ദൈവത്തെ വിരൽ ചൂണ്ടി കാണിക്കാൻ സാധിക്കും എന്ന് ഉറപ്പുണ്ടോ? ദൈവം അങ്ങ് സ്വർഗ്ഗത്തിൽ, മനുഷ്യ നയനങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത അത്രയും ദൂരത്ത് അപ്രാപ്ത്മായ വലിയ ശക്തിയും മഹത്വവും ഉള്ളവനായി ജീവിക്കുന്നു എന്നാണ് പലരും മനസ്സിൽ ദൈവത്തെക്കുറിച്ച് വരച്ചു വച്ചിരിക്കുന്ന ചിത്രം. അല്ലെങ്കിൽ നമ്മെ പഠിപ്പിച്ച നമ്മുടെ വിശ്വാസ പരിശീലനത്തിൽ നിന്ന് നമുക്ക് ലഭിച്ച ചിത്രം. അത് അങ്ങനെയാണെന്നോ അത് അങ്ങനെയല്ലെന്നോ എന്നൊക്കെ അറിയണമെങ്കിൽ നമുക്ക്  അവന്റെ സാന്നിധ്യം നിറഞ്ഞ മനസ്സിലേക്ക് ഒന്ന് പോകണം. കുരിശിലേക്ക് ഒന്ന് നോക്കണം.  അപ്പോൾ മെല്ലെ നമ്മുടെ കണ്ണുകൾ ദൈവത്തെ നമുക്ക് കാണിച്ചു തരും.

ഒരാളുമായി ഒരു ബന്ധം സ്ഥാപിക്കണമെങ്കിൽ  ആദ്യം ആ വ്യക്തിയെ നാം അറിയണം, കണ്ടുമുട്ടണം, സംവാദിക്കണം, പങ്കുവയ്ക്കണം. അത്തരം ഒരു ബന്ധം പരസ്പരം മാറ്റം വരുത്തും. ക്രിസ്തുവുമായുള്ള ബന്ധത്തിലും ഇതൊക്കെ ആവശ്യമാണ്. ഇതിൽ അവനെ കുറിച്ചുള്ള കേട്ടറിവോ ബൗദ്ധീകമായ അറിവോ മാത്രമല്ല മറിച്ച് അനുഭവമാണ് ഏറ്റവും പ്രധാനം. ക്രിസ്തുവിനെ നന്നായി അറിയാതെയും അനുഭവിക്കാതെയുമാണ് നാമൊക്കെ ക്രൈസ്തവ നാമധാരികളാവുന്നത് എന്ന ഒരു സത്യം ഒളിഞ്ഞിരിക്കുന്നത് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.

ക്രിസ്തു ശിഷ്യർ ആദ്യകാലഘട്ടത്തിൽ ക്രിസ്തു ആരെന്നറിയാതെ തന്നെയാണ് അവനോടൊപ്പം ചരിച്ചതും ജീവിച്ചതും. എന്നാൽ ക്രിസ്തു അവരുടെ ജീവിതത്തിൽ ജീവിക്കുന്ന അനുഭവമായി മാറിയപ്പോൾ അവർ ക്രിസ്തു ബാധിതരായി. ക്രിസ്തുവിനെ നൽകാൻ ലോകത്തിന്റെ അതിർത്തികൾ വരെ ചെന്നു. മരിക്കുവോളം ക്രിസ്തുവുമായുള്ള ബന്ധത്തെ അവർ തങ്ങളുടെ ആത്മാവിലും മനസ്സിലും ശരീരത്തിലും ബലപ്പെടുത്തി. പിന്നീട് ക്രിസ്തുവും അവരും തമ്മിലുള്ള ബന്ധത്തിന്റെ ഏക അടിസ്ഥാനം സ്നേഹം മാത്രമായി മാറി. സ്വർഗ്ഗരാജ്യത്തിന്റെ മുന്നനുഭവവുമായി ജീവിക്കുന്ന ഒരു സമൂഹമായി അത് രൂപാന്തരപ്പെട്ടു. എന്നാൽ നമ്മുടെ ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുന്ന അനുഭവമോ അതിനുള്ള അന്വേഷണമോ ഉണ്ടോ? ദൈവവുമായി സംസാരിക്കാറുണ്ടോ? ജീവിക്കുന്ന ദൈവത്തെ അനുഭവിച്ചു ജീവിക്കുന്ന ദൈവമക്കളാണോ അല്ലെങ്കിൽ ദൈവവുമായുള്ള നമ്മുടെ ബന്ധം നാം അനുഷ്ഠിക്കുന്ന കുറെ ആചാരങ്ങളുടേയോ നിയമങ്ങളുടേയോ വലയത്തിൽ ബന്ധിതമായ പ്രകടനങ്ങൾ മാത്രമാണോ? യഥാർത്ഥ ആത്മീയത അവനുമായുള്ള വ്യക്തിപരമായ ബന്ധമല്ലാതെ മറ്റെന്താണ്?

വെള്ളം വീഞ്ഞാക്കിയതുപോലെ വിയർപ്പ് രക്തമായി മാറിയത് പോലെ ജീവിതത്തിൽ പുതിയ സാന്ദ്രത സ്വന്തമാക്കാനാകുന്നില്ലെങ്കിൽ ദൈവം തൊട്ട മനുഷ്യരായി നമുക്ക് ജീവിക്കാനാവുകയില്ല. ദൈവത്തെ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതം യഥാർത്ഥത്തിൽ അത്ഭുതം തന്നെയായിരുന്നു. ദൈവം ചില ജീവിതങ്ങളെ തൊടുന്നത് വല്ലാതെ നമ്മെ അത്ഭുതപ്പെടുത്തുന്നു.

ദൈവം തൊട്ട മനുഷ്യരും ദൈവത്തെ തൊട്ട മനുഷ്യരും 

പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവം തൊട്ട മനുഷ്യരുടെ  ഒരു വൻനിര തന്നെ നമുക്ക് കാണാൻ കഴിയും. ഉള്ളതെല്ലാം ഉപേക്ഷിക്കണം. എന്നിട്ട് നമ്മുടെ ഭാഷയിൽ പറഞ്ഞാൽ ഒരു വിലാസവും ഇല്ലാത്തവനായി ദൈവം കാണിച്ചുതരുന്ന നാട്ടിലേക്ക് ജീവിക്കാൻ പോകണം. അവിടെ ദൈവത്തിന്റെ വിലാസമായി മാറണം. ഇതാണ് ദൈവത്തെ അറിഞ്ഞനുഭവിച്ചവരുടെ ജീവിതം. ഊർ എന്ന ദേശത്ത് സ്വസ്ഥനായി ജീവിച്ച അബ്രഹാത്തോടു ദൈവം എല്ലാം വേണ്ടെന്ന് വച്ച് യാത്ര ചെയ്യാൻ ആവശ്യപ്പെട്ടു. എന്തിന് എന്ന ചോദ്യം ഒക്കെ അന്ന് അബ്രഹാം എന്ന വൃദ്ധൻ ദൈവത്തോടു ചോദിച്ചില്ല. അയാൾ ദൈവവം ആവശ്യപ്പെട്ടത് മാത്രം മുന്നിൽ കണ്ടുകൊണ്ട് സഞ്ചരിച്ചു. അത്രതന്നെ. അങ്ങനെ സഞ്ചരിക്കാൻ ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് അബ്രഹാത്തിനുണ്ടായിരുന്ന ദൈവാനുഭവമായിരുന്നു.

ഇനിയും നമുക്ക് വായിക്കാൻ ധാരാളം ജീവിതങ്ങളുണ്ട്. ദൈവത്തെ തൊട്ട മനുഷ്യരും. ദൈവം തൊട്ട മനുഷ്യരും. അവർ മനുഷ്യജീവിത ചരിത്രത്തെത്തന്നെ മാറ്റിയതായി കാണാം. ബൈബിൾ അതിനും സാക്ഷ്യമാണ്. കാലവും!

എരിയുന്ന മുൾപ്പടർപ്പിന്റെയുള്ളിൽനിന്ന് സംസാരിച്ച ദൈവത്തെ അനുഭവിച്ച വ്യക്തിയാണ് മോശ. അയാളുടെ ജീവിതത്തിന്റെ  അന്ത്യംവരെയും ദൈവം കൂടെ സഞ്ചരിച്ചു. ദൈവത്തോടു കലഹിച്ചും, പരാതിപ്പെട്ടും, വിധേയപ്പെട്ടും തന്നെ ഏൽപ്പിച്ചിരുന്ന ഉത്തരവാദിത്വം പൂർത്തിയാക്കാൻ ദൈവാനുഭവം ജീവിതത്തിൽ കൊണ്ടുനടന്ന വ്യക്തിയാണ് മോശ. തുടർന്നും ഒരുപാട് വ്യക്തികളെ നാം ബൈബിളിൽ കാണുന്നു. ദൈവാനുഭവം രാജാക്കന്മാരാക്കിയ, ന്യായാധിപന്മാരാക്കിയ, പുരോഹിതരാക്കിയ, പ്രവാചകരാക്കിയ അനേകം സാധാരണക്കാർ! അവർ ദൈവത്തിന്റെ സ്നേഹത്തെ രുചിച്ചറിഞ്ഞ് ജീവിച്ചവരാണ്. അതുകൊണ്ടുതന്നെയാണ് കഠിനമായ വേദനകളും സഹനങ്ങളും ദുരിതങ്ങളും ഏറ്റെടുക്കേണ്ടി വന്നപ്പോഴും ദൈവാനുഭവം എന്ന വലിയ പ്രകാശത്തി൯ കീഴിൽ ദുരിതങ്ങളുടെ നിഴലുകൾ അവരുടെ വിശ്വാസത്തെ പതറിക്കാതെ അവരെ ഏൽപ്പിച്ച ദൗത്യത്തിന് കളങ്കം കൂടാതെ സൂക്ഷിക്കാൻ അവർക്ക് കഴിഞ്ഞത്. പുതിയനിയമത്തിലാകട്ടെ പരിശുദ്ധ അമ്മയും, വിശുദ്ധ യൗസേപ്പിതാവും, ശിഷ്യന്മാരും, വിശുദ്ധ പൗലോസ് ശ്ലീഹായും തുടങ്ങി അനേകർ ക്രിസ്തുവിനെ തൊട്ട് അനുഭവിച്ച വ്യക്തികളായി മാറുന്നു. ഇവരുടെ ജീവിതത്തിൽ ദൈവാനുഭവം അന്ത്യംവരെ ഉണ്ടായിരുന്നുവെങ്കിലും, കഷ്ടപ്പാടും നഷ്ടങ്ങളും നേരിടുന്ന അനുഭവങ്ങൾ അവർക്ക് വിദൂരമായിരുന്നില്ല. ഈ അനുഭവങ്ങളിൽ പോലും ദൈവാനുഭവം കണ്ടെത്താൻ അവർക്ക് കഴിഞ്ഞതാണ് ദൈവം അവർക്ക് നൽകിയ പ്രത്യേക കൃപയുടെ മഴ പെയ്ത്ത്. ഈ അനുഭവം സ്വന്തമാക്കണമെങ്കിൽ ദൈവവുമായുള്ള കൂടിക്കാഴ്ച ആവശ്യമാണ്. ഈ കൂടിക്കാഴ്ച സംഭവിക്കണമെങ്കിൽ നമ്മുടെ ജീവിതത്തെ താങ്ങി നിർത്താൻ കഴിവുള്ള  ക്രിസ്തുവിനെ വ്യക്തിപരമായി അനുഭവിച്ചേ മതിയാവൂ.

 വിശ്വാസ സാക്ഷ്യം നൽകേണ്ടത് എന്താണ്?

രണ്ടാമതായി പാപ്പാ പറയുന്നത് ഒരു വ്യക്തി ക്രൈസ്തവനായിരിക്കുക എന്നത് തന്നെ ദൈവവുമായുള്ള കൂടിക്കാഴ്ചയുടെ ഫലമാണെന്നാണ്. ക്രൈസ്തവ ജീവിതം ഒരു ധാർമ്മീക തിരഞ്ഞെടുപ്പോ ഉന്നതമായ ആശയത്തിന്റെയോ ഫലമോ അല്ല എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു. ഇന്ന് നമ്മുടെയൊക്കെ വിശ്വാസം സാക്ഷ്യം നൽകേണ്ടത് എന്താണ് ? എന്താണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കുന്നത് എന്ന് ആഴത്തിൽ ചിന്തിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ചില ആചാരങ്ങളുടെ പേരിൽ, കുലങ്ങളുടെ പേരിൽ, പിറന്നു വീണ ഒരു സമുദായത്തിന്റെ പേരിൽ നമ്മുടെ ആത്മീയതയെ  ജീവിക്കാൻ ആഗ്രഹിക്കുമ്പോൾ ഇവിടെ പാപ്പാ പറയുന്നത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം എന്നല്ലാതെ മറ്റൊരു അടിസ്ഥാനവുമല്ല ഒരു വ്യക്തിയെ ക്രൈസ്തവനാക്കുന്നത് എന്നാണ്.

ഇന്ന് ആത്മീയത, വിശ്വാസം മുതലായവ എന്നത്തെക്കാളും മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും മുന്നിൽ  പല രീതികളിൽ അവഹേളിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നുണ്ട്. അതിന് കാരണം എന്താണ് ? ക്രിസ്തുവിന്റെ പാരമ്പര്യവും അവന്റെ പഠനങ്ങളും ജീവിതവും ജീവിച്ചു കാണിക്കേണ്ട നാം വെറും ചടങ്ങുകൾക്കും ആചാരങ്ങൾക്കും പ്രാധാന്യം നൽകി വഴക്കും തമ്മിൽ അടിയും ആരോപണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ  യഥാർത്ഥത്തിൽ നാം ക്രൈസ്തവൻ എന്ന തനിമയ്ക്ക് എന്ത് സാക്ഷ്യമാണ് നൽകുന്നത്? ഇത് എത്രമാത്രം വരും തലമുറയെ ബാധിക്കുന്നു എന്നു കൂടി നാം ചിന്തിക്കേണ്ടതുണ്ട്. ഇതുകൊണ്ട് തന്നെയാണ് ക്രിസ്തു പറയുന്നത്,

“നിങ്ങള്‍ പറയുന്നു: ഒരുവന്‍ ബലിപീഠത്തെക്കൊണ്ട്‌ ആണയിട്ടാല്‍ ഒന്നുമില്ല; എന്നാല്‍ ബലിപീഠത്തിലെ കാഴ്‌ചവസ്‌തുവിനെക്കൊണ്ട്‌ ആണയിട്ടാല്‍ അവന്‍ കടപ്പെട്ടവനാണ്‌. അന്ധരേ, ഏതാണു വലുത്‌? കാഴ്‌ചവസ്‌തുവോ കാഴ്‌ചവസ്‌തുവിനെ പവിത്രമാക്കുന്ന ബലിപീഠമോ? കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്‌ക്കു ദശാംശം കൊടുക്കുകയും നിയമത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കാരുണ്യം, വിശ്വസ്ഥത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌ – മറ്റുള്ളവ അവഗണിക്കാതെതന്നെ. (മത്തായി 23 : 18-23).

ഇവിടെ പാപ്പാ യുവതലമുറയോടു ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്. ദൈവവുമായുള്ള കൂടിക്കാഴ്ചക്ക് ഏറ്റവും അനിവാര്യം ഇന്നും ജീവിക്കുന്ന ഉത്ഥിതനായ യേശുവുമായുള്ള വ്യക്തി ബന്ധമാണ്. നാമിപ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളായി തെറ്റിദ്ധരിച്ചിരിക്കുന്ന പലതും ക്രിസ്തുവുമായുള്ള ആ ബന്ധത്തിന് വിലങ്ങുതടിയാവുന്നുവെങ്കിൽ അവയിൽ  നിന്ന് മുക്തി നേടി ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തിലേക്ക് പ്രവേശിക്കാൻ പാപ്പായുടെ പ്രബോധനം നമ്മെ ക്ഷണിക്കുന്നു. ക്രിസ്തു നമ്മെ സ്വതന്ത്രരാക്കുകയാണ് ചെയ്യുക! അടിമത്വത്തിലേക്കല്ല നയിക്കുക!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles