കഥ പറയുന്ന അക്ഷരങ്ങളും ചിത്രങ്ങളും

ഭിത്തിയിൽ ഒട്ടിച്ചുവച്ച ദൈവവചനങ്ങളും ചിത്രങ്ങളും സൂക്തങ്ങളുമായിരുന്നു
ആ വൈദികൻ്റെ മുറിയുടെ പ്രത്യേകത. കൗതുകത്തോടെ ചോദിച്ചു:
“ഈ മുറി ഒരു മ്യൂസിയമാണല്ലോ?”
അച്ചൻ ചിരിച്ചു:
“ശരിയാണച്ചാ. ഇതൊരു മ്യൂസിയമാണ്.
ആ കാണുന്ന ചിത്രങ്ങൾ എൻ്റെ മാതാപിതാക്കളുടേതാണ്.
അതിനടിയിൽ എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ?
‘നീ പുരോഹിതനായിരിക്കുന്നതിൽ
ഞങ്ങൾ അഭിമാനിക്കുന്നില്ല.
മറിച്ച് വിശുദ്ധിയും വിശ്വസ്തതയുമുള്ള പുരോഹിതനായിരിക്കുന്നതിലാണ്
ഞങ്ങളുടെ അഭിമാനം! ‘
അപ്പനും അമ്മയും എൻ്റെ തിരുപ്പട്ടത്തിന് എഴുതിത്തന്ന കുറിപ്പാണിത്. ഒരുപാടവസരങ്ങളിൽ ഈ വാക്കുകൾ
എന്നെ സഹായിച്ചിട്ടുണ്ട്.
അതുപോലെ ആ കാണുന്നത്
ഒരു 19 വയസുകാരിയുടെ ചിത്രമാണ്.
ക്യാൻസറായിരുന്നു. അവസാനമായി കുമ്പസാരിപ്പിച്ച് കുർബാന കൊടുത്തപ്പോൾ കരങ്ങൾകൂപ്പി അവൾ പറഞ്ഞു:
‘അച്ചാ നമുക്ക് സ്വർഗത്തിൽ കാണാം…’
ഇങ്ങനെ ഈ മുറിയിലുള്ള ഓരോ അക്ഷരങ്ങൾക്കും ചിത്രങ്ങൾക്കും പിറകിലും സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സഹനത്തിൻ്റെയുമെല്ലാം ഒരുപാട്
ഓർമകൾ ഉണ്ട്. ചിലയവസരങ്ങളിൽ
എൻ്റെ ഏകാന്തതകളിൽ നിന്നും കരകയറാൻ ദിവ്യകാരുണ്യം പോലെ ഇവയെല്ലാം സഹായകമായിട്ടുണ്ട്…..
ഈ അടയാളങ്ങളും ഓർമകളുമില്ലായിരുന്നെങ്കിൽ ഒരു പക്ഷേ എനിക്കെൻ്റെ പൗരോഹിത്യം പോലും നഷ്ടപ്പെടുമായിരുന്നു….. ”
അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം
മനസിൽ സൂക്ഷിക്കേണ്ട ഓർമകളും അടയാളങ്ങളും ഏതെല്ലാമാണെന്ന്
ഞാൻ ഒന്ന് പരതി നോക്കി…..
ഒന്നല്ല…. ഒരുപാടുണ്ട്…..
ഒരിക്കലും മറക്കാനാകാത്ത ഓർമകൾ.
ഉത്ഥിതൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവർ തന്നെ തിരിച്ചറിയാൻ കാണിക്കുന്ന അടയാളങ്ങളിലൊന്ന് തൻ്റെ
കൈകളും കാലുകളുമാണ്
( Refലൂക്കാ 24 : 39).
ആണിപ്പഴുതുകളുള്ള ആ കൈകാലുകൾ നോക്കിയപ്പോൾ അവരുടെ ഓർമകൾ കാൽവരിയിലേക്കും കുരിശുമരണത്തിലേക്കും എത്തിയിട്ടുണ്ടാകും.
ജീവിതത്തിൽ തിരിച്ചുവരവുകൾ നഷ്ടമാകുന്നത് നമ്മൾ മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവർ ഇല്ലാതാകുമ്പോഴാണ്.
നമ്മുടെ നന്മയും തിരിച്ചു വരവും ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും ജീവിതയാത്രയിൽ കണ്ടെത്താനായാൽ പിന്നീടൊരിക്കലും മിഴികൾ ഈറനണിയില്ല.
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.