വി. ബെനഡ്ക്ടിന്റെ അത്ഭുത മെഡലിലെ സൂചനകള്‍ അറിയാമോ?

വിശുദ്ധ ബെനഡിക്ടിന്റെ മെഡലോ മെഡല്‍ പതിപ്പിച്ചിരിക്കുന്ന കുരിശോ ഇല്ലാത്ത കത്തോലിക്ക ഭവനങ്ങള്‍ ഇന്ന്‍ വിരളമാണ്. പൈശാചിക ശക്തികള്‍ക്ക് എതിരെയുള്ള ശക്തമായ ആയുധമായാണ് സഭ വിശുദ്ധന്റെ മെഡലിനെ എപ്പോഴും നോക്കികാണുന്നത്. സത്യത്തില്‍ എന്താണ് വിശുദ്ധ ബെനഡിക്ടിന്റെ കാശുരൂപത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകള്‍? എന്താണ് അവയുടെ അര്‍ത്ഥങ്ങള്‍? ഓരോ ഭാഗവും എന്തിനെയാണ് സൂചിപ്പിക്കുന്നത്? അതിനെ കുറിച്ചാണ് നാം വിചിന്തനം ചെയ്യാന്‍ പോകുന്നത്.

മുപ്പതിലേറെ മാര്‍പാപ്പമാരേയും ആയിരകണക്കിന് വിശുദ്ധരേയും തിരുസഭയ്ക്ക് പ്രദാനം ചെയ്ത് കീര്‍ത്തിയാര്‍ജ്ജിച്ച ബെനഡിക്ടന്‍ സന്യാസ സഭയുടെ സ്ഥാപകനാണ് വിശുദ്ധ ബെനഡിക്ട്. ഇറ്റലിയിലെ നൂര്‍സിയായില്‍ എഡി 480-ല്‍ ജനിച്ച അദ്ദേഹം ലോകരക്ഷകനായ യേശുക്രിസ്തുവിന്‍റെ വിശുദ്ധ കുരിശിനോട് അത്യഗാധമായ ഭക്തിപുലര്‍ത്തിയിരുന്നു. നമ്മുടെ വീണ്ടെടുപ്പിന്‍റെ (രക്ഷയുടെ) ചിഹ്നമായ വി. കുരിശിനോട് അത്യന്തം ആദരവ് ഉണ്ടായിരിക്കുവാനും മനുഷ്യരക്ഷയ്ക്ക് വിഘാതമായി നില്‍ക്കുന്ന ത്രിവിധ ശത്രുക്കള്‍-ലോകം പിശാച്, ശരീരം എന്നിവയോട് പോരാടുന്നതിന് കുരിശിന്‍റെ ഉപയോഗത്തില്‍ അഭയം ഗമിക്കുന്നതിനും തന്‍റെ അനുയായികളെ അദ്ദേഹം പഠിപ്പിച്ചു.

കത്തോലിക്കാ തിരുസഭയില്‍ ഉപയോഗിക്കുന്ന മെഡലുകളില്‍ വെച്ച് ഏറ്റവും പുരാതനവും ഏറ്റവും ശ്രേഷ്ഠവുമായ ഒന്നാണ് വിശുദ്ധ ബെനഡിക്ടിന്‍റെ മെഡല്‍. ഇതിന്‍റെ ഒരു വശത്ത് ആലേഖനം ചെയ്തിരിക്കുന്ന വിശുദ്ധ കുരിശാണ് ഇതിന്‍റെ പ്രത്യേകത. ഈ മെഡല്‍ ഭക്തിപൂര്‍വ്വം ധരിക്കുന്നവര്‍ക്ക്, അവരുടെ ആവശ്യങ്ങളില്‍ അനുഭവഭേദ്യമാകുന്ന ശക്തിയും ആശ്വാസവും ദൈവസഹായവും അത്ഭുതാവഹമാണ്. ഇക്കാരണത്താലാണ് ഈ മെഡല്‍ ലോകമെമ്പാടും ശുശ്രൂഷകളില്‍ വ്യാപകമാകുകയും കൂദാശാനുകരണങ്ങളില്‍ പ്രത്യേകമായി വിലമതിക്കപ്പെടുന്നതും.

മെഡലിനെആഴത്തിൽഅറിയാം ‍

മെഡലിന്റെ_മുൻവശം

മെഡലിന്‍റെ മുന്‍വശം പ്രതിനിധീകരിക്കുന്നത് ഒരു കൈയില്‍ വിശുദ്ധ കുരിശും മറുകൈയില്‍ വിശുദ്ധ നിയമവും വഹിച്ചു നില്‍ക്കുന്ന വി. ബെനഡിക്ടിനെയാണ്. വിശുദ്ധന്‍റെ പാദത്തിന്‍ കീഴിലായി രേഖപ്പെടുത്തിയിരിക്കുന്നു:- EX SM Casino, MDCCCLXXX- ഇതിന്റെ അര്‍ത്ഥം 1880-ല്‍ കാസിനോ മലയില്‍ നിന്ന് ലഭിച്ചത് എന്നാണ്. മെഡലിലെ മാര്‍ജിനിനുള്ളിലായി കൊത്തിയിരിക്കുന്ന Ejus in obitu presentia muniamur- നമ്മുടെ മരണവിനാഴികയില്‍ അവന്‍റെ (കുരിശില്‍ മരിച്ചവന്‍റെ) സാന്നിദ്ധ്യം നമ്മെ സംരക്ഷിക്കട്ടെ എന്നാണ് അര്‍ത്ഥമാക്കുന്നത്.

മെഡലിന്റെ_മറുവശം

നമ്മുടെ രക്ഷയുടെ അടയാളമായ കുരിശാണ് മറുപുറത്തുള്ളത്. കുരിശിന്‍റെ നെടുകെയുള്ള ഭാഗത്ത് C.S.S.M.L. (Crux Sacra Sit Mihi Lux) എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം ‘കുരിശ് എനിക്ക് വെളിച്ചമായിരിക്കട്ടെ’ എന്നാണ്. കുറുകെയുള്ള ഭാഗത്ത് N.D.S.M.D. (Non Draco Sit Mihi Dux) എന്നാണ് എഴുതിയിരിക്കുന്നത്. ‘സാത്താന്‍ നിന്‍റെ വഴികാട്ടിയാകാതിരിക്കട്ടെ’ എന്നാണ് ഇതിന്റെ അര്‍ത്ഥം. കുരിശിന്‍റെ നാലു ഭാഗത്തുമായി കാണുന്ന CSPB എന്ന വലിയ അക്ഷരങ്ങള്‍ (Crux Sancti Patris Benedict) ‘വിശുദ്ധ ബെനഡിക്ട് പിതാവിന്‍റെ കുരിശ്’ എന്നു സൂചിപ്പിക്കുന്നു.

കുരിശിന്‍റെ മുകളിലെ ‘PAX’ എന്നതിന് അര്‍ത്ഥം ‘സമാധാനം’ എന്നാണ്. ബെനഡിക്ടിന്‍ ജീവിതപാതയുടെ ലക്ഷ്യവും അന്ത്യഫലവുമാണ് ഇത് വ്യക്തമാക്കുന്നത്. മെഡലിന്‍റെ ചുറ്റുമായി V.R.S.N.S.M.V., S.M.Q.L.V.B എന്ന ചുരുക്കെഴുത്തിന് വലിയ അര്‍ത്ഥമാണുള്ളത്. (Vade Retro Satana; numquam suade mihi vana അഥവാ സാത്താനേ നീ പിന്നില്‍ പോകൂ, വ്യര്‍ത്ഥചിന്തകള്‍ എനിക്ക് നിര്‍ദ്ദേശിക്കരുത് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിനോടൊപ്പമുള്ള S.M.Q.L.I.V.B (Suant mala quae libas; ipse venena bibas) നീ വെച്ചുനീട്ടുന്ന പാനപാത്രം തിന്മയാണ്; നീ തന്നെ നിന്‍റെ വിഷം കുടിക്കുക എന്നും സൂചിപ്പിക്കുന്നു.

തിരുസഭയില്‍ വിശുദ്ധ ബെനഡിക്ടിന്റെ കാശുരൂപത്തിന് പ്രത്യേകമായ പരിഗണനയാണുള്ളത്. ഭൂതോച്ചാടനം നടത്തുന്ന എല്ലാ വൈദികരും തങ്ങളുടെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്നത് വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍ ആലേഖനം ചെയ്തിരിക്കുന്ന കുരിശ് ഉപയോഗിച്ചാണ്. എന്തൊക്കെയാണ് ബെനഡിക്ടന്‍ മെഡല്‍ കൊണ്ടുള്ള പ്രയോജനം.

1. “പിശാചിനെ തുരത്തുന്ന കാശുരൂപം” എന്നാണ് മിഷന്‍ നാടുകളില്‍ ഇതറിയപ്പെടുന്നത്. വാചകത്തിന് സമാനമായി പിശാചില്‍ നിന്ന് ആത്മാവിനും ശരീരത്തിനുമുണ്ടാകുന്ന എല്ലാ അപകടങ്ങളേയും അതു തടയുന്നു.

2. പിശാചിനാല്‍ പീഡിപ്പിക്കപ്പെടുന്നവരേയും, ശുദ്ധതയ്ക്കെതിരായ പ്രലോഭനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരേയും ഇതു സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു.

3. ഈശോമിശിഹായുടേയും, വി. ബെനഡിക്ടിന്‍റെയും സഹായം മരണസമയത്തു ലഭിക്കുന്നതിന് ഇതു കാരണമാക്കുന്നു.

4. ഇതിന്‍റെ ഉപയോഗംമൂലം ശാരീരിക പീഡകളും രോഗങ്ങളും സാധാരണയായി സുഖപ്പെടുത്തുന്നുണ്ട്.

5. മന്ത്രവാദത്തിനും മറ്റു പൈശാചിക സ്വാധീനതകള്‍ക്കും എതിരായി ഇതിനു പ്രത്യേക ശക്തിയുണ്ട്.

6. ഗര്‍ഭിണികള്‍ക്ക് സുഖപ്രസവത്തിനു വേണ്ടുന്ന പ്രത്യേക സ്വര്‍ഗ്ഗീയ സഹായം ഇതുമൂലം ലഭ്യമാകുന്നു.

7. കൊടുങ്കാറ്റിന്‍റെയും കരയിലും കടലിലുമുള്ള മറ്റു അപകടങ്ങളുടെയും സമയത്ത് ഇതു നമ്മെ സംരക്ഷിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles