ഈശോയ്ക്കു വേദനകള്‍ സമര്‍പ്പിക്കാന്‍ ഇഷ്ടപ്പെട്ട കൗമാരക്കാരി

വാഴ്ത്തപ്പെട്ട ക്യാര-ലൂചെ- ബദാനൊ: 

പത്തു വര്‍ഷങ്ങള്‍ ഒരു കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥന കാത്തിരിപ്പിനൊടുവില്‍ 1971 ഒക്ടോബര്‍ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികള്‍ക്കു ഒരു പെണ്‍ കുഞ്ഞു പിറന്നു അവര്‍ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു.

നാലു വയസ്സുള്ളപ്പോള്‍ത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കാന്‍ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങള്‍ പാവപ്പെട്ട കുട്ടികള്‍ക്കു നല്‍കിയിരുന്നു അവയൊരിക്കലും പഴയതോ ഉപയോഗശൂന്യമോ ആയിരുന്നില്ല, നല്ലതായിരുന്നു. അവധിക്കാലം ചെലവഴിക്കാന്‍ സാധിക്കുകയില്ലായിരുന്ന നിര്‍ഭാഗ്യവാന്മാരായ കൂട്ടുകാരെ ക്യാ ര തന്റെ വീട്ടിലേക്കു ക്ഷണിച്ചിരുന്നു. വൃദ്ധമന്ദിരങ്ങള്‍ സന്ദര്‍ശിക്കുന്നതിലും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തിയിരുന്നു. കൂട്ടുകാരില്‍ ആരെങ്കിലും രോഗിയായാലും അവരെ ശുശ്രൂഷിക്കുന്നതിലും സന്ദര്‍ശിക്കുന്നതിലും കുഞ്ഞു ക്യാരയ്ക്കു പ്രത്യേക സിദ്ധി ഉണ്ടായിരുന്നു. സുവിശേഷ കഥകള്‍ കേള്‍ക്കുവാനും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനും ഇളം പ്രായത്തിലെ അവള്‍ക്കു ത്യാല്‍പര്യമായിരുന്നു.

ഒന്‍പതു വയസ്സു മുതല്‍ ജീവകാരുണ്യ സംഘടനായായ ഫോക്കുലാരെ മൂവ്‌മെന്റിന്റെ കുട്ടികളുടെ വിഭാഗത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
ദൈവസ്‌നേഹത്തിന്റെ പരിമളം പരത്തി പറന്നു നടന്നിരുന്ന ക്യാരയെ നാട്ടുകാര്‍ക്കു വലിയ ഇഷ്ടമായിരുന്നു. സാധാരണ പെണ്‍കുട്ടികളെപ്പോലെ പാട്ടു പാടുവാനും നൃത്തം ചെയ്യുവാനും കളികളില്‍ ഏര്‍പ്പെടുവാനും അവള്‍ക്കു ഇഷ്ടമായിരുന്നു. മാതൃകാ ജീവിതം വഴി കൂട്ടുകാരുടെ ഇടയില്‍ ഈശോയെ നല്‍കലായിരുന്നു അവളുടെ ഏറ്റവും വലിയ സന്തോഷം.

പതിനേഴാം വയസ്സില്‍ ക്യാര ക്യാന്‍സര്‍ രോഗബാധിതയായി. അസ്ഥികള്‍ക്കു അര്‍ബുദം ബാധിച്ചിരുന്ന അവളുടെ ചികത്സകള്‍ എല്ലാം വിഫലമായിരുന്നു.കിമോ തെറാപ്പി ആരംഭിച്ച ഉടനെ അവളുടെ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. കാലക്രമേണ അവള്‍ ശയ്യാവലംബയായി. ക്യാര ഡയറിയില്‍ ഇപ്രകാരം എഴുതി: ‘ ഞാന്‍ വളരെ ചെറുതായതു പോലെ എനിക്കു അനുഭവപ്പെടുന്നു. എന്റെ മുമ്പിലുള്ള വഴി കഠിനമാണ്. വേദന എന്നെ കീഴടക്കുമ്പോഴൊക്കെ ഞാന്‍ ആവര്‍ത്തിച്ചു പറയുമായിരുന്നു ‘ഈശോയെ നിനക്കു വേണ്ടിയാണിത് നിനക്കിതുവേണമെങ്കില്‍ അപ്രകാരം സംഭവിക്കട്ടെ.’ ക്യാരയുടെ പുഞ്ചിരിയും മറ്റുള്ളവരെ കരുതുന്ന സ്‌നേഹവും ഒരിക്കലും നിലച്ചിരുന്നില്ല. സഹനങ്ങള്‍ ഏറുമ്പോള്‍ ഈശോയുടെ സാമിപ്യം അവള്‍ കൂടുതല്‍ തിരിച്ചറിഞ്ഞിരുന്നു.

കിടപ്പു രോഗി ആയിരിക്കുമ്പോഴും മറ്റുള്ളവര്‍ക്കു കത്തുകളും സന്ദേശങ്ങളും ക്യാര അയച്ചിരുന്നു. ഫോക്കുലാരെയുടെ യുവജനസമ്മേളനങ്ങളില്‍ അവള്‍ പങ്കെടുത്തിരുന്നു. ക്യാരയുടെ വിശ്വാസവും മറ്റുള്ളവരോടുള്ള സ്‌നേഹവും അവളെ കാണുന്ന എല്ലാവര്‍ക്കും ഉന്മേഷം നല്‍കി. അവളുടെ സമ്പാദ്യമെല്ലാം ആഫ്രിക്കയില്‍ മിഷനറിയായ ഒരു സുഹൃത്തിനു നല്‍കി. മരണത്തോടടുക്കുമ്പോള്‍ ക്യാര ഇപ്രകാരം പറയുമായിരുന്നു: ‘നല്ലൊരു ഹൃദയമല്ലാതെ ഒന്നും എന്റെ കൈവശമില്ല. ആ ഹൃദയം കൊണ്ട് എനിക്കു എപ്പോഴും എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയും.’

അവസാന കാലമായപ്പോള്‍ മോര്‍ഫിന്‍ എടുക്കുന്നതും ക്യാര ഉപേക്ഷിച്ചു ,അതിനുള്ള കാരണമായി ആ കൗമാരക്കാരി പറഞ്ഞിരുന്നത്. ‘ഈശോയക്കു സമര്‍പ്പിക്കാന്‍ എനിക്കു വേദനകളെയുള്ളു’ എന്നായിരുന്നു. മരുന്നുകളോടു പ്രതികരിക്കാത്ത അവസ്ഥയിലായപ്പോള്‍ അവള്‍ തന്റെ ശവസംസ്‌കാര ശുശ്രൂഷ പ്ലാന്‍ ചെയ്തു. വെളുത്ത നിറമുള്ള വിവാഹ വസ്ത്രം അണിഞ്ഞാണ് മണവാളനായ ഈശോയെ സ്വീകരിക്കാന്‍ 1990 ഒക്ടോബര്‍ ഏഴിനു പുഞ്ചിരിക്കുന്ന ആ വിശുദ്ധ പറന്നകന്നത്.

ഒന്‍പതു വര്‍ഷത്തിനുള്ളില്‍ ക്യാരയുടെ നാമകരണ നടപടികള്‍ ആരംഭിച്ചു 2010 സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തീയതി ബനഡിക്ട് പതിനാറാമന്‍ പാപ്പ ക്യാരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു കൊണ്ടു പറഞ്ഞു. ‘ദൈവസ്‌നേഹമുള്ള സ്‌നേഹത്തിനു മാത്രമേ ശരിയായ സന്തോഷം നല്‍കാന്‍ കഴിയും’
ക്യാര ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു. ദൈവസ്‌നേഹം അവളില്‍ ആളിക്കത്തിയപ്പോള്‍ അവള്‍ അസാധാരണ വിശുദ്ധയായി മാറി.

~ Fr Jaison Kunnel MCBS ~

മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles