മുന്ന് മക്കളുടെ അമ്മയുൾപ്പെടെ വിശുദ്ധിയുടെ പടവിൽ മൂന്നുപേർ

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന്റെ നടപടികളുടെ ഭാഗമായി 3 വിശുദ്ധാത്മാക്കളുടെ ധീരാത്മക പുണ്യങ്ങളെ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനം പ്രസിദ്ധീകരിച്ചു. ദൈവത്തിന്റെ സ്നേഹത്തിനു വിട്ടുകൊടുക്കയും, അവന്റെ കരുണയിൽ വിശ്വസിക്കുകയും, അവന്റെ ക്ഷമയിൽ പ്രത്യാശിക്കുകയും ചെയ്ത മൂന്ന് പേരുടേയും ധീരപുണ്യങ്ങൾ പ്രസിദ്ധീകരിക്കാൻ വിശുദ്ധീകരണ നടപടികൾക്കായുള്ള ഡിക്കാസ്ട്രിയുടെ തലവനായ കർദ്ദിനാൾ മർചെല്ലോ സെമറാറോയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡിക്കാസ്ട്രിയെ ഫ്രാൻസിസ് പാപ്പാ ചുമതലപ്പെടുത്തിയത്.

എൻറിക്കാ  ബെൽത്രാമെ 2001 ൽ  ദൈവദാസരായി ഉയർത്തിയ ദമ്പതിമാരുടെ പുത്രിയാണെന്ന പ്രത്യേകതയും ഇതിലുണ്ട്. കൂടാതെ പ്ലാചിദോ ഗെസ്റ്റപ്പോയിൽ പീഡന വിധേയനായി മരണപ്പെട്ട ഒരു ഫ്രാൻസിസ്ക്കൻ സന്യാസിയും, മരിയ ക്രിസ്തീനാ തന്റെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ രക്ഷയ്ക്കായി കീമോ തെറാപ്പി വൈകിപ്പിച്ച് കാൻസറിന് കീഴടങ്ങിയ ധീര യുവതിയായ അമ്മയുമാണ്.

മരിയ ക്രിസ്തീനാ  ചെല്ല  മോചെല്ലിൻ

1969 ആഗസ്റ്റ് 18 ന് ഇറ്റലിയിൽ മിലാനിലെ ചിനി സെല്ലോ ബാൽസമോയിലാണ് മരിയ ക്രിസ്തീനാ ജനിച്ചത്. തന്റെ സ്ക്കൂൾ നാളുകളിൽ ക്രിസ്താനികളുടെ സഹായമായ മരിയയുടെ പുത്രിമാർ എന്ന ഡോൺ ബോസ്ക്കോ സന്യാസ സമൂഹത്തിൽ ദൈവവിളിയെ തിരിച്ചറിയാനുള്ള പരിശീലനത്തിൽ മുന്നോട്ടു പോവുകയും പിന്നിട് പതിനാറാം വയസ്സിൽ കാർളോയെ കണ്ടെത്തുകയും തന്റെ വിളി വിവാഹ ജീവിതത്തിലേക്കാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇടതുകാലിൽ വളരെ വിരളമായ ഒരു തരം ട്യൂമർ ബാധിച്ച് രണ്ടു വർഷം ചികിൽസയും തെറാപ്പികളും അതോടൊപ്പം  ഹൈസ്ക്കൂൾ വിദ്യാഭ്യാസവും പൂർത്തികരിക്കയും 1991 ൽ കാർളോയെ വിവാഹം കഴിക്കുകയും ചെയ്തു. ദമ്പതികൾക്ക് രണ്ടു കുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ച നാളുകളിൽ അവൾക്ക് വീണ്ടും അസുഖം ബാധിച്ചു. തന്റെ ഗർഭസ്ഥ ശിശുവിന് അപകടം വരാത്ത ചികിൽസ തിരഞ്ഞെടുത്ത അവൾ 26 മത്തെ വയസ്സിൽ കാൻസർ മൂലം മരണം വരിക്കുകയായിരുന്നു.

എൻറിക്കാ ബെൽത്രാമെ ക്വാത്രോക്കി

മരണമടഞ്ഞു 9 വർഷം കഴിഞ്ഞപ്പോൾ  ദൈവദാസരായ ലൂയിജി ബെൽത്രാമെ ക്വോത്രോക്കിയുടെയും മരിയാ കോർസീനിയുടേയും മകളായ എൻറിക്കാ ബെൽത്രാമെ ക്വാത്രോക്കിക്കു സഭ  അവളുടെ പുണ്യങ്ങൾക്ക് ഔദ്യോഗീകമായ അംഗീകാരം നൽകുകയാണ് . 2001 ലാണ് ജോൺ പോൾ രണ്ടാമൻ പാപ്പാ അവളുടെ മാതാപിതാക്കളെ ദൈവദാസരായി ഉയർത്തിയത്. സമർപ്പണ ജീവിതം സ്വീകരിച്ച തന്റെ സഹോദരങ്ങളായ ഫാ. തർച്ചീസോ, സി. ചെചീലിയ, ഫാ. പവ്ളീനോ എന്നിവരുടെ പാത പിൻതുടരാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വൃദ്ധരായ തന്റെ മാതാപിതാക്കളെ സഹായിക്കാനായിരുന്നു അവളുടെ വഴി.

എൻറിക്കാ ബെൽത്രാമെ വിൻസൻറ് ഡി പോളിന്റെ ഉപവിയുടെ സഹോദരിമാരോടൊപ്പം സന്നദ്ധ സേവകയായി റോമിലെ ഏറ്റം പ്രാന്തപ്രദേശങ്ങളിൽ സേവനം ചെയ്യുകയും അദ്ധ്യാപനത്തിൽ വ്യാപൃതയാവുകയും ചെയ്തു. 1976 മുതൽ സാംസ്കാരിക, പാരിസ്ഥിതിക പൈതൃക മന്ത്രാലയത്തിന്റെ സൂപ്രണ്ടായിരുന്നു. അവളുടെ ജീവിതം വിവിധ രോഗങ്ങളാലും സാമ്പത്തിക ബുദ്ധിമുട്ടുകളാലും നിറഞ്ഞതായിരുന്നു എങ്കിലും പ്രാർത്ഥനയും അനുദിന ദിവ്യബലിയിലുള്ള പങ്കുചേരലും ധന്യമാക്കിയ ഒന്നായിരുന്നു. ദാമ്പത്യ ജീവിതത്തിൽ വിഷമിക്കുന്നവരെ സഹായിക്കാനായിരുന്നു അവളുടെ അവസാന കാലങ്ങൾ എൻറിക്കാ ചിലവഴിച്ചത്. ദൈവസ്നേഹമായിരുന്നു അവളുടെ ജീവിതത്തിന്റെ ആധാരം.

ഉപവിയുടേയും വചനത്തിന്റെയും മനുഷ്യൻ: പ്ലാചിദോ കൊർതേസെ

തന്നെതന്നെ മുഴുവനായി നൽകാനുള്ള കഴിവായിരുന്നു ഫ്രാൻസിസ്കൻ സന്യാസിയായിരുന്ന പ്ലാചിദോ കൊർതേസെയുടെ ഏറ്റം ശ്രദ്ധേയമായ സവിശേഷത. ക്ഷമയും ലാളിത്യവും വിഷമതകൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയും അവനിൽ ഉണ്ടായിരുന്നു. 1907 മാർച്ച് 7 ന് ക്രൊയേഷ്യയിലെ ക്രെസിൽ ജനിച്ച പ്ലാചിദോ 1930ൽ വൈദീകനായി. പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ ദേവാലയത്തിൽ സേവനം ചെയ്തു. കുറച്ച് വർഷങ്ങൾക്കു ശേഷം “വിശുദ്ധ അന്തോണീസിന്റെ സന്ദേശവാഹകൻ ” (The Messenger of St.Antony) എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായി.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയിലെ പാദുവായ്ക്കടുത്തെ കിയേസാ നോവായിലെ കോൺസെൻട്രേഷൻ ക്യാമ്പുകളിലെ തടവുകാരായ ക്രൊയേഷ്യൻ, സ്ലൊവേനിയൻകാരെ സഹായിക്കാൻ മുന്നിട്ടിറങ്ങി. 1943 ലെ യുദ്ധവിരാമത്തിനു ശേഷം സഖ്യസേനയിലെ തടവുകാരേയും നാസികൾ പീഡിപ്പിക്കുന്ന ജൂതരെയും ഉൾപ്പെടെ രക്ഷപെടുത്താൻ അക്ഷീണം പരിശ്രമിച്ചു. ഈ പ്രവർത്തിയെ ജർമ്മൻകാർ രാഷ്ട്രീയ പ്രവർത്തനമായി കാണുകയും അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുകയും ചെയ്തു. 1944 ഒക്ടോബർ 8 ന് തന്ത്രപൂർവ്വം അദ്ദേഹത്തെ വി. അന്തോണിസിന്റെ ബസിലിക്കയ്ക്ക് പുറത്തെത്തിക്കുകയും ത്രിയെസ്തെയിലുള്ള നാസികളുടെ പാളയത്തിൽ വച്ച് ഏറ്റ കഠിനമായ പീഡനത്തെ തുടർന്ന് മരണമടയുകയുമായിരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles