കത്തോലിക്ക കോണ്‍ഗ്രസ് പ്രഥമ ആഗോള സമ്മേളനം ദുബായിൽ
കൊച്ചി: സീറോ മലബാർ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ 101 -ാം വാർഷികത്തോടനുബന്ധിച്ചു പ്രഥമ ആഗോള സമ്മേളനം ദുബായിൽ നടക്കും. സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന് തീയതികളിൽ ദുബായിലെ മെയ്ദാൻ ഹോട്ടലിലാണു സമ്മേളനം. 26 രാജ്യങ്ങളിൽനിന്നു പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ ‘വിഷൻ 2025’ പ്രോഗ്രാമിലൂടെ സമുദായത്തെ കേന്ദ്രീകൃതമായി മുന്നോട്ടുനയിക്കാനുള്ള വിവിധ പദ്ധതികളുടെ രൂപീകരണവും പ്രഖ്യാപനവുമാണു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ‘നല്ല നാളേയ്ക്കായി ഒന്നായി മുന്നോട്ട്’ എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റും സീറോ മലബാർ സഭയുടെ ഔദ്യോഗിക വക്താവുമായ അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.
സതേണ്‍ അറേബ്യൻ വികാരിയത്ത് ബിഷപ് ഡോ. പോൾ ഹിന്റർ, യുഎഇ സാംസ്കാരിക മന്ത്രി ഷേക്ക് മുബാറക് അൽ നഹ്യാൻ, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഗ്ലോബൽ സെക്രട്ടറി ബെന്നി പുളിക്കകര, ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് കാലഘട്ടത്തിന്റെ ആവശ്യം എന്ന വിഷയത്തിൽ സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, സമഗ്ര സാമൂഹ്യ ഉന്നമനം എന്ന വിഷയത്തിൽ ഇസാഫ് ചെയർമാൻ പോൾ തോമസ്, വിഷൻ 2025 എന്ന വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, മാനേജ്മെന്റിലെ പ്രഫഷണലിസം എന്ന വിഷയത്തിൽ ബംഗളൂരു സൈം ഗ്രൂപ്പ് ചെയർമാൻ പ്രഫ. ജെ. ഫിലിപ്പ്, ചലഞ്ചസ് ഓഫ് മൈഗ്രന്റ്സ് എന്ന വിഷയത്തിൽ ബിഷപ് മാർ റാഫേൽ തട്ടിൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.
ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ബോസ്കോ പുത്തൂർ, മാർ പോൾ ആലപ്പാട്ട്, മാർ ജോണ്‍ വടക്കേൽ, മാർ സെബാസ്റ്റ്യൻ പൊഴോലിപറന്പിൽ, മാർ ജോസഫ് കല്ലുവേലിൽ, പി.ജെ. ജോസഫ് എംഎൽഎ, എംപി മാരായ ജോസ് കെ. മാണി, ഡീൻ കുര്യാക്കോസ്, തോമസ് ചാഴികാടൻ, സണ്ണി ജോസഫ് എംഎൽഎ, മുൻ എംപി മാരായ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, ബ്രിസ്റ്റോൾ മേയർ ടോം ആതിദ്യ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, എഎൽഎസ് ഡൽഹി ഡയറക്ടർ ജോജോ മാത്യു, കത്തോലിക്ക കോണ്‍ഗ്രസ് ട്രഷറർ പി.ജെ. പാപ്പച്ചൻ, വൈസ് പ്രസിഡന്റ് ഡേവിസ് ഇടക്കളത്തൂർ (ഖത്തർ) തുടങ്ങിയവർ പ്രസംഗിക്കും.